'നരകത്തിലേക്കുള്ള വാതിൽ' കണ്ടിട്ടുണ്ടോ? തുർക്മെനിസ്താനിൽ പോകാം
text_fieldsവിചിത്രവും പ്രകൃതിദത്തവുമായ ഒരുപാട് പ്രതിഭാസങ്ങൾ നിറഞ്ഞ അദ്ഭുതകരമായ ഗ്രഹമാണ് നമ്മുടെ ഭൂമി. ഈ പ്രതിഭാസങ്ങളുടെ മുൻമ്പിൽ എന്നും വിസ്മയം തുളുമ്പുന്ന കണ്ണുകളോടെ മനുഷ്യൻ നിന്നുപോയിട്ടുണ്ട്.
അപൂർവതകൾകൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒത്തിരി ഇടങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിൽ നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന ഒന്നാണ് തുർക്മെനിസ്താനിലെ 'നരകത്തിലേക്കുള്ള വാതിൽ' (ഡോർ ടു ഹെൽ). തുർക്മെനിസ്താനിലെ കാരാകും മരുഭൂമിയിലെ ഒരു ഗ്രാമമാണ് ദെര്‍വേസ്. ഇവിടെയാണ് ഭൂമിയിലെ 'നരകകവാടം' സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ 45 വർഷമായി സദാ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഗർത്തം, 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുള്ള ഈ ഗർത്തത്തിൽനിന്ന് ഉയർന്നുപൊങ്ങുന്ന തീജ്വാലകൾ കണ്ട് ഭയപ്പെട്ട ഗ്രാമവാസികളാണ് ഈ പ്രദേശത്തിന് നരകകവാടം എന്ന പേരു വിളിച്ചത്. ഒരു ഫുട്ബാൾ മൈതാനത്തിെൻറ അത്രയും വിസ്തീർണമുള്ള ഈ ഗർത്തം എണ്ണ പര്യവേഷകർക്ക് പറ്റിയ അബദ്ധത്തിലുണ്ടായതാണ്. എണ്ണ ഖനന സാധ്യത തേടി ഒരു കൂട്ടം സോവിയറ്റ് ശാസ്ത്രജ്ഞർ 1971ൽ ഇവിടെയെത്തി. ഇവർ ഖനനം നടത്തവേ, മണ്ണ് അടർന്ന് ഒരു വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു .
ഈ ഗർത്തത്തിൽനിന്നും പ്രവഹിച്ചുകൊണ്ടിരുന്ന മീഥൈൻ പോലുള്ള വിഷവാതകങ്ങൾ പ്രദേശവാസികളെ ഗുരുതരമായി ബാധിക്കും എന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ പിന്നീട് വാതകം കത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അത് അതിലും വലിയ ഒരു ദുരന്തമായി. ഗ്യാസ് ശേഖരം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കത്തിത്തീരുമെന്നായിരുന്നു അവർ കരുതിയിരുന്നത്. പക്ഷേ, ആ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കടന്നു പോയി. 45 വർഷത്തോളമായി ആളിക്കത്താൻ തുടങ്ങിയ അഗ്നി പിന്നെ അണഞ്ഞതേയില്ല. രാത്രിയിൽ ഏറെ മനോഹരമായ ഈ അത്ഭുതപ്രതിഭാസത്തെ കാണാൻ സഞ്ചാരികളുടെ ഒഴുക്കുതന്നെയാണ് ഇവിടേക്ക്. ഇന്നും ഒരു കൗതുകമായി തുടരുന്ന ഈ പ്രദേശത്തെ കുറിച്ച് ഗവേഷകർ ചർച്ചചെയ്തു കൊണ്ടേയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.