Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Journey to the Gen Next
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightJourney to the Gen...

Journey to the Gen Next

text_fields
bookmark_border

(തയാറാക്കിയത്: ഡോ. എം. അബ്ദുൾ റഹ്മാൻ, ഡയറക്ടർ, എൽ.ബി.എസ് സെന്റർ)

ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന, ആശുപത്രികളിൽ മരുന്നുവിതരണം നടത്തുന്ന റോബോട്ടുകളെ കണ്ടിട്ടുണ്ടോ? തേങ്ങ പറിക്കുന്ന, ചെടികൾക്ക് മരുന്നു തെളിക്കുന്ന ഡ്രോണുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഡ്രൈവർ ഇല്ലാതെ നിരത്തുകളിൽ കാറുകൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?

ഇതിൽ ചിലത് നേരിട്ടും ചിലത് വാർത്തകളിലൂടെയും നമുക്കു മുന്നിൽ അത്ഭുതം വിതച്ചിട്ടുണ്ട്. എന്നാലിനിയങ്ങോട്ട് ഇവയുടെ കാലമാണ്. മനുഷ്യൻ സൃഷ്ടിച്ച യന്ത്രങ്ങൾ മനുഷ്യനെ നിയന്ത്രിക്കുന്ന കാലം. കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് നാം പറഞ്ഞുവെച്ച സാങ്കേതികവിദ്യ ഇന്നിപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമാവുകയാണ്. വീടുവൃത്തിയാക്കലും പാത്രം കഴുകലും തുടങ്ങി സങ്കീർണമായ ഹൃദയശസ്ത്രക്രിയ വരെ ചെയ്യാനും വൻകിട കെട്ടിടങ്ങൾ പണിതുയർത്താനും ശത്രുവിനെതിരെ മാരകായുധങ്ങൾ തൊടുക്കാനും ഇന്ന് ഈ സാങ്കേതികവിദ്യ കൂട്ടിനുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും

മനുഷ്യൻ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കാൻ യന്ത്രങ്ങളെ പ്രാപ്തരാക്കുക. ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തുക, മനുഷ്യ തിരിച്ചറിവുകൾ പോലെ ഉൾക്കൊള്ളാൻ യന്ത്രങ്ങളെ സജ്ജമാക്കുക തുടങ്ങിയവയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും പോലുള്ള സാങ്കേതികവിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. യന്ത്രവത്കരണം വ്യവസായ മേഖലയിൽ വൻ മാറ്റങ്ങളാണ് തുടക്കമിട്ടത്. മനുഷ്യന് അസാധ്യമായത് യന്ത്രങ്ങൾ ചെയ്തുവരുന്നു. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ മനുഷ്യൻ അറക്കുന്നതും മനുഷ്യശക്തിക്ക് അപ്രാപ്തമായതുമായ പ്രവൃത്തികളെല്ലാം നാം യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കുന്നു. ഭൂരിഭാഗം യന്ത്രപ്രവർത്തനങ്ങൾക്കും ‘ബുദ്ധി’ ആവശ്യമില്ല. എന്നാൽ ഈ പ്രക്രിയയിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

സാഹചര്യങ്ങൾക്കനുസരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തിയിൽ പെട്ടെന്ന് മാറ്റം വരുത്തുന്നതിനും ചുറ്റുപാടുകളിൽ നിന്നുള്ള ചലനങ്ങളും മുന്നറിയിപ്പുകളും ഉൾക്കൊണ്ട് തീരുമാനങ്ങളെടുക്കുന്നതിനുമുള്ള (Decision Making) പ്രാഗല്ഭ്യമാണ് എ.ഐ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കുള്ളത്. ചുരുക്കിപ്പറഞ്ഞാൽ യന്ത്രങ്ങൾക്ക് ‘കൃത്രിമബുദ്ധി’ വെച്ചുപിടിപ്പിക്കുന്ന ശാഖയാണിത്.

വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസുപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം കൂടിവരുന്നതാണ് കാണുന്നത്. നാം വീട്ടിലുപയോഗിക്കുന്ന വാഷിങ് മെഷീനിൽപോലും ഈ കൃത്രിമബുദ്ധിയുടെ ചെറിയ ഉപയോഗമുണ്ട്. നമ്മൾ വീട്ടിൽ ചെന്ന് ബെല്ലടിച്ചാൽ നാളെകളിൽ വാതിൽ തുറന്നുതരിക മനുഷ്യരാവില്ല. പകരം റോബോട്ടുകളാവും. വീട്ടുകാവലിനും സെക്യൂരിറ്റികളായും റോബോട്ടുകൾ അതിവേഗം കമ്പോളം കീഴടക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ വിവിധ മേഖലകൾ കീഴടക്കുന്നത് ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെ വർധിപ്പിച്ചിട്ടുണ്ട്. കഴിവും പ്രാഗല്ഭ്യവുമുള്ള വിദഗ്ധരെ തേടിനടക്കുകയാണ് വൻകിട കമ്പനികൾ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്​, കമ്പ്യൂട്ടർ എന്നീ ശാഖകളുടെ ഏകോപനം ഈ മേഖലക്ക് അനിവാര്യമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വഴി കൃത്രിമബുദ്ധി സൃഷ്​ടിച്ചെടുക്കുകയെന്ന ദൗത്യമാണിവിടെ പ്രധാനം. വരുംകാലങ്ങളിൽ എ.ഐ എല്ലാ മേഖലകളെയും കീഴടക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനു വേണ്ടി മാത്രമായി യു.എ.ഇ ഒരു മന്ത്രിയെ നിയോഗിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയത് കണ്ടിരിക്കുമല്ലോ? വളരെ വേഗം വികാസം പ്രാപിക്കുന്ന ഒരു ശാഖയായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ മാറിക്കഴിഞ്ഞു.

തീൻമേശയിൽ ഭക്ഷണം വിളമ്പുന്നതിനും വീട്ടിലും വ്യാപാരശാലകളിലും ഓഫിസുകളിലും കാവൽനിൽക്കുന്നതിനും റോബോട്ടുകളെത്തിക്കഴിഞ്ഞു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ വഴി ശിശു ജനിച്ച വാർത്തവരെ നാം വായിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പുകളിൽ വരെ സ്വാധീനം ചെലുത്തി ഫേസ്​ബുക്കും ഇൻറർനെറ്റ് സംവിധാനങ്ങളും വളർന്നത് വലിയ വിവാദമായതും നാം കണ്ടു. സാങ്കേതിക വിദ്യയുടെ വളർച്ച അത്ഭുതപ്പെടുത്തുംവിധമാണ്. ഡേറ്റ അഥവാ വിവരം ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്​തുവായി മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യകളായ ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയുമായി സംയോജിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുമ്പോൾ മനുഷ്യന് അസാധ്യമായതെന്തും സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്കാവും.

ഡേറ്റ അനലിറ്റിക്സ്​

ഡേറ്റയാണ് ഇന്ന് ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. കാംബ്രിജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കമ്പനി ഫേസ്​ബുക്ക് വഴിയുള്ള ആളുകളുടെ വിവരങ്ങൾ ചോർത്തി അമേരിക്കൻ തിരഞ്ഞെടുപ്പിലുപയോഗിച്ചത് ഏറെ വിവാദമുണ്ടാക്കിയപ്പോഴാണ് ‘ഡേറ്റയുടെ വില’ സാധാരണക്കാരനറിഞ്ഞത്. ഈ വിവാദത്തോടെ 2018 മേയിൽ കാംബ്രിജ് അനലിറ്റിക്ക പൂട്ടിയെങ്കിലും ഡേറ്റ അനലിറ്റിക്സിന്റെ സാധ്യതകൾ എല്ലാ തലത്തിലും ഉപയോഗിക്കുന്നതായാണ് കണ്ടത്. വൻകിട കമ്പനികളുടെ ബിസിനസ്​ സ്​ട്രാറ്റജി തീരുമാനിക്കുന്നതിന് ബിഗ് ഡേറ്റ അനലറ്റിക്സ്​ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ മനസ്സറിയാനും അവരെ തങ്ങളുടെ വസ്​തുവിലേക്ക് ആകൃഷ്​ടരാക്കാനും ഇതുവഴി കഴിയുന്നുണ്ട്. കാലാവസ്​ഥ സംവിധാനം പോലുള്ള സങ്കീർണമായ മേഖലകളിലും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.ടി മേഖലയിൽ ഏറെ തൊഴിൽസാധ്യതകളുള്ള ഒന്നായി ഡേറ്റ അനലിറ്റിക്സ്​ രംഗം മാറിയിരിക്കുന്നു.

ബ്ലോക്ക് ചെയിൻ ടെക്നോളജി

വികേന്ദ്രീകൃതമായും വിവിധ കമ്പ്യൂട്ടർ ശൃംഖലകളിലായും വിഘടിച്ചുകിടക്കുന്ന പബ്ലിക് ഡിജിറ്റൽ ലെഡ്ജർ സിസ്റ്റമാണ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ. ഇതുവഴി ഒരിടത്തയായല്ല വിവരങ്ങൾ ശേഖരിച്ചുവെച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നെറ്റ്‍വർക്കുകളിലായി കിടക്കുന്നതിനാൽ, ഒരിടത്തെ വിവരങ്ങളിൽ മാത്രം കൃത്രിമം കാണിക്കാനാകില്ല. 1991ൽ സ്റ്റുവർട്ട് ഹാബറും സ്​കോട്ട് സ്റ്റോർനെറ്റയും ചേർന്നാണ് ലോകത്തിലെ പ്രഥമ ബ്ലോക്ക് ചെയിനിന് തുടക്കമിട്ടതെങ്കിലും 2008ൽ സതോഷി നാകാമോട്ടോ ആണ് ഇത് യാഥാർഥ്യമാക്കിയത്. ബിറ്റ് കോയിൻ ഡിജിറ്റൽ കറൻസിയിൽ ഉപയോഗിച്ചത് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണ്. ഡിജിറ്റൽ കറൻസിക്കു പുറമെ മറ്റു മേഖലകളിലേക്കും അതിവേഗം ഈ സാങ്കേതിക വിദ്യ പടർന്നുകൊണ്ടിരിക്കുന്നു. വിഡിയോ ഗെയിമിലേക്കും സംഗീതത്തിലേക്കും ബ്ലോക്ക് ചെയിൻ വ്യാപിച്ചിരിക്കുന്നു. 2025ഓടെ ലോകത്തിലുള്ള 50 ശതമാനം സ്​ഥാപനങ്ങളിലും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുമെന്നാണ് പഠനം.

വെർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും

സങ്കൽപത്തിലെ ലോകം നമുക്കു മുന്നിൽ സൃഷ്​ടിക്കപ്പെട്ടാലോ? എത്രയോ കാലമായി നാം സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട്. അതാണ് ഈ സാങ്കേതിക വിദ്യകൾ വഴി യാഥാർഥ്യമായിരിക്കുന്നത്. ദൂരെ അമേരിക്കയിലിരിക്കുന്ന മക്കളോട് തൊട്ടടുത്തെന്നപോലെ കെട്ടിപ്പിടിച്ച്, ഷേക് ഹാൻഡ് ചെയ്ത് സംവദിക്കുന്നതിന് സാധ്യമാണിപ്പോൾ. ഗെയിമിങ്, ത്രീഡി സിനിമ എന്നിവയിലാണ് വെർച്വൽ റിയാലിറ്റി കൂടുതലായും ഉപയോഗിക്കുന്നത്. മെഡിക്കൽ, ഫ്ലൈറ്റ് സിമുലേഷൻ, ഓട്ടോമൊബൈൽ വ്യവസായം, മിലിട്ടറി സംവിധാനം എന്നീ മേഖലകളിലും ഇതി​ന്റെ ഉപയോഗം ധാരാളമാണ്. യഥാർഥ ശസ്​ത്രക്രിയക്കു മുമ്പ് വെർച്വൽ റിയാലിറ്റി (വി.ആർ) ഉപയോഗിച്ചുള്ള ശസ്​ത്രക്രിയ നടത്തി പരീക്ഷിക്കാം. സെൻസറുകൾ ഉൾപ്പെടുന്ന ഹാർഡ് വെയറുകൾ കൂടാതെ സോഫ്റ്റ്​വെയറും ചേർന്നാണ് ഈ സാങ്കേതികവിദ്യാ പ്രവർത്തനം. വി.ആർ ആപ്ലിക്കേഷൻസിനായി പ്രത്യേക കണ്ണടകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരു ലൈവ് വ്യൂവിന് ഡിജിറ്റൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തുന്നതാണ് ഓഗ്മെന്റഡ് റിയാലിറ്റി. പോക്കിമോൻ ഗോ എന്ന ഗെയിം ഇതിനുദാഹരണമാണ്. നമ്മുടെ സ്​മാർട്ട്ഫോണുകൾ വഴി പോലും ഓഗ്മെന്റഡ് റിയാലിറ്റി സാധ്യമാക്കാവുന്നതാണ്.

ഇൻറർനെറ്റ് ഓഫ് തിങ്സ്

കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സ്​മാർട്ട്ഫോണുകളും ഒരു ശൃംഖലയിൽ ബന്ധിപ്പിച്ച് ഇന്ററർനെറ്റ് വഴി നിയന്ത്രിക്കുന്നത് സാധാരണമാണ്. ഈ ഇന്റർനെറ്റ് സംവിധാനം വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, സെൻസറുകൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി മറ്റിടങ്ങളിലേക്ക് വ്യാപിച്ചുള്ള നിയന്ത്രണവും പ്രവർത്തനവുമാണ് ഇൻറർനെറ്റ് ഓഫ് തിങ്സ്​ അഥവാ ഐ.ഒ.ടി. ഓഫിസിലെത്തുമ്പോഴാണ് വീട്ടിലെ ഫാനും എ.സിയും ഓഫ് ചെയ്യാൻ വിട്ടുപോയെന്നറിയുന്നത്. തന്റെ സ്​മാർട്ട്ഫോൺ ഉപയോഗിച്ച് ഇവയൊക്കെ എവിടെനിന്നും നിയന്ത്രിക്കാൻ ഐ.ഒ.ടിവഴി സാധിക്കും. മെഡിക്കൽ, ട്രാൻസ്​പോർട്ടേഷൻ, ബിൽഡിങ് ഹോം ഓട്ടോമേഷൻ, നിർമാണം, വ്യവസായം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും ഐ.ഒ.ടി വ്യാപകമാവുകയാണ്. ഇതുവരെ 37 ബില്യൺ ഉപകരണങ്ങൾ ഐ.ഒ.ടി വഴി പ്രവർത്തിക്കുന്നുണ്ട്. 2023ഓടെ ഇത് 54 ബില്യൺ ആയും 2025ൽ 76 ബില്യൺ ആയും വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceVirtual Reality
News Summary - Artificial Intelligence Journey to the Gen Next
Next Story