ചന്ദ്രനെ കീഴടക്കൽ രണ്ടാം ഭാഗം
text_fieldsഒരിക്കൽ ചന്ദ്രനെ കീഴടക്കി അവിടെ ആധിപത്യം സ്ഥാപിച്ച മനുഷ്യൻ പിന്നീട് അരനൂറ്റാണ്ടുകാലം വിശ്രമത്തിലായിരുന്നു. വിശ്രമകാലം കഴിഞ്ഞ് വീണ്ടുമിതാ ചാന്ദ്രദൗത്യമെന്ന ആ വലിയ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുക്കുന്നു. ആർടെമിസ് എന്നുപേരിട്ട ഈ ദൗത്യത്തിന്റെ ആദ്യ ചുവട് നാസ പിന്നിട്ടുകഴിഞ്ഞു.
ശാസ്ത്രലോകത്ത് അമേരിക്ക നിർണായക സ്ഥാനം കരസ്ഥമാക്കിയത് അപ്പോളോയുടെ ചാന്ദ്ര യാത്രകളിലൂടെയായിരുന്നു. 1969 ജൂലൈയിൽ നാസയുടെ അപ്പോളോ 11 പേടകത്തിൽ യാത്രതിരിച്ച എഡ്വിൻ ആൽഡ്രിൻ, നീൽ ആംസ്ട്രോങ്, മൈക്കിൾ കോളിൻസ് എന്നിവർ അന്നുതീർത്ത ചരിത്രത്തിന് പിറകെയായിരുന്നു പിന്നീടുള്ള ഓരോ ചാന്ദ്രയാത്രകളും. അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിൽ 12 യാത്രികർ ചന്ദ്രനിലെത്തി. വീണ്ടും ചാന്ദ്രദൗത്യങ്ങൾക്കായി നാസ ഒരുങ്ങുകയാണ്.
ആർടെമിസ് 1
ആർടെമിസ് 1 നാസ വിജയകരമായി വിക്ഷേപിച്ചുകഴിഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സിൽനിന്നായിരുന്നു വിക്ഷേപണം. ഓറിയോൺ എന്ന പേടകത്തെ എസ്.എൽ.എസ് എന്ന റോക്കറ്റാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് എസ്.എൽ.എസ്. 98 മീറ്റർ നീളമുണ്ട് ഇതിന്. മുൻ ചാന്ദ്രയാത്രകൾക്ക് വാഹനമായ സാറ്റേൺ ഫൈവിന്റെ പിൻഗാമി. യാത്രക്കാർക്കുപകരം മൂന്ന് ഡമ്മികൾ ഓറിയോൺ പേടകത്തിലുണ്ട്. ഈ പേടകം തിരിച്ചെത്തിയ ശേഷം പരിശോധനകൾ നടത്തി അതിെന്റ അടിസ്ഥാനത്തിലായിരിക്കും ആർടെമിസിന്റെ അടുത്ത യാത്ര.
ആർടെമിസ് 2
2024ലാണ് ആർടെമിസിന്റെ രണ്ടാം ദൗത്യം എന്നാണ് നാസ പറയുന്നത്. നാലുപേരടങ്ങിയ യാത്രാസംഘമാവും ഈ യാത്രയിലുണ്ടാവുക. ചന്ദ്രന്റെ വിദൂരതയിലേക്ക് ഇവർ യാത്രചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്യുക എന്ന ലക്ഷ്യംകൂടി ഇവർക്കുമുന്നിലുണ്ട്. ഈ ദൗത്യത്തിൽ ആരും ചന്ദ്രനിൽ ഇറങ്ങില്ല.
ആർടെമിസ് 3
2025ലാകും ആർടെമിസ് 3 ദൗത്യം. ഈ ദൗത്യത്തിലാകും വീണ്ടും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുക. ഓറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം അവിടെ ഭ്രമണം ചെയ്യും. തുടർന്ന് സ്പേസ് എക്സ് നിർമിച്ച ലാൻഡറിലായിരിക്കും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ യാത്രികർ ഇറങ്ങുക. ഒരാഴ്ചയോളം നീളുന്നതായിരിക്കും ഈ ദൗത്യമെന്ന് നാസ അറിയിക്കുന്നു.
ആർടെമിസ് ഒന്നിലും രണ്ടിലും മൂന്നിലുമൊന്നും ദൗത്യം നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നുകൂടി നാസ അറിയിക്കുന്നുണ്ട്. ആദ്യത്തെ നാല് ദൗത്യങ്ങൾ ഭംഗിയായി കഴിഞ്ഞാൽ 10ലേറെ ദൗത്യങ്ങൾ ആർടെമിസിൽ ഉൾപ്പെടുത്താനാണ് നാസയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.