ഇന്നലെ 23 മണിക്കൂർ, നാളെ 25 മണിക്കൂർ!
text_fieldsഇന്നത്തെ ഒരു ദിവസം എത്ര മണിക്കൂറാണ്? ഉത്തരം 24 മണിക്കൂർ എന്നുപറയാൻ കൂട്ടുകാർക്ക് ഒരു സംശയവുമുണ്ടാവില്ല. പക്ഷേ, ഇത് എന്നും പറയാൻ പറ്റുമോ? ഇല്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. എല്ലാ ദിവസവും 24 മണിക്കൂറുണ്ടാകും എന്ന് പറയാനാവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ് ആൻഡ് ടെക്നോളജി ടൈം ആൻഡ് ഫ്രീക്വൻസി മേധാവി തോമസ് ഒബ്രയാൻ പറയുന്നു. അതിന് കൃത്യമായ തെളിവുകളും ഗവേഷകർ മുന്നോട്ടുവെക്കുന്നുണ്ട്.
പണ്ട് ജുറാസിക് കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ 24 മണിക്കൂറല്ലായിരുന്നു ഒരു ദിവസം എന്നതാണ് ആദ്യ കണ്ടെത്തൽ. അന്ന് വെറും 23 മുതൽ 23.5 മണിക്കൂർ വരെ മാത്രമായിരുന്നു ഒരു ദിവസത്തിന്റെ ദൈർഘ്യമത്രേ. അതായത് അന്ന്, ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഒരു വർഷത്തിൽ ഏകദേശം 385 ദിവസങ്ങൾ ഉണ്ടായിരുന്നു എന്നർഥം. അതിന് കാരണവുമുണ്ട്. ഭൂമി ഇന്ന് കറങ്ങുന്ന വേഗത്തിലല്ലായിരുന്നു അന്നത്തെ കറക്കമെന്ന് ഗവേഷകർ പറയുന്നു.
അന്ന് ഭൂമിക്ക് അൽപം സ്പീഡ് കൂടുതലായിരുന്നു. നമുക്ക് കണ്ടുപിടിക്കാൻ പറ്റാത്തത്ര പതുക്കെ ഭൂമിക്ക് വേഗം കുറയുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇങ്ങനെ കണക്കാക്കിയാൽ 200 ദശലക്ഷം വർഷങ്ങൾക്കു ശേഷം ദിവസത്തിൽ ഏകദേശം 25 മണിക്കൂറുണ്ടാകും. വർഷത്തിൽ ഏകദേശം 335 ദിവസവും. അതായത് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ക്ലോക്കും വാച്ചും ഒന്നുംവെച്ച് വരുന്ന കാലത്ത് മണിക്കൂറുകൾ കൃത്യമായി കണക്കാക്കാൻ പറ്റില്ലെന്ന് സാരം.
അതേസമയം, കുറച്ചു വർഷങ്ങൾക്കു മുമ്പ് മറ്റൊരു പഠനംകൂടി പുറത്തുവന്നിരുന്നു. അതുപ്രകാരം കഴിഞ്ഞ 50 വർഷത്തേക്കാൾ ഭൂമി അൽപ്പം വേഗം കൂട്ടിയെന്നാണ് പറയുന്നത്. പക്ഷേ, ഇത് താൽക്കാലിക പ്രതിഭാസമാണെന്ന വാദങ്ങളും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. 1960 മുതൽ ശാസ്ത്രജ്ഞര്‍ ദിവസങ്ങളുടെ സമയദൈര്‍ഘ്യം റെക്കോഡ് ചെയ്ത് തുടങ്ങിയിരുന്നുവെന്നും അതിനിടയിൽ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം കണക്കാക്കിയപ്പോൾ അത് 24 മണിക്കൂര്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു അവരുടെ വാദം. 1.4602 മില്ലിസെക്കൻഡ് കുറവായിരുന്നുവത്രേ അന്ന്. സമയം അളക്കുന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടേയിരിക്കുകയാണ്. എന്നിരുന്നാലും ജുറാസിക് കാലത്ത് 23 മുതൽ 23.5 മണിക്കൂർ വരെയായിരുന്നു ഒരു ദിവസം ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ അധികമാർക്കും തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.