Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightപാഞ്ചാലക്കുറിച്ചിയിലെ...

പാഞ്ചാലക്കുറിച്ചിയിലെ വീരപാണ്ഡ്യക്കട്ടബൊമ്മൻ

text_fields
bookmark_border
പാഞ്ചാലക്കുറിച്ചിയിലെ വീരപാണ്ഡ്യക്കട്ടബൊമ്മൻ
cancel

സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആവേശോജ്ജ്വലമായ പോരാട്ടങ്ങളുടെ അവശേഷിപ്പുകളാൽ സമ്പന്നമാണ് തിരുനെൽവേലിയിലെയും തൂത്തുക്കുടിയിലെയും ഗ്രാമങ്ങൾ. യുവ പോരാളിയായിരുന്ന വാഞ്ചിനാഥന്‍റെ കരങ്ങളാൽ തിരുനെൽവേലി കലക്ടറായിരുന്ന ആഷെ വെടിയേറ്റ് മരിച്ച മണിയാച്ചി റെയിൽവേ സ്റ്റേഷനും ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യ ചർച്ചുകളിലൊന്നായ പാളയംകോട്ടെയിലെ ക്ലാരന്‍റ് ചർച്ചും ബ്രിട്ടീഷ് നാവികാധിപത്യത്തെ വെല്ലുവിളിച്ച് ഇന്ത്യയിലാദ്യമായി തദ്ദേശിയമായ സ്റ്റീം നാവിഗേഷൻ കമ്പനി നടത്തി കപ്പലോട്ടിയ തമിഴനായ വി.ഒ. ചിദംബരപിള്ളയുടെ ഒറ്റപ്പിടാരവുമൊക്കെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണാധ്യായങ്ങൾ രചിച്ച ഗ്രാമങ്ങളാണെങ്കിൽ, ചുവന്ന മരുഭൂമിയുടെ ഗ്രാമമായ തേറികുടിയിരിപ്പും മണിരത്നത്തിന്‍റെ കടലിന് പശ്ചാത്തലമായ മണപ്പാടുമൊക്കെ പ്രകൃതിയുടെ ഭാവമാറ്റങ്ങളാൽ നമ്മെ വിസ്മയിപ്പിക്കുന്ന ദേശങ്ങളാണ്.

തൂത്തുക്കുടിയിലെ മാധവകുറിച്ചി പെരുമാൾ കോയിലിലെ ആരാധനാമൂർത്തികളിലൊന്ന് നമ്മുടെ സ്വന്തം കുഞ്ഞാലി മരക്കാർ കൂടിയാണെന്നറിയുക. മാനവികമായ മഹാപ്രപഞ്ചത്തിലേക്കുള്ള യാത്രകളാണ് ഇവിടത്തെ ഓരോ ഗ്രാമീണ സഞ്ചാരപഥങ്ങളും. ഭരണകൂട വംശഹത്യയുടെ രക്തസാക്ഷിയായ ഒരു ഗ്രാമത്തിന്‍റെ കഥ പറഞ്ഞ മാരി സെൽവരാജിന്‍റെ 'കർണന്' പ്രചോദനമായ കൊടിയങ്കുളം പിന്നിട്ടാണ് പാഞ്ചാലക്കുറിച്ചിയിലെത്തുന്നത്. സ്വാതന്ത്ര്യസമര ചരിത്രങ്ങളോടൊപ്പം പ്രതിപാദിച്ചു പോരുന്ന മുപ്പത്തിയെട്ടാം വയസ്സിൽ തൂക്കിലേറിയ വീരപാണ്ഡ്യകട്ടബൊമ്മന്‍റെ കാലൊപ്പുകൾ പതിഞ്ഞ് കിടക്കുന്ന ഗ്രാമം. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞ തമിഴ്നാട്ടിലെ ഫ്ലോട്ടുകളിലൊന്നു കൂടിയായിരുന്നു കട്ടബൊമ്മന്‍റേത്. 1974ൽ തമിഴ്നാട് സർക്കാർ നിർമിച്ച കോട്ട മാത്രമേ കട്ടബൊമ്മന്‍റെ സ്മരണയായി പാഞ്ചാലക്കുറിച്ചിയിൽ ഇന്ന് അവശേഷിക്കുന്നുള്ളൂ. കട്ടബൊമ്മന്‍റെ പോരാട്ടങ്ങളെ ആലേഖനം ചെയ്ത ചിത്രങ്ങളും കൂറ്റൻ ശിലാരൂപവും സഹോദരനായ ഊമൈതുറൈയുടെയും ധനപതി പിള്ളയുടെയും ശിൽപങ്ങളും കുലദൈവമായ ദേവി ചെക്കമ്മയുടെ വിഗ്രഹവുമൊക്കെയാണ് കോട്ടക്കകത്തെ പ്രധാന കാഴ്ചകൾ.

ഡോ. കെ. ശ്രീകുമാറിന്‍റെ നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും എന്ന ഗ്രന്ഥപരമ്പരയിലെ രണ്ടാം വാല്യത്തിന്‍റെ (വടക്കൻ പാട്ടുകൾ) അവതാരികയിൽ എം.ടി. വാസുദേവൻ നായർ ചൂണ്ടിക്കാട്ടുന്നൊരു വസ്തുതയുണ്ട്. വടക്കൻപാട്ടുകളിലെ തച്ചോളിപാട്ടുകളിൽ തികഞ്ഞൊരു മാടമ്പിയും ഗുണ്ടയും എന്തിനും പോന്നവനുമാണ് ഒതേനൻ. എന്നാൽ 1964ൽ പുറത്തു വന്ന സിനിമയിൽ ഒതേനനായി സത്യൻ വന്നതോടുകൂടിയാണ് അതുവരെയില്ലാത്ത വീരപരിവേഷം ഒതേനന് വന്നു ചേർന്നത്. എം.ടിയുടെ നിരീക്ഷണത്തിന്‍റെ മറ്റൊരു മാതൃകയായിരുന്നു 1959ൽ പുറത്തിറങ്ങി, ശിവാജി ഗണേഷൻ കട്ടബൊമ്മനായി നിറഞ്ഞാടിയ വീരപാണ്ഡ്യകട്ടബൊമ്മൻ സിനിമ. അത് സൃഷ്ടിച്ച വ്യാജചരിത്ര ബോധവും അയ്യാ മാപോ ശിവഗ്നാനത്തിന്‍റെ വീരപാണ്ഡ്യകട്ടബൊമ്മന്‍റെ ജിവചരിത്രവുമായിരുന്നു തെലുങ്കനായ ബി.ആർ. പന്തലുവിന്‍റെ സിനിമയുടെ മുഖ്യ അവലംബം. പുസ്തകത്തെ ആധാരമാക്കി ടി.കെ. കൃഷ്ണസ്വാമി രചിച്ച നാടകമാണ് പിന്നീട് സിനിമയായി മാറുന്നത്.

നിരവധി കട്ടബൊമ്മൻ നാടകങ്ങളിൽ അഭിനയിച്ച ശിവാജി ഗണേഷന്‍റെ വർഷങ്ങളായുള്ള ആഗ്രഹത്തിന്‍റെ പൂർത്തീകരണം കൂടിയായിരുന്നു സിനിമ. ശിവാജിയുടെ താരപദവിയിലേക്കുള്ള പ്രയാണത്തിന് ടി.കെ. കൃഷ്ണസ്വാമിയുടെ സംഭാഷണങ്ങളാണ് മുഖ്യ പങ്കുവഹിച്ചത്. ജമിനി ഗണേഷന്‍റെ വെളൈതേവരുടെ കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് അന്നത്തെ സൂപ്പർ താരവും പൂം പുഹാർ സിനിമയിലെ കോവലനുമായ എസ്.എസ്. രാജേന്ദ്രനെയായിരുന്നു. വീരപുരുഷനായ മരുതുപാണ്ഡ്യനാണ് യഥാർഥത്തിൽ നായകനാകേണ്ടത് എന്ന സംവാദത്തിനൊടുവിൽ എസ്.എസ്.ആർ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. കെയ്റോയിലെ ആഫ്രോ-ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലൂടെ അന്തർദേശീയ തലത്തിൻ ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമക്കെതിരെ ആദ്യം രംഗത്ത് വരുന്നത് തമിഴിലെ ഇതിഹാസ കവി കണ്ണദാസനായിരുന്നു. കൊള്ളക്കാരനായ വീരപാണ്ഡ്യകട്ടബൊമ്മൻ ഒരിക്കലും സ്വതന്ത്ര സമര സേനാനി ആയിരുന്നില്ലെന്നായിരുന്നു കണ്ണദാസന്‍റെ വാദം.

മാത്രമല്ല കട്ടബൊമ്മൻ പുറത്തിറങ്ങിയ അതേ വർഷം തന്നെ മരുതുപാണ്ഡ്യനെ മുഖ്യ കഥാപാത്രമാക്കി സിവഗംഗൈസീമൈ എന്ന തിരക്കഥ കണ്ണദാസൻ രചിക്കുകയും ആ ചിത്രത്തിൽ എസ്.എസ്. രാജേന്ദ്രൻ മുഖ്യ കഥാപാത്രമാകുകയും ചെയ്തു. കണ്ണദാസനെ പിന്തുണച്ചുകൊണ്ട് എഴുത്തുകാരനായ തമിൾവാളനും പിന്നീട് രംഗത്ത് വന്നു. തമിഴ് വണ്ണവരുടെ കട്ടബൊമ്മൻ കൊളൈക്കാരൻ, ബ്രിട്ടിഷ് ഗവേഷകനായ റൊബർട്ട് കാൾഡ് വെല്ലിന്‍റെ 'A Political and General History of the District of Tinnevelly, in the Presidency of Madras, from the earliest period to its cession to the English Government in A.D. 1801 Madras'എന്നി ഗ്രന്ഥങ്ങളും കട്ടബൊമ്മന്‍റെ ജീവിതത്തിന്‍റെ വിവിധ മുഖങ്ങളെ കൃത്യമായ രേഖകളോടെ പ്രതിപാദിക്കുന്നവയാണ്. Tea with Tamilan, സെങ്ക തമിഴൻ ടിവി എന്നി ചരിത്ര ഗവേഷണ ചാനലുകളിലും കട്ടബൊമ്മന്‍റെ യഥാർത്ഥ വ്യക്തിത്വത്തിന്‍റെ സൂക്ഷ്മമായ അപഗ്രഥനങ്ങൾ കാണാം.

അത്രയൊന്നും ഗ്രാമീണമല്ലാത്ത ഗ്രാമം മാത്രമാണിന്നത്തെ പാഞ്ചാലക്കുറിച്ചി. 1750ഓടെയാണ് പാഞ്ചാലക്കുറിച്ചി എന്ന പേരിൽ ഒരു നാട്ടു രാജ്യം നിലവിൽ വരുന്നത്. പാളയങ്ങൾ എന്നാണ് അന്നത്തെ നാട്ടുരാജ്യങ്ങൾ അറിയപ്പെട്ടിരുന്നത്. ഡക്കാൻ സുൽത്തനേറ്റിന്‍റെ ഒന്നായ ആക്രമണത്തെ തുടർന്ന് 1565ൽ വിജയനഗര സാമ്രാജ്യം തകർന്നടിഞ്ഞതോടെയാണ് അവരുടെ അധീനതയിലായിരുന്ന സാമന്ത നാട്ടുരാജ്യങ്ങൾ ഓരോന്നായി സ്വതന്ത്രമായി തുടങ്ങിയത്. മധുരയിലെ നായ്ക്കൻമാർ രാജ്യത്തെ 72 പാളയങ്ങളായി (നാട്ടുരാജ്യങ്ങളായി) തിരിക്കുകയും ചെയ്തു. എട്ടയപുരം, ശിവഗിരി, ഊട്രുമലൈ, തലൈമൽ കോട്ടെ, സേത്തൂർ എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖ പാളയങ്ങൾ. ഇവയിലെ ഭരണാധികാരികൾ പാളയക്കാരർ എന്നാണറിപ്പെട്ടിരുന്നത്.

തെലുങ്ക് നാട്ടിൽ നിന്നെത്തിയവരായിരുന്നു കട്ടബൊമ്മന്‍റെ പൂർവികർ. എട്ടയപുരം നാട്ടുരാജ്യത്തെ പാളയക്കാരനായ ഏട്ടപ്പനായ്ക്കരുടെ വേലക്കാരനായിരുന്നു കട്ടബൊമ്മൻ പരമ്പരയിലെ ഒന്നാമനായ കട്ട കട്ട ബ്രഹ്മയ്യ. എട്ടയപുരത്തിനടുത്തുള്ള ഫലപുഷ്ടമായ സെക്കരിപട്ടി പിടിച്ചടക്കാൻ എട്ടപ്പനോടൊപ്പം ബ്രഹ്മയ്യയും ഒപ്പമുണ്ടായിരുന്നു. അതോടൊപ്പം പൊതികമലൈയിൽ അവശേഷിച്ച പാണ്ഡ്യരെ എട്ടപ്പനെതിരെ തിരിച്ചുവിടുകയും ചെയ്തു. എട്ടപ്പനായ്ക്കരെ പരാജയപ്പെടുത്തി കട്ടകട്ട ബ്രഹ്മയ്യെ തങ്ങളുടെ പടതലവനാക്കുകയായിരുന്നു പാണ്ഡ്യർ. നായ്ക്കർക്ക് പാണ്ഡ്യരെക്കുറിച്ചുള്ള രഹസ്യവിവരം കൈമാറിയതായിരുന്നു ബ്രഹ്മയ്യയുടെ അടുത്ത ചതി. തുടർന്ന് പാണ്ഡ്യരെ കീഴടക്കിയ നായ്ക്കരാണ് ഇന്നത്തെ പാഞ്ചാലക്കുറിച്ചി കട്ട കട്ട ബ്രഹ്മയ്യയുടെ മകൻ കട്ട ബ്രഹ്മയ്യക്ക് നൽകുന്നത്. കട്ട ബ്രഹ്മയ്യനാണ് തങ്ങളുടെ പൂർവികനായ പാഞ്ചാലത്തിന്‍റെ പേര് ഈ പ്രദേശത്തിന് നൽകിയത്. പാഞ്ചാലക്കുറിച്ചി ജഗവീരപാണ്ഡ്യപുരം എന്ന പേരിലും കട്ട ബ്രഹ്മയ്യ ജഗവീരപാണ്ഡ്യനുമായി. ചതിയിലൂടെ ഭൂമി കൈക്കലാക്കിയതിനാൽ തെലുങ്കർ വീരനെ കെട്ടി ബൊമമലു എന്ന് വിളിച്ചുതുടങ്ങി.

കെട്ടി ബൊമമലു ആണ് പിന്നിട് കട്ടബൊമ്മനായി മാറിയത്. മറ്റു പാളയങ്ങൾ കൊള്ളയടിക്കലായിരുന്നു ജഗവീരപാണ്ഡ്യന്‍റെ മുഖ്യ ദൗത്യം. തെലുങ്ക് പാളയങ്ങളിൽ തന്‍റെ ആധിപത്യമുറപ്പിക്കാനും എട്ടയപാളയത്തെ തനിക്ക് കീഴിലാക്കാനും തങ്ങളുടെ കുലദൈവമായ ജഗമമക്കായി ഒരു കോയിലും നിർമിച്ചു. ആർക്കോട്ട് നവാബിന്‍റെ പ്രതിനിധിയായ സാദിഖ് ഖാന്‍റെ പ്രതിനിധിയായി മറ്റു നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി കപ്പം പിരിച്ചെടുക്കുകയും അതിൽ ആറിലൊന്ന് കൈപറ്റുകയും ചെയ്ത ജഗവീരപാണ്ഡ്യൻ ചിന്ന നവാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. ജഗവീരപാണ്ഡ്യനെ തുടർന്നാണ് വീരപാണ്ഡ്യന്‍റെ പിതാമഹനായ പൊള്ളാ പാണ്ഡ്യൻ അധികാരമേൽക്കുന്നത്. മറാത്തകൾക്കും ഡച്ചുകാർക്കുമൊക്കെ മാറി മാറി പിന്തുണ നൽകിയാണ് പൊള്ളാപാണ്ഡ്യൻ അധികാരം നിലനിർത്തിയത്. ക്രമേണ തെലുങ്ക് പാളയങ്ങളുടെ നേതാവുമായി തീർന്നു പൊള്ളാപാണ്ഡ്യൻ.

തമിഴ് പാളയങ്ങളുടെ നേതാവ് മഹാവീരൻ പുലിതേവരായിരുന്നു. 1755 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഹെറാനും സൈന്യവും ഓരോ പാളയത്തെയും നേതാക്കളിൽനിന്ന് കപ്പം പിരിക്കാൻ പാഞ്ചാലക്കുറിച്ചിയിലെത്തിയപ്പോൾ അവരുമായി സമാധാന സന്ധിക്കായാണ് പൊള്ളാപാണ്ഡ്യൻ തുനിഞ്ഞത്. എന്നാൽ കപ്പം നൽകാത്തതിനാൽ ജഗവീരന്‍റെ മകനെയും അനിയനെയും പിടിച്ചു കൊണ്ടു പോകുകയായിരുന്നു ഹെറാൻ. പിന്നീട് കപ്പം നൽകിയാണ് പൊള്ളാ അവരെ മോചിപ്പിച്ചത്. എന്നാൽ തമിഴ് പാളയത്തിൽ കപ്പം പിരിക്കാനെത്തിയ ബ്രിട്ടിഷ് പ്രതിനിധി മെഹബൂബ് ഖാന്‍റെ സൈന്യത്തോട് ധീരമായി പോരാടി വിജയിച്ച ചരിത്രമായിരുന്നു പുലിതേവന്‍റേത്. പൊള്ളാ പാണ്ഡ്യനെ തുടർന്ന് അധികാരത്തിലേറിയ വീരപാണ്ഡ്യകട്ടബൊമ്മന്‍റെ പിതാവായ ജഗവീരപാണ്ഡ്യൻ രണ്ടാമനാകട്ടെ സമ്പത്തിക നേട്ടത്തിനായി ഡച്ചുകാർക്കൊപ്പാമായിരുന്നു നിലകൊണ്ടത്. ജഗവീരൻ രണ്ടാമനെ തേടി ബ്രിട്ടിഷുകാരെത്തിയപ്പോഴാകട്ടെ മകളെ കോട്ടയിൽ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നു കളയുകയായിരുന്നു.

പിന്നീട് 30,000 കപ്പം നൽകിയാണ് മകളെ മോചിപ്പിച്ചത്. ബ്രിട്ടിഷുകാർക്ക് പൂർണമായും അടിയറവെച്ച ഭരണമായിരുന്നു ജഗവീരൻ രണ്ടാമന്‍റേത്. അയൽ നാടുകളിൽനിന്ന് കപ്പം പിരിക്കാനായി ബ്രിട്ടിഷ് സൈന്യം പോകുമ്പോഴൊക്കെ ഒപ്പം ജഗവീരന്‍റെ സൈന്യവുമുണ്ടാകും. 1760ൽ ജഗവീരൻ രണ്ടാമന്‍റെ ആദ്യ ഭാര്യ അറുമുഖ അമ്മാളിന്‍റെ മൂത്ത പുത്രനായിട്ടായിരുന്നു വീരപാണ്ഡ്യകട്ടബൊമ്മന്‍റെ ജനനം. സഹോദരങ്ങളിൽ വീരപാണ്ഡ്യനൊപ്പമുണ്ടായിരുന്നത് ഉമൈതുറയായിരുന്നു. 1790 മുതൽ 1799 വരെയായിരുന്നു കട്ടബൊമ്മന്‍റെ ഭരണം. മൈസൂരിൽ ടിപ്പുവിനെതിരെയുള്ള നീക്കങ്ങൾ ബ്രിട്ടിഷുകാർ ശക്തമാക്കിയ കാലംകൂടിയായിരുന്നു അത്. സമീപ ഗ്രാമങ്ങളെ കൊള്ളയടിച്ചും ബ്രിട്ടിഷുകാർക്ക് കപ്പം നിഷേധിച്ചുമാണ് കട്ടബൊമ്മൻ മുന്നേറിക്കൊണ്ടിരുന്നത്. കമ്മൻ കോവിലിൽ നെൽക്കതിർ പിഴുതു കൊണ്ടിരുന്ന പെണ്ണിന്‍റെ ചെവിയറുത്ത് കമ്മൽ കട്ടുകൊണ്ടു പോയ കട്ടബൊമ്മനെ പ്രാദേശിക നാടോടി പാട്ടായ കുമ്മിപാട്ടിൽ ഇപ്പോഴും കാണാം.

കാട്ടുനായ്ക്കരുടെ ഇടയിൽനിന്ന്, 40 പശുക്കളെയും 300 എരുമകളെയും കട്ടബൊമ്മൻ കടത്തികൊണ്ട് പോകുക കൂടി ചെയ്തതോടെ പൊറുതിമുട്ടി മറ്റു പാളയക്കാർ കലക്ടറായ ഡോറിനോട് പരാതിയുമായെത്തി. തന്‍റെ അധികാര കേന്ദ്രങ്ങളായ സുബല്ലാപുരം, അറുമുലം പകുതി ദേശങ്ങളെ കട്ടബൊമ്മൻ നിരന്തരം ആക്രമിക്കുന്നെന്നായിരുന്നു എട്ടപ്പന്‍റെ പരാതി. പാളയക്കാരനാകാൻ കട്ടബൊമ്മനോട് സഹായം തേടിയ സിവഗിരി പാളയത്തിലെ അധികാരിയുടെ മകന് വേണ്ടി അധികാരിയെ കൊല്ലാനായി കട്ടബൊമ്മൻ സിവഗിരിയിലെത്തി. സേത്തൂരിലേക്ക് രക്ഷപ്പെട്ട അധികാരിയെ തേടിയെത്തിയപ്പോൾ തടുക്കാനെത്തിയ സേത്തൂർ രാജാവിനെയും ഭാര്യയെയും മകനെയും കൊന്നുകളയുകയായിരുന്നു കട്ടബൊമ്മൻ.

1797 മാർച്ച് 10ന് കലക്ടറായെത്തിയ ജാക്സണ് കട്ടബൊമ്മന്‍റെ കൊള്ളകളെ കുറിച്ച് നിരന്തരം കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു. പല തവണ കത്തുകളയച്ചിട്ടും കട്ടബൊമ്മൻ കപ്പം കൊടുക്കൽ നീട്ടി നീട്ടികൊണ്ടു പോകുകയായിരുന്നു. അതിന് മുമ്പ് തന്നെ ആറു വർഷത്തെ കുടിശ്ശികയുണ്ടായിരുന്നു. ജാക്സൺ ചെന്നൈയിലെ കമ്പനിയിലേക്കും കത്തുകളയച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ ടിപ്പുവിനെ കീഴടക്കാനുള്ള ശ്രമത്തിലായതിനാൽ ഇപ്പോൾ നടപടി വേണ്ടെന്നും സമയം നീട്ടി നൽകാനുമായിരുന്നു കമ്പനിയുടെ മറുപടി. ഒടുവിൽ സെപ്റ്റംബർ അഞ്ചിന് രാമനാഥപുരത്തെത്തണമെന്ന കർശന നിർദേശം ജാക്സൺ കട്ടബൊമ്മന് നൽകി. അതിനായി ആഗസ്റ്റ് 24ന് തന്നെ കട്ടബൊമ്മൻ പുറപ്പെട്ടു. തന്നെ ഒരുപാട് വലച്ച കട്ടബൊമ്മനെ ചുറ്റിക്കാനായി അദ്ദേഹം രാമനാഥപുരത്തെത്തിയപ്പോൾ ജാക്സൻ കുറ്റാലത്തിലേക്ക് കടന്നു. കടബൊമ്മൻ നിരന്തരം കൊള്ള നടത്തിക്കൊണ്ടിരുന്ന സൊക്കംപട്ടി, സേത്തൂർ, സിവഗിരി, ശ്രീ വില്ലിപത്തൂർ, പേരയൂർ, അല്ലിമടൈ, കമുദി തുടങ്ങിയ നാടുകൾ ചുറ്റിതിരിഞ്ഞ് സെപ്റ്റംബർ 10നാണ് രാമനാഥപരത്ത് വെച്ച് ജാക്സൺ കട്ടബൊമ്മനുമായി കണ്ടുമുട്ടിയത്. ഒപ്പം വെളൈതുറയും ധനാധിപതിയുമുണ്ടായിരുന്നു. അമ്മക്ക് സുഖമില്ലാത്തതിനാലാണ് വരാനാകാത്തതെന്ന് ക്ഷമാപണം നടത്തുകയും കപ്പം അടക്കുകയുമുണ്ടായി. സമീപ നാടുകളിലെ പരാതികളെക്കുറിച്ചാരാഞ്ഞപ്പോൾ അതൊക്കെ നുണയാണെന്നായിരുന്നു മറുപടി. കുറച്ച് ദിവസം അവിടെ തങ്ങാൻ കട്ടബൊമ്മനോട് ആവശ്യപ്പെട്ടപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് വെളൈതേവൻ ലെഫ്റ്റനന്‍റ് ക്ലാർക്കിനെ കൊന്നുകളഞ്ഞത്. എന്നാലും നല്ല പാളയക്കാരൻ എന്ന പരിഗണനയിൽ കട്ടബൊമ്മനൊപ്പം നിന്ന കമ്പനി ജാക്സനെ സ്ഥലം മാറ്റി.

1799ൽ ലൂസിടണെ കലക്ടറായ കൊണ്ടു വന്നു. ക്ഷാമം കാരണമാണ് കപ്പം നൽകാനാവാത്തതെന്നാണ് ലൂസിടണിന്‍റെ കത്തുകൾക്ക് ബൊമ്മൻ മറുപടി നൽകിയത്. ഒടുവിൽ ചെന്നൈയിൽ നിന്ന് ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മേജർ ബാനർമാൻ തിരുനെൽവേലിയെത്തി. കട്ടബൊമ്മന്‍റെ വീട്ടിൽ അനിയൻ ഊമൻതുറൈയുടെ ധനാധിപതിയുടെ മകന്‍റെയും വിവാഹം നടക്കുന്ന സന്ദർഭമായിരുന്നു അത്. ഊമൈതുറ തിരുച്ചെന്തൂരിൽ ഉത്സവത്തിന് പോയി സന്ദർഭത്തിലാണ് ബാനർമാൻ പഞ്ചാലകുറിച്ചി കോട്ട വളഞ്ഞത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കട്ടബൊമ്മന് കീഴടങ്ങാൻ രണ്ടുനാൾ നൽകിയെങ്കിലും രാത്രി അനിയനുമായി രക്ഷപ്പെടുകയായിരുന്നു. ബാനർമാൻ കട്ടബൊമ്മനെതിരെ എല്ലാ പാളയക്കാരെയും വിളിച്ചു കൂട്ടി സൈന്യത്തെ സജ്ജീകരിച്ചു.

കൊളാർപട്ടി ഗ്രാമത്തിലെ ഒരു വീട്ടിലാണ് കട്ടബൊമ്മനും ഊമൈതുറയും ധനാധികാരിയും അഭയം തേടിയത്. ബ്രിട്ടീഷുകാരുടെ പിടിയിലായ ഊമൈതുറയെയും ധനാധികാരിയെയും പാളയംകോട്ടെ ജയിലിൽ അടക്കുകയും ധനാധികാരിയുടെ തല വെട്ടി പാഞ്ചാലക്കുറിച്ചി കോട്ടക്ക് മുന്നിൽ കെട്ടിതൂക്കുകയും ചെയ്തു. സിവഗംഗയിൽ നിന്ന് പുതുക്കോട്ടെയിലെ കലിപുരം ഗ്രാമത്തിലെത്തിയ കട്ടബൊമ്മനെക്കുറിച്ച് മുത്തു വൈരനാണ് ബ്രിട്ടിഷുകാർക്ക് വിവരം നൽകുന്നത്. തുടർന്ന് പിടിയിയിലായ കട്ടബൊമ്മനെ കയതാർ ഗ്രാമത്തിലേക്ക് വിചാരണക്കെത്തിച്ചു. 1799 ഒക്ടോബർ 16നാണ് കട്ടബൊമ്മനെ തൂക്കിലേറ്റിയത്. തന്‍റെ സഹോദരനെക്കുറിച്ചുള്ള വിഷമമാണ് ആ സന്ദർഭത്തിൽ കട്ടബൊമ്മനിൽ കാണാനായതെന്ന് ബാനർമാൻ പിന്നീട് കമ്പനിക്കയച്ച എട്ട് പേജ് വരുന്ന കത്തിൽ പറയുന്നുണ്ട്. ഹൈവേക്ക് സമീപമാണ് കയ്താറിലെ കട്ടബൊമ്മൻ സ്മാരകം. കയതറിൽ 40 സെൻറ് വാങ്ങി കട്ടബൊമ്മൻ സ്മാരകം തീർത്തത് സാക്ഷാൽ ശിവാജി ഗണേഷനാണ്. പിന്നീട് സർക്കാറിന് കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VeerapandyakattabommanPanchalakurichi
News Summary - Veerapandyakattabomman of Panchalakurichi
Next Story