ഈ രാജ്യത്ത് ചുവന്ന മഷി അലർജി
text_fieldsസ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ എഴുതാൻ നമ്മൾ കൊതിച്ചിരുന്നതും എന്നാൽ എഴുതാൻ കിട്ടാത്തതുമായ ഒന്നായിരുന്നില്ലേ ചുവന്ന മഷിപ്പേന? പരീക്ഷയുടെ ഉത്തരപേപ്പറിൽ ശരിയുത്തരത്തിന്റെ ഭാഗത്ത് ചുവന്ന മഷികൊണ്ടുള്ള 'ശരി' അടയാളവും വട്ടത്തിൽ എഴുതിയ മാർക്കും 'വെരി ഗുഡ്' എന്ന ടീച്ചറുടെ എഴുത്തുമെല്ലാം കൂട്ടുകാരെ പല തവണ സന്തോഷിപ്പിച്ചിട്ടുണ്ടാവും. തെറ്റുത്തരങ്ങൾക്കുനേരെയുള്ള ചുവന്ന 'തെറ്റ്' അടയാളം പലതവണ സങ്കടപ്പെടുത്തിയിട്ടുമുണ്ടാവും.
പറഞ്ഞുവരുന്നത് ഒരു ചുവന്ന മഷിയുടെ കഥയാണ്. ചുവന്ന മഷി അലർജിയായ ഒരു രാജ്യമുണ്ട് എന്നറിയാമോ? അതാണ് പോർചുഗൽ. മറ്റു രാജ്യങ്ങളിലെപ്പോലെ ചുവന്ന മഷി അവിടെ അധികം ഉപയോഗിക്കാൻ പാടില്ല. അതിന് അവർ നൽകുന്ന കൃത്യമായ വിശദീകരണവും ഉണ്ട്. പോർചുഗലിൽ ചുവന്ന മഷി അവിടത്തെ ആളുകളെ സംബന്ധിച്ചിടത്തോളം നിഷേധാത്മക പ്രവർത്തനത്തിന്റെ അടയാളമാണ്. പക്ഷേ, മതപരമോ മറ്റു കാരണങ്ങളോ ഒന്നും യഥാർഥത്തിൽ പോർചുഗൽകാർക്ക് ഇതുസംബന്ധിച്ച് ഇല്ല എന്നതാണ് വസ്തുത.
ചുവന്ന മഷി നിറം അപകടത്തിന്റെ സൂചനയാണെന്നാണ് ചോർചുഗൽകാരുടെ വിശ്വാസം. അതിനാൽതന്നെ ചുവന്ന മഷി ഉപയോഗിക്കാൻ അവിടെ കൃത്യമായ കാരണം ഉണ്ടായിരിക്കണം. ചുവപ്പു നിറത്തിലുള്ള മഷിയിൽ എഴുതുന്നത് നിർഭാഗ്യം കൊണ്ടുവരും എന്ന് കണക്കാക്കുന്നവരാണ് അവിടത്തെ പലരും. അതുമാത്രമല്ല, മാനസികമായി നെഗറ്റിവ് ചിന്തകൾ ഉണ്ടാകാൻ ചുവന്ന മഷി ഒരു കാരണമാകുമെന്നും അവർ കരുതുന്നു. ചുവപ്പുനിറം ഒരിക്കലും ജോലി ആവശ്യത്തിനോ എഴുത്തിനോ വേണ്ടി പോർചുഗലിൽ ഉപയോഗിക്കാറുമില്ല. പരാജയത്തെ സൂചിപ്പിക്കുന്നതാണ് ചുവപ്പെന്നാണ് ഇവരുടെ വിശ്വാസം. ഒരാൾ ചുവന്ന മഷിയിൽ എഴുതിയത് മറ്റൊരാൾ വായിക്കുമ്പോൾ വായിക്കുന്ന ആൾ അപമാനിക്കപ്പെടുകയാണ് എന്നുകൂടി അവർ കരുതുന്നു. ചുവപ്പ് തോൽവിയുടെ അടയാളമത്രെ.
ഇനി നിങ്ങൾ എപ്പോഴെങ്കിലും പോർചുഗലിലേക്ക് പോകുന്നുവെങ്കിൽ ചുവന്ന മഷി ഉപയോഗിക്കരുത് എന്നുകൂടി മനസ്സിലാക്കിവെച്ചോളൂ. കാരണം, അത് അവിടത്തുകാരുടെ വികാരങ്ങളെ ഒരുപക്ഷേ വ്രണപ്പെടുത്തിയേക്കാം. അതേസമയം, ഇതിന് ചില ശാസ്ത്രീയ വശങ്ങൾകൂടി ഉണ്ടെന്നും ചിലർ പറയുന്നു. ചുവന്ന മഷി നീല, കറുപ്പ് തുടങ്ങിയ നിറങ്ങളേക്കാൾ വേഗത്തിൽ മങ്ങിപ്പോകും എന്നതുകൊണ്ടാണ് എഴുതാനും മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കും ഒരിക്കലും ചുവപ്പുനിറം ഉപയോഗിക്കരുത് എന്ന തീരുമാനത്തിലേക്ക് പോർചുഗൽ എത്തിയത് എന്നതാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.