ഇവിടെ രാത്രിയും സൂര്യനുദിക്കും
text_fieldsസൂര്യോദയങ്ങളും അസ്തമയങ്ങളുംനമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും അസ്തമയ സൂര്യൻ കടലിൽ മുങ്ങിത്താഴുന്നതു കാണാൻ കടൽതീരത്തു പോയി നിന്നിട്ടുമുണ്ടാകും. അത്ര മനോഹരമാണ് സൂര്യോദയങ്ങളും അസ്തമയവും. എന്നാൽ, കൂട്ടുകാർക്ക് അർധരാത്രിയിലും സൂര്യനുദിക്കുന്ന ഒരു നാടിനെക്കുറിച്ച് അറിയുമോ? പറഞ്ഞുപറ്റിക്കുന്നതല്ല, അർധരാത്രിയിലും സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്ന ഒരു നാടുണ്ട് ഭൂമിയിൽ; അന്റാർട്ടിക്ക.
ദക്ഷിണ ധ്രുവത്തിനടുത്ത് കിടക്കുന്നതുകൊണ്ട് ഇവിടത്തെ രാത്രികളും പകലുകളും നമ്മുടേതുപോലെയല്ല. നമ്മുടെ ശരത്–ശിശിര കാലങ്ങളാണ് ഇവിടെ ഗ്രീഷ്മകാലം. അന്റാർട്ടിക്കൻ വേനൽക്കാലം എന്നും പകലുകളാണ്. സൂര്യനസ്തമിക്കാത്ത കാലം. ആറുമാസത്തോളം ഇവിടെ രാത്രി ഇല്ലെന്നുതന്നെ പറയാം. അൻറാർട്ടിക്കയിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതും സൂര്യന്റെ ഈ പ്രതിഭാസമായിരിക്കും.
അർധരാത്രി ഇവിടെ സൂര്യനുദിച്ചുനിൽക്കും. ഓസോൺ പാളികൾക്കുള്ള വിള്ളലുകൾ കാരണം അൻറാർട്ടിക്കയിൽ അൾട്രാ വയലറ്റ് റേഡിയേഷൻ ഏറ്റവും കൂടുതലാണ്. പെട്ടെന്ന് സൂര്യാഘാതവും സംഭവിക്കാം. അൻറാർട്ടിക്ക ശരിക്കുമൊരു തണുത്ത മരുഭൂമിയാണ്. പലപ്പോഴും ഹിമതീരത്തെ പകലുകൾക്ക് ചൂടു കൂടി ഐസ് ഉരുകും. പലയിടത്തും അത് ചെറു അരുവികളായി മാറും.
ഇന്ത്യയുടെ നാലരയിരട്ടി വലുപ്പമുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അതിന്റെ 98ശതമാനം ഭാഗവും മഞ്ഞുമാത്രം. ആർട്ടിക് പ്രദേശത്തെപ്പോലെയല്ല അന്റാർട്ടിക്ക. ആർട്ടിക് പ്രദേശങ്ങളിൽ ‘ഇന്യൂട്ട്’ വിഭാഗത്തിലുള്ളവർ താമസിച്ചുവരുന്നുണ്ട്. കൂടാതെ ധ്രുവക്കരടികളും മറ്റു ജീവികളും അധിവസിക്കുന്നുണ്ട്. എന്നാൽ, അന്റാർട്ടിക്കയിലുള്ളത് പെൻഗ്വിനുകളും പിന്നെ ഗവേഷണത്തിനായി തങ്ങുന്ന ചിലരും മാത്രം. കാലാവസ്ഥക്ക് അനുസരിച്ചാണ് അന്റാർട്ടിക്കയിലെ എല്ലാ കാര്യങ്ങളും. ഒരു കാറ്റടിച്ചാൽ മഞ്ഞുപടലങ്ങൾ പടരും, മരുഭൂമിയിലെ മണൽക്കാറ്റുപോലെ. അഞ്ചുമീറ്റർ അപ്പുറത്തുള്ളവരെപോലും ചിലപ്പോൾ കാണാൻപറ്റാതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.