ഇവിടുത്തെ പൂക്കൾ നിങ്ങളെ കൊന്നുകളഞ്ഞേക്കാം
text_fieldsആരെയും മയക്കുന്ന സുഗന്ധവും രൂപവും നിറങ്ങളുമായി എത്രയെത്ര പൂക്കളാണല്ലേ നമ്മുടെ ഈ ലോകത്തുള്ളത്. മനോഹരമായ ഒരു പൂവ് വിരിഞ്ഞു നിൽക്കുന്നത് കണ്ടാൽ നോക്കിനിൽക്കാത്തവരായി ആരുണ്ട്? പല നിറങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കൾ വിടർന്നുനിൽക്കുന്ന പൂന്തോട്ടം കണ്ടാലോ... അതിൽപ്പരം ആനന്ദം നമുക്ക് വേറെയില്ല. പൂന്തോട്ടങ്ങൾ സന്തോഷവും സമാധാനവും നൽകി നമ്മുടെ മനസ്സിലൊരു പോസിറ്റിവ് എനർജി പ്രദാനം ചെയ്യുന്നു. ലോകത്ത് വിവിധ തരത്തിലുള്ള പൂന്തോട്ടങ്ങളുണ്ട്. കുഞ്ഞു പൂന്തോട്ടങ്ങൾ മുതൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നവ വരെ അതിലുൾപ്പെടും.
നോർത്ത് ഇംഗ്ലണ്ടിലെ അലൻവിക് പൂന്തോട്ടം അതിെൻറ പ്രത്യേകത കൊണ്ടാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. സാധാരണ പൂന്തോട്ടങ്ങളിൽ ഉള്ളത് പോലെ വിവിധ നിറങ്ങളിലുള്ള പൂക്കളും സുഗന്ധമേകുന്ന റോസാ പുഷ്പങ്ങളുമെല്ലാം ഇവിടെയും നിങ്ങൾക്ക് കാണാവുന്നതാണ്. എന്നാൽ, പൂന്തോട്ടത്തിന്റെ മറ്റൊരു കോണിൽ ഇരുമ്പുകൊണ്ട് നിർമിച്ച കറുത്ത ചായം പൂശിയ ഒരു കവാടമുണ്ട്. ആ കവാടത്തിനകത്തു നിറയെ വിഷം നിറഞ്ഞ ചെടികളും പൂക്കളുമാണുള്ളത്. അവിടുത്തെ ചില ചെടികൾക്ക് നമ്മുടെ ജീവനെടുക്കാനുള്ള ശേഷിയുണ്ടത്രേ! പന്ത്രണ്ട് ഏക്കറോളം വരുന്ന അലൻവിക് പൂന്തോട്ടത്തിൽ വളർന്നുവരുന്ന ഹെംലോക്, ഫോസ്‌ഗ്ലോവ് തുടങ്ങി നൂറോളം ചെടികൾ വളരെയേറെ വിഷമുള്ളതാണ്.
മരുന്ന് ചെടികളെ കുറിച്ചുള്ള പഠനത്തിയായി ഔഷധസസ്യങ്ങളും കറുപ്പ് പോലുള്ള മയക്കുമരുന്ന് ചെടികളും അലൻവികിൽ വളർത്തുന്നുണ്ട്. ഇവയെല്ലാം ഇംഗ്ലണ്ട് ഗവൺമെൻറിെൻറ അനുമതിയോടുകൂടിയാണ് വളർത്തുന്നത്. 2005ൽ നോർത്ത് ഇംഗ്ലണ്ട് പ്രദേശത്തെ രാജ്ഞി ആയിരുന്ന ജെയ്ൻ പേഴ്‌സിയാണ് ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. പതിവ് ശൈലികളിൽനിന്നും വിപരീതമായി ആളുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഒരു പൂന്തോട്ടമായിരുന്നു രാജ്ഞിയുടെ മനസ്സിലുണ്ടായിരുന്നത്. തെൻറ യാത്രകൾക്കിടയിൽ മരുന്നുകൾക്കായി വളർത്തുന്ന വിഷച്ചെടികളെ അവർ കണ്ടു. ഇതായിരുന്നു അലൻവിക് പൂന്തോട്ടം നിർമിക്കാൻ രാജ്ഞിക്കുണ്ടായ പ്രചോദനം.
ഒരു യാത്രാ ഗൈഡിെൻറ സഹായത്തോടെ സന്ദർശകരെ അനുവദിക്കുന്ന ഇവിടെ ചില നിയന്ത്രണങ്ങൾ പൂന്തോട്ടം നടത്തിപ്പുകാർ കൊണ്ടുവന്നിട്ടുണ്ട്. പൂന്തോട്ടത്തിലെ പൂക്കൾ കൈകൊണ്ട് സ്പർശിക്കുകയോ, മണത്തുനോക്കുകയോ രുചിക്കുകയോ ചെയ്യാൻ പാടില്ല. ചെടികളെ പരിപാലിക്കുന്നവർതന്നെ വളരെയേറെ സുരക്ഷാക്രമീകരണങ്ങളോടെയാണ് തങ്ങളുടെ ജോലിയിൽ ഏർപ്പെടുന്നത്. സന്ദർശകരെ ഓർമിപ്പിക്കാനെന്നവണ്ണം പൂന്തോട്ടത്തിെൻറ പലയിടങ്ങളിലും 'ഇവിടെ വളരുന്ന ചെടികൾക്ക് നിങ്ങളെ കൊല്ലാനുള്ള കഴിവുണ്ട്' എന്ന ബോർഡും പൂന്തോട്ട സംരക്ഷകർ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാമാണെങ്കിലും സന്ദർശകരിൽ ചിലരെങ്കിലും അവിടുത്തെ പൂക്കളുടെ ഗന്ധം ആസ്വദിച്ച് ബോധം കെട്ട് വീഴാറുണ്ട്. എങ്കിലും ഇവിടെയെത്തുന്ന സന്ദർശകർക്ക് ഒരു കുറവും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.