അതുല്യ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വേർപാടിൽ ഫൊക്കാന അനുശോചിച്ചു
text_fieldsന്യൂയോർക്ക്: ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ലോക പ്രശസ്തനായ ബഹുമുഖ പ്രതിഭ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക സ്വരം ഭാരതത്തിലും വിദേശത്തുമുള്ള സംഗീതാസ്വാദകരുടെ മനസ്സിനെ സംഗീത സാന്ദ്രമാക്കി കൊണ്ടിരിക്കുകയായിരുന്നു. ആ സ്വര സാന്നിധ്യമാണ് വിട പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദർഭം മുതൽ ആസ്വാദക ലോകം പ്രാർത്ഥനകളിലായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ ഇനി ആലേഖനം ചെയ്യപ്പെട്ട ആ സ്വരം മാത്രമേ നമ്മോടൊപ്പം ഉണ്ടാകൂ.
തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവയുൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങൾ പാടി ഗിന്നസ് ലോക റിക്കോർഡ് സ്ഥാപിച്ചാണ് 74-ാം വയസിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ആറ് ദേശീയ പുരസ്കാരങ്ങളും ആന്ധ്രാപ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങളുമാണ് സംഗീത സപര്യക്കിടയിൽ അദ്ദേഹം നേടിയത്. പദ്മശ്രീ, പദ്മഭൂഷൺ അംഗീകാരങ്ങൾക്ക് പുറമെ 2012 ൽ എൻ.ടി.ആർ ദേശീയ പുരസ്കാരവും നൽകി ദേശം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചെറുപ്പം മുതൽ തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ്.പി.ബി എൻജിനീയറിംഗ് പഠനം വഴിയിലുപേക്ഷിച്ചാണ് സംഗീത രംഗത്തേക്ക് വരുന്നത്. 1966 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജി. ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച 'കടൽ പാലം 'എന്ന ചിത്രത്തിലെ ഈ 'കടലും മറുകടലും' എന്ന ഗാനത്തിലൂടെയാണ് മലയാളം ആ മധുര ശബ്ദം ആദ്യം കേട്ടത്.
980 ൽ കെ. വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണം എസ്.പി.ബി എന്ന ഗായകന്റെ ആലാപന വൈദഗ്‌ധ്യത്തിന് ദേശാന്തര അംഗീകാരമാണ് നേടിക്കൊടുത്തത്. ശങ്കരാഭരണത്തിലെ ആലാപനത്തിന് അദ്ദേഹത്തെ തേടി ആദ്യ ദേശീയാംഗീകാരവുമെത്തി. ഇന്ത്യയിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് നാദം നൽകിയ എസ്. പി.ബി യുടെ ഗാനങ്ങൾ എല്ലാ തലമുറയിലെ നടൻമാർക്കും പിന്നണി ശബ്ദമായിട്ടുണ്ട്. സിനിമ ഗാന രംഗത്ത് സജീവമായി തുടരുമ്പോഴാണ് അദ്ദേഹം വേർപിരിഞ്ഞിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പത്നി സാവിത്രി, മകനും ഗായകനുമായ ചരൺ , മകൾ പല്ലവി, കോടാനുകോടി വരുന്ന ആസ്വാദകരായ ആരാധകർ എന്നിവരുടെ ദു:ഖത്തിൽ ഫൊക്കാനയും അംഗങ്ങളും പങ്കുചേരുന്നതായി പ്രസിഡന്റ് മാധവൻ ബി. നായർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.