1360 കിലോയുള്ള കൃത്രിമോപഗ്രഹത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കും; സുരക്ഷിത ദൗത്യമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി
text_fieldsയൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'ഇയേലസ്' കൃത്രിമോപഗ്രഹം ദൗത്യകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് തിരികെ ഭൂമിയിലേക്ക് ഇടിച്ചിറക്കും. 1360 കിലോഗ്രാം വരുന്ന ഉപഗ്രഹത്തെ സമുദ്രത്തിലാണ് തിരിച്ചിറക്കുകയെന്നും മറ്റൊന്നിനും ഭീഷണിയാകില്ലെന്നും ഏജൻസി അറിയിച്ചു.
കാലാവസ്ഥാ പഠനത്തിനായി 2018ലാണ് ഇയോലസിനെ വിക്ഷേപിച്ചത്. മൂന്ന് വർഷത്തെ ദൗത്യകാലാവധി പൂർത്തിയാക്കിയ ഉപഗ്രഹം ഒന്നരവർഷത്തോളം വീണ്ടും പ്രവർത്തിച്ചു. കാലാവസ്ഥാ പഠനങ്ങളിൽ നിർണായക വിവരങ്ങൾ നൽകുകയും ചെയ്തു.
ഇന്ധനം ഏറെക്കുറേ തീർന്ന ഘട്ടത്തിലാണ് നിയന്ത്രിത തിരിച്ചിറക്കലിലൂടെ കൃത്രിമോപഗ്രഹത്തെ തിരികെയെത്തിക്കുന്നത്. നിലവിൽ 320 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഇയോലസ് ഉള്ളത്. ഇത് പടിപടിയായി കുറച്ചുകൊണ്ടുവന്നാകും ദൗത്യം. സമുദ്രത്തിന് മുകളിൽ 80 കിലോമീറ്ററിലേക്ക് എത്തുമ്പോഴേക്കും ഇയോലസ് കത്തിത്തീരുമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ദൗത്യത്തിന്‍റെ കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഗസ്റ്റിന് മുമ്പുള്ള അനുകൂല സാഹചര്യത്തിൽ നടപ്പാക്കുമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു. ബഹിരാകാശ മലിനീകരണം കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് പ്രവർത്തനം നിർത്തിയ ഉപഗ്രഹത്തെ നിയന്ത്രിത മാർഗത്തിലൂടെ ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതെന്നും ഇവർ വിശദമാക്കുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ, ദൗത്യ കാലാവധി പൂർത്തിയാക്കി ഡികമീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമകരമായ ദൗത്യം ഐ.എസ്.ആർ.ഒ വിജയിച്ചിരുന്നു. 'നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയ'യിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീരുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.