ഹിറ്റ് ലറിന് സമാധാന നൊബേൽ?
text_fieldsഅഡോൾഫ് ഹിറ്റ്ലർ, ജർമനിയിലെ ഏകാധിപതി. 'നാസിസം' എന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി എന്ന് ചരിത്രം മുദ്രകുത്തിയയാൾ. ഹിറ്റ്ലർ ഏകദേശം 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. ആ ഹിറ്റ്ലറിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. എത്ര വിരോധാഭാസമായിരിക്കും. എന്നാൽ, അതിനൊരു സാധ്യതയുണ്ടായിരുന്നു എന്നത് ആർക്കെങ്കിലും അറിയുമോ?
അഡോൾഫ് ഹിറ്റ്ലറിനെ ഒരിക്കൽ ലോക സമാധാനത്തിനുള്ള നൊബേൽ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. 1939ലാണ് സംഭവം. സ്വീഡിഷ് പാർലമെന്റേറിയനും സോഷ്യൽ ഡെമോക്രാറ്റുമായ എറിക് ഗോട്ട്ഫ്രിഡ് ക്രിസ്റ്റ്യൻ ബ്രാൻഡ് അന്നത്തെ ജർമൻ ചാൻസലർ അഡോൾഫ് ഹിറ്റ്ലറെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്ത് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് ഒരു കത്തയച്ചു.
സമാധാന സമ്മാനത്തിന് സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാൻ കഴിയുന്ന നിരവധി ആളുകളിൽ ദേശീയ അസംബ്ലിയിലെ അംഗങ്ങളും അന്ന് ഉൾപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ തമാശയായി തോന്നാവുന്ന മറ്റൊരു കാര്യംകൂടിയുണ്ട്, ഹിറ്റ്ലറെ നോമിനേറ്റ് ചെയ്ത് നൊബേൽ കമ്മിറ്റിക്ക് ബ്രാൻഡ് അയച്ച കത്തിൽ ചില പരാമർശങ്ങളുണ്ടായിരുന്നു. 'സമാധാനത്തിനുവേണ്ടി ദൈവം നൽകിയ പോരാളി' എന്നാണ് ഹിറ്റ്ലറെ അതിൽ വിശേഷിപ്പിച്ചിരുന്നത്. 'ഭൂമിയിലെ സമാധാനത്തിന്റെ രാജകുമാരൻ' എന്നും അതിൽ പരാമർശിച്ചിരുന്നു. ഹിറ്റ്ലറിന്റെ ആത്മകഥയായ മെയിൻ കാംഫിനെ 'ലോകത്തിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ സാഹിത്യകൃതി' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്! ഹിറ്റ്ലർക്ക് യൂറോപ്പിനെയും ലോകത്തെ മുഴുവനും സമാധാനിപ്പിക്കാൻ കഴിയുമെന്നും ബ്രാൻഡ് കത്തിൽ പറയുന്നു.
ബ്രാൻഡിന്റെ ഈ നാമനിർദേശത്തിനെതിരെ വൻ പ്രതിഷേധമാണ് പിന്നീടുണ്ടായത്. സ്വീഡിഷ് കമ്യൂണിസ്റ്റുകളും സോഷ്യൽ ഡെമോക്രാറ്റുകളും ലിബറൽ ഫാഷിസ്റ്റ് വിരുദ്ധരും എറിക് ബ്രാൻഡിനെ ഭ്രാന്തനെന്നും വഞ്ചകനെന്നും വിളിച്ചു. എന്നാൽ, താൻ പരിഹാസ്യരൂപേണയാണ് ആ നാമനിർദേശം നടത്തിയതെന്നായിരുന്നു ബ്രാൻഡിന്റെ പ്രതികരണം. 1939 ജനുവരി 24ന്, 12 സ്വീഡിഷ് പാർലമെന്റ് അംഗങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്നെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തതിനെ പരിഹസിച്ചുകൊണ്ടായിരുന്നു താൻ ഇത്തരത്തിൽ ഒരു കത്തയച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 'ഹിറ്റ്ലറുമായുള്ള മ്യൂണിക് ഉടമ്പടിയിലൂടെ ചേംബർലെയ്ൻ ലോകസമാധാനം സംരക്ഷിച്ചു' എന്നതായിരുന്നു അവരുടെ വാദം. എന്തായാലും ലോകത്തിലെ വിരോധാഭാസങ്ങളിൽ ഏറ്റവും വലിയത് എന്ന സ്ഥാനം ഹിറ്റ്ലറിന്റെ ഈ സമാധാന നൊബേൽ നാമനിർദേശത്തിന്റെ പേരിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.