റോക്കറ്റ് എങ്ങനെ താഴേക്കു വീഴും?
text_fieldsകഴിഞ്ഞയാഴ്ച ലോകത്തെ മുൾമുനയിൽ നിർത്തിയ ഒരു വാർത്തയായിരുന്നു 23 ടൺ ഭാരമുള്ള ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് അഞ്ച് ബി ഭൂമിയിൽ വീഴാൻ പോകുന്നു എന്നത്. എവിടെയായിരിക്കും വീഴുക എന്നോർത്താണ് ലോകം തലപുകച്ചത്. എന്നാൽ എല്ലാവരും ഭയപ്പെട്ടപോലെ അപകടമൊന്നും സംഭവിച്ചില്ല. മേയ് ഒമ്പതിന് പുലർച്ച അത് മാലദ്വീപിനടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതിനാൽ ദുരന്തങ്ങളൊഴിവായി. എങ്കിലും മാലദ്വീപസമൂഹത്തിലെ 1192 ദ്വീപുകളിൽ എവിടെയെങ്കിലും ഇതിെൻറ അവശിഷ്ടങ്ങൾ പതിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ലോങ് മാർച്ച് അഞ്ച് ബി എന്ന ഭീമൻ
ചൈന സ്വന്തമായി ബഹിരാകാശത്ത് സ്ഥാപിക്കാൻ പോകുന്ന ടിയാങ്ഗോങ് എന്ന പുതിയ ബഹിരാകാശനിലയത്തിെൻറ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഒന്നാമത്തെ ഭാഗത്തെ ബഹിരാകാശത്തെത്തിക്കാൻ ഉപയോഗിച്ച റോക്കറ്റ് ആണ് ലോങ് മാർച്ച് അഞ്ച് ബി. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ റോക്കറ്റുകളിൽ ഒന്നാണ്. ഈ റോക്കറ്റിെൻറ മെയിൻ ടാങ്കിനു മാത്രം ഇന്ധനമില്ലാതെതന്നെ 23 ടൺ ഭാരമുണ്ട്. ഏപ്രിൽ 29നാണ് ഇത് ടിയാങ്ഗോങ്ങിെൻറ ആദ്യ മൊഡ്യൂളായ ടിയാൻഹെയെ ഭ്രമണപഥത്തിലെത്തിക്കാനായി കുതിച്ചുയർന്നത്.
റോക്കറ്റ് വീഴ്ച ഒരു നിത്യസംഭവം
ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളുടെയും ഉപഗ്രഹ വിക്ഷേപണറോക്കറ്റുകൾ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം ഭൂമിയിലേക്ക് വീഴുക തന്നെയാണ് ചെയ്യാറ്. എന്നാൽ സാധാരണഗതിയിൽ അവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിച്ച് കത്തിത്തീരും. എന്നാൽ വരുന്നത് വളരെ വലിയ ഒരു റോക്കറ്റാണെങ്കിലോ? മുഴുവൻ ഭാഗവും കത്തിത്തീരില്ല. കത്തിത്തീരാത്ത ഭാഗം ഒരു തീഗോളമായി ഭൂമിയിൽ പതിക്കും. അതിൽ നിന്നും വേർപെടുന്ന വസ്തുക്കൾ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ചിതറിവീഴാനും സാധ്യതയുണ്ട്.
ചൈനയുടെ നിരുത്തരവാദിത്തം
ഭൂമിയിലേക്ക് പതിക്കുന്ന ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ എന്നിവയെ സമീപത്തൊന്നും ആൾത്താമസമില്ലാത്ത പസഫിക് സമുദ്രത്തിലെ ഒരു പ്രത്യേക ഭാഗത്ത് വീഴ്ത്തുകയാണ് ലോകരാജ്യങ്ങൾ ചെയ്യാറ്. ഈ മേഖലക്ക് ഉപഗ്രഹങ്ങളുടെ ശവപ്പറമ്പ് എന്ന് ആലങ്കാരികമായി പറയാറുണ്ട്. ബഹിരാകാശ വാഹനത്തെയോ ഉപഗ്രഹത്തെയോ ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിെൻറ എൻജിൻ വീണ്ടും എരിച്ച് അതിനെ നിയന്ത്രിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചാണ് ഈ ശവദാഹം സാധ്യമാക്കാറ്. എന്നാൽ ഇത്തരം ഒരു സംവിധാനമില്ലാതെ തീർത്തും നിരുത്തരവാദപരമായാണ് ചൈന ലോങ് മാർച്ച് അഞ്ച് ബിയെ വിക്ഷേപിച്ചത്. ഭൂമിയുടെ 70 ശതമാനവും കടലാണ് എന്ന പൊട്ട ഭാഗ്യമാണ് ചൈനക്കും ലോകത്തിനും തുണയായത്.
ബഹിരാകാശനിലയങ്ങളും ഭൂമിക്ക് ഭീഷണി
അമേരിക്കയുടെ മുൻ ബഹിരാകാശ നിലയമായിരുന്ന സ്കൈലാബിനെ 1979ൽ നിയന്ത്രിതമായി ഭൂമിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ നാസയിലെ ശാസ്ത്രജ്ഞൻമാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 77 ടൺ ഭാരമുണ്ടായിരുന്ന സ്കൈലാബിെൻറ ഭൂരിഭാഗവും ഇന്ത്യൻ സമുദ്രത്തിലാണ് പതിച്ചത്. എന്നാൽ ഇതിെൻറ ഒട്ടേറെ അവശിഷ്ടങ്ങൾ ആസ്ട്രേലിയയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിച്ചു. ലോകത്തെ ഏറെ മുൾമുനയിൽ നിർത്തിയ ഒരു സംഭവമായിരുന്നു സ്കൈലാബിെൻറ വീഴ്ച. ഇപ്പോൾ ബഹിരാകാശത്തുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിെൻറ ഭാരം സ്കൈലാബിെൻറ ആറിരട്ടിയോളമാണ്. (419.7 ടൺ). ഇതിെൻറ കാലാവധി കഴിയുമ്പോൾ ഇതിനെ സുരക്ഷിതമായി തിരിച്ചിറക്കുക എന്നത് ശാസ്ത്രലോകം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാകും.
അന്താരാഷ്ട്ര കരാർ
1960കളിലും 70കളിലുമായി രൂപപ്പെട്ട, ലോകരാജ്യങ്ങൾ തമ്മിലുള്ള വിവിധ ബഹിരാകാശ കരാറുകൾ അനുസരിച്ച് ഒരു രാജ്യത്തിെൻറ റോക്കറ്റ് മറ്റൊരു രാജ്യത്ത് പതിച്ചുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ബന്ധപ്പെട്ട രാജ്യം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതുപ്രകാരം 1978ൽ സോവിയറ്റ് യൂനിയെൻറ കോസ്മോസ്-954 എന്ന ഉപഗ്രഹം കാനഡയിൽ വീണതിന് നഷ്ടപരിഹാരം നൽകേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.