ഓന്തിന്റെ നിറംമാറ്റവും തേനീച്ചകളുടെ നൃത്തവും; ആശയവിനിമയങ്ങൾ പരിചയപ്പെടാം
text_fieldsമനുഷ്യനെപോലെ തന്നെ എല്ലാ ജീവികൾക്കുമുണ്ട് അവരുടേതായ ആശയവിനിമയ മാർഗങ്ങൾ. ഇണചേരൽ, മുന്നറിയിപ്പ്, ഭക്ഷണ സ്രോതസ്സുകളുടെ സ്ഥാനം അറിയിക്കൽ തുടങ്ങിയവക്കായി ഇവർ വിനിമയം നടത്തുന്നു. പൂച്ചകളുടെ 'മ്യാവൂ മ്യാവൂ' വിളികളും പട്ടികളുടെ 'ബൗ ബൗ' കുരകളുമെല്ലാം നമ്മൾ കേൾക്കാറില്ലേ. അവർ തമ്മിലുള്ള സംസാരവും സന്ദേശം കൈമാറലുമാണ് അതെല്ലാം. മൃഗങ്ങളിലെ ആശയവിനിമയത്തെക്കുറിച്ചുള്ള പഠനമാണ് Zoosemiotics (സോസെമിയോട്ടിക്സ്). ചില രസകരമായ ആശയവിനിമയങ്ങൾ പരിചയപ്പെടാം.
തേനീച്ചയുടെ നൃത്തം (Honey bee dance)
ഒരു തേനീച്ച തന്റെ പ്രത്യേക തരം ചലനത്തിലൂടെ പൂന്തേൻ സമ്പുഷ്ടമായ പൂക്കളുള്ള സ്ഥലത്തിന്റെ ദൂരവും ദിശയുമെല്ലാം മറ്റു തേനിച്ചകളെ അറിയിക്കുന്നു. ഈ ചലനത്തിനെ അഥവാ നൃത്തത്തിനെ Waggle dance, Round dance എന്നെല്ലാം വിശേഷിപ്പിക്കുന്നു. ശേഖരിച്ച തേനുമായി തേനീച്ചകൾ തങ്ങളുടെ കൂട്ടിലെത്തിക്കഴിഞ്ഞാൽ Tremble dance ചെയ്ത് കൂടുതൽ തേനിച്ചകളെ കൂട്ടിലേക്ക് ആവശ്യമുണ്ടെന്ന് അറിയിക്കുന്നു. തേനീച്ചകളുടെ ഈ നൃത്തം 1965ൽ കാൾ വോ ഫ്രിഷ് (Karl Von Frisch) ആണ് ഡീകോഡ് ചെയ്തത്.
ആംഗ്ലർ ഫിഷ് എന്ന വിരുതൻ (Anglerfish)
സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായാണ് ആംഗ്ലർ ഫിഷിനെ പരിഗണിക്കുന്നത്. ഇവയുടെ നെറ്റിയിൽ ഉയർന്നുനിൽക്കുന്ന ആന്റിന പോലുള്ള അവയവം മറ്റുള്ളവയിൽനിന്ന് ഇവരെ വ്യത്യസ്തമാക്കുന്നു. ഏകദേശം 300ലധികം വിഭാഗങ്ങൾ ഈ മത്സ്യങ്ങളിലുണ്ടെന്ന് കണക്കാക്കുന്നു. ഇരുളിൽ പ്രകാശിക്കുന്നവയാണ് ഇവയുടെ നെറ്റിയിലെ കൊമ്പ് പോലുള്ള ഭാഗം. ഈ പ്രകാശം കണ്ട് ഇരകൾ ഇവക്ക് സമീപമെത്തും. ഇര സമീപമെത്തിയാൽ വലിയ വായ് തുറന്ന് അവയെ അകത്താക്കും. വലിയ വായ് പോലെതന്നെ ഇരപിടിക്കുന്ന സമയത്ത് വയറിന്റെ വലുപ്പം കൂട്ടാനും ഇവക്ക് കഴിയും.
ആശയവിനിമയം പലവിധം
ഓന്തിന്റെ നിറം മാറ്റം
ആശയവിനിമയത്തിനായി ഓന്തുകൾ സ്വീകരിക്കുന്ന പ്രധാന മാർഗമാണ് നിറംമാറ്റം. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുക, മറ്റുള്ളവരുമായി സംവദിക്കുക, താപനിലയിലെ വ്യത്യാസങ്ങൾക്ക് അനുസരിച്ച് മാറുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം. പിങ്ക്, നീല, ചുവപ്പ്, പച്ച, കറുപ്പ്, ബ്രൗൺ, ഇളംനീല, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങൾ സ്വീകരിക്കാൻ ഓന്തുകൾക്കാകും.
വെർവെറ്റ് കുരങ്ങൻ
വ്യത്യസ്ത വേട്ടക്കാരിൽനിന്ന് രക്ഷപ്പെടാനായി ഓരോ സന്ദർഭത്തിലും പ്രത്യേക ശബ്ദം ഇവ പുറപ്പെടുവിക്കും. അതിനനുസരിച്ച് മറ്റു കുരങ്ങുകളുടെ പ്രതികരണവും വ്യത്യാസപ്പെടും. ഉദാഹരണത്തിന്, ഒരു പുള്ളിപ്പുലിയെ കാണുമ്പോൾ ഉണ്ടാക്കുന്ന അലാറം കാൾ കേൾക്കുമ്പോൾ കുരങ്ങുകൾ മരത്തിലേക്ക് കയറുന്നു. അതേസമയം, കഴുകനെ കാണുമ്പോൾ പുറപ്പെടുവിക്കുന്ന അലാറം കാൾ കുരങ്ങുകളെ ആകാശം വീക്ഷിക്കാനും നിലത്ത് ഒളിസ്ഥലം തേടുന്നതിനും പ്രേരിപ്പിക്കും. പെരുമ്പാമ്പിനെ കാണുമ്പോൾ വ്യത്യസ്തമായ മറ്റൊരു അലാറം കാളാണ് ഇവ ഉണ്ടാക്കുക.
കിഴക്കൻ ആഫ്രിക്കയിൽ ഇവ സാധാരണയായി കണ്ടുവരുന്നു. ചെറിയ ശരീരമുള്ള ഇവയുടെ മുഖം കറുത്തനിറത്തിലായിരിക്കും.
ഉറുമ്പുകളുടെ വരിവരി യാത്ര
എന്തുകൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉറുമ്പുകൾ ഭക്ഷണം കണ്ടെത്തുന്നതിനായി കൂട്ടിൽനിന്നും യാത്ര തുടങ്ങുമ്പോൾ ഫിറമോൺസ് (Pheromones) എന്ന രാസപദാർഥം യാത്രയിലുടനീളം പുറപ്പെടുവിക്കും. ഇത് പിന്തുടർന്ന് മറ്റ് ഉറുമ്പുകൾ വരി തെറ്റാതെ സഞ്ചരിക്കുന്നു. ഭക്ഷണം കണ്ടെത്തി തിരികെ കൂട്ടിലേക്ക് പോകുമ്പോൾ ഫിറമോണിന്റെ മറ്റൊരു രാസപാത ഉണ്ടാക്കുകയും ഉറുമ്പുകൾ ആ പാത പിന്തുടരുകയും ചെയ്യും.
കസ്തൂരി ചുമക്കുന്ന കസ്തൂരിമാൻ
കസ്തൂരിമാനുകളെപ്പറ്റി കേട്ടിട്ടുണ്ടോ? കസ്തൂരിമാനുകൾ പ്രധാനമായും ഹിമാലയത്തിലെ വനപ്രദേശങ്ങളിലും ആൽപൈൻ സ്ക്രബ് ആവാസ വ്യവസ്ഥയിലുമാണ് കാണപ്പെടുന്നത്. ആൺ കസ്തൂരിമാനുകളിലാണ് കസ്തൂരി ഗ്രന്ഥി കാണപ്പെടുന്നത്. ഇണകളെ ആകർഷിക്കാനായാണ് കസ്തൂരിമാൻ കസ്തൂരി പുറപ്പെടുവിക്കുന്നത്. പല സുഗന്ധലേപനങ്ങളുടെയും ഔഷധങ്ങളുടെയും അടിസ്ഥാനഘടകമായി കസ്തൂരി ഉപയോഗിക്കുന്നു. പരിണാമപരമായി ഇവ മാനുകളുടെ മുൻ തലമുറക്കാരാണെന്ന് വിശ്വസിക്കുന്നു.
വെരുക്
പൂച്ചയുടെ രൂപസാദൃശ്യമുള്ള ഇവക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും ചെറിയ ചെവികളും നീണ്ട മുഖവുമാണ്. വാലിനടിയിലെ ചെറുസഞ്ചിയിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ള ഒരു സ്രവണം (വെരുകിൻ പുഴു) അവരുടെ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നു. കസ്തൂരിമാനിന്റെ കസ്തൂരി സമാനമാണ് വെരുകിന്റെ സ്രവണം. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും പ്രധാനമായി ഇവ കണ്ടുവരുന്നു. വെരുകിൻ പുഴു സുഗന്ധദ്രവ്യങ്ങളുടെയും ആയുർവേദ ഒൗഷധങ്ങളുടെയും നിർമാണത്തിന് ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.