ദൃശ്യഭംഗിയൊരുക്കി പാലുകാച്ചിമല; വഴിയില്ലാതെ കുടുങ്ങി സഞ്ചാരികള്‍
text_fieldsകേളകം (കണ്ണൂർ): പാലുകാച്ചിമലയുടെ സൗന്ദര്യം നുകരാൻ ഗതാഗത യോഗ്യമായ പാത ഇല്ലാത്തത് സഞ്ചാരികളെ നിരാശരാക്കുന്നു. പ്രകൃതി സൗന്ദര്യത്താൽ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് കൊട്ടിയൂർ പാലുകാച്ചിമല. സമുദ്ര നിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല തീർഥാടക കേന്ദ്രം കൂടിയാണ്.
തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. സൂര്യോദയത്തിെൻറയും സൂര്യാസ്തമയത്തിെൻറയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചിമല സമ്മാനിക്കുന്നത്.
എന്നാൽ, എത്തിച്ചേരാന്‍ സഞ്ചാരയോഗ്യമായ റോഡില്ലാത്തത് വിനോദ സഞ്ചാരികളുടെ കടന്നുവരവിനു തിരിച്ചടിയാവുകയാണ്. കേളകത്തുനിന്ന് ശാന്തിഗിരി വഴിയും കൊട്ടിയൂരിൽനിന്ന് പന്നിയാംമല വഴിയും മൺപാതകളുണ്ടെങ്കിലും കാൽനടയാത്ര പോലും ഇപ്പോൾ ദുഷ്കരമായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ടൂറിസം പട്ടികയിൽ മുൻനിരയിലുള്ള ഈ കേന്ദ്രത്തിെൻറ ഉന്നതിക്കായി വികസന പദ്ധതികൾ വൈകുന്നതിൽ നിരാശരാണ് വിനോദ സഞ്ചാരികളും ഒപ്പം പ്രദേശ വാസികളും.
ഒന്നര ദശകം മുമ്പ് നാറ്റ്പാക് പദ്ധതിയിൽ ഉൾപ്പെടുത്തി പാത വികസിപ്പിക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പായില്ല. കൊട്ടിയൂർ ക്ഷേത്രം, ശാന്തിഗിരി ദേവാലയം എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും പാലുകാച്ചിമല സവിശേഷമാണ്. കൊട്ടിയൂർ വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനും പാലുകാച്ചിമല റോഡ് വികസനം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.