അത്ഭുത പട്ടിക -ആവർത്തന പട്ടികയുടെ ചരിത്രം
text_fieldsഅടുക്കും ചിട്ടയും ഇല്ലാതിരുന്ന രസതന്ത്ര പഠനത്തിന് ശാസ്ത്രീയ അടിത്തറയുണ്ടായത് ആവർത്തന പട്ടികയുടെ വരവോടെയാണ്. വർഷങ്ങളെടുത്ത ചിന്തയുടെയും പഠനത്തിന്റെയും ഫലമാണ് ഇന്നത്തെ ആവർത്തനപട്ടിക. ആവർത്തന പട്ടികയുടെ ഉത്ഭവത്തെക്കുറിച്ച് അറിയാം.
1. അഗ്നി, വായു, ജലം, ഭൂമി എന്നിവ ഉപയോഗിച്ചാണ് പദാർഥങ്ങൾ നിർമിച്ചിരിക്കുന്നതെന്നാണ് ഗ്രീക്ക് തത്ത്വചിന്തകർ വിശ്വസിച്ചിരുന്നത്.
2. 1789 -ഫ്രഞ്ച് ശാസ്ത്രജ്ഞനായ അന്റോയിൻ ലാവോസിയർ മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വർഗീകരിച്ചു. എന്നാൽ, അദ്ദേഹം വർഗീകരിച്ച പല മൂലകങ്ങളും സംയുക്തങ്ങളാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
3. 1807 -ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോൺ ഡാൾട്ടൺ ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചു. എല്ലാ മൂലകങ്ങൾക്കും കൃത്യമായ അറ്റോമിക് മാസ് ഉണ്ടെന്ന കണ്ടെത്തൽ മൂലക വർഗീകരണത്തിന് പുതിയ മാനം നൽകി.
4. 1828 -ജോൺസ് ജേക്കബ് ബെർസലിയസ് അറ്റോമിക ഭാരത്തെ അടിസ്ഥാനപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചു. മൂലകങ്ങൾക്ക് പ്രതീകങ്ങളും അദ്ദേഹം ഉപയോഗിച്ചു.
5. 1829 -ജർമൻ ശാസ്ത്രജ്ഞനായ ജെ.ഡബ്ല്യൂ. ഡൊബെറൈനർ സമാനഗുണങ്ങളുള്ള മൂന്നു വീതം മൂലകങ്ങളെ ഉൾപ്പെടുത്തി ത്രികരണങ്ങൾ (Triads) എന്ന മൂലക ഗ്രൂപ്പുകൾ നിർമിച്ചു.
6. 1863 -ജോൺ അലക്സാണ്ടർ ന്യൂലന്റ്സ് അഷ്ടക നിയമം ആവിഷ്കരിച്ച് ഈ പട്ടിക പരിഷ്കരിച്ചു. അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ ക്രമീകരിച്ചു. എട്ടാമത് വരുന്ന മൂലകങ്ങളുടെ ഗുണങ്ങൾ ആദ്യത്തേതിന്റെ ആവർത്തനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
7. 1869 -ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് അന്ന് അറിയപ്പെട്ടിരുന്ന 63 മൂലകങ്ങളെ അവയുടെ അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ വർഗീകരിച്ചു. മൂലക വർഗീകരണ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു ഇത്. മൂലകങ്ങളുടെ രാസികവും ഭൗതികവുമായ ഗുണങ്ങൾ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്നതാണ് അദ്ദേഹത്തിന്റെ ആവർത്തന നിയമം.
1800 കളിൽ 31 മൂലകങ്ങളിൽ തുടങ്ങി 2022ൽ 118 മൂലകങ്ങളിൽ എത്തിനിൽക്കുന്ന മൂലകങ്ങളുടെ പഠനവും വർഗീകരണവും അവസാനിക്കുന്നില്ല. പുതിയ മൂലകങ്ങളുടെ വരവോടെ കാലാനുസൃതമായ മാറ്റങ്ങൾ ആവർത്തന പട്ടികയിലുമുണ്ടാകും. 2016ൽ ആണ് നാലു പുതിയ മൂലകങ്ങൾ ഉൾപ്പെടുത്തി പീരിയോഡിക് ടേബിൾ അവസാനമായി പരിഷ്കരിച്ചത്. 113Nh (Nihonium), 115Mc (Moscovium), 117Ts(Tennessine), 118Og(Oganesson) എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയവ. ഇവയിൽ Nh, Mc, Ts എന്നിവ കണ്ടെത്തിയ ശാസ്ത്രജ്ഞർ യഥാക്രമം ജപ്പാൻ, റഷ്യ, അമേരിക്ക എന്നീ രാജ്യക്കാരാണ്. ഈ മൂലകങ്ങളുടെ പേരിനടിസ്ഥാനം സ്ഥലനാമമാണ്. Og എന്ന മൂലകം കണ്ടെത്തിയത് റഷ്യക്കാരനായ യൂറി ഒാഗനെസിയൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.