ഘടികാരങ്ങൾ നിലച്ച സമയം
text_fieldsഹിരോഷിമ, നാഗസാക്കി. മാനവരാശിയെ സംബന്ധിച്ച് ഈ രണ്ടു പേരുകളും ആഗസ്റ്റ് ആറ്, ഒമ്പത് തീയതികളും എന്നും ഒരു വലിയ ദുർവിധിയുടെ ഓർമപെടുത്തലാണ്. യുദ്ധം എന്ന മഹാവിപത്തിെൻറ പേടിപ്പെടുത്തുന്ന നേർസാക്ഷ്യങ്ങളാണിവ. മറ്റൊരു ലോകയുദ്ധത്തിനുകൂടി ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങാതിരിക്കുന്നത് ഇനിയും മായാത്ത ഈ ദുരന്തചിത്രങ്ങളായി നാഗസാക്കിയും ഹിരോഷിമയും ഉള്ളതുകൊണ്ട് മാത്രമാണ്.
ദുരന്തത്തിലേക്കുള്ള ചുവടുകൾ
ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ അടങ്ങിയ അച്ചുതണ്ട് ശക്തികളെ ഏതു വിേധനയും തോൽപിക്കുകയെന്ന സഖ്യകക്ഷികളിൽപ്പെട്ട അമേരിക്കയുടെയും ബ്രിട്ടെൻറയും ചിന്തയാണ് വിനാശകരമായ ദൗത്യത്തിലേക്ക് നയിച്ചത്. സോവിയറ്റ് റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾകൂടി അടങ്ങിയതായിരുന്നു സഖ്യകക്ഷികൾ. 1945 ജൂലൈ 16ന്- മാൻ ഹാട്ടനിലെ പരീക്ഷണശാലയിൽ 'ഗാഡ്ജക്ട്' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബിെൻറ മാതൃക വിജയകരമായി പരീക്ഷിക്കപ്പെട്ടു. തുടർന്ന് ന്യൂമെക്സികോയിലെ അലാമോഗാർഡോവിൽവെച്ച് ട്രിനിറ്റി എന്ന പേരിൽ ആണവായുധ പരീക്ഷണവും നടന്നു. ലോകത്തിലെ ആദ്യ ആണവപരീക്ഷണമായിരുന്നു ഇത്. നാഗസാക്കിയിൽ പ്രയോഗിച്ച 'ഫാറ്റ്മാൻ' എന്ന അണുബോംബിെൻറ കാര്യക്ഷമത ഉറപ്പിക്കപ്പെട്ട പരീക്ഷണം കൂടിയായിരുന്നു ഇത്.
1945 ജൂലൈ 20-: ജപ്പാന് മുകളിൽ സഖ്യസേനയുടെ സംയുക്ത വ്യോമാഭ്യാസം തുടങ്ങി.
ജൂലൈ 21: അമേരിക്കൻ പ്രസിഡൻറ് ഹാരി ട്രൂമാന് മാൻ ഹാട്ടൻ പ്രോജക്ട് (അണുബോംബ് നിർമിക്കാനായുള്ള പദ്ധതിയുടെ പേര്) വിജയമായിരുന്നുവെന്ന റിപ്പോർട്ട് ലഭിച്ചു.
ജൂലൈ 23: പോസ്റ്റ് ഡാമിൽെവച്ച് അമേരിക്കൻ പ്രസിഡൻറ് ഹാരി ട്രൂമാനും സോവിയറ്റ് യൂനിയൻ പ്രസിഡൻറ് സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ ഉടനടി ആക്രമിക്കപ്പെടേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്നു തിട്ടപ്പെടുത്തി. പ്രയോഗിക്കേണ്ട അണുബോംബുകളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു.
'ലിറ്റിൽ ബോയ്' ആഗസ്റ്റ് ആറിനുതന്നെ സജ്ജമാക്കാനും, ആഗസ്റ്റ് 24ന് 'ഫാറ്റ്മാൻ' എന്ന രണ്ടാമത്തെ ബോംബും തുടർന്ന് മൂന്നാമതൊരു ബോംബ് സെപ്റ്റംബറിൽ പ്രയോഗിക്കാനും ആയിരുന്നു ധാരണ. ഡിസംബർ വരെയുള്ള മാസങ്ങളിലായി തുടർച്ചയായി ഏഴോ അതിൽ കൂടുതലോ അണുബോംബുകൾ പ്രയോഗിക്കാനും സഖ്യകക്ഷികൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നു.
ഇടക്കാല സമിതി ജപ്പാനെ ആക്രമിക്കാൻ തീരുമാനിച്ച ഉടൻ, ആക്രമിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് മറ്റൊരു സമിതി തിട്ടപ്പെടുത്തി. 'പോസ്റ്റ് ഡാം' സമ്മേളനത്തിൽ അമേരിക്ക ജപ്പാനെ ഭീഷണിപ്പെടുത്താനായി പ്രയോഗിച്ച 'സമ്പൂർണ നാശം' എന്ന പദത്തിെൻറ വ്യാപ്തി എത്രത്തോളമുണ്ടെന്നു ലോകം വൈകാതെ തിരിച്ചറിഞ്ഞു. തീരുമാനിക്കപ്പെട്ടവയിൽ രണ്ട് അണുബോംബുകൾ മാത്രമാണ് ആഗസ്റ്റ് ആറ്, ഒമ്പത് തീയതികളിലായി ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിക്കപ്പെട്ടത്. ഇതിെൻറ പ്രത്യാഘാതംതന്നെ ജപ്പാൻ ഇന്നും മുഴുവനായി അനുഭവിച്ചു തീർന്നിട്ടില്ല.
ആദ്യ അണുബോംബുവർഷത്തിെൻറ ദൃക്‌സാക്ഷികൾ
മാപ്പർഹിക്കാത്ത ആ മഹാപാതകത്തിന് 1945 ആഗസ്റ്റ് നാലിനാണ് അനുമതി ലഭിച്ചത്. 'ലിറ്റിൽ ബോയ്' എന്ന ഹിരോഷിമയുടെ അന്തകനെയും വഹിച്ചുകൊണ്ട് 'എനോള ഗെ' എന്ന പേരുള്ള ബി-^29 വിമാനം പടിഞ്ഞാറൻ പസഫിക്കിലെ ടിനിയൻ ദ്വീപിൽനിന്ന് ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. 'ഓപറേഷൻ സെൻറർ ബോർഡ്' എന്ന രഹസ്യ നാമത്തിലായിരുന്നു ഈ കൊടുംക്രൂര പദ്ധതി ഒരുക്കിയിരുന്നത്. പൈലറ്റ് ടിബറ്റിനെ കൂടാതെ, കോ പൈലറ്റ് റോബർട്ട് ലെവിസ്, നാവിഗേറ്റർ (ദിശസൂചകൻ) തിയോഡർ വാൻ കിർക്, ടോം ഫെറി ബി, റോബർട്ട് കരോൺ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു പങ്കാളികൾ. ഇവർ ആദ്യ അണുബോംബ് വർഷത്തിെൻറ ദൃക്‌സാക്ഷികളുമായി.
ഹിരോഷിമ സ്തംഭിച്ചുപോയ നിമിഷം
1945 ആഗസ്റ്റ് ആറ് രാവിലെ 8.16. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായിരുന്ന ഹിരോഷിമ സ്തംഭിച്ചുപോയ നിമിഷം. എട്ടുമണി കഴിഞ്ഞതും ബി^29 ജപ്പാെൻറ ആകാശത്തിലേക്ക് പ്രവേശിച്ചതായി റേഡിയോ അറിയിപ്പ് വന്നിരുന്നു. എന്നാൽ, വരാൻ പോകുന്ന മഹാദുരന്തത്തെ ചെറുക്കാൻ ചെറിയ സമയത്തിനുള്ളിൽ ആ ജനതക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. രണ്ടാം ലോക യുദ്ധസമയത്തു നടന്ന പല വ്യോമാക്രമണങ്ങളിൽനിന്നും രക്ഷപ്പെട്ടുനിന്ന പ്രദേശമായിരുന്നു അതുവരെയും ഹിരോഷിമ. വ്യോമാക്രമണങ്ങളിൽ മറ്റു പല ജപ്പാൻ പട്ടണങ്ങളും അതിനകം തരിപ്പണമായി തീർന്നിരുന്നു. ലിറ്റിൽ ബോയ് എന്നറിയപ്പെട്ട 13,000 ടൺ ഭാരമുള്ള യുറേനിയം ഗൺ ടൈപ്പ് അണുബോംബ് ഹിരോഷിമ പട്ടണത്തെ അക്ഷരാർഥത്തിൽ നാമാവശേഷമാക്കി. മനുഷ്യജീവനൊപ്പം അവിടുത്തെ വസ്തുവകകൾക്കും കനത്തനഷ്ടം വരുത്തി. ആകെ ഉണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങളിൽ 70,000വും തകർന്നു. അതിൽതന്നെ 48,000 കെട്ടിടങ്ങൾ അപ്പാടെ നിലംപരിശായി. 70,000ത്തിലധികം പേർ തൽക്ഷണം മരിച്ചുവെന്നാണ് കണക്ക്. പതിനായിരക്കണക്കിന് ആളുകൾ പിന്നീടുണ്ടായ അണുവികിരണമേറ്റുണ്ടായ രോഗങ്ങളാലും മരണപ്പെട്ടു. കോൺക്രീറ്റ് ഉപയോഗിച്ചു പുതുക്കിപ്പണിത ഏതാനും ചില കെട്ടിടങ്ങളല്ലാതെ നഗരത്തിൽ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. അണുബോംബ് പതിച്ച പ്രദേശത്തെ ജനങ്ങൾ ഒന്നും അവശേഷിപ്പിക്കാതെ കടുത്ത താപത്തിൽ അപ്പാടെ കത്തിത്തീരുകയായിരുന്നു. ബോംബിങ്ങിെൻറ പ്രഭവകേന്ദ്രത്തിൽനിന്ന് മാറി അകലെ താമസിച്ചിരുന്നവർക്കു തങ്ങളുടെ ജീവൻ രക്ഷിക്കാനായെന്നു മാത്രം. പക്ഷേ, റേഡിയേഷനിൽനിന്നും മറ്റുമായി ഇവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായുള്ള നെട്ടോട്ടം അവരുടെ മാനസികനിലയാകെ തകിടംമറിച്ചു. മരണംപോലും അനുഗ്രഹമയി മാറുന്ന നരകയാതനകളിലേക്കാണ് ശേഷിച്ചവർ തള്ളപ്പെട്ടത്. ആക്രമണം അതിജീവിച്ച ഏതാനും ചിലർക്ക് തങ്ങൾ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാൻതന്നെ പാടായിരുന്നു. മരണവെപ്രാളത്തിൽ അവിടത്തെ ഹിക്കിയാമ മല കയറിയവരും ഉണ്ടായിരുന്നു.
''ഹിരോഷിമ അപ്രത്യക്ഷമാകുന്നത് ഞാൻ കണ്ടു. ആ കാഴ്ചയിൽ ഞാൻ മരവിച്ചു പോയി. അത് വിവരിക്കാൻ എനിക്കാവില്ല'' ^സംഭവത്തിന് ശേഷം ഒരു കോളജ് പ്രഫസർ പറഞ്ഞത് ഇങ്ങനെയാണ്.
ആ അവസ്ഥയെക്കുറിച്ച് ഒരു പ്രൊട്ടസ്റ്റൻറ് നേതാവ് കുറിച്ചതിങ്ങനെ: -''ഇത് ഹിരോഷിമയുടെ അവസാനമാണ്. ജപ്പാെൻറ അവസാനമാണ്. മനുഷ്യരാശിയുടെതന്നെ അവസാനമാണ്. ഇതാണ് ബൈബിളിൽ പറയുന്ന ദൈവം മനുഷ്യനുമേൽ വിധി നടപ്പാക്കുന്ന ദിനങ്ങൾ.''
ബോംബ് പതിച്ച നിമിഷങ്ങളെ പൈലറ്റ് ടിബറ്റ് ഓർക്കുന്നത് ഇപ്രകാരം: ''ഞങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഹിരോഷിമ പട്ടണമാകെ വലിയ പുകയിൽ മൂടിയിരുന്നു. തിളച്ചുപൊങ്ങുകയായിരുന്നു അവിടം. പുക നിമിഷങ്ങൾവെച്ച് ഉയർന്നുകൊേണ്ടയിരുന്നു. വിചാരിക്കാത്ത അത്രയും ഉയരത്തിൽ പുകച്ചുരുളുകൾ എത്തി. ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല, തുടർന്ന് എല്ലാവരും സംസാരിക്കാൻ തുടങ്ങി. കോ^പൈലറ്റ് എെൻറ തോളിൽ തട്ടി താഴേക്ക് നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു.''
നാമാവശേഷമായ നാഗസാക്കി
1945 ആഗസ്റ്റ് ഒമ്പത്. സമയം രാവിലെ 11.02. 'ബോക്‌സ്‌കാര്‍' എന്ന ബോംബര്‍ വിമാനം തെക്കന്‍ ജപ്പാനിലെ വലിയ തുറമുഖനഗമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതില്‍നിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ മനോഹരനഗരത്തിനുമേൽപതിച്ചു. ജാപ്പനീസ് മാതൃകയില്‍ പണിതീർത്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. പ്ലൂട്ടോണിയം - 239 കൊണ്ട് നിർമിച്ചതായിരുന്നു ഈ ബോംബ്. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ---മൂന്നുദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. ഇവിടെ 40,000 പേർ തൽക്ഷണം മരിച്ചു. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്റ്റ് 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാംലോക യുദ്ധത്തിന് അവസാനമായി. ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കീഴടങ്ങലെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്റ്റംബര്‍ രണ്ടിനായിരുന്നു.
ഹിരോഷിമ സ്‌മാരകം
ആണവായുധങ്ങളുടെ നിർമാണത്തിനും ശേഖരണത്തിനുമെതിരെ ശബ്ദമുയർത്തുന്നതിനോടൊപ്പം ലോകത്തിെൻറ ശാശ്വത സമാധാനത്തിനും സ്ഥിരമായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ് ഹിരോഷിമ സമാധാന സ്മാരകം. ഈസ്റ്റ് ബിൽഡിങ്, മെയിൻ ബിൽഡിങ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ബിൽഡിങ്ങിൽ ഹിരോഷിമയുടെ ചരിത്രം, അണുബോംബ് വർഷിക്കപ്പെട്ട സമയത്തെ ഹിരോഷിമയുടെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ചിത്രങ്ങൾ സഹിതം അവതരിപ്പിച്ചിരിക്കുന്നു. ചരിത്രം ചിത്രങ്ങളായും വിഡിയോകളായും കണക്കുകളായും അവതരിപ്പിച്ചിരിക്കുന്നു. ബോംബ് വർഷിക്കപ്പെട്ടതിന് ശേഷമുള്ള ഹിരോഷിമയുടെ ദുരവസ്ഥ വെളിവാക്കുന്ന കാഴ്ചകളാണ് പ്രധാന കെട്ടിടത്തിൽ. പീസ് മെമ്മോറിയൽ പാർക്കും ഈ കെട്ടിടത്തിലുണ്ട്. രാവിലെ 8.30 മുതൽ വൈകീട്ട് ആറുമണി വരെയാണ് സന്ദർശന സമയം. മ്യൂസിയം അടക്കുന്നതിന് അരമണിക്കൂർ മുമ്പ് വരെ സന്ദർശകർക്ക് പ്രവേശിക്കാം. സന്ദർശകർ ചെറിയ ഫീസ് നൽകണം. മ്യൂസിയത്തിെൻറ ഒൗദ്യോഗിക വെബ്സൈറ്റ്: http://www.pcf.city.hiroshima.jp/index_e2.html
നാഗസാക്കി അറ്റോമിക് ബോംബ് മ്യൂസിയം
ജപ്പാെൻറ പടിഞ്ഞാറൻ തീരനഗരമായ ക്യൂഷുവിൽ സ്ഥിതിചെയ്യുന്ന നാഗസാക്കിയിലായിരുന്നു രണ്ടാമത്തെ അണുബോംബ് വീണത്. ഇതിെൻറ ഓർമക്കായാണ് നാഗസാക്കി അറ്റോമിക് ബോംബ് മ്യൂസിയം സ്ഥാപിച്ചത്. ഏകദേശം 70,000ത്തോളം ആളുകൾ ബോംബിങ്ങിൽ കൊല്ലപ്പെട്ട ഇവിടെ ഇത്രതന്നെ പേർ അണുവികരണങ്ങളാൽ വന്ന രോഗങ്ങളെ തുടർന്നും മരിച്ചു. രണ്ടാമത്തെ ബോംബും വീണതോടെ ആറുദിവസത്തിനുശേഷം ജപ്പാൻ കീഴടങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1996ലാണ് മ്യൂസിയം തുറക്കുന്നത്. 1955 മുതലുള്ള മ്യൂസിയത്തിന് പകരമായാണ് പുതിയത് സ്ഥാപിച്ചത്. ആക്രമണത്തിൽ മരിച്ചവർക്ക് പുറമെ ബോംബാക്രമണത്തിന് നേതൃത്വം നൽകിയവർക്കും കൂടിയാണ് മ്യൂസിയം സമർപ്പിച്ചിരിക്കുന്നത്.
പ്രധാനമായും നാലുഭാഗങ്ങളാണ് മ്യൂസിയത്തിനുള്ളത്. ആദ്യഭാഗത്ത് ബോംബിങ്ങിന് വിധേയമാകുന്നതിന് മുമ്പുള്ള നാഗസാക്കിയുടെ ജിവിത സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാംഭാഗത്ത് ബോംബിങ്ങിനെ തുടർന്നുണ്ടായ നാശങ്ങളുടെ വിവരങ്ങളാണുള്ളത്. യുദ്ധവും ആണവായുധങ്ങളും ഉണ്ടാക്കുന്ന വിനാശങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് മൂന്നാംഭാഗത്ത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെൻററികളും സിനിമകളും അവസാനഭാഗത്ത് ക്രമീകരിച്ചിരിക്കുന്നു. ഇതിന് പുറമെ ഇവിടെയുള്ള ലെക്ചർ ഹാളിൽ ആക്രമണം അതിജീവിച്ചവരുടെ ക്ലാസുകളും കോൺഫറൻസുകളും നടക്കുന്നുണ്ട്. ഫോട്ടോകളും രേഖകളുമടക്കം എല്ലാ വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കിയിരിക്കുന്നു. ആക്രമണത്തിന് ശേഷം ലഭിച്ച അവശിഷ്ടങ്ങളെല്ലാം ഈ മ്യൂസിയത്തിലുണ്ട്. വരണ്ട കല്ലുകൾ, ഉരുകിയ വസ്ത്രങ്ങൾ തുടങ്ങി നാഗസാക്കിയിൽനിന്ന് ശേഖരിച്ച വസ്തുക്കൾ അന്നത്തെ ഭീകരാവസ്ഥ നമ്മെ ബോധ്യപ്പെടുത്തും. പ്രാണൻ പോകുന്ന വേദനയിൽ ഒരിറ്റ് വെള്ളത്തിനായി കേഴുന്ന മനുഷ്യരുടെ, മ്യൂസിയത്തിെൻറ മധ്യഭാഗത്ത് വെച്ച ചിത്രം ആരുടെയും കരളലിയിക്കും. നാഗസാക്കി പീസ് പാർക്കിന് അടുത്താണ് അറ്റോമിക് ബോംബ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ബോംബിങ്ങിൽ മരിച്ചവർക്ക് വേണ്ടിയുള്ള നാഗസാക്കി നാഷനൽ പീസ് മെമ്മോറിയൽ ഹാളും ഇവിടെയുണ്ട്. 2003ലാണ് ഇത് തുറന്നത്.
ലിറ്റിൽ ബോയിയും ഫാറ്റ്മാനും
രണ്ടാം ലോകയുദ്ധത്തിൽ അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ലിറ്റിൽ ബോയ്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യ അണുബോംബായിരുന്നു ഇത്. യുറേനിയം^235െൻറ ന്യൂക്ലിയർ ഫിഷൻ വഴിയാണ് ബോംബിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിെൻറ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈെൻറ സമവാക്യമനുസരിച്ച് (E=mc2) ഉൗർജമാക്കി മാറ്റിയതിലൂടെ 15 കിലോടൺ ടി.എൻ.ടിയുടെ സ്ഫോടക ശേഷിയാണ് ലഭിച്ചത്. ചെയിൻ റിയാക്ഷനിലൂടെയാണ് അണുബോംബിൽ പിണ്ഡം ഉൗർജമാകുന്നത്. 1945 ആഗസ്റ്റ് ആറിനാണ് അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടത്. മൂന്നു ദിവസത്തിനകം അമേരിക്ക ജപ്പാനിൽ രണ്ടാമതും അണുബോംബ് വർഷിച്ചു. നാഗസാക്കി എന്ന പട്ടണമാണ് ഇതിനായി തിരഞ്ഞെടുത്തത്. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ഫാറ്റ്മാൻ. ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തേതുമായ അണുബോംബാണ് ഫാറ്റ്മാൻ. ചെയിൻ റിയാക്ഷനുവേണ്ടി ബോംബിൽ ഉപയോഗിച്ചത് പ്ലൂട്ടോണിയം^239 ആയിരുന്നു. 21 കിലോടൺ ടി.എൻ.ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു 4630 കിലോഗ്രാം ഭാരമുള്ള ഈ അണുബോംബിന്. ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച ഇന്ധനത്തിെൻറ 1.4 ശതമാനവും ഫാറ്റ്മാൻ ബോംബിൽ 17 ശതമാനവുമാണ് ഉൗർജമായി പരിവർത്തനം ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.