വെളുത്തിരിക്കുന്ന സൂര്യൻ
text_fieldsസൂര്യന്റെ നിറമെന്താണെന്ന് കൂട്ടുകാർക്കറിയുമോ? മഞ്ഞയാണോ? അതോ തീ കത്തുന്ന നിറമോ? ഇനി അത് അറിയാൻവേണ്ടി സൂര്യനെ നോക്കുകയൊന്നും വേണ്ടകെട്ടോ. അങ്ങനെ നോക്കിയാൽ അത് കണ്ണിന് കേടുപാടുകളുണ്ടാക്കും. നഗ്നനേത്രങ്ങൾകൊണ്ട് ഒരിക്കലും സൂര്യനെ നോക്കാൻ പാടില്ല. സൂര്യഫിൽറ്ററുകൾ ഉപയോഗിച്ച് നോക്കുക എന്നതാണ് ഒരു വഴി. പക്ഷേ, സൂര്യനെ ശരിയായ നിറത്തിലാവില്ല അപ്പോൾ കാണുക എന്നതാണ് പ്രശ്നം. പിന്നെയുള്ള മാർഗം സൂര്യനെ ഫോട്ടോ എടുത്ത് ആ ഫോട്ടോയിൽ എന്താണ് നിറം എന്നു നോക്കുകയാണ്. അങ്ങനെ ഫോട്ടോ എടുക്കുമ്പോൾ നമുക്ക് ലഭിക്കുക മഞ്ഞ നിറമുള്ള സൂര്യന്റെ ചിത്രമായിരിക്കും. അതുകരുതി സൂര്യൻ മഞ്ഞയാണെന്ന് ഉറപ്പിക്കേണ്ട.
സൂര്യന്റെ നിറം മഞ്ഞയല്ല എന്നാണ് ബഹിരാകാശയാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ബഹിരാകാശത്തു ചെന്നാൽ വെള്ള നിറത്തിലാണത്രെ സൂര്യനെ കാണാനാവുക. ബഹിരാകാശനിലയത്തിൽനിന്ന് എടുക്കുന്ന ചിത്രങ്ങൾ കൂട്ടുകാർ കണ്ടിട്ടുണ്ടോ? അതിലെല്ലാം സൂര്യന്റെ നിറം വെളുത്തതായിരിക്കും. അപ്പോൾ അതുറപ്പിക്കാം, സൂര്യന്റെ നിറം വെള്ള. സൂര്യൻ വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴു വർണങ്ങളും പുറപ്പെടുവിക്കുന്നതുകൊണ്ടാണ് വെള്ള നിറത്തിൽ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ജലകണികകളിൽ ഈ സൂര്യപ്രകാശം തട്ടുമ്പോൾ ഈ വർണങ്ങൾ വേർപിരിഞ്ഞ് നിങ്ങൾ മഴവില്ല് കാണാറില്ലേ?
ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രത്യേകതകൊണ്ടാണ് സൂര്യൻ മഞ്ഞ നിറത്തിൽ കാണപ്പെടുന്നത്. അന്തരീക്ഷം സൂര്യപ്രകാശത്തിലെ നീലരശ്മികളെ കൂടുതലായി വിസരണംചെയ്യിക്കും. ഇതുമൂലം ആകാശം നീലനിറമായി കാണും. ഈ നീലയൊഴികെ ബാക്കി രശ്മികൾ എല്ലാം ചേർന്ന് സൂര്യന് മഞ്ഞ നിറമായി തോന്നുകയും ചെയ്യും. നമ്മൾ കാണുന്ന സൂര്യന്റെ ചിത്രങ്ങളിൽ മിക്കതും ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ളവയാണല്ലോ. ഈ ചിത്രങ്ങളെല്ലാം സൂര്യന്റെ നിറം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. എന്നാൽ, ഈ ചിത്രങ്ങളിലെ വൈവിധ്യമാർന്ന നിറങ്ങളെല്ലാം കമ്പ്യൂട്ടറുകൾ നൽകുന്നതാണ്. സൂര്യനെ പഠനവിധേയമാക്കാനാണ് ഇങ്ങനെ വ്യത്യസ്ത നിറമുള്ള ചിത്രങ്ങൾ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.