ഉരുകിത്തീരുമോ?
text_fieldsമഞ്ഞുമലകളാൽ ചുറ്റപ്പെട്ട തണുത്തുറഞ്ഞ വൻകരയാണ് അന്റാർട്ടിക്ക. കനത്ത ചൂടും മാറുന്ന കാലാവസ്ഥയും പ്രകടമായ മാറ്റങ്ങളാണ് ഈ വൻകരയിൽ സൃഷ്ടിക്കുന്നത്. അടുത്തിടെ കിഴക്കൻ അന്റാർട്ടിക്കയിലെ കോങ്കർ മഞ്ഞുപാളിക്ക് കനത്ത നാശം സംഭവിച്ച വിവരം നാസ പുറത്തുവിട്ടിരുന്നു. 1970കളിൽ ഉരുകാൻ തുടങ്ങിയ മഞ്ഞുപാളികളുടെ പകുതിയിലധികം പ്രദേശങ്ങളും മാർച്ചോടെ നശിക്കുകയായിരുന്നു. അന്റാർട്ടിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിമനാശങ്ങളിലൊന്നുകൂടിയാണ് ഇത്. സ്ഥിരമായി മനുഷ്യവാസമില്ലാത്ത അന്റാർട്ടിക്കയുടെ മറ്റു വിശേഷങ്ങളറിയാം.
ഭൂമിയുടെ തെക്കേ അറ്റത്തെ വൻകരയാണ് അന്റാർട്ടിക്ക. 98 ശതമാനവും മഞ്ഞുമൂടിയ നിലയിലാണ് ഇവിടം. ആർട്ടിക്കിന് എതിർവശത്തുള്ള എന്ന അർഥം വരുന്ന അന്റാർറ്റിക്കൊസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് അന്റാർട്ടിക്ക എന്ന പേരുവന്നത്. 140 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. സാധാരണ ജനജീവിതം ഇവിടെ സാധ്യമല്ലെങ്കിലും ആയിരക്കണക്കിന് ഗവേഷകർ ഇവിടെ താമസിച്ച് പഠനം നടത്തിവരുന്നു. കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെൻഗ്വിൻ, നീലത്തിമിംഗലം തുടങ്ങിയവരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. 20 കോടി വർഷം മുമ്പ് ഭൂമധ്യരേഖ അൻറാർട്ടിക്കയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് പഠനങ്ങൾ പറയുന്നു. നിബിഡമായ മഴക്കാടുകൾ ഇവിടെ സമൃദ്ധമായിരുന്നുവത്രേ. എന്നാൽ, ലക്ഷക്കണക്കിനു വർഷങ്ങൾകൊണ്ട് വേണ്ടത്ര സൂര്യപ്രകാശമോ ചൂടോ ലഭിക്കാതെ തണുത്തുറഞ്ഞാണ് അൻറാർട്ടിക്കയുണ്ടായതെന്ന് പറയുന്നു.
ശുദ്ധജലസംഭരണി
അന്റാർട്ടിക്കയിലാണ് ലോകത്തിലെ മുഴുവൻ ശുദ്ധജലത്തിന്റെ 90 ശതമാനവും. മഞ്ഞുപാളികളായി സ്ഥിതിചെയ്യുന്ന ഇവയിൽ 44 ശതമാനം മഞ്ഞുപാളികളും ഒഴുകിനടക്കും. ഉറച്ച ഹിമഭിത്തികൾ 38 ശതമാനവും ഹിമപ്രവാഹം 13 ശതമാനവും വരും. മറ്റു വൻകരകളെ അപേക്ഷിച്ച് സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴ്ന്നതും വരണ്ടതും മഞ്ഞുമൂടിക്കിടക്കുന്നതുമാണ് അന്റാർട്ടിക. ഏറ്റവും ശക്തിയായി കാറ്റുവീശുന്നതും ഇവിടെതന്നെ.
അൻറാർട്ടിക് ട്രീറ്റി
അൻറാർട്ടിക്കയെ മനുഷ്യരാശിയുടെ വികസനത്തിനും വിജ്ഞാനത്തിനുമായി പ്രയോജനപ്പെടുത്തുന്നതിനുള്ള ഉടമ്പടിയാണ് അൻറാർട്ടിക് ട്രീറ്റി. 1998 ജനുവരി 14ന് ഉടമ്പടി പ്രാബല്യത്തിൽ വന്നു. 1959 ഡിസംബറിൽ 12 രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച അൻറാർട്ടിക് സന്ധിയടക്കം ഇരുനൂറോളം കരാറുകൾ ഇതിൽപെടും. എണ്ണ, പ്രകൃതിവാതകം, കൽക്കരി, ഇരുമ്പയിര് എന്നിവ ഇവിടെ ധാരാളമുണ്ടെങ്കിലും അൻറാർട്ടിക്ക് ട്രീറ്റിയിലെ എൻവയൺമെൻറൽ പ്രോട്ടോക്കോൾ പ്രകാരം 2048വരെ ഇവിടെ ഖനനം നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യ അൻറാർട്ടിക്കയിൽ
1981ൽ ഇന്ത്യ ആദ്യമായി അൻറാർട്ടിക് പര്യവേക്ഷണത്തിന് തുടക്കമിട്ടു. 1983 ഡിസംബറിൽ ഇന്ത്യ അവിടെ 'ദക്ഷിണ ഗംഗോത്രി' എന്ന പഠന ഗവേഷണ സ്റ്റേഷൻ ആരംഭിച്ചു. 1989ൽ രണ്ടാമത്തെ സ്റ്റേഷൻ 'മൈത്രി' സ്ഥാപിച്ചു. 2012ൽ തുടങ്ങിയ സ്റ്റേഷനാണ് ഭാരതി. ലാർസ്മാൻ ഹിൽസിലാണ് ഇതിെൻറ ആസ്ഥാനം.
അൻറാർട്ടിക്കയിൽ ഇന്ത്യക്ക് സ്വന്തമായുള്ള പോസ്റ്റ് ഓഫിസിന്റെ പേരാണ് ദക്ഷിണ ഗംഗോത്രി. 1988ൽ ഇന്ത്യൻസംഘത്തിെൻറ മൂന്നാമത്തെ പര്യടനത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥാപിച്ചത്. 1990ൽ പകുതിയോളം മഞ്ഞിനടിയിലായ ദക്ഷിണ ഗംഗോത്രി പ്രവർത്തനം നിർത്തി. ശേഷം ഇന്ത്യൻ പോസ്റ്റ് ഓഫിസ് ഇന്ത്യയുടെ രണ്ടാമത്തെ റിസർച് സ്റ്റേഷനായ മൈത്രിയിലേക്ക് മാറ്റി.
സ്ഥിരതാമസക്കാർ
സസ്യവർഗങ്ങളായ പായലുകൾ, പൂപ്പലുകൾ, ആൽഗകൾ എന്നിവക്കൊപ്പം അൻറാർട്ടിക് മുടിപ്പുല്ലും (Deschampsia antarctica) അൻറാർട്ടിക്ക് പേൾവർട്ടും ഇവിടെക്കാണാം. ഹിമ കടൽപക്ഷി (Snow petrel), അഞ്ചിനം പെൻഗ്വിനുകൾ, ആൽബട്രോസ് എന്നീ പക്ഷികളും ക്രിൽ, നീലത്തിമിംഗലം, സീൽ എന്നിവയും ഏകദേശം 12 മില്ലിമീറ്റർ വലുപ്പമുള്ള ബെൽജികാ അൻറാർട്ടികാ (Belgica antarctica) എന്നയിനം ചിറകില്ലാ പ്രാണിയെയും ഇവിടെ കണ്ടുവരുന്നു. അതേസമയം, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന നിരവധി ജീവജാലങ്ങളുടെ ഫോസിലുകൾ അൻറാർട്ടിക്കയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.