Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
World Space Week October 4 to October 10
cancel
Homechevron_rightVelichamchevron_rightClassroomchevron_rightSciencechevron_rightEnter SPACE

Enter SPACE

text_fields
bookmark_border

1957 ഒക്ടോബർ നാലിന് ആയിരുന്നു ആദ്യത്തെ മനുഷ്യ നിർമിത ഭൗമ ഉപഗ്രഹമായ സ്പുട്നിക് 1 സോവിയറ്റ് യൂനിയൻ വിക്ഷേപിച്ചു. ബഹിരാകാശ പര്യവേഷണത്തിനുള്ള വഴി തുറന്നത് ഇങ്ങനെയായിരുന്നു. 1967 ഒക്ടോബർ 10ന് ചന്ദ്രനും മറ്റ് ആ​കാശഗോളങ്ങളും ഉൾപ്പെടെ ബഹിരാകാശ പര്യവേക്ഷണത്തിനും സമാധാനപരമായ മുന്നേറ്റങ്ങൾക്കുമായി തത്വങ്ങളെക്കുറിച്ചുള്ള ഉടമ്പടി ഒപ്പുവെച്ചു. ബഹിരാകാശ ദൗത്യത്തിന്റെ ഈ സുപ്രധാന നാഴികകല്ലുകളുടെ ഓർമക്കായി എല്ലാ വർഷവും ഒക്ടോബർ നാലു മുതൽ 10 വരെ ലോക ബഹിരാകാശ വാരം ആചരിക്കുമെന്ന് 1999ൽ ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചു.

ലക്ഷ്യങ്ങൾ

  • ബഹിരാകാശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
  • ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക
  • ബഹിരാകാശ പദ്ധതികൾക്കും പരിപാടികൾക്കും ​പൊതുജന പങ്കാളിത്തം ഉറപ്പാക്കുക
  • സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് എന്നീ വിഷയങ്ങളിൽ യുവാക്കളെ ​പ്രോത്സാഹിപ്പിക്കുക
  • ബഹിരാകാശ ഗവേഷണം, വിദ്യാഭ്യാസം എന്നിവയിൽ അന്തരാഷ്ട്ര സഹകരണം ഉറപ്പാക്കുക

കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ

‘ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും’ എന്നതാണ് 2024 വർഷത്തെ ബഹിരാകാശ വാരത്തിന്റെ തീം. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ബഹിരാകാശ സാ​ങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഭൂമിയുടെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ബഹിരാകാശ പര്യ​വേക്ഷണം ഉപയോഗപ്പെടുത്തും. മാറിവരുന്ന കാലാവസ്ഥ ജീവന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. നിരവധി ജീവിവർഗങ്ങൾ ഈ ഭൂമുഖത്തുനിന്നുതന്നെ അ​പ്രത്യക്ഷമായി തുടങ്ങി. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കൈകടത്തലുകളാണ് ഇവയുടെ പ്രധാന കാരണവും. അതിനാൽതന്നെ ബഹിരാകാശ സാ​ങ്കേതികവിദ്യയും കാലാവസ്ഥ ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഈ ബഹിരാകാശ വാരം ലക്ഷ്യമിടുന്നു.

ആകാശ​ത്തൊരു സ്റ്റേഷൻ

ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന ഒരു പടുകൂറ്റൻ കെട്ടിടമാണ് അന്താരാഷ്ട്രബഹിരാകാശനിലയം (ഐ.എസ്​.എസ്​). ഇത് 92 മിനുട്ട് സമയം കൊണ്ട് ഒരു തവണ ഭൂമിയെ ചുറ്റുന്നു. (ഒരു ദിവസം 15.5 തവണ). ബഹിരാകാശ സഞ്ചാരികൾ ഇതിൽ സ്ഥിരമായി താമസിക്കുകയും ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയും ചെയ്യുന്നു. കൃഷി, ജീവശാസ്​ത്രം, മനുഷ്യാരോഗ്യം, ജൈവസാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്​ഥ, ശാസ്​ത്രസാങ്കേതിക വിദ്യ, ഭൗതികശാസ്​ത്രം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് ബഹിരാകാശ നിലയത്തിലെ ഗവേഷണങ്ങൾ. ബഹിരാകാശത്ത് കൂടുതൽ കാലം ചിലവഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ആറുമാസം ഇടവിട്ട് സഞ്ചാരികൾ മാറും. 16 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്​പെയ്സ്​ ഏജൻസിയിലെ 11 രാജ്യങ്ങൾ എന്നിവയാണിവ.

32,333 ക്യുബിക് അടി വ്യാപ്തമാണ് ഐ.എസ്.എസിന്. റഷ്യയുടെ മിർ ബഹിരാകാശ നിലയത്തിന്റെ അഞ്ചിരട്ടി വലുപ്പം. 420 മെട്രിക് ടണ്ണാണ് ഇതിന്റെ ഭാരം. നിരവധി മൊഡ്യൂളുകൾ ചേർന്നതാണ് ബഹിരാകാശ നിലയം. അമേരിക്കയുടെ സ്​പെയ്സ്​ ഷട്ടിലുകളും റഷ്യയുടെ സോയൂസ്​ പേടകങ്ങളും ഉപയോഗിച്ച് നടത്തിയ നൂറിൽപരം യാത്രകളിലൂടെ ബഹിരാകാശത്തുവെച്ചാണ് ഈ മൊഡ്യൂളുകൾ കൂട്ടി യോജിപ്പിച്ചത്. 2020 ജനുവരി 25 വരെ ബഹിരാകാശനിലയത്തിന്റെ നിർമ്മാണത്തിനും അറ്റകുറ്റപണിക്കുമായി 227 തവണകളിലായി 1416 മണിക്കൂറിലധികം നീണ്ട ബഹിരാകാശനടത്തം വേണ്ടി വന്നു.1998 നവംബർ 20ന് പ്രോട്ടോൺ റോക്കറ്റ് വിക്ഷേപിച്ച റഷ്യയുടെ സാറിയ ആണ് ബഹിരാകാശത്തെത്തിയ ഐ.എസ്​.എസിന്റെ ആദ്യത്തെ മൊഡ്യൂൾ. 2030 വരെ ബഹിരാകാശനിലയം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാടക കൊടുക്കാത്ത താമസക്കാർ

2000 നവംബർ 2നാണ് ദീർഘകാല താമസക്കാർ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയത്. റഷ്യയുടെ സോയൂസ്​ പേടകത്തിലെത്തിയ ബിൽ ഷെപ്പേഡ്, യൂറി ഗിദ് സെൻകോ, സെർജി ക്രിക്കലേഫ് എന്നിവരായിരുന്നു അവർ. നാലു മാസക്കാലം അവർ നിലയത്തിൽ ചിലവഴിച്ചു. തുടർന്ന് ഇപ്പോഴും ബഹിരാകാശ നിലയത്തിൽ സ്ഥിര താമസക്കാരുണ്ട്. ഇതുവരെ 20 രാജ്യങ്ങളിൽനിന്നായി 270 സഞ്ചാരികൾ നിലയത്തിലെത്തി. ഒന്നിലേറെ തവണ നിലയം സന്ദർശിച്ചവരും ഇതിൽ ഉൾപ്പെടും. ഇന്ത്യൻ വംശജരായ കൽപനചൗളയും സുനിതവില്യംസും ഇക്കൂട്ടത്തിൽപ്പെടുന്നു.

പല്ലുതേപ്പും കുളിയും

ബഹിരാകാശത്ത് എല്ലാ വസ്​തുക്കളും വാഹനത്തിനുള്ളിലെ വായുവിലൂടെ പറന്നു നടക്കുമെന്ന് അറിയാമല്ലോ... അപ്പോൾ അവി​ടെ താമസിക്കുന്നവരുടെ ദിനചര്യകൾ എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ​? പല്ലുതേപ്പും കുളിയും -പല്ല് തേച്ചതിന് ശേഷം പേസ്റ്റിന്റെ പത ഇറക്കുകയാണ് സഞ്ചാരികൾ ചെയ്യുക. തുപ്പിയാൽ അവ വായുവിലൂടെ പറന്നുനടക്കു​മല്ലോ. അതിനാൽ ഭക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള പേസ്റ്റാണ് സഞ്ചാരികൾ ഉപയോഗിക്കുക.

വായുമർദ്ദം ഉപയോഗപ്പെടുത്തി വിസർജ്യവസ്​തുക്കളെ വലിച്ചെടുക്കുന്ന ടോയ്​ലറ്റുകളാണ് നിലയത്തിലുള്ളത്. വിസർജ്യങ്ങളെ ഞെരുക്കിയമർത്തി ശേഖരിച്ചു വെക്കുകയും ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികൾ വശം കൊടുത്തയച്ച് നീക്കം ചെയ്യുകയും ചെയ്യുന്നു. സക്കിംഗ് പൈപ്പുകൾ ഉപയോഗിച്ച് മൂത്രവും വലിച്ചെടുക്കുന്നു. ഇത് ശുദ്ധീകരിച്ച് നിലയത്തിലെ വിവിധ ആവശ്യങ്ങൾക്ക് വീണ്ടും ഉപയോഗപ്പടുത്തും.

ഡാംപ് എന്നു പേരുള്ള സോപ്പിന്റെ അംശമുള്ള ഒരു തുണി വെള്ളത്തിൽ മുക്കി ശരീരം തുടച്ചു വൃത്തിയാക്കുകയാണ് സഞ്ചാരികൾ ചെയ്യുക. വസ്​ത്രങ്ങൾ കൂടുതൽ ദിവസം ഉപയോഗിച്ചതിനുശേഷം അലക്കാതെ നിലയത്തിൽ ശേഖരിച്ചു വെക്കുകയും ഭൂമിയിലേക്ക് മടങ്ങുന്ന സഞ്ചാരികൾ വശം കൊടുത്തയച്ച് ഒഴിവാക്കുകയും ചെയ്യും.

ഭക്ഷണം കഴിക്കണം -ദീർഘകാലം കേടു വരാത്ത രീതിയിൽ ഭൂമിയിൽ നിന്ന് പാകം ചെയ്ത് കൊണ്ടു പോകുന്ന പ്രത്യേകതരം ഭക്ഷണപദാർഥങ്ങളാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഓരോ സഞ്ചാരിക്കും ഇഷ്​ടപ്പെട്ട ഭക്ഷണം പ്രത്യേകം പാകം ചെയ്ത് നിർജ്ജലീകരിച്ച് അണുവിമുക്തമാക്കി പാക്ക് ചെയ്താണ് കാർഗോ വാഹനങ്ങളിൽ നിലയത്തിലേക്കെത്തിക്കുക. കഴിക്കുന്ന സമയത്ത് സഞ്ചാരികൾ ഇവയിൽ വെള്ളം ചേർത്ത് പാകപ്പെടുത്തുന്നു. ഇറച്ചിയും വിവിധയിനം നട്ടുകളും ആപ്പിൾ, വാഴപ്പഴം തുടങ്ങിയവയുമെല്ലാം സഞ്ചാരികളുടെ മെനുവിൽപെടും.

വ്യായാമം വേണം -ബഹിരാകാശത്ത് സഞ്ചാരികൾ നിർബന്ധമായും രണ്ട് മണിക്കൂർ വ്യായാമം ചെയ്യണം. അല്ലെങ്കിൽ അസ്​ഥികൾ ദുർബലമാകും. ഭൂമിയിൽ ഗുരുത്വാകർഷണബലത്തിനെതിരെ ശരീരത്തെ താങ്ങി നിർത്തുന്നത് അസ്​ഥികളാണല്ലോ. ബഹിരാകാശത്തെ ഭാരമില്ലായ്മ കാരണം അസ്​ഥികളുടെ ഈ പ്രസകതി ഇല്ലാതാവുന്നതിനാൽ ഭക്ഷണത്തിൽ നിന്നുള്ള കാൽസ്യത്തിന്റെ ആഗിരണവും അസ്​ഥികളിലെ നിക്ഷേപവും കുറയുന്നതാണ് ഇതിനു കാരണം. കൃത്രിമമായി സ്ട്രസ്​ നൽകുന്ന ത്രെഡ്മിൽ, എക്സർസൈസ്​ ബൈസിക്കിൾ, കപ്പിയും കയറും തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ബഹിരാകാശസഞ്ചാരികൾ വ്യായാമം ചെയ്യുക.

ഉറക്കം പെട്ടിയിൽ -അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു ദിവസം 16 തവണയാണ് ഭൂമിയെ ചുറ്റുക. അതിനാൽ നിത്യവും 16 വീതം സൂര്യോദയങ്ങളും അസ്​തമയങ്ങളും നിലയത്തിൽ ദൃശ്യമാകും. അതിനാൽ രാത്രി ഉറങ്ങാനും രാവിലെ എഴുന്നേൽക്കാനുമെന്നും നിലയത്തിൽ സാധിക്കില്ല. ഉറങ്ങാനുള്ള പ്രത്യേക പെട്ടികളിൽ കയറി കിടക്കുകയാണ് ചെയ്യുക. ഉറങ്ങുമ്പോൾ പറന്നുപോകാതിരിക്കാനാണിത്. കൂടാതെ ബെഡ്ഡിൽ ബെൽറ്റിട്ട് ശരീരം ബന്ധിച്ചും സ്ലീപ്പിങ് ബാഗുകളിൽ കയറി നിന്നും ഉറങ്ങുന്ന രീതികളും വിവിധ ബഹിരാകാശ വാഹനങ്ങളിലുണ്ട്.

ജോലി തന്നെ പ്രധാനം -12 മണിക്കൂറാണ് സഞ്ചാരികളുടെ പ്രവർത്തനസമയം. പ്രഭാതകൃത്യങ്ങൾ, ജോലി, ഭക്ഷണം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാറ്റിനും കൃത്യമായ ഒരു ടൈം ടേബിളുണ്ട്. ചുമതലപ്പെടുത്തപ്പെട്ട വിവിധ ഗവേഷണപ്രവർത്തനങ്ങൾ, നിലയത്തിന്റെ അറ്റകുറ്റപ്പണികൾ, നിലയത്തിലെ ശുചീകരണപ്രവർത്തനങ്ങൾ എന്നിവയാണ് ജോലി. സഞ്ചാരികളുടെ പ്രവർത്തനങ്ങളെല്ലാം കൺട്രോൾ സെന്ററുകൾ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ അപ്പപ്പോൾ നൽകുകയും ചെയ്യും.

കയറാൻ ഡോറെവിടെ​?

അന്താരാഷ്ട്രബഹിരാകാശനിലയം മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയെ ചുറ്റുക. ഇത്രയും വേഗത്തിൽ ഭൂമിയെ ചുറ്റുന്ന ബഹിരാകാശനിലയത്തിൽ ഭൂമിയിൽ നിന്ന് പോകുന്ന സഞ്ചാരികൾ എങ്ങനെയാണ് കയറിപ്പറ്റുകയെന്നത് എല്ലാവരുടെയും സംശയമാണ്. അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ മുമ്പ് സഞ്ചാരികളെ എത്തിച്ചിരുന്നത് നാസയുടെ സ്​പെയ്സ്​ ഷട്ടിലുകൾ വഴിയാണ്. എന്നാൽ കൊളംബിയ സ്​പെയ്സ്​ഷട്ടിൽ ദുരന്തത്തിനു ശേഷം സഞ്ചാരികളെ ബഹിരാകാശനിലയത്തിലെത്തിക്കുന്നത് റഷ്യയുടെ സോയൂസ്​ പേടകങ്ങൾ വഴിയാണ്. സ്​പെയ്സ്​ ഷട്ടിലുകളെയും സോയൂസ്​ പേടകങ്ങളെയും ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നത് ഡോക്കിങ് എന്ന രീതിയിലാണ്. സ്വതന്ത്രമായി പറക്കുന്ന രണ്ട് ബഹിരാകാശവാഹനങ്ങളെ നിയന്ത്രണവിധേയമായി അടുപ്പിച്ച് കൊണ്ടു വന്ന് കൂട്ടി യോജിപ്പിക്കുന്നതാണ് ഡോക്കിങ്. ഒരു വാഹനത്തെയോ മൊഡ്യൂളിനെയോ ഒരു റോബാട്ടിക് കരം ഉപയോഗിച്ച് ബഹിരാകാശനിലയവുമായി ബന്ധിക്കുന്ന ബെർത്തിങ് എന്ന രീതിയും നിലവിലുണ്ട്.

ഡോക്കിങ്ങിനായി ബഹിരാകാശനിലയത്തിൽ സ്​പെയ്സ്​ഷട്ടിലിനും സോയൂസ്​ പേടകത്തിനും പ്രത്യകം പ്രത്യേകം ഡോക്കിങ് പോർട്ടുകളുണ്ട്. രണ്ടു വാഹനങ്ങളും മണിക്കൂറിൽ 27,600 കിലോമീറ്റർ വേഗത്തിൽ ചലിക്കുന്നതിനാൽ ഡോക്കിങ് എന്നത് വളരെ നിർണായകമായ ഒരു ഓപ്പറേഷനാണ്. എങ്കിലും ഇവയുടെ ആപേക്ഷിക വേഗത തുല്യമാണ് എന്നത് ഒരു അനുകൂല ഘടകമാണ്. ഡോക്കിങ്ങിനായി രണ്ടു വാഹനത്തിലുമുള്ള സഞ്ചാരികൾ വാഹനങ്ങളിലെ ഡോക്കിങ് പോർട്ടുകളെ വളരെ സൂക്ഷ്മതയോടെ നേർരേഖയിൽ കൊണ്ടുവരികയും അടുപ്പിക്കുകയും വേണം. ഇതിനായി ഡോക്ക് ചെയ്യേണ്ട വാഹനത്തിന്റെ വേഗത, ദിശ എന്നിവ ചെറിയ ത്രസ്റ്ററുകൾ ഉപയോഗിച്ച് ക്രമീകരിക്കുന്നു. ഡോക്കിങ്പോർട്ടിന്റെ ഭാഗങ്ങൾക്ക് പരിക്ക് പറ്റാത്ത രീതിയിൽ അവയെ കൂട്ടിച്ചേർക്കുന്നു.

നിലയത്തിലെയും വാഹനത്തിലെയും ഡോക്കിങ് പോർട്ടുകളിൽ കൃത്യമായി ഒട്ടിച്ചേർന്ന് കുടുങ്ങുന്ന ഡോക്കിങ് റിങ്ങുകളുണ്ട്. ഇവ രണ്ടു വാഹനങ്ങളിലെയും വായു നഷ്​ടപ്പെടാതെ സംരക്ഷിക്കുന്ന ഒരു സീൽ പോലെ പ്രവർത്തിക്കുന്നു. ഡോക്കിങ് റിങ്ങുകളോട് ചേർന്ന് അമരൽ സ്​പ്രിംഗുകൾ, തള്ളൽ സ്​പ്രിംഗുകൾ എന്നിങ്ങനെ രണ്ടു തരം സ്​പ്രിംഗുകളുണ്ട്. അമരൽ സ്​പ്രിംഗുകൾ ഡോക്കിങ്ങിന്റെ ആഘാതം ഇല്ലാതാക്കുന്നു. തള്ളൽ സ്​പ്രിംഗുകൾ അൺഡോക്കിങ് സാധ്യമാക്കുന്നു. ഡോക്കിങ് റിങ്ങുകൾ പറ്റിച്ചേർന്നു കഴിഞ്ഞാൽ അവയെ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് ദൃഢമായ സ്​ക്രൂകൾ ഉപയോഗിച്ച് ഉറപ്പിക്കുന്നു. ഡോക്ക് ചെയ്ത് ഒറ്റ യൂണിറ്റായി മാറിയ വാഹനം ഏതാനും ദിവസം ഒന്നിച്ച് ഭൂമിയെ ചുറ്റും. ഡോക്ക് ചെയ്തു കഴിഞ്ഞാൽ ബഹിരാകാശനിലയത്തിന്റെയും കൂട്ടിച്ചേർത്ത വാഹനത്തിന്റെയും ഡോക്കിങ് പോർട്ടിനോട് ചേർന്നുള്ള വാതിലുകൾ തുറക്കുന്നു. അപ്പോൾ രണ്ടിലേയും സഞ്ചാരികൾക്ക് പരസ്​പരം സഞ്ചരിക്കാനും സാധനസാമഗ്രികൾ മാറ്റാനും സാധിക്കും.

ആർ യു ഓക്കേ ബേബി?

ബഹിരാകാശജീവിതം സഞ്ചാരികൾക്ക് താത്ക്കാലികവും സ്​ഥിരവുമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്​ടിക്കാറുണ്ട്. കപ്പൽയാത്രക്കാർ അനുഭവിക്കാറുള്ള കടൽച്ചൊരുക്കിന് സമാനമായ സ്​പെയ്സ്​ അഡാപ്റ്റേഷൻ സിൻഡ്രം ആണ് താത്ക്കാലികപ്രശ്നം. സഞ്ചാരികൾക്ക് മനം പിരട്ടൽ, ബർദ്ദി, തലവേദന, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവ അനുഭവപ്പെടാം. ബഹിരാകാശജീവിതവുമായി സഞ്ചാരി പൊരുത്തപ്പെടുന്നതോടെ ഈ പ്രയാസങ്ങൾ മിക്കവാറും മാറിക്കിട്ടും.

ദീർഘകാല ബഹിരാകാശ ജീവിതം പലവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്​ടിക്കുന്നു. ഇവയിൽ ചിലത് ഭൂമിയിൽ തിരിച്ചെത്തുന്നതോടെ പരിഹരിക്കപ്പെടുന്നവയും ചിലത് തിരിച്ചെത്തിയാലും പരിഹരിക്കപ്പെടാത്തവയുമാണ്. ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണ്, പേശികൾ, അസ്​ഥികൾ എന്നിവയെയെല്ലാം നീണ്ടകാല ബഹിരാകാശജീവിതം പ്രതികൂലമായി ബാധിക്കുന്നു.

കോട്ടും സ്യൂട്ടും

സ്​പെയ്സ്​സ്യൂട്ട് ധരിക്കാതെ ബഹിരാകാശവാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സഞ്ചാരി അധികസമയം ജീവനോടെ നിലനിൽക്കില്ല. ബഹിരാകാശനടത്തസമയത്ത് സഞ്ചാരി സൂര്യപ്രകാശത്തിലും ഇരുട്ടിലും മാറിമാറി കഴിയേണ്ടി വരും. സഞ്ചാരി വെളിച്ചത്തിലാകുമ്പോൾ വായുവിന്റെ തടസ്സമില്ലാതെ സൂര്യപ്രകാശം നേരിട്ടേൽക്കുന്നതിനാൽ വസ്​ത്രം 250 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടുപിടിക്കും. ഈ ചൂട് ശരീരത്തിലേക്കും ചാലനം ചെയ്യപ്പെടും. ബഹിരാകാശത്ത് വായുവില്ലാത്തതിനാൽ വായുമർദ്ദവുമില്ല. മർദ്ദമില്ലാത്തതിനാൽ നേരിയ ചൂട് ശരീരത്തിനേറ്റാൽ തന്നെ രക്തവും മറ്റു ശരീരദ്രവങ്ങളും തിളച്ചു മറിയും. സഞ്ചാരി ഇരുട്ടിൽ വരുമ്പോഴാകട്ടെ 250 ഡിഗ്രി ഫാരൻഹീറ്റ് വരെ തണുപ്പനുഭവപ്പെടും. ഈ തണുപ്പ് രക്തത്തെ കൂടുതൽ സാന്ദ്രമാക്കി ഒഴുക്കിന് തടസ്സം സൃഷ്​ടിക്കും. ബഹിരാകാശത്തെ അത്യധികമായ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാൻ സ്​പെയ്സ്​സ്യൂട്ടിന് കഴിയും.

സ്യൂട്ടിനും ശരീരത്തിനുമിടയിലുള്ള വിടവിൽ ഭൂമിയിലെ അന്തരീക്ഷമർദ്ദത്തിന് സമാനമായ മർദ്ദത്തിൽ ഓക്സിജൻ നിറച്ചിരിക്കും. സഞ്ചാരി ഇതിൽ നിന്നാണ് ശ്വസിക്കുക. ഉപയോഗഫലമായി അളവ് കുറയുന്നതിനനുസരിച്ച് ഓക്സ്​ജൻ സംഭരണിയായ ബാക്ക്പാക്കിൽ നിന്നും ഓക്സിജൻ ഇവിടേക്ക് പമ്പ് ചെയ്യും. സഞ്ചാരി നിശ്വസിക്കുന്ന കാർബൺഡൈ ഓക്സൈഡ് പ്രത്യേക അറയിൽ സംഭരിക്കും.

സ്​പെയ്സ്​ സ്യൂട്ടിന് 11 പാളികളുണ്ട്. ചൂട്, തണുപ്പ്, തീ, ബഹിരാകാശത്തെ റേഡിയേഷൻ സാധ്യതകൾ എന്നിവയെയെല്ലാം ഈ പാളികൾ തടയുന്നു. ഇത്രയും സവിശേഷതകൾ നിറഞ്ഞ സ്​പെയ്സ്​ സ്യട്ടിന് ബാക്ക് പാക്ക് (ഓക്സിജൻ ടാങ്ക്) അടക്കം ഭൂമിയിൽ 127കിലോഗ്രാം ഭാരം വരും. എന്നാൽ ബഹിരാകാശത്ത് സഞ്ചാരിയെപ്പോലെ സ്യൂട്ടിനും ഭാരം അനുഭവപ്പെടാത്തതിനാൽ ഈ ഭാരക്കൂടുതൽ അയാളെ ഒട്ടും പ്രയാസപ്പെടുത്തുകയില്ല. സ്യൂട്ട് ധരിക്കാൻ മുക്കാൽ മണിക്കൂർ സമയവും മറ്റുള്ളവരുടെ സഹായവും വേണം. സ്​പെയ്സ്​ സ്യൂട്ട് ധരിക്കുന്നതിന് ഡോണിങ് എന്നും അഴിക്കുന്നതിന് ഡോഫിങ് എന്നുമാണ് പറയുക.

ഒരു സ്​പെയ്സ്​ സ്യൂട്ട് നിർമ്മിക്കാൻ രണ്ടു വർഷത്തിലേറെ സമയം വേണം. ഓരോ സഞ്ചാരിക്കും പ്രത്യേകമായാണ് ഇവ നിർമ്മിക്കുക. ഒന്നിന്റെ നിർമ്മാണത്തിന് ഇരുപത് ലക്ഷം ഡോളറിലധികം ചെലവു വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceSpace week
News Summary - World Space Week October 4 to October 10
Next Story