ആൻഫ്രാങ്ക് ചരിത്രം പറഞ്ഞവൾ
text_fieldsഹിറ്റ്ലറുടെ അധിനിവേശ കാലത്ത് ഫ്രാങ്ക് ഫർട്ടിൽ നിന്നും ആംസ്റ്റർഡാമിലേക്ക് കുടിയേറിയ പുരാതന ജൂതകുടുംബത്തിലെ അംഗമാണ് ആൻഫ്രാങ്ക്. 1929 ജൂൺ 12ന് ഓട്ടോഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ആൻലീസ് മരിയ എന്ന ആൻഫ്രാങ്ക് ജനിച്ചു. ഒരെഴുത്തുകാരിയാവണമെന്ന് അതിയായി ആഗ്രഹിച്ച ആ പെൺകുട്ടി തന്റെ ഡയറിക്കുറിപ്പുകൾകൊണ്ട് മരണാനന്തരം ലോകമറിയപ്പെടുന്നവളായി. പീഡിതമനുഷ്യരുടെ പ്രതിനിധിയായി മാറുകയായിരുന്നു ആൻ. അവളുടെ കുറിപ്പുകൾ മാത്രമല്ല,...
Your Subscription Supports Independent Journalism
View Plansഹിറ്റ്ലറുടെ അധിനിവേശ കാലത്ത് ഫ്രാങ്ക് ഫർട്ടിൽ നിന്നും ആംസ്റ്റർഡാമിലേക്ക് കുടിയേറിയ പുരാതന ജൂതകുടുംബത്തിലെ അംഗമാണ് ആൻഫ്രാങ്ക്. 1929 ജൂൺ 12ന് ഓട്ടോഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ആൻലീസ് മരിയ എന്ന ആൻഫ്രാങ്ക് ജനിച്ചു. ഒരെഴുത്തുകാരിയാവണമെന്ന് അതിയായി ആഗ്രഹിച്ച ആ പെൺകുട്ടി തന്റെ ഡയറിക്കുറിപ്പുകൾകൊണ്ട് മരണാനന്തരം ലോകമറിയപ്പെടുന്നവളായി. പീഡിതമനുഷ്യരുടെ പ്രതിനിധിയായി മാറുകയായിരുന്നു ആൻ. അവളുടെ കുറിപ്പുകൾ മാത്രമല്ല, ആനിനെ കുറിച്ചെഴുതിയതും ബെസ്റ്റ് സെല്ലറുകളായി സാഹിത്യലോകം തിരഞ്ഞെടുത്തു.
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആംസ്റ്റർഡാമിലെ പ്രിൻസൺഗ്രിച്ച് തെരുവിലുള്ള രഹസ്യ ഒളിസങ്കേതത്തിലിരുന്നാണ് ആൻഫ്രാങ്ക് ഡയറിക്കുറിപ്പുകൾക്ക് ജന്മംനൽകിയത്. 1942 ജൂൺ 12ന് ആനിന്റെ 13ാം പിറന്നാളിന് പിതാവായ ഓട്ടോഫ്രാങ്ക് സമ്മാനിച്ചതാണ് ചുവപ്പിൽ വെള്ള നിറങ്ങളാൽ അലങ്കരിച്ച ഡയറി. 'ഇന്നുവരെ ആരോടും പങ്കുവെക്കാൻ കഴിയാത്തതൊക്കെയും നിന്നോട് പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എനിക്ക് എന്നും ആശ്വാസവും പിന്തുണയും നൽകുമെന്ന് തോന്നിപ്പോകുന്നു' -ഇതായിരുന്നു ആനിന്റെ ഡയറിയിലെ ആദ്യവരികൾ.
എഴുത്ത് ആരംഭിച്ചത് 1942 ജൂൺ 12നാണെങ്കിലും ഡയറിയുടെ രൂപത്തിലുള്ള ആദ്യകുറിപ്പ് 1942 ജൂൺ 14നായിരുന്നു. ആനിന്റെ മുതിർന്നസഹോദരി മർഗോട്ടിന് ലേബർ ക്യാമ്പിൽ എത്താനുള്ള ഉത്തരവ് ലഭിച്ചതോടെ ആനിന്റെ കുടുംബം 1942 ജൂലൈ ആറിന് ഒളിവിൽ പോകുകയായിരുന്നു. ഓട്ടോയുടെ ജോലിസ്ഥലത്തെ ഒളിസങ്കേതമായ സീക്രട്ട് അനക്സിലായിരുന്നു പിന്നീടുള്ള ആനിന്റെയും കുടുംബത്തിന്റെയും ജീവിതം. അവിടെ കഴിഞ്ഞ രണ്ടുവർഷക്കാലം ആനിന്റെ പ്രിയ ചങ്ങാതിയായി കിറ്റി എന്ന ഓമനപേരിട്ട് വിളിച്ച ഡയറി മാറി.
1944 മാർച്ച് 25ന് ആൻ ഡയറിയിലെഴുതിയത് ഇങ്ങനെ. ''എനിക്ക് ജീവിച്ചുകൊണ്ടേയിരിക്കണം മരണശേഷവും, എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ജീവിക്കണം. ചുറ്റുമുള്ളവർക്ക് ആഹ്ലാദം പകരാൻ കഴിയണം. എന്നെ ശരിക്കും അറിയാത്തവർക്കു പോലും''.
അവസാനത്തെ കുറിപ്പുകൾ
1944 ആഗസ്റ്റ് ഒന്നിനായിരുന്നു ആൻ അവസാനമായി ഡയറിക്കുറിപ്പെഴുതിയത്. അതുകഴിഞ്ഞ് മൂന്നുദിവസങ്ങൾക്കുള്ളിൽ നാസി പൊലീസ് അവരുടെ ഒളിത്താവളം കണ്ടെത്തുകയും പിടികൂടുകയും ചെയ്തിരുന്നു. ഓഷ്വിറ്റ്സ് ക്യാമ്പ് നരകമാണെങ്കിൽ ബെർജൺ- ബെൽസൺ കൊടും നരകമാണ്. 60 പേർക്കുള്ള ബാരക്സിൽ 600 ആളുകളെയാണ് നിറച്ചിരുന്നത്. മൃഗങ്ങളെ പോലെ അടിവാങ്ങി തടവുകാർ അതിൽ ഇഴഞ്ഞു നടന്നു. ആൺഡ്രൂസ് പെയേഴ്സന് എന്ന ബ്രിട്ടീഷ് ആർമി ക്യാപ്റ്റൻ പറഞ്ഞതാണിത്. 1945 മാർച്ചിൽ 17,000ത്തിലധികം ആളുകൾ ബെർജൺ- ബെൽസൺ ജയിലിൽ മരണമടഞ്ഞു. അതേ ക്യാമ്പിൽ ടൈഫസ് സാംക്രമിക രോഗം ബാധിച്ച് ആൻഫ്രാങ്കും സഹോദരി മാർഗരറ്റും ലോകത്തോട് വിടപറഞ്ഞു.
പിറകിലത്തെ വീട്
1947 മാർച്ചിൽ (het achterhuis) 'പിറകിലത്തെ വീട്' എന്നപേരിൽ ഡയറി പ്രസിദ്ധീകരിച്ചു. ആൻ തന്റെ നോവലിനിടാൻ വെച്ച പേരായിരുന്നു അത്. 1950ൽ ജർമൻ, ഫ്രഞ്ച് വിവർത്തനങ്ങൾ പുറത്തിറങ്ങി. 1952ലാണ് ആദ്യ അമേരിക്കൻ പതിപ്പിറങ്ങുന്നത്. അതിന്റെ പേരായിരുന്നു ann frank; the diary of a young girl. ഡയറിയെക്കുറിച്ചുള്ള ആദ്യനാടകം അമേരിക്കക്കാരനായ മെയർ ലെവിന്റേതായിരുന്നു. ഫ്രാൻസ് ഗുഡ്റിച്ചും ആൽബെർട്ട്ഹാക്കെറ്റും രചിച്ച രണ്ടാമത്തെ നാടകത്തിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അറുപതോളം ഭാഷകളിലേക്കാണ് ഡയറിക്കുറിപ്പുകൾ വിവർത്തനം ചെയ്യപ്പെട്ടത്. ആനിന്റെ ഡയറിക്കുറിപ്പുകളാണ് തനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്ന് ജയിൽ മോചിതനായശേഷം നെൽസൺ മണ്ടേല പറഞ്ഞിരുന്നു.
ഡയറിക്കുറിപ്പിലെ ചില വരികൾ
- ദുരിതങ്ങളെക്കുറിച്ചല്ല ഇപ്പോഴും അവശേഷിക്കുന്ന ചില സൗന്ദര്യത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.
- ഒരൊറ്റ മെഴുകുതിരികൊണ്ട് ഇരുട്ടിനെ വെല്ലുവിളിക്കാനും നിർവചിക്കാനും സാധിക്കും.
- മിണ്ടാതിരിക്കാൻ മറ്റുള്ളവർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ, സ്വന്തം അഭിപ്രായം പറയുന്നതിൽനിന്ന് ഇത് നിങ്ങളെ തടയില്ല.
- മാതാപിതാക്കൾക്ക് നല്ല ഉപദേശം നൽകാനും ശരിയായ പാതയിലേക്ക് നയിക്കാനും മാത്രമേ കഴിയൂ. എന്നാൽ, ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ അന്തിമ രൂപം അവരുടെ കൈകളിൽതന്നെയാണ്.
ആറു മില്യൺ ജൂതന്മാരെ കൊലപ്പെടുത്തിയ യുദ്ധമെന്നല്ല ഇതിനെ വിശേഷിപ്പിക്കേണ്ടത്.ഓരോ ജൂതനും ആറു മില്യൺ തവണ കൊലചെയ്യപ്പെട്ട യുദ്ധമെന്നാണ് ഡച്ച് സാഹിത്യകാരനായ ഏബെൽസ് ഹെഴ്സ്ബെർ അഭിപ്രായപ്പെട്ടത്. അതിർവരമ്പുകൾ ഭേദിച്ച് യുദ്ധങ്ങളും പലായനങ്ങളും അഭയാർഥിപ്രവാഹങ്ങളും തുടരുമ്പോൾ ആൻഫ്രാങ്കും അവളുടെ ഡയറിക്കുറിപ്പുകളും പുനർവായനക്ക് വിധേയമായിക്കൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.