മഴവില്ലുണ്ടാകുന്നതെങ്ങനെ?
text_fieldsഎത്ര കണ്ടാലും മടുക്കാത്ത, മനോഹരമായ ആകാശക്കാഴ്ചയാണ് മഴവില്ല്. മഴവില്ലിന്റെ ഏഴു നിറങ്ങളെ വർണിച്ചെഴുതിയ കഥകളും കവിതകളും നിരവധിയുണ്ട്. ഈ നിറങ്ങൾ ചേർന്ന ഭംഗിയാണ് സവിശേഷമായ അനുഭൂതി സമ്മാനിക്കുന്നത്. സൂര്യന്റെ എതിർദിശയിൽ അന്തരീക്ഷത്തിൽ കമാനാകൃതിയിൽ പ്രത്യക്ഷപ്പെടുന്ന ഇവ അൽപസമയം കഴിഞ്ഞ് മാഞ്ഞുപോകും.
മഴവില്ലുണ്ടാകുന്നതെങ്ങനെ?
നല്ല വെയിലും ചെറിയതോതിൽ മഴയുമുള്ള ദിവസങ്ങളിലാണ് മഴവില്ലുണ്ടാകുന്നത്. മഴ പെയ്യുമ്പോൾ സൂര്യരശ്മികൾ മഴത്തുള്ളികളിൽ പതിക്കുകയും ഈ മഴത്തുള്ളികൾ സൂര്യപ്രകാശത്തെ അതിന്റെ ഘടക വർണങ്ങളായി വിഘടിപ്പിക്കുകയും നമുക്ക് മഴവില്ല് ദൃശ്യമാവുകയും ചെയ്യുന്നു.
മാരിവിൽ വർണങ്ങൾ
വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ് മഴവില്ലിലെ ഏഴു നിറങ്ങൾ. ചുവപ്പ് നിറം മഴവില്ലിന്റെ മുകൾ ഭാഗത്തും വയലറ്റ് നിറം മഴവില്ലിന്റെ താഴ്ഭാഗത്തും കാണപ്പെടുന്നു. ഈ ഏഴു നിറങ്ങളെ താഴെ നിന്നും മുകളിലേക്ക് കാണുകയാണെങ്കിൽ അവയെ ചുരുക്കി VIBGYOR എന്ന് വിളിക്കുന്നു. വയലറ്റ് നിറത്തിന് ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം ഉള്ളതിനാൽ അവ കൂടുതൽ വളഞ്ഞ രീതിയിൽ കാണപ്പെടുന്നു. ചുവപ്പ് നിറത്തിനാണ് തരംഗ ദൈർഘ്യം ഏറ്റവും കൂടുതൽ.
വൃത്തത്തിൽ കാണാം
ഭൂമിയിൽനിന്ന് അനുയോജ്യമായ ഉയരത്തിൽ നാം നിൽക്കുമ്പോഴോ പകൽനേരങ്ങളിൽ വിമാനങ്ങളിൽ സഞ്ചരിക്കുമ്പോഴോ സൂര്യനും മഴത്തുള്ളികളും അനുകൂലമായ രീതിയിൽ സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ പൂർണ വൃത്താകൃതിയിലുള്ള മഴവില്ലിനെ ദർശിക്കാൻ കഴിയും.
പ്രാഥമിക മഴവില്ല്
പ്രാഥമിക മഴവില്ലിൽ ചുവപ്പ് പ്രകാശം മുകളിലും വയലറ്റ് പ്രകാശം താഴെയുമാണ് കാണപ്പെടുന്നത്. സാധാരണയായി നമുക്ക് ദൃശ്യമാകുന്ന മഴവില്ലാണിവ.
ദ്വിതീയ മഴവില്ല്
മഴത്തുള്ളിക്കുള്ളിൽ രണ്ടു തവണ പ്രതിഫലനത്തിനു വിധേയമായ പ്രകാശം പുറത്തേക്ക് വരുമ്പോഴാണ് ഇരട്ട മഴവില്ലുണ്ടാകുന്നത്. എന്നാൽ ഇങ്ങനെയുണ്ടാകുന്ന രണ്ടാം മഴവില്ലിന് തിളക്കം വളരെ കുറവായിരിക്കും. പ്രഥമ മഴവില്ലിന്റെ വിപരീതക്രമത്തിലായിരിക്കും ഇതിലെ നിറങ്ങളുടെ വിന്യാസം. വയലറ്റ് നിറം പുറംവക്കിലും ചുവപ്പുനിറം ഉൾവശത്തുമാണ് കാണപ്പെടുക.
ഐസക് ന്യൂട്ടൻ
മഴവില്ല് രൂപപ്പെടുന്നതിനെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ചെറിയൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കിത്തന്നത് ഐസക് ന്യൂട്ടനാണ്. പ്രകാശരശ്മിയെ ഒരു സ്ഫടിക പ്രിസത്തിലൂടെ കടത്തിവിട്ട്, ഏഴ് വർണങ്ങളായി വിഘടിപ്പിച്ച് മഴവില്ലിന്റെ ശാസ്ത്രീയത വിശദീകരിച്ചുതന്നത് അദ്ദേഹമാണ്.
വെള്ള മഴവില്ല്
മൂടൽമഞ്ഞിൽ നിന്നാണ് വെള്ളനിറത്തിലുള്ള വില്ലുണ്ടാകുന്നത്. മൂടൽമഞ്ഞ് വില്ല് എന്നപേരിലും അറിയപ്പെടുന്നു. രാത്രിയിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിൽ ഇതിനെ ലൂണാർ ഫോഗ് ബോ എന്ന് വിളിക്കുന്നു. മഴത്തുള്ളിക്കൊപ്പം മൂടൽമഞ്ഞോ മേഘമോ ഉണ്ടെങ്കിൽ സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിന് ഇവ പരിമിതികൾ സൃഷ്ടിക്കും. ഈ സമയം മഴവില്ലിന്റെ ആകൃതി ആകാശത്ത് രൂപപ്പെടുമെങ്കിലും പ്രതിഫലനത്തിൽ വിവിധ നിറങ്ങൾക്കു പകരം വെള്ള നിറം മാത്രമാകും കാണാൻ കഴിയുക.
ചുവന്ന മഴവില്ല്
സൂര്യന്റെ ഉദയാസ്തമയങ്ങളിൽ കാണപ്പെടുന്നു. ഈ സമയങ്ങളിൽ കുറഞ്ഞ തരംഗദൈർഘ്യമുള്ള വയലറ്റ്, നീല തുടങ്ങിയ നിറങ്ങൾ ചിതറിത്തെറിക്കുന്നു. അതോടെ, കൂടുതൽ തരംഗദൈർഘ്യമുള്ള ചുവപ്പ് നിറം നമുക്ക് കാണാൻ സാധിക്കുന്നു.
സൺ ഹാലോ
ആകാശത്ത് അപൂർവമായി വരുന്നതാണ് സൺ ഹാലോ. അന്തരീക്ഷത്തിലെ മഴക്കാറിന്റെ ഈർപ്പത്തിലൂടെ പ്രകാശരശ്മികൾ അരിച്ചിറങ്ങുമ്പോൾ സൂര്യന് ചുറ്റുമുണ്ടാവുന്ന പ്രഭാവലയമാണിത്. മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ ഇവ കണ്ടുവരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20,000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാവുക.
മഴവില്ല് സൃഷ്ടിച്ചാലോ
ആവശ്യമായ സാധനങ്ങൾ..
കിണ്ണം പോലെയുള്ള പാത്രം, വെള്ളം, കണ്ണാടി.
എങ്ങനെ ചെയ്യാം?
പാത്രത്തിൽ വെള്ളമെടുക്കുക. ഈ പാത്രം ചുവരിന് സമീപം വെയിൽ കിട്ടുന്നിടത്ത് വെക്കുക. കണ്ണാടി ആ പാത്രത്തിലെ വെള്ളത്തിൽ ചരിച്ച് വെക്കാം. കണ്ണാടിയിലെ സൂര്യപ്രകാശം ചുവരിൽ തട്ടുന്ന വിധം ക്രമീകരിച്ചു വെക്കാം. ചുവരിൽ മഴവില്ലിന്റെ മാതൃക കാണാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.