യുദ്ധമുഖത്തെ സൈനികനായി കരടി
text_fieldsസൈന്യത്തിൽ സേവനമനുഷ്ഠിച്ച് അവരുടെയെല്ലാം ഇഷ്ടം നേടിയെടുത്ത ഒരു കരടി. അതാണ് വോജ്ടെക് എന്ന പേരിൽ അറിയപ്പെട്ട കരടിക്കുട്ടി. രണ്ടാം ലോക യുദ്ധകാലത്ത് ജർമനിയുമായി ചേർന്ന് സഖ്യകക്ഷികൾക്കെതിരെ പോരടിച്ച പോളണ്ടിന്റെ നാലുലക്ഷത്തോളം വരുന്ന പട്ടാളക്കാരെ സോവിയറ്റ് യൂനിയൻ തടവിലാക്കി. 1942ൽ ഈ പട്ടാളക്കാരെയും ചേർത്ത് സൈന്യത്തിന്റെ അംഗസംഖ്യ വലുതാക്കാൻ സോവിയറ്റ് യൂനിയൻ തീരുമാനിച്ചു. സൈബീരിയയിൽ തടവിൽ പാർപ്പിച്ചിരുന്ന ഇവരെ ഇറാൻവഴിയാണ് യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചത്.
1942 ഏപ്രിൽ 8, ഇറാനിലെ ഹമദാൻ ദേശത്തെ റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരു സൈനികൻ ചാക്കുമായി നിൽക്കുന്ന ഇറാനിയൻ ബാലനെ കണ്ടുമുട്ടി. സംശയം തോന്നിയ സൈനികൻ ചാക്ക് പരിശോധിച്ചപ്പോൾ ഒരു കരടിക്കുഞ്ഞിനെയാണ് കാണാൻ സാധിച്ചത്. വേട്ടക്കാരാൽ കൊല്ലപ്പെട്ട ഒരു അമ്മക്കരടിയുടെ കുഞ്ഞാണെന്നും അനുകമ്പ തോന്നിയപ്പോൾ അതിനെയവൻ എടുത്തതാണെന്നും ആ ബാലൻ പറഞ്ഞതോടെ സൈനികൻ ആ കരടിക്കുട്ടിയെ വില കൊടുത്തുവാങ്ങി.
തന്റെ ഒപ്പം കൂട്ടിയ അവന് സൈനികൻ സന്തോഷവാനായ പോരാളി എന്നർഥമുള്ള വോജ്ടെക് എന്ന പേരു നൽകി. ചുരുങ്ങിയ കാലത്തിനുള്ളിൽ അവൻ ഏവരുടെയും പ്രിയപ്പെട്ടവനായി. ഒരുപക്ഷേ, തന്നെ രക്ഷപ്പെടുത്തിയ അന്നുമുതലുള്ള ജീവിതം സൈനികർക്കൊപ്പമായതിനാലാവും വോജ്ടെക്കിന്റെ ജീവിതത്തിലും സൈനികരുടേതിനു സമാനമായ ജീവിതശൈലിയുണ്ടായിരുന്നു. അവൻ സൈനികർക്കൊപ്പം ഗുസ്തി പിടിക്കുകയും പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ വൈകാതെ പോളിഷ് സൈന്യം ബ്രിട്ടീഷ് ആർമിയുമായി ചേർന്നതോടെ കരടിക്കുട്ടന്റെ കാര്യം പരുങ്ങലിലായി. കാരണം ബ്രിട്ടീഷ് ആർമിയിൽ മൃഗങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, വോജ്ടെക്കിനെ ഉപേക്ഷിക്കാൻ സൈനികർക്ക് മനസ്സുവന്നില്ല. അതിനുള്ള പോംവഴിയും അവർ കണ്ടെത്തി. വോജ്ടെക്കിനെ സൈനിക വിഭാഗത്തിലേക്ക് അവർ ഔദ്യോഗികമായി ഉൾപ്പെടുത്തി. തുടർന്ന് സൈനികരോടൊപ്പം യുദ്ധത്തിൽ പങ്കുചേരാനായി അവനും ഇറ്റലിയിലേക്ക് യാത്രയായി.
പോളിഷ് സൈന്യത്തിന്റെ പ്രധാനജോലി യുദ്ധമുഖത്തേക്ക് ആയുധങ്ങൾ എത്തിക്കലായിരുന്നു. വോജ്ടെക്കും സൈനികരോടൊപ്പം ആയുധങ്ങൾ ചുമക്കാൻ മുന്നോട്ടുവന്നു. സൈനികരുടെ ജോലികളിലെല്ലാം അവനും തന്റെ കഴിവ് തെളിയിച്ചു. 1947ൽ സൈനികരെ പിരിച്ചുവിട്ടതോടെ വോജ്ടെക്കിനും നിർബന്ധിത വിരമിക്കൽ നൽകി സ്കോട്‍ലൻഡിലെ എഡിൻബറ മൃഗശാലയിലേക്ക് മാറ്റി. ഒടുവിൽ 1963ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ വോജ്ടെക് ഈ ലോകത്തോട് വിടപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.