അന്യഗ്രഹജീവികൾ ഭൂമിയിൽ വരുമോ?
text_fieldsഎല്ലാ കാലത്തും പറഞ്ഞുനടക്കുന്ന പല കഥകളുമുണ്ട്. ഭൂമിയെ ആക്രമിക്കാൻ വരുന്ന അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകളാണ് അതിൽ ഏറെയും. ഭൂമിക്കു പുറത്തുള്ള അന്യഗ്രഹങ്ങളിലെ ജീവികൾ അവരുടെ വാഹനത്തിൽ ഭൂമിയിലെത്താറുണ്ടെന്നും പലരും അവരെ കണ്ടിട്ടുണ്ടെന്നുമുള്ള കഥകൾ നമ്മൾ കുറേ കേട്ടിട്ടുണ്ട്. ‘പറക്കും തളികകൾ’ എന്ന് നമ്മൾപേരിട്ട വാഹനത്തിലാണ് അവർ ഭൂമിയിൽ എത്താറ് എന്നാണ് കഥകയിലെല്ലാം പറഞ്ഞുകേൾക്കുന്നത്. രാത്രിയിൽ തെളിഞ്ഞ ആകാശത്ത് തീവ്രമായ പ്രകാശത്തോടെയും ശബ്ദത്തോടെയും ചിലപ്പോൾ നിശ്ശബ്ദമായും ഇവ വരുന്നുവെന്നാണ് പ്രചരിക്കുന്ന കഥകൾ. ശാസ്ത്രലോകം പക്ഷേ ഇത് പൂർണമായും തള്ളിക്കളഞ്ഞ ഒന്നാണ്.
കെന്നത്ത് അർനോൾഡ് എന്ന അമേരിക്കൻ വൈമാനികനിൽനിന്നാണേത്ര ആദ്യമായി പറക്കുംതളികയെക്കുറിച്ചുള്ള വർത്തമാനങ്ങൾ ലോകം കേട്ടത്. 1947 ജൂൺ 24ന് വാഷിങ്ടണിനടുത്തുള്ള റെയ്നിയർ പർവതനിരകൾക്കു മീതെ വിമാനം പറത്തവേ, സൂര്യപ്രകാശത്തെ ഒരു കണ്ണാടി പോലെ പ്രതിപതിപ്പിക്കുന്ന, തളികപോലുള്ള ഒമ്പതു വസ്തുക്കളെ അദ്ദേഹം കണ്ടുവെന്നായിരുന്നു വാദം. വൻ വാർത്ത പ്രാധാന്യം നേടിയ ഒന്നായിരുന്നു ഇത്. അന്നുമുതലാണത്രേ ‘പറക്കും തളികകൾ’ എന്ന പദപ്രയോഗം തുടങ്ങിയത്. ശാസ്ത്രലോകം ഇത്തരം സ്ഥിരീകരിക്കാത്ത, ആകാശത്ത് കണ്ടുവെന്നു പറയുന്ന പ്രതിഭാസങ്ങളെ ‘അൺ ഐഡൻറിഫൈഡ് ഫ്ലയിങ് ഒബ്ജക്ട്സ്’ എന്ന് വിളിച്ചുപോന്നു. 1952ൽ അമേരിക്കൻ വ്യോമസേനയാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് അൺ ഐഡൻറിഫൈഡ് ഫ്ലയിങ് ഒബ്ജക്ട്സ് (തിരിച്ചറിയാത്ത പറക്കും വസ്തുക്കൾ) എന്നു പേരുനൽകിയത്. ഇതിന്റെ ചുരുക്കെഴുത്താണ് യു.എഫ്.ഒ.
ഒരാൾ കണ്ടാൽ പിന്നെ മറ്റ് പലരും കാണും എന്നാണല്ലോ പറയാറ്. ഇവിടെയും അതുതെന്ന സംഭവിച്ചു. പല രാജ്യങ്ങളിലും പറക്കും തളികകളെക്കുറിച്ചുള്ള വാർത്ത പരന്നു. പലഭാഗത്തുനിന്നും പറക്കും തളികകളെ കണ്ട വാർത്തകൾ വന്നുതുടങ്ങി. 1950കളിൽ മാത്രം ഇത്തരം 1500ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കണക്ക്. അതേസമയം സ്ഥിരമായി വാനനിരീക്ഷണം നടത്തുന്ന വാനനിരീക്ഷകരൊന്നും അതിൽ ഒരെണ്ണംപോലും കണ്ടതുമില്ലേത്ര.
1947നുശേഷം അന്യഗ്രഹജീവികളെയും പറക്കും തളികകളെയും ആധാരമാക്കി ഒട്ടനവധി ശാസ്ത്ര–കാൽപനിക കഥകളും നോവലുകളും ചിത്രകഥകളും സിനിമകളും ടെലിവിഷൻ പരമ്പരകളും വന്നു.
ഒട്ടേറെ രാജ്യങ്ങൾ ഇവയെക്കുറിച്ച് ഗവേഷണം നടത്തി. പക്ഷേ അങ്ങനെ ഒന്നും കണ്ടെത്തിയില്ല എന്നുമാത്രം. പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പറക്കും തളികകൾ എന്ന ചിന്തക്കു പിന്നിലുള്ളതെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്. ആളുകൾ കണ്ടു എന്നു പറയുന്നത് ഗ്രഹങ്ങൾ, ഉൽക്കകൾ, കൃത്രിമോപഗ്രഹങ്ങൾ എന്നതിലെന്തെങ്കിലും ആകാമെന്നായിരുന്നു മറ്റൊരു വിശദീകരണം. എന്തൊക്കെയായാലും വർഷമിത്ര കഴിഞ്ഞിട്ടും ഇന്നും പറക്കുംതളികയും അന്യഗ്രഹ ജീവികളും നല്ല ചൂടൻ വിഷയം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.