ടൂത്ത് ബ്രഷിന്റെ കഥ
text_fieldsമാവിന്റെ ഇലയും ഉമിക്കരിയും മറ്റു വസ്തുക്കളുമുപയോഗിച്ചായിരുന്നു മനുഷ്യൻ മുൻകാലങ്ങളിൽ പല്ലുതേച്ചിരുന്നത്. കാലക്രമേണ ടൂത്ത് പേസ്റ്റുകളും ടൂത്ത് ബ്രഷുകളും കടന്നു വന്നതോടെ ഇവ അപ്രത്യക്ഷമായി. ടൂത്ത് ബ്രഷ് നിത്യജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. ഈ ടൂത്ത് ബ്രഷ് ജനിച്ചത് പതിനേഴാം നൂറ്റാണ്ടിലാണ്.
1770ൽ വില്യം അഡിസ് എന്ന വ്യക്തിയെ കവർച്ചകേസിൽ ഇംഗ്ലണ്ടിലെ കുപ്രസിദ്ധമായ ന്യൂഗേറ്റ് ജയിലിലടച്ചു. എന്നാൽ, ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കാൻ വില്യം തീരുമാനിച്ചിരുന്നു. ആ കാലഘട്ടത്തിൽ പല്ല് വൃത്തിയാക്കാൻ സൾഫർ ലായനിയിൽ മുക്കിയ സ്പോഞ്ചുകളും പഴയ തുണികളുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു ദിവസം വില്യം ഇങ്ങനെ പല്ലു തേച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മനസ്സിലേക്ക് പുതിയൊരു ആശയം കടന്നുവന്നു. എന്തുകൊണ്ട് നാരുകൾ ഉപയോഗിച്ച് പല്ലു തേച്ചുകൂടാ. അങ്ങനെയെങ്കിൽ പെെട്ടന്ന് അഴുക്ക് പോവുകയും സംഗതി എളുപ്പമാവുകയും ചെയ്യും. അതിനായുള്ള ഒരു ഉപകരണം കണ്ടുപിടിക്കുകയായിരുന്നു പിന്നീടുള്ള ശ്രമം.
ഒരിക്കൽ തനിക്ക് പ്രാതലിനു കിട്ടിയ മാംസാഹാരത്തിൽനിന്നും നല്ലൊരു എല്ലിൻ കഷ്ണം വില്യം എടുത്തുവെച്ചു. പുതിയ ഉപകരണത്തിന്റെ നാരുകൾ ഈ എല്ലിൻ കഷ്ണത്തിൽ ഉറപ്പിക്കാമെന്ന് അദ്ദേഹം കരുതി. ജയിൽ സൂക്ഷിപ്പുകാരനെ സ്വാധീനിച്ച് ബലമുള്ള അല്പം നാരുകളും പശുവിന്റെ രോമങ്ങളും സംഘടിപ്പിച്ചു. വൃത്തിയാക്കിവെച്ച എല്ലിൻ കഷ്ണത്തിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി നാരുകൾ ആ ദ്വാരങ്ങളിൽ പറിഞ്ഞുപോരാത്ത വിധം കുത്തിയിറക്കി. അതായിരുന്നു ലോകത്തിലെ ആദ്യത്തെ ടൂത്ത് ബ്രഷ്.
തുടർന്ന് വില്യം ജയിൽ മോചിതനായതോടെ ബ്രഷ് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പശുവിന്റെ രോമത്തിനു പകരം കാട്ടുപന്നിയുടെ രോമങ്ങൾ ഉപയോഗിച്ച് കൂടുതൽ ബ്രഷുകൾ നിർമിച്ചു. കാലക്രമേണ ബ്രഷുകളുടെ വ്യാപാരാടിസ്ഥാനത്തിലുള്ള നിർമാണത്തിനായി ഇംഗ്ലണ്ടിൽ ഒരു ഫാക്ടറിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ ടൂത്ത് ബ്രഷിന് ആവശ്യക്കാരേറെയായി. പിന്നീടങ്ങോട്ട് വില്യം അഡിസിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബ്രഷ് വ്യാപകമായി നിർമിച്ച് അദ്ദേഹം ധാരാളം ധനം സമ്പാദിച്ചു. എന്നാൽ, 1498 ൽ ചൈനക്കാർ ടൂത്ത് ബ്രഷ് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ആധുനിക ടൂത്ത് ബ്രഷിന്റെ പിതാവായി കരുതിപ്പോരുന്നത് വില്യം അഡിസിനെയാണ്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന നൈലോൺ ടൂത്ത് ബ്രഷ് കണ്ടുപിടിച്ചത് 1938 ലാണ്. 1961 ൽ ന്യൂയോർക്കിലെ സ്‌കിബ് കമ്പനി ഇലക്ട്രിക് ടൂത്ത് ബ്രഷും പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.