ജിറാഫിന്റെയും അക്കേഷ്യയുടെയും ഒളിച്ചുകളി
text_fieldsജിറാഫിനെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. ഉയർന്നു പൊങ്ങിനിൽക്കുന്ന കഴുത്തും നീളൻ കാലുകളുമായി ജിറാഫ് സഞ്ചരിക്കുന്നത് അനിമൽ പ്ലാനറ്റിലും ഡിസ്കവറി ചാനലിലും മറ്റും കൂട്ടുകാർ ഒരുപാട് കണ്ടുകാണും. വല്ലാത്തൊരു കൗതുകം തന്നെയല്ലേ അത്? ആഫ്രിക്കൻ കാടുകളിലും മറ്റും കൂടുതലായി കണ്ടുവരുന്ന മരങ്ങളിൽ ഒന്നാണ് അക്കേഷ്യ. നമ്മൾ ഇവിടെ കാണുന്ന അക്കേഷ്യയല്ല കേട്ടോ അത്. ഈ അക്കേഷ്യ മരങ്ങളും ജിറാഫും തമ്മിൽ വലിയൊരു ബന്ധമുണ്ട്. അതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ജിറാഫ് സസ്യഭുക്കാണെന്ന് കൂട്ടുകാർക്ക് അറിവുണ്ടാകും. ഈ അക്കേഷ്യ മരങ്ങളുടെ ചെറു ചില്ലകളും ഇലകളുമാണ് ജിറാഫുകൾക്ക് ഭക്ഷിക്കാൻ ഏറെ ഇഷ്ടം. ആഫ്രിക്കൻ കാടുകളിലും മറ്റും ധാരാളമായി അക്കേഷ്യ മരങ്ങളുമുണ്ട്. കടുംപച്ചയോ നീലകലർന്ന പച്ചയോ ഉള്ള ഇലകളുള്ള മുള്ളുള്ള മരങ്ങളാണ് അക്കേഷ്യകൾ. ക്രീം, ഇളം മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളും ഇവയിലുണ്ടാകും. വെറും 20 മുതൽ 30 വർഷം വരെ മാത്രം ആയുസ്സുള്ളവയാണ് ഈ മരങ്ങൾ. ആഴത്തിലുള്ള വേരുകളുണ്ട് ഇവക്ക്. അതിനാൽ സുലഭമായി ഭൂഗർഭജലം ശേഖരിക്കാനും വേനൽകാലങ്ങളെ അതിജീവിക്കാനും ഈ മരങ്ങൾക്കാവും. പ്രതിദിനം 29 കിലോ വരെ അക്കേഷ്യ ചില്ലകളും ഇലകളും ജിറാഫുകൾ അകത്താക്കുമെന്നാണ് ഏകദേശ കണക്ക്.
ജിറാഫും അക്കേഷ്യ മരങ്ങളും ഒരു ഒളിച്ചുകളിയും അതിനിടക്ക് നടത്തിവരുന്നുണ്ട്. ജിറാഫ് ഇലകൾ തിന്നാനെത്തുമ്പോൾ അതിൽനിന്ന് രക്ഷനേടാൻ അക്കേഷ്യ ചില പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കും. ജിറാഫ് ഇലകൾ കഴിച്ചുതുടങ്ങുമ്പോൾ അക്കേഷ്യ ടാനിൻ എന്ന രാസവസ്തു പുറപ്പെടുവിക്കും. ഇത് ജിറാഫുകൾക്ക് തീരെ ഇഷ്ടമില്ലാത്ത വസ്തുവാണ്. അത് അവയുടെ ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അങ്ങനെ ജിറാഫുകൾ പെട്ടെന്ന് തീറ്റ നിർത്തി അടുത്ത അക്കേഷ്യയിലേക്ക് പോകും. അവിടെയുമുണ്ട് കുഴപ്പം. ഒരു അക്കേഷ്യമരം ടാനിൻ പുറത്തുവിടുമ്പോൾ അത് കാറ്റിലൂടെ അടുത്ത അക്കേഷ്യകളിലുമെത്തും. അവയും ടാനിൻ പുറത്തുവിടും. അക്കേഷ്യ മരങ്ങൾ തമ്മിലുള്ള ആശയവിനിമയമാണിതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ഇതിനെ മറികടക്കാൻ ജിറാഫിനടുത്തുമുണ്ട് വഴികൾ. ജിറാഫ് ഇല തിന്നുതുടങ്ങി അൽപം കഴിഞ്ഞുമാത്രമെ ടാനിൻ പുറത്തേക്ക് വരൂ. അതിനാൽ വളരെ കുറച്ച് ഇലകൾ മാത്രം ഒരു മരത്തിൽനിന്ന് കഴിച്ച് ജിറാഫ് അടുത്ത മരത്തിലേക്ക് പോകും. അതായത് അക്കേഷ്യക്ക് അധികം ഇലകൾ നഷ്ടമാവുകയുമില്ല ജിറാഫിന് രുചികരമായ ഭക്ഷണവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.