ഒരു ശരീരം, മൂന്നു ഹൃദയം!
text_fieldsഒരാൾക്ക് എത്ര ഹൃദയമുണ്ടാവും? ഒന്നിൽ കൂടുതൽ ഉള്ളതായി കേട്ടിട്ടില്ലല്ലോ? എന്നാൽ, അങ്ങനെ ഒന്നില്ല എന്നു പറയാൻ വരട്ടെ, അങ്ങനെ ഒരാളുണ്ട്. ആളെ നിങ്ങളറിയും 'നീരാളി'. നീരാളിക്ക് ഒന്നും രണ്ടുമല്ല, മൂന്നു ഹൃദയങ്ങളുണ്ട്. അത്ഭുതം തോന്നുന്നുണ്ടല്ലേ. സംഗതി സത്യമാണ്. ഒരുപാട് കൗതുകങ്ങളുള്ള ജീവിയാണ് നീരാളിയെന്ന് കൂട്ടുകാർക്ക് അറിയാത്തതല്ലല്ലോ. അതിൽ ഒന്നു മാത്രമാണ് ഈ മൂന്നു ഹൃദയങ്ങളുടെ വിശേഷം. നീരാളിയെക്കുറിച്ച് കൗതുക വർത്തമാനങ്ങൾ മാത്രമല്ല, നിരവധി കെട്ടുകഥകളും നിലവിലുണ്ട്. എന്നാൽ, ഈ മൂന്നു ഹൃദയത്തിന്റെ കാര്യം കെട്ടുകഥയല്ല കേട്ടോ.
എന്തുകൊണ്ടാകാം നീരാളികൾക്ക് ഇങ്ങനെ മൂന്നു ഹൃദയങ്ങൾ എന്നു കൗതുകം തോന്നുന്നില്ലേ. അവക്ക് ജീവൻ നിലനിർത്താൻ ഒരേസമയം പ്രവർത്തിക്കുന്ന മൂന്നു ഹൃദയങ്ങൾ വേണം. ജീവിക്കാൻ ഒരു ഹൃദയം മാത്രം ആവശ്യമുള്ള മനുഷ്യരിൽനിന്നും മറ്റു സസ്തനികളിൽനിന്നും വ്യത്യസ്തമായി നീരാളികൾക്കുള്ള ശാരീരിക പ്രത്യേക തന്നെയാണ് ഇതിനു കാരണം. ഇവയുടെ രക്തത്തിൽ ചെമ്പ് മൂലകം ധാരാളം അടങ്ങിയ ഹീമോസയാനിൻ എന്ന വസ്തു രക്തത്തെ പെെട്ടന്ന് കട്ടിയുള്ളതാക്കി മാറ്റും. അവയുടെ രക്തം ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നതിനിടക്കുതന്നെ കട്ടിയായിപ്പോകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഒരു പ്രശ്നത്തിന് സാധ്യതയുള്ളതുകൊണ്ടാണ് ഈ ജീവികൾക്ക് ശരീരത്തിൽ മൂന്നു ഹൃദയങ്ങൾ കാണപ്പെടുന്നത്. നീരാളികളുടെ രക്തത്തിന് നീല നിറമാണെന്ന് കൂട്ടുകാർക്കറിയുമോ? അതും സത്യമാണ്. ഹീമോസയാനിൻ ആണ് അതിനും കാരണം.
നീരാളികൾക്ക് രക്തം പമ്പ് ചെയ്യുന്നതിന് കൂടുതൽ മർദം ചെലുത്തൽ ആവശ്യമാണ്. അത് ഒരു ഹൃദയംകൊണ്ട് സാധ്യമാവുന്ന കാര്യമല്ല. അവക്ക് മൂന്നു ഹൃദയങ്ങൾ ആവശ്യമാണെങ്കിലും ഇവ മൂന്നും ഒരേ കാര്യങ്ങളല്ല ചെയ്യുന്നത്. 'ബ്രാഞ്ചിയൽ ഹൃദയങ്ങൾ' എന്നു വിളിക്കുന്ന രണ്ടു ഹൃദയങ്ങൾ നീരാളിയുടെ രണ്ടു ചെകിളപ്പൂക്കൾക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. അവ നീരാളിയുടെ ശകലങ്ങൾ വഴി രക്തം പമ്പ് ചെയ്യും. മൂന്നാമത്തെ ഹൃദയത്തെ സിസ്റ്റമിക് ഹാർട്ട് എന്നു വിളിക്കുന്നു. ഈ ഹൃദയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൂടെ ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്തുകൊണ്ടിരിക്കും.
അപ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് മറ്റൊരു സംശയം തോന്നിയേക്കാം. ഈ മൂന്നു ഹൃദയത്തിൽ ഏതെങ്കിലും ഒന്ന് പണിമുടക്കിയാൽ എന്തു സംഭവിക്കും എന്ന്. അതേക്കുറിച്ചും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. മിക്ക പഠനങ്ങളും പറയുന്നത് ഈ മൂന്നിൽ ബ്രാഞ്ചിയൽ ഹൃദയങ്ങളിൽ ഏതെങ്കിലുമൊന്ന് പണിമുടക്കിയാലും നീരാളികൾക്ക് ഒരു പരിധിവരെ ജീവിക്കാൻ കഴിഞ്ഞേക്കാം എന്നാണ്. അതേസമയം, മൂന്നാമത്തെ ഹൃദയമായ സിസ്റ്റമിക് ഹാർട്ടിനാണ് പണി കിട്ടുന്നതെങ്കിൽ അൽപം പ്രയാസമാകും. രണ്ടു ഹൃദയങ്ങൾക്ക് തകരാർ സംഭവിച്ചാൽ പിന്നെ ജീവന്റെ കാര്യം നോക്കേണ്ടതില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും നമുക്കും മൂന്നു ഹൃദയങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്തു സുഖമായിരുന്നു എന്ന് അല്ലേ? അത്രക്ക് സുഖമൊന്നും ആവാൻ വഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.