ചിങ്ങപ്പുലരി
text_fieldsപഞ്ഞക്കർക്കടകം മാറി ചിങ്ങം ഒന്ന് പിറന്നു. കേരളത്തിൽ കർഷകദിനമാണ് ചിങ്ങം ഒന്ന്. കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന മാസം. ദേശീയതലത്തിൽ ഡിസംബർ 23 ആണ് കർഷകദിനമായി ആചരിക്കുന്നത്.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് മലയാളികൾക്ക് ചിങ്ങപ്പുലരി. കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചില നുറുങ്ങ് അറിവുകൾ പരിചയപ്പെടാം.
നാഴി
വ്യാപ്തം അളക്കുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്.
പറ
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. പത്തു പറ കണ്ടം എന്നു പറയുന്നത് പത്തുപറ വിത്ത് വിതക്കാൻ വേണ്ട സ്ഥലമാണ്.
പത്താഴം
മുൻകാലങ്ങളിൽ ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതുകൊണ്ട് ധാന്യങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.
കലപ്പ
വിത്ത് വിതക്കാനോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കലപ്പ.
കൃഷിച്ചൊല്ലുകൾ
- വിത്തുഗുണം പത്തുഗുണം
- മുളയിലറിയാം വിള
- വിത്താഴം ചെന്നാൽ പത്താഴം നിറയും
- ഞാറില്ലെങ്കിൽ ചോറില്ല
- മുൻവിള പൊൻവിള
- അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
- സാമ്പത്തുകാലത്ത് തൈപത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം
- അത്തത്തിന് വിതച്ചാൽ പത്താഴം പത്തു വേണം
- ആഴത്തിൽ ഉഴുത് അകലത്തിൽ വിതക്കുക
- കന്നിക്കൂർക്ക കലം പൊളിക്കും
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴക്കും
കാർഷികദിന ക്വിസ്
- കൃഷിയുടെ ഋഷി, കൃഷി ആചാര്യൻ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി? മസനോബു ഫുകുവോക്ക
- ഇന്ത്യയിലെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് കൃഷിക്ക് ഊന്നൽ നൽകിയത്? ഒന്നാം പഞ്ചവത്സര പദ്ധതി (1951-56)
- അന്താരാഷ്ട്ര നെൽവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? 2004
- എല്ലാ കാർഷിക വിളകളുടെയും ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭാരത സർക്കാർ നൽകുന്ന അംഗീകൃത മുദ്ര? അഗ്മാർക്ക് (agriculture marketing )
- മണ്ണിനെക്കുറിച്ചുള്ള പഠനശാഖ? പെഡോളജി
- ആധുനിക കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത്? നോർമൻ ബോർലോഗ്
- ഹരിതവിപ്ലവത്തിന്റെ പിതാവ്? ഡോ. നോർമൻ ബോർലോഗ്
- ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്? ഡോ. എം.എസ്. സ്വാമിനാഥൻ
- ഇന്ത്യയിൽ കൃഷിചെയ്യുന്ന നെല്ലിന്റെ ശാസ്ത്രീയ നാമം? ഒറൈസ സറ്റൈവ
- ജൈവകൃഷി എന്ന ആശയം കൊണ്ടുവന്ന ബ്രിട്ടീഷ് കൃഷി ശാസ്ത്രജ്ഞൻ? ആൽബർട്ട് നോവാർഡ്
- ഭാരതത്തിന്റെ നെല്ലറ? ആന്ധ്രപ്രദേശ്
- കേരള സർക്കാർ മികച്ച കർഷകനു നൽകുന്ന ബഹുമതി? കർഷകോത്തമ പുരസ്കാരം
- കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി? മൂങ്ങ
- മണ്ണും ജലവുമില്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി? എയറോപോണിക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.