വേമ്പനാട്ട് കായലിലൂടെ കാണാം ‘ഗ്രാമസൗന്ദര്യം’
text_fieldsഅരൂർ: ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾക്ക് സാക്ഷ്യംവഹിക്കുന്ന ‘വേമ്പനാട്ട് കായൽ’ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. തഞ്ചത്തില്‍ തുഴഞ്ഞു പോകുന്ന നാടൻ വള്ളവും അലകളെണ്ണി മെല്ലെ ഓളപ്പരപ്പിലൂടെ നീങ്ങുന്ന ഹൗസ്ബോട്ടുകളും മീനുകളെ കുടുക്കാൻ വലയെറിയുന്ന തൊഴിലാളിയും വെള്ളത്തിൽ പൊങ്ങി വരുമ്പോൾ നീർത്തുള്ളികൾ മുത്തുകളായി മാറുന്ന ചീനവലകളും വേമ്പനാടിന്റെ ഒഴിവാക്കാനാകാത്ത കാഴ്ചകളാണ്.
കേരളത്തിലെ ഏറ്റവും വലിയ കായലും രാജ്യത്തെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട്ട് കായല്‍. 1512 ച.കി.മീറ്റര്‍ വിസ്തീര്‍ണത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്നു. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ എന്നിവ ഒഴുകിയെത്തുന്നതും ഇതിലേക്കാണ്.
അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നിങ്ങനെ 10 ഗ്രാമപഞ്ചായത്തുകളെ തഴുകി ഒഴുകുന്ന വേമ്പനാട്ട് കായലിന് മറ്റെങ്ങുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. പ്രഭാതങ്ങളിൽ കാണുന്ന കായലല്ല, ഇവിടെ ഉച്ചയാകുമ്പോൾ കാണുന്ന കായലിന്റെ ഭംഗി. അസ്തമയ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ഭാവമാണ് കായലിന്.
കാക്കത്തുരുത്തിന്റെ അസ്തമയ സൂര്യനും ഗ്രാമീണ ജീവിതക്കാഴ്ചകളും ലോകവിനോദസഞ്ചാര ഭൂപടത്തിൽ പോലും പ്രസിദ്ധമാണ്. ഹൗസ്ബോട്ടുകളുടെ ബാഹുല്യവുമില്ല. ശാന്തസുന്ദരമായ കുഞ്ഞോളങ്ങളും മെല്ലെ തഴുകിയെത്തുന്ന തണുത്ത കാറ്റും ശാന്തി തേടിയെത്തുന്ന സഞ്ചാരികളെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.