ഓക്സിജൻ കിട്ടാൻ ഒരു കടൽ ഉണ്ടാക്കിയാലോ?
text_fieldsപ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നവരാണ് നമ്മൾ. കൂട്ടുകാർ എല്ലാവരും പരിസ്ഥിതി ദിനത്തിൽ ചിലപ്പോൾചില ചെടികളോ വൃക്ഷങ്ങളോ നട്ടിട്ടുമുണ്ടാവും. അത് എന്തിനായിരുന്നു എന്നുചോദിച്ചാൽ നിങ്ങളെന്ത് ഉത്തരം പറയും? ഓക്സിജൻ കിട്ടാൻ എന്നാവും ഉത്തരങ്ങളിൽ കൂടുതലും. വളരെ ചെറുപ്പത്തിൽതന്നെ നമ്മൾ പഠിച്ചതാണ് മരങ്ങൾ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിടുന്നു, അതാണ് നമ്മൾ ശ്വസിക്കുന്നത് എന്ന്. അതുകൊണ്ടുതന്നെ വേറെ എന്തില്ലെങ്കിലും ഓക്സിജൻ കിട്ടാൻ മരങ്ങൾ നിർബന്ധമാണെന്ന് നമുക്കറിയാം.
പക്ഷേ, ശ്വസിക്കാനുള്ള ഓക്സിജൻ കിട്ടാൻ നമുക്ക് മരങ്ങൾ മാത്രം മതിയോ? പോര. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ 50 മുതൽ 85 ശതമാനം വരെ വരുന്നത് സമുദ്രത്തിൽനിന്നാണെന്ന് എത്രപേർക്കറിയാം? അതാണ് യാഥാർഥ്യമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കടലിലും കടലിനോടു ചേർന്നുമുള്ള ആൽഗകളും ചെറു സസ്യങ്ങളുമടക്കം പുറത്തുവിടുന്ന ഓക്സിജനാണത്രേ നമുക്ക് ചുറ്റിലും കൂടുതലുള്ളത്. അതായത് നമ്മളെടുക്കുന്ന ഓരോ ശ്വാസത്തിലും സമുദ്രത്തിൽനിന്നുള്ള ഓക്സിജൻ ഉണ്ടാകും എന്നർഥം. സമുദ്രത്തോട് ചേർന്ന് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിലുള്ള സസ്യങ്ങളെല്ലാം ഓക്സിജൻ പ്രദാനം ചെയ്യുന്നുണ്ട്.
നമ്മൾ ശ്വസിക്കുന്ന വായുവിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനുമാണുള്ളത്. ബാക്കിയുള്ളവ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങളും. എന്നാൽ 600 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയിലെ സസ്യങ്ങൾ 470 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതുമില്ല. അപ്പോൾ ഭൂമിയിൽ ഓക്സിജന്റെ വർധനക്ക് കാരണം മരങ്ങളാണെന്ന് പറയാൻ നമുക്കാവില്ല.
സമുദ്രം തന്നെയായിരുന്നു അതിൽ പ്രധാനം. കടലിലും അതിനോട് ചേർന്നുമിരിക്കുന്ന സസ്യങ്ങൾ, ആൽഗകൾ, സയനോബാക്ടീരിയകൾ എന്നിവയെല്ലാം ഓക്സിജൻ പുറത്തുവിടുന്നവയാണ്. പ്രകാശ സംശ്ലേഷണം വഴിതന്നെയാണ് ഇത് നടക്കുന്നതും. അപ്പോൾ ഇനി ഓക്സിജൻ എവിടെനിന്ന് കിട്ടുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ 'മരങ്ങളിൽനിന്ന്' എന്നു മാത്രമാവണ്ട ഉത്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.