അമേരിക്കൻ സ്വാതന്ത്ര്യ സമരം
text_fields1492 ഒക്ടോബർ 12ലെ ഒരു പ്രഭാതം. അമേരിക്കക്കടുത്ത കരീബിയൻ ദ്വീപുകളിലൊന്നിൽ മൂന്ന് കപ്പലുകൾ നങ്കൂരമിടുന്നു. അതിൽ നിന്ന് പുറത്തിറങ്ങിയത് സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായ ക്രിസ്റ്റഫർ കൊളംബസും സംഘവുമായിരുന്നു. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള മാർഗ്ഗം തേടി അറ്റ്ലാൻറിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു കൊളംബസ്. എന്നാൽ അദ്ദേഹത്തിന് വഴിതെറ്റി. താൻ എത്തിയത് ഇന്ത്യയിലാണെന്ന് തെറ്റിദ്ധരിച്ച കൊളംബസ് വടക്കേ അമേരിക്കക്കാരെ ‘ഇന്ത്യക്കാർ’ എന്ന് വിളിച്ചു. ഇവർ പിൽക്കാലത്ത് റെഡ് ഇന്ത്യൻസ് എന്നറിയപ്പെട്ടു. എന്നാൽ ഈ വഴിതെറ്റിയെത്തൽ പുതിയൊരു വൻകരയിലേക്കുള്ള വഴി തുറക്കൽ ആയി മാറുകയായിരുന്നു. ഇതാണ് പിന്നീട് ബ്രിട്ടീഷ് കോളനി സ്ഥാപനത്തിലേക്കും പിന്നീട് നടന്ന ജനകീയ ചെറുത്തുനിൽപ്പിലേക്കും യുദ്ധത്തിലേക്കും സ്വാതന്ത്ര്യ പ്രഖ്യാപനമടക്കമുള്ള ചരിത്ര സംഭവങ്ങളിലേക്കും ചെന്നെത്തിയത്. ബ്രിട്ടീഷ് ജനതയുടെ പിന്മുറക്കാർ സ്വന്തം മാതൃ രാജ്യത്തിനെതിരെ നടത്തി വിജയിച്ച ശക്തമായ പോരാട്ടത്തിന്റെ കഥയാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് പറയാനുള്ളത്.
യൂറോപ്യൻ കുടിയേറ്റം
ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിലേക്ക് വഴിതെറ്റി കയറിയതാണെങ്കിലും അതിലൂടെ യൂറോപ്പുകാർക്ക് ഒട്ടും പരിചയമില്ലാത്ത ഒരു വൻകരയിലേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു. ഈ പ്രദേശങ്ങളെ യൂറോപ്പുകാർ പുതിയ ലോകം (New World) എന്നു വിളിച്ചു. പിന്നീട് യൂറോപ്പിൽ നിന്ന് ഇവിടേക്ക് വ്യാപകമായ കുടിയേറ്റങ്ങൾ നടന്നു. വലിയതോതിൽ സ്വർണ്ണ നിക്ഷേപവും കൃഷിക്ക് അനുയോജ്യമായ മണ്ണും ഇവിടങ്ങളിൽ ഉണ്ടെന്ന വിവരമാണ് യൂറോപ്പുകാരെ ആകർഷിച്ചത്. ഈ വിഭവങ്ങൾ കൈയ്യടക്കുകയായിരുന്നു കുടിയേറ്റക്കാരുടെ ലക്ഷ്യം. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു ആളുകൾ എത്തിച്ചേർന്നത്. യൂറോപ്പുകാരുടെ കുടിയേറ്റം വ്യാപകമായതോടെ റെഡ് ഇന്ത്യക്കാർ ഉൾപ്രദേശങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ഇവരുടെ ആട്ടിൻപറ്റങ്ങളേയും ഭൂമിയും യൂറോപ്പുകാർ കവർന്നെടുക്കുകയും ചെയ്തു.
കോളനി സ്ഥാപിക്കൽ
ഇംഗ്ലണ്ടിലെ രാജാവിന്റെ മതപീഡനങ്ങളിൽ പൊറുതിമുട്ടി ഒരു കൂട്ടം ആളുകൾ മേഫ്ലവർ എന്ന കപ്പലിൽ അമേരിക്കയിൽ എത്തിച്ചേർന്നു. തീർത്ഥാടക പിതാക്കൾ (Pilgrim Fathers) എന്നറിയപ്പെട്ട ഇവരാണ് പതിനെട്ടാം നൂറ്റാണ്ടോടെ വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ അറ്റ്ലാന്റിക് സമുദ്രത്തോടു ചേർന്ന് 13 കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലണ്ടിന്റെ നയങ്ങളും നിയമങ്ങളും ആയിരുന്നു ഈ കോളനികളിൽ നടപ്പിലാക്കിയത്. പൂർണ്ണമായും കച്ചവട താൽപര്യത്തോടെ കൂടിയായിരുന്നു കോളനികളിൽ ഇംഗ്ലണ്ട് ഇടപെടലുകൾ നടത്തിയത്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതും ഇംഗ്ലണ്ടിന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുമുള്ള ഒരു കമ്പോളം (Market) ആയിട്ടായിരുന്നു ഈ കോളനികളെ അവർ പരിഗണിച്ചിരുന്നത്. അതിനായി കോളനികളിൽ ഇംഗ്ലണ്ട് നടപ്പിലാക്കിയ വാണിജ്യ നയമായ മെർക്കന്റലിസവും നാവിഗേഷൻ നിയമവും ഉൾപ്പെടെയുള്ള വിവിധ ജനദ്രോഹനടപടികൾ കോളനിക്കാർക്കിടയിൽ മാതൃരാജ്യമായ ഇംഗ്ലണ്ടിനോട് അമർഷം ജനിപ്പിച്ചു.
മെർക്കന്റലിസം
കോളനികളിൽ പൂർണമായും കച്ചവട താൽപര്യം മുൻ നിർത്തി ഇംഗ്ലണ്ടിന്റെ പിന്തുണയോടെ കച്ചവടക്കാർ നടപ്പിലാക്കിയ വാണിജ്യ നയമായിരുന്നു മെർക്കന്റലിസം. മാതൃരാജ്യത്തോട് (ബ്രിട്ടനോട് ) വ്യാവസായിക മത്സരം പാടില്ലെന്നും ഭരണം, സൈന്യം എന്നിവയുടെ നിലനിൽപ്പിനു വേണ്ടിയുള്ള ചെലവ് കോളനിക്കാർ വഹിക്കണമെന്നും ബ്രിട്ടൻ ഉത്പാദിപ്പിക്കാൻ പറ്റാത്ത ഉൽപ്പന്നങ്ങൾ കോളനികളിൽ ഉത്പാദിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നും മെർക്കന്റലിസം നിഷ്കർഷിക്കുന്നു.
നാവിഗേഷൻ നിയമം (Navigation Act 1651)
വാണിജ്യ നയമായ മെർക്കന്റലിസത്തിന്റെ ഭാഗമായി 1651ൽ ബ്രിട്ടൻ കൊണ്ടുവന്ന നിയമമായിരുന്നു നാവിഗേഷൻ നിയമം. ബ്രിട്ടനിലോ ബ്രിട്ടന്റെ കോളനികളിലോ നിർമിച്ച കപ്പലുകളിൽ മാത്രമേ ചരക്കുകൾ കൊണ്ടുപോകാൻ പാടുള്ളൂ, കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, പുകയില, പരുത്തി, കമ്പിളി തുടങ്ങിയ വസ്തുക്കൾ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റുമതി ചെയ്യാൻ പാടുള്ളൂ, യൂറോപ്പിൽ നിന്ന് കോളനികളിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ഉത്പ്പന്നങ്ങൾ ഇംഗ്ലണ്ടിൽ ഇറക്കി ചുങ്കം നൽകിയ ശേഷമേ കോളനിയിലേക്ക് കൊണ്ടുവരാൻ പാടുള്ളൂ എന്നിങ്ങനെയുള്ള ചട്ടങ്ങൾ ബ്രിട്ടൻ കോളനിക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചു. ഇത് കോളനിക്കാർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഉള്ളിൽ ബ്രിട്ടനോടുള്ള അമർഷം തിളച്ചു മറിയുമ്പോഴും സുരക്ഷാ ഭീഷണി മൂലം പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കോളനി ജനത. അയൽ പ്രദേശമായ കാനഡ ഫ്രഞ്ച് അധീനതയിലുള്ള പ്രദേശമായതിനാൽ ഫ്രാൻസിന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകുമോയെന്ന് കോളനിക്കാർ ഭയന്നിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഫ്രാൻസും ബ്രിട്ടനും തമ്മിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. 1756 മുതൽ 1763 വരെ ഏഴ് വർഷം നീണ്ടു നിന്ന യുദ്ധമായിരുന്നു ഇത്. സപ്തവത്സര യുദ്ധം (Seven years war) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ യുദ്ധത്തിനൊടുവിൽ ബ്രിട്ടൻ ഫ്രാൻസിനെ പരാജയപ്പെടുത്തുകയും അവരുടെ അധീനതയിലുള്ള കാനഡ പിടിച്ചെടുക്കുകയും ചെയ്തു. 1763ലെ പാരീസ് ഉടമ്പടിയിലൂടെ ഫ്രാൻസ് പരാജയം സമ്മതിച്ചു കൊണ്ട് ഒപ്പു വച്ചു. എന്നാൽ ഉർവ്വശി ശാപം ഉപകാരം എന്നു പറയുന്നതു പോലെ ഈ സംഭവവികാസത്തിലൂടെ കോളനി ജനതക്ക് ബ്രിട്ടനെതിരെ നീങ്ങാനുള്ള അനുകൂല സാഹചര്യം തുറന്നു കിട്ടി. അവരുടെ പ്രധാന ഭീഷണിയായിരുന്ന ഫ്രാൻസ് പോയതോടെ ബ്രിട്ടനെതിരെയുള്ള നീക്കങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് സാധിച്ചു. അതിനിടെ ഫ്രാൻസുമായി നടന്ന യുദ്ധം ഇംഗ്ലണ്ടിനെ സാമ്പത്തികമായി വല്ലാതെ ഉലച്ചു. അവർക്ക് സംഭവിച്ച വൻ സാമ്പത്തിക ബാധ്യത അവർ നികുതിഭാരം വർധിപ്പിച്ചുകൊണ്ട് കോളനിക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ചു. 1764 ൽ കോളനികളിൽ ബ്രിട്ടൻ നടപ്പാക്കിയ പഞ്ചസാര നിയമം (Sugar act) ആയിരുന്നു അതിലൊന്ന്. കോളനികളിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് നികുതി നൽകണമെന്നായിരുന്നു നിയമം. പലവിധ നികുതി ഭാരം കൊണ്ട് പൊറുതിമുട്ടിയ കോളനിക്കാർക്ക് ഇതുംകൂടി താങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ 1765 ൽ സ്റ്റാമ്പ് നിയമം (Stamp act) എന്ന മറ്റൊരു നിയമം കൂടി കൊണ്ടുവന്നു. കോളനികളിൽ പുറത്തിറക്കുന്ന പ്രമാണങ്ങൾ, ലഘുലേഖകൾ, പത്രങ്ങൾ എന്നിവക്ക് ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ് വേണം എന്ന് നിഷ്കർഷിക്കുന്നതായിരുന്നു ഈ നിയമം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ 1766 ൽ സ്റ്റാമ്പ് നിയമം റദ്ദു ചെയ്തു.
എന്നാൽ വടക്കേ അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് സൈനികർക്ക് പാർപ്പിടവും ഭക്ഷണവും നൽകണമെന്ന് ആവശ്യപ്പെടുന്ന ഗ്വാർട്ടറിങ് നിയമം (1765), കോളനികളിൽ ഏതു വിധത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്താൻ ബ്രിട്ടന് അധികാരമുണ്ടെന്ന് സ്ഥാപിക്കുന്ന ഡിക്ലറേറ്ററി ആക്ട് (1766), കൂടാതെ തേയില, കടലാസ്, കണ്ണാടി, ഈയം മുതലായ വസ്തുക്കൾക്ക് ഇറക്കുമതി ചുങ്കം ചുമത്താൻ നിഷ്കർഷിച്ചുകൊണ്ട് 1767 ൽ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റിന്റെ നേതൃത്വത്തിൽ ടൗൺഷെന്റ് നിയമം എന്നിവയും ഒന്നിനു പുറകെ ഒന്നായി നിലവിൽ വന്നിരുന്നു.
പ്രാതിനിധ്യമില്ലാതെ നികുതിയില്ല
കോളനികളിൽ ബ്രിട്ടന്റെ നയങ്ങളും നിയമങ്ങളും നടപ്പിലാക്കുകയും നികുതികൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പാർലമെന്റിൽ കോളനിക്കാർക്ക് പ്രാതിനിധ്യം ഇല്ലായിരുന്നു. തങ്ങൾക്ക് ബ്രിട്ടീഷ് പാർലമെന്റിൽ പ്രാതിനിധ്യം വേണമെന്നും അത് നൽകാത്തപക്ഷം നികുതി നൽകില്ലെന്നും കോളനിക്കാർ ശഠിച്ചു. ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ (No taxation without Representation) എന്ന ജെയിസ് ഓട്ടിസ് എന്ന അഭിഭാഷകന്റെ മുദ്രാവാക്യത്തിന് വലിയ തോതിൽ പ്രചാരം ലഭിച്ചു. നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബ്രിട്ടീഷ് നടപടിക്കെതിരെ പ്രതിഷേധിക്കാൻ 1770ൽ കോളനി ജനത ബോസ്റ്റൺ നഗരത്തിൽ ഒത്തുകൂടി. ഈ പ്രതിഷേധത്തെ ബ്രിട്ടീഷ് പട്ടാളം അടിച്ചമർത്തി. അഞ്ചു പേർ അവിടെ മരിച്ചു വീണു. ഈ സംഭവമാണ് ബോസ്റ്റൺ കൂട്ടക്കൊല എന്ന് അറിയപ്പെട്ടത്.
ബോസ്റ്റൺ ടീ പാർട്ടി
ജനദ്രോഹപരമായ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിരവധി കൂട്ടായ്മകളും സംഘടനകളും കോളനിയിൽ നിലവിൽ വന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ എല്ലാ ജനദ്രോഹ നിയമങ്ങളും ബ്രിട്ടൺ റദ്ദു ചെയ്തു. എന്നാൽ തേയില നിയമം പിൻവലിക്കാൻ ബ്രിട്ടൻ തയ്യാറായില്ല. ഇതിനെതിരെ 1773 ഡിസംബർ 16ന് ബസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ട ബ്രിട്ടീഷ് കപ്പലിലേക്ക് ഇന്ത്യൻസിന്റെ വേഷം ധരിച്ച് എത്തിയ കോളനിക്കാർ കടന്നു കയറുകയും നിന്ന് 342 തേയില പെട്ടികൾ റെഡ് കടലിലേക്ക് എറിഞ്ഞു. ഈ സംഭവത്തെ ബോസ്റ്റൺ ടീ പാർട്ടി അഥവാ ബോസ്റ്റൺ ചായ സൽക്കാരം എന്ന് അറിയപ്പെട്ടു.
കോണ്ടിനെന്റൽ കോൺഗ്രസ്
ബ്രിട്ടീഷ് നിയമങ്ങൾക്കും നയങ്ങൾക്കും എതിരെ പ്രതിഷേധിക്കാനായി 1774ൽ കോളനി പ്രതിനിധികളുടെ ഒരു സമ്മേളനം ഫിലാഡൽഫിയയിൽ സംഘടിപ്പിക്കപ്പെട്ടു. ഈ സമ്മേളനം ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെട്ടു. എന്നാൽ ഈ സമ്മേളനത്തിൽ ജോർജിയ എന്ന കോളനി പങ്കെടുത്തില്ല. തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ട് രാജാവിന് കോളജ് ജനത നിവേദനം സമർപ്പിച്ചു. എന്നാൽ ഈ നിവേദനം രാജാവ് പ്രതികരിച്ചത് കോളനി ജനതയെ അടിച്ചമർത്താനായി സൈന്യത്തെ അയച്ചുകൊണ്ടായിരുന്നു. ഈ സംഭവം ബ്രിട്ടനുമായി ഒരു തുറന്ന യുദ്ധമെന്ന ചിന്തയിലേക്ക് കോളനി ജനതയെ നയിച്ചു. 1775 ൽ കോണ്ടിനെന്റിൽ കോൺഗ്രസ് വീണ്ടും ചേരുകയും കോളനിക്ക് സ്വന്തമായി ഒരു സൈനിക ശക്തി രൂപീകരിക്കുവാൻ തീരുമാനിക്കുകയും കോണ്ടിനെന്റൽ സൈന്യത്തിൻറെ തലവനായി ജോർജ് വാഷിങ് ടണ്ണിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 1776 ജൂലൈ നാലിന് കോണ്ടിനെന്റൽ കോൺഗ്രസ് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര പ്രഖ്യാപനം നടത്തി. തോമസ് ജെഫേഴ്സണും ബെഞ്ചമിൻ ഫ്രാങ്ക്ളിനും ചേർന്ന് തയാറാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു; “എല്ലാ മനുഷ്യരും തുല്യമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവരുടെ സൃഷ്ടാവ് എല്ലാവർക്കും ഒഴിവാക്കാനാവാത്ത ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്.ജീവിതം, സ്വാതന്ത്ര്യം, ജീവിതസൗഖ്യം എന്നിവയ്ക്കുള്ള അവകാശങ്ങൾ അവയിൽ ഉൾപ്പെടുന്നതാണ്. ഈ അവകാശങ്ങൾ നേടിയെടുക്കാൻ ഭരിക്കപ്പെടുന്നവരുടെ അംഗീകാരം ലഭിച്ച ഭരണകൂടങ്ങൾ രൂപീകരിക്കപ്പെടണം. ഏതെങ്കിലും ഭരണം ഈ ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന തരത്തിലാവുകയാണെങ്കിൽ അവയെ മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.”
സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നെങ്കിലും യുദ്ധം അവസാനിച്ചിട്ടുണ്ടായിരുന്നില്ല. ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ നടന്ന യുദ്ധം 1781 ലാണ് അവസാനിച്ചത്. 1783 ൽ പാരീസ് ഉടമ്പടിയിലൂടെ ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. ഇതേ തുടർന്ന് ഫിലാഡൽഹിയയിൽ ഭരണഘടന സമ്മേളനം ചേരുകയും ജെയിംസ് മാഡിസന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്ക് വേണ്ടി ഒരു ഭരണഘടന എഴുതി തയ്യാറാക്കുകയും ചെയ്തു. ഇതായിരുന്നു ലോകത്തിലെ തന്നെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി ജോർജ് വാഷിങ്ടൺ തെരഞ്ഞെടുക്കപ്പെട്ടു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പിൽക്കാലങ്ങളിൽ നടന്ന വിവിധ സ്വാതന്ത്രസമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നത് അമേരിക്കൻ സ്വാതന്ത്ര്യസമരം ആയിരുന്നു. സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രം എന്ന ആശയവും റിപ്പബ്ലിക്കൻ ഭരണരീതിയും ലോകത്തിനു സമ്മാനിക്കാൻ അമേരിക്കക്ക് സാധിച്ചു.
അമേരിക്കയിലെ 13 കോളനികൾ
ന്യൂ ഹാംപ് ഷെയർ
ന്യൂയോർക്ക്
മസാച്ചുസെറ്റ്സ്
റോഡ് ഐലന്റ്
കണക്ടികട്ട്
പെനിസിൽവാനിയ
ന്യൂ ജേഴ്സി
ദലാ വയർ
വെർജിനിയ
മേരി ലാൻഡ്
നോർത്ത് കരോലിന
സൗത്ത് കരോലിന
ജോർജിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.