അബദ്ധത്തിൽ അണുബോംബിട്ട കഥ
text_fieldsഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ അണുബോംബ് വർഷത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. 'ലിറ്റിൽ ബോയി'യും 'ഫാറ്റ്മാനും' ഒരു സമൂഹത്തെത്തന്നെ ഇല്ലാതാക്കിയ ദുരന്തമായിരുന്നു അത്. അതിനുശേഷം അണുബോംബ് എന്നു കേൾക്കുമ്പോൾതന്നെ ആരും ഭയന്നുവിറക്കും. ഇനി പറയുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ ഒരു അബദ്ധത്തിന്റെ കഥയാണ്, ഭയപ്പെടുത്തുന്ന ഒരു തെറ്റിന്റെ കഥ.
സംഭവം നടക്കുന്നത് അമേരിക്കയിലെ സൗത്ത് കരോലൈനയിൽ. 1958 മാർച്ച് 11ന് ജോർജിയയിലെ സവന്ന എന്ന സ്ഥലത്തെ ഹണ്ടർ എയർഫോഴ്സ് ബേസിൽനിന്ന് ഒരു എയർഫോഴ്സ് B-47 സ്ട്രാറ്റോജെറ്റ് വിമാനം യുനൈറ്റഡ് കിങ്ഡത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നു. വിമാനം സൗത്ത് കരോലൈനയിലെ ഗ്രാമീണ മേഖലയിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് പൈലറ്റുമാർ ഒരു അപകട ലൈറ്റ് കോക്പിറ്റിൽ മിന്നുന്നത് ശ്രദ്ധിച്ചത്. പൈലറ്റുമാർ തകരാർ എന്താണെന്ന് പരിശോധിച്ചുകൊണ്ടിരുന്നു.
വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നീടുണ്ടാകുന്ന ദുരന്തം എത്ര വലുതാകും എന്നതിനെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം, അണുബോംബ് അടക്കം ഉള്ളതായിരുന്നു ആ വിമാനം. എത്ര പരിശോധിച്ചിട്ടും കൃത്യമായി പ്രശ്നം കണ്ടെത്താൻ പൈലറ്റുമാർക്ക് സാധിച്ചില്ല. സോവിയറ്റ് യൂനിയനുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പെെട്ടന്ന് ഉപയോഗിക്കേണ്ട ആണവായുധമടക്കമുള്ള സജ്ജീകരണങ്ങൾ യുദ്ധവിമാനങ്ങളിൽ സജ്ജമാക്കുന്നുത് അന്ന് പതിവായിരുന്നു. 26 കിലോ ടൺ ഭാരമുള്ള മാർക്ക് 6 അണുബോംബ് ആയിരുന്നു അന്ന് B-47 സ്ട്രാറ്റോജെറ്റ് വിമാനത്തിൽ സജ്ജമാക്കിയിരുന്നത്. അതായത്, നാഗസാക്കിയിൽ വർഷിച്ച ഫാറ്റ്മാൻ ബോംബിനേക്കാൾ ശക്തമായ ഒന്ന്.
എയർഫോഴ്സ് ക്യാപ്റ്റൻ ബ്രൂസ് കുൽക്ക ഫ്ലൈറ്റിലെ നാവിഗേറ്ററായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. എങ്ങനെയെങ്കിലും ഫ്ലൈറ്റിന്റെ തകരാർ കണ്ടെത്തി പരിഹരിക്കണം, അതു മാത്രമാണ് ഇനിചെയ്യാനുള്ളത്. തകരാർ പരിശോധിക്കുന്നതിനിടയിൽ അദ്ദേഹം മാർക്ക് 6ന്റെ ലിവറിനടുത്തെത്തി. അബദ്ധത്തിൽ ബോംബിന്റെ എമർജൻസി റിലീസിങ് പിന്നിൽ കൈയമർന്നു! 15,000 അടി ഉയരത്തിൽനിന്ന് മാർക്ക് 6 എന്ന അണുബോംബ് താഴെ തെക്കൻ കരോലൈനയിലേക്ക് പതിക്കുന്നത് ഭയപ്പാടോടെ നോക്കി നിൽക്കാൻ മാത്രമേ കുൽക്കക്ക് കഴിഞ്ഞുള്ളൂ.
പക്ഷേ, ഭാഗ്യം കരോലൈനയിലെ ആളുകൾക്കൊപ്പമുണ്ടായിരുന്നു. ആണവശേഷി പ്രഹരിക്കുന്ന ബോംബിന്റെ ഫിഷൻ കോർ വിമാനത്തിന്റെ മറ്റൊരു ഭാഗത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു അപ്പോൾ. ആണവ സ്ഫോടനം ഉണ്ടായില്ലെങ്കിലും ആ ബോംബിൽ അടങ്ങിയിരുന്ന 7600 പൗണ്ട് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. ജനവാസം കുറഞ്ഞ മേഖലയിലായിരുന്നു ബോംബ് വീണത്. സ്ഫോടനത്തിൽ ചില വീടുകൾ തകർന്നു. കാടിന്റെ ഒരുഭാഗത്ത് 75 അടി വീതിയും 25 അടി ആഴവുമുള്ള വലിയ ഗർത്തം രൂപപ്പെട്ടു. സ്േഫാടനത്തിന്റെ ഫലമായി വലിയ കൂൺമേഘം പൊടിപടലം കണക്കെ ഉയർന്നുപൊങ്ങി. നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ഒരാൾപോലും കൊല്ലപ്പെട്ടില്ല എന്നത് മാത്രമാണ് സമാധാനിക്കാവുന്ന കാര്യം. അമേരിക്കയുടെ ഭയപ്പെടുത്തുന്ന ആ വലിയ അബദ്ധം അങ്ങനെ ലോകമറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.