Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Human brain
cancel
Homechevron_rightVelichamchevron_rightClassroomchevron_rightSciencechevron_rightതലച്ചോറുകൊണ്ട്...

തലച്ചോറുകൊണ്ട് ചിന്തിക്കാം

text_fields
bookmark_border

ചിന്തിക്കാനും ചിരിക്കാനും സവിശേഷ കഴിവുള്ളവരാണ് മനുഷ്യർ. അതിനു പ്രധാന പങ്ക് വഹിക്കുന്നതാകട്ടെ മസ്‌തിഷ്കം അഥവാ തലച്ചോറും. ജീവജാലങ്ങളുടെ എല്ലാ ജീവൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഈ മസ്‌തിഷ്കമാണ്. മസ്തിഷ്കത്തെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് മസ്‌തിഷ്കം

നാഡീവ്യവസ്ഥയിലെ പ്രധാന ഭാഗമാണ് മസ്‌തിഷ്കം. സെറിബ്രം, സെറിബല്ലം, മെഡുല്ല ഒബ്ലാംഗെറ്റ, തലാമസ്, ഹൈപ്പോതലാമസ് എന്നിവ മസ്‌തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളാണ്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ ഈ അവയവം തലയോടിനുള്ളിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മസ്‌തിഷ്കത്തിന്റെ ശരാശരി തൂക്കം 1300 മുതൽ 1400 ഗ്രാം വരെയാണ്.

സെറിബ്രം

മസ്‌തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണിത്. സെറിബ്രത്തെ രണ്ട് അർധ ഗോളങ്ങളായി വലതെന്നും ഇടതെന്നും തിരിച്ചിട്ടുണ്ട്. കോർപസ് കലോസം എന്ന നാഡികളാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത്. സെറിബ്രത്തിന്റെ ചാര നിറമുള്ള പുറംഭാഗത്തെ കോർട്ടക്സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല്ല എന്നും വിളിക്കുന്നു.

സെറിബല്ലം

ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന സെറിബല്ലം സെറിബ്രത്തിന് താഴെ രണ്ടു ദളങ്ങളായി കാണപ്പെടുന്നു. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബല്ലമാണ് ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നത്.

മെഡുല്ല ഒബ്ലാംഗെറ്റ

സെറിബല്ലത്തോട് ചേർന്ന് ദണ്ഡിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗമാണിത്. ശ്വസനം, ഹൃദയസ്പന്ദനം, രക്തക്കുഴലുകളുടെ സങ്കോചം, തുമ്മൽ, ഛർദി, ചുമ എന്നിവയെ നിയന്ത്രിക്കുന്നത് മെഡുല്ല ഒബ്ലാംഗെറ്റയാണ്.

തലാമസ്

സെറിബ്രത്തിനു തൊട്ടു താഴെക്കാണുന്ന നാഡീകേന്ദ്രമാണ് തലാമസ്. വേദന സംഹാരികൾ ഉപയോഗിക്കുമ്പോൾ സെറിബ്രത്തിലേക്കുള്ള വേദനയുടെ സഞ്ചാരത്തെ തലാമസ് തടയുന്നു.

ഹൈപ്പോതലാമസ്

തലാമസിന് തൊട്ടു താഴെയുള്ള ഭാഗമാണ് ഹൈപ്പോതലാമസ്. പീയൂഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ് ആണ്. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇവ ഓക്സിടോസിൻ, വാസോപ്രസിൻ എന്നീ ഹോർമോണുകളും ഉൽപാദിപ്പിക്കുന്നു.

മെനിഞ്ജസും സെറിബ്രോസ്പൈനലും

മസ്‌തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂന്നു പാളികളുള്ള സ്തരമാണ് മെനിഞ്ജസ്. മെനിഞ്ജസിന്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവത്തെ സെറിബ്രോസ്‌പൈനൽ ദ്രവം എന്നു വിളിക്കുന്നു. മസ്തിഷ്ക കലകൾക്ക് പോഷകഘടകങ്ങൾ, ഓക്സിജൻ എന്നിവ നൽകുക, മസ്‌തിഷ്കത്തിനുള്ളിലെ ഓക്സിജൻ ക്രമീകരിക്കുക, മസ്‌തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നത് സെറിബ്രോസ്പൈനൽ ആണ്.

സുഷുമ്ന

തലച്ചോറിൽനിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നുപോകുന്ന ഈ നാഡിക്ക് 45 സെന്റിമീറ്റർ നീളമുണ്ടാകും. തലച്ചോറിൽനിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീ സന്ദേശങ്ങൾ എത്തിക്കുന്നതിനു സഹായിക്കുന്നത് സുഷുമ്ന നാഡിയാണ്.

വെർണിക്സ് / ബ്രോക്കസ് ഏരിയകൾ

സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗമാണ് ബ്രോക്കസ് ഏരിയ. ഈ ഭാഗത്തിന് എന്തെങ്കിലും പരിക്ക് സംഭവിച്ചാൽ ആ വ്യക്തിക്ക് സംസാരിക്കാനുള്ള വാക്കുകൾ മനസ്സിലേക്ക് വരുമെങ്കിലും അവ പുറത്തേക്ക് വരില്ല. പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുമ്പോൾ ആ വസ്തുവിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗമാണ് വെർണിക്സ് ഏരിയ. വെർണിക്സ് ഏരിയക്ക് എന്തെങ്കിലും പരിക്ക് സംഭവിച്ചാൽ ആ വ്യക്തിക്ക് വാക്കുകൾ കേട്ടാൽ മനസ്സിലാകുമെങ്കിലും ആ വാക്കുകളെ ക്രമീകരിച്ച് ഒരു വാചകം ഉണ്ടാക്കാൻ സാധിക്കുകയില്ല.

മസ്‌തിഷ്കാഘാതം

മസ്‌തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയോ ഭാഗികമായി നിലച്ചു പോവുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. ഇത്കാരണം തലച്ചോറിലെ കോശങ്ങൾക്ക് നാശമുണ്ടാകുന്നു. ഹൃദയത്തിലോ ധമനികളിലോ ഉണ്ടാകുന്ന രക്ത കട്ടകൾ കാരണമായുള്ള തടസ്സം, തലച്ചോറിലെ രക്തധമനികൾ പൊട്ടിയുണ്ടാകുന്ന രക്തപ്രവാഹം തുടങ്ങിയവ കാരണം മസ്തിഷ്കാഘാതം സംഭവിക്കാം.

മസ്തിഷ്ക മരണം

അമിതമായ രക്തപ്രവാഹത്തെത്തുടർന്ന് മസ്‌തിഷ്കത്തിലെ കോശങ്ങൾക്ക് സ്ഥിരമായ നാശം സംഭവിക്കുന്ന അവസ്ഥയാണിത്. വിവിധ കാരണങ്ങളാൽ തലച്ചോറിലെ കോശങ്ങൾക്ക് ഏൽക്കുന്ന ക്ഷതം, അമിതമായ രക്തസ്രാവം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവയാണ് മസ്തിഷ്ക മരണത്തിന്റെ പ്രധാന കാരണങ്ങൾ. മസ്തിഷ്ക മരണം സംഭവിച്ച രോഗി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human brainAnatomy
News Summary - Human brain Anatomy
Next Story