മണ്ണിന്റെ ആരോഗ്യത്തിന് അസോള സസ്യം
text_fieldsമണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ വേണ്ടി രാസവളങ്ങൾ ഉപയോഗിക്കുന്നത് സർവ സാധാരണമായി കഴിഞ്ഞു. കാർഷിക ഉൽപന്നത്തിന്റെ പോഷക മൂല്യക്കുറവ്, മലിനീകരണം, പ്രതികൂല പാരിസ്ഥിതിക ഫലങ്ങൾ എന്നിവ രാസവള പ്രയോഗത്തിലൂടെ സംഭവിക്കാറുണ്ട്. മനുഷ്യന്റെ ആരോഗ്യാവസ്ഥയിലും ആവാസവ്യവസ്ഥകളുടെ സന്തുലനത്തിലും അമിതമായ രാസവളപ്രയോഗം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രാസവളങ്ങൾക്ക് വിശ്വസനീയമായ ഒരു ബദലാണ് ജൈവവളങ്ങൾ.
ജൈവവളങ്ങളുടെ പട്ടികയിൽ സൂക്ഷ്മ ജീവികളെതന്നെ മണ്ണിൽ ചേർത്ത് മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ കഴിയുന്നവയാണ് ജീവാണു വളങ്ങൾ (Microbial Inoculants). ബാക്ടീരിയ, ഫംഗസ്, ആൽഗകൾ എന്നീ പ്രകൃതിദത്ത സൂക്ഷ്മ ജീവികളെയാണ് ഇതിന് ഉപയോഗിക്കുന്നത്. മണ്ണിനെ പുനരുജ്ജീവിപ്പിക്കാനും വിളവ് വർധിപ്പിക്കാനും ഇവ സഹായിക്കുന്നു. റൈസോബിയം ബാക്ടീരിയ അടങ്ങിയ ജീവാണുവളങ്ങൾ മണ്ണിലെ നൈട്രജൻ മൂലകത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. അസറ്റോ ബാക്ടർ, അസോസ് പെറില്ലം എന്നീ ബാക്ടീരിയകളും ജീവാണുവള നിർമാണത്തിന് ഉപയോഗിക്കുന്നവയാണ്.
ജലസസ്യമായ അസോളയും ജീവാണു വളമാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന അസോളയിൽ അനബേന എന്ന സയനോ ബാക്ടീരിയയുള്ളതിനാൽ നൈട്രജൻ സ്ഥിരീകരണത്തിന് അസോള സഹായിക്കുന്നു. പയർ വർഗങ്ങളെക്കാൾ മൂന്നിരട്ടി അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണം (Nitrogen Fixation) നടത്താൻ അസോളക്ക് കഴിയും.
പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, വിവിധതരം വിറ്റമിനുകൾ എന്നിവയുടെ സ്രോതസ്സായ അസോള കന്നുകാലികൾക്കുള്ള തീറ്റയായും ഉപയോഗിക്കുന്നു. ചെറിയ കുളങ്ങളിൽ അസോള സമൃദ്ധമായി വളർത്താൻ കഴിയും. അസോള നേരിട്ട് മണ്ണിൽ ചേർക്കുകയോ ഉണക്കിപ്പൊടിച്ച് മണ്ണിൽ ചേർക്കുകയോ ആകാം. മണ്ണിന് മുതൽക്കൂട്ടാകുന്ന ഒന്നാംതരം ജൈവവളമാണ് അസോള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.