മൊണാലിസയുടെ പുരികങ്ങൾ എവിടെപ്പോയി?
text_fields‘മൊണാലിസ’, ലോകം എക്കാലവും വാഴ്ത്തിക്കൊണ്ടിരിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ മഹത്തായ സൃഷ്ടി. നിഗൂഢതകളും രഹസ്യങ്ങളും ഒരുപാട് ഒളിപ്പിച്ചുവെച്ച് ചരിത്രാന്വേഷികളെ കുറച്ചൊന്നുമല്ല ‘മൊണാലിസ’ വെള്ളംകുടിപ്പിച്ചിട്ടുള്ളത്. ഇന്നും ചിത്രത്തിനുപിന്നിൽ അന്വേഷണങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. 1503നും 1506നും ഇടയിലാണ് ഈ ചിത്രം ഡാവിഞ്ചി പൂർത്തിയാക്കിയതെന്ന് ചരിത്രാന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. യഥാർഥത്തിൽ മൊണാലിസ എന്ന സ്ത്രീ ഉണ്ടായിരുന്നോ എന്നായിരുന്നു ചരിത്രകാരന്മാരുെട ആദ്യ അന്വേഷണം. അതിന് കിട്ടിയ ഉത്തരം പലതായിരുന്നു. മോണാലിസ യഥാർഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നുവെന്നും അതല്ല ഡാവിഞ്ചിയുടെ സഹായിയെ സ്ത്രീരൂപത്തിൽ വരച്ചതാണെന്നുമെല്ലാമുള്ള വാദമുഖങ്ങൾ വന്നു. ഇറ്റലിയിൽ വെച്ചാണ് ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു.
മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിയെക്കുറിച്ചായിരുന്നു പിന്നീടുള്ള അന്വേഷണങ്ങൾ. ചിത്രകലാരാധകർ ഏറെ ഇഷ്ടപ്പെടുന്നതാണ് മൊണാലിസയുടെ ഈ പുഞ്ചിരി. ചിത്രം ഒരു യഥാർഥ മോഡലിനെ നോക്കി വരച്ചതാകുമെങ്കിൽ ആ സ്ത്രീക്ക് അന്ന് 24 വയസ്സോളമായിരിക്കണം പ്രായം എന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും വസ്തുതകളായി അവതരിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ് ഇവയെല്ലാം. എന്നാൽ, മൊണാലിസയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം കാലങ്ങൾക്കുശേഷം പുറത്തുവന്നു. എന്തുകൊണ്ടാണ് മൊണാലിസക്ക് പുരികങ്ങളും കൺപീലിയും ഇല്ലാത്തത് എന്നായിരുന്നു ആ ചോദ്യം. കൂട്ടുകാർ എല്ലാവരും കണ്ടിട്ടുണ്ടാവും മൊണാലിസയുടെ പെയിന്റിങ്. ഒന്നുകൂടി നോക്കൂ, നിങ്ങൾക്ക് അതിൽ പുരികങ്ങളും കൺപീലിയും കാണാൻ കഴിയില്ല.
മനഃപൂർവം ഡാവിഞ്ചി പുരികങ്ങൾ ഇല്ലാതെ വ്യത്യസ്തതക്കുവേണ്ടി വരച്ചതാണെന്നും അതേസമയം പുരികം വരക്കാൻ മറന്നുപോയതാണെന്നും വരെ വാദങ്ങളുണ്ടായി. എന്നാൽ, ഇതൊന്നുമല്ല വസ്തുത എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കൃത്യമായ തെളിവുകളുമായി ഒരു എൻജിനീയർ രംഗത്തെത്തി, പേര് പാസ്കൽ കോട്ട്. ഡാവിഞ്ചി വരക്കുന്ന സമയത്ത് മൊണാലിസക്ക് പുരികങ്ങളുണ്ടായിരുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. പിന്നീട് പലതവണ, പല ആളുകളിലൂടെ കൈമാറിവന്നപ്പോൾ ഈ ചിത്രം പലതവണ വൃത്തിയാക്കിയിരുന്നു. അങ്ങനെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഈ പുരികങ്ങൾ മാഞ്ഞുപോയതാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. മുമ്പ് പുരികങ്ങളുണ്ടായിരുന്നു എന്നതിനുള്ള ശാസ്ത്രീയമായ തെളിവുകൾകൂടി ഈ പെയിന്റിങ്ങിൽനിന്ന് കണ്ടെത്തിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.