101 ലേക്ക് വിളി
text_fieldsഉച്ചത്തിൽ സൈറൺ മുഴക്കി അഗ്നിരക്ഷസേയുടെ ഫയർ എൻജിൻ പോകുന്നത് കണ്ടിട്ടില്ലേ? ഏണിയും കയറും വാട്ടർ ടാങ്കുമെല്ലാമുണ്ടാകും ആ വാഹനത്തിൽ. സൈറൺ മുഴക്കി ചീറിപ്പായുമ്പോൾ മറ്റു വാഹനങ്ങൾ അരികിലേക്ക് ഒന്നു മാറിനിൽക്കും. എന്തെങ്കിലും അപകടം സംഭവിച്ചാലാണ് സൈറൺ മുഴക്കി അത്ര വേഗത്തിൽ ഫയർ എൻജിൻ പായുന്നത്. അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച അഗ്നിരക്ഷ സേനാംഗങ്ങളും അതിലുണ്ടാകും. അപകടം എന്തായാലും ആദ്യം ഓടിയെത്തുന്നത് ഇക്കൂട്ടരാകും.
തീപിടിത്തം, ജലാശയങ്ങളിലെ അപകടം, വാഹനാപകടം എന്തിനേറെ വിരലിൽ ഒരു മോതിരം കുടുങ്ങിയാൽപോലും ഇവർ സഹായത്തിനെത്തും. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചപ്പോൾ ദിവസങ്ങളോളം തീയണക്കാനായി പ്രവർത്തിച്ച അഗ്നിരക്ഷ സേനയെക്കുറിച്ച് നിങ്ങൾ വായിച്ചുകാണും. ഈ ലക്കം വെളിച്ചത്തിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങളും വിശേഷങ്ങളും പങ്കുവെക്കാം.
തുടക്കം റോമിൽ
പ്രാചീന റോമൻ സാമ്രാജ്യത്തിലാണ് അഗ്നിശമനസേനയുടെ ആദ്യരൂപമുണ്ടായത്. അഗസ്റ്റസ് ചക്രവർത്തിയുടെ ഭരണകാലത്തായിരുന്നു അത്. ഈജിപ്തിലും തീ അണക്കാൻ വാട്ടർ പമ്പുകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. റോമൻ സൈന്യാധിപനായിരുന്ന മാർക്കസ് ലിചീനിയസ് ക്രാസുസിെൻറ നേതൃത്വത്തിലാണ് ആദ്യ അഗ്നിരക്ഷാസേന നിലവിൽവരുന്നത്. 500 പേരായിരുന്നു സേനാംഗങ്ങൾ. എ.ഡി 60ൽ നീറോ ചക്രവർത്തി തീപിടിത്തം നേരിടാനായി ഒരു സൈന്യമുണ്ടാക്കി. സാങ്കേതിക വിദ്യ അധികെമാന്നും വളർന്നിട്ടില്ലാത്ത അക്കാലത്ത് ബക്കറ്റുകളിൽ വെള്ളം നിറച്ചായിരുന്നു തീകെടുത്തൽ. തീപിടിത്തം ഉണ്ടായതറിഞ്ഞാൽ അവിടേക്ക് മാർച്ച് ചെയ്ത് ഏറ്റവും അടുത്ത് വെള്ളം ലഭ്യമായിടത്തുനിന്നും വരിവരിയായി നിന്ന് വെള്ളം നിറച്ച ബക്കറ്റുകൾ കൈമാറിയായിരുന്നു ആദ്യകാലത്ത് തീ അണച്ചിരുന്നത്. ചൂല്, കുന്തം എന്നിവയും തീയണക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. ലണ്ടൻ നഗരത്തിൽ പലപ്പോഴായി ഉണ്ടായ അഗ്നിബാധയിൽ വലിയ നഷ്ടങ്ങളുണ്ടായി. ഇത്തരം തീപിടിത്തങ്ങളാണ് കൂടുതൽ വെള്ളം ഉപയോഗിച്ച് എങ്ങനെ തീപിടിത്തം തടയാം എന്നു ചിന്തിപ്പിച്ചത്. 16ാം നൂറ്റാണ്ടിൽ യൂറോപ്പിലും മറ്റും ഫയർ എൻജിനുകളുടെ ആദ്യരൂപമുണ്ടായിരുന്നു. ആദ്യം ഇത്തരം ഫയർ എൻജിനുകൾ നാലുപേർ ചേർന്ന് ചുമന്നാണ് കൊണ്ടുപോയിരുന്നത്. പിന്നീട് കുതിരകളുടെയും ആവി എൻജിനുകളുടെയും സഹായം തേടി. 1828ൽ ജോർജ് ബ്രെയ്ത്ത് വൈറ്റും ജോൺ എറിക്സണും ആവികൊണ്ട് പ്രവർത്തിക്കുന്ന ഫയർ എൻജിനുകൾ കണ്ടുപിടിച്ചു. ഇതോടെ അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിലായി.
1887 ഏപ്രിൽ ഒന്നിനാണ് ഇന്ത്യയിൽ ബോംബൈ ഫയർ ബ്രിഗേഡ്സ് നിലവിൽ വന്നത്. എന്നാൽ, പൊലീസിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി അതിന് മുമ്പും അഗ്നിശമന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. വലിയ പാത്രങ്ങളിലും കുതിരവണ്ടികളിലും വെള്ളമെത്തിച്ചായിരുന്നു തീപിടിത്തം നിയന്ത്രിച്ചിരുന്നത്. 1890ൽ ലണ്ടൻ ഫയർ ബ്രിഗേഡിെൻറ ഭാഗമായിരുന്ന ഡബ്ല്യു. നിക്കോൺസ് ചീഫ് ഓഫിസറായി ചുമതലയേറ്റു. 1907ൽ ആദ്യ മോട്ടോർ ഫയർ എൻജിൻ സേനയുടെ ഭാഗമായി. തീപിടിത്തം തടയാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 1913ൽ നഗരത്തിൽ ഫയർ അലാറം സ്ഥാപിക്കുകയുണ്ടായി. കുതിരകളെ ഉപയോഗിക്കും ആവിയന്ത്രത്തിലും പ്രവർത്തിക്കുന്ന സേനയെ പിന്നീട് പൂർണമായും യന്ത്രവത്കരിച്ചു. ഇത് വലിയൊരു മാറ്റത്തിന് വഴിവെച്ചു. 1948 ൽ എം.ജി. പ്രധാൻ ചീഫ് ഓഫിസറായി ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
കേരള ഫയർഫോഴ്സ്
കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിന്റെ മുമ്പു തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഫയർഫോഴ്സിന്റെ സേവനമുണ്ടായിരുന്നു. തിരു-കൊച്ചിയിൽ മൂന്നും മലബാറിൽ അഞ്ചും നിലയങ്ങളാണുണ്ടായിരുന്നത്. പൊലീസ് വകുപ്പിന് കീഴിലായിരുന്നു ആദ്യകാലത്ത് പ്രവർത്തനം. 1956ൽ കേരള ഫയർ സർവിസ് നിലവിൽ വന്നു. 1963 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു ഫയർഫോഴ്സിെൻറയും തലവൻ. 1962ൽ കേരള ഫയർ സർവിസ് നിയമം വന്നശേഷമാണ് പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്. 1967 വരെ ഡയറക്ടർ ഓഫ് സിവിൽ ഡിഫെൻസും പിന്നീട് 1970 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസുമായിരുന്നു സേനയെ നയിച്ചിരുന്നത്. 1970ലാണ് സേനക്ക് ഒരു പ്രത്യേക ഡയറക്ടർ ഓഫ് ഫയർ സർവിസ് നിലവിൽ വന്നത്. രക്ഷാപ്രവർത്തനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 2002ൽ കേരള ഫയർ സർവിസ് എന്നത് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services) എന്ന് പുനർനാമകരണം ചെയ്തു.
1944 ഏപ്രില്‍ 14 ന് ഉച്ചക്ക് 12.45 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടുകിടന്ന സ്‌ഫോടകവസ്‌തുക്കള്‍ കയറ്റിയിരുന്ന ‘എസ്.എസ് ഫോര്‍ട്ട് സ്‌റ്റിക്കിനേ’ എന്ന കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായി. ഈ സംഭവത്തിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായി. സ്‌ഫോടകവസ്‌തുക്കളാണ് കപ്പലില്‍ സംഭരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടും അഗ്നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ് തീ അണക്കാൻ സധൈര്യം പ്രവർത്തിച്ചു. 59 സേനാംഗങ്ങളാണ് അന്ന് രക്തസാക്ഷികളായത്. നിരവധി പേര്‍ക്കു അംഗവൈകല്യം സംഭവിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ്‌കുറ്റിയാണ് ഈ അപകടത്തിന് കാരണമായതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ എല്ലാവര്‍ഷവും ഏപ്രില്‍ 14 രാജ്യമൊന്നായി അഗ്നിശമന സേനാ ദിനം ആചരിക്കുന്നു.
കൊച്ചിന്‍ ഓയില്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തിൽ അഗ്നിസേനാംഗങ്ങൾ കാണിച്ച മനോധൈര്യത്തിെൻറയും പ്രയത്നത്തിെൻറയും സ്മരണക്കായി മാര്‍ച്ച് എട്ടിന് പതാകാദിനവും ആചരിച്ചുവരുന്നു. 1984 മാര്‍ച്ച് എട്ടിന് അമ്പലമുകളിലുളള റിഫൈനറിയിൽ തീപിടിച്ച് നാഫ്‌ത ടാങ്ക് പൊട്ടിത്തെറിച്ച് കൊച്ചി പ്രദേശം മുഴുവന്‍ കത്തിപ്പടരുമായിരുന്ന ദുരന്തം വകുപ്പിലെ ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തടഞ്ഞത്.
101 ലേക്ക് വിളി
തീപിടിത്തമുണ്ടായാലും അപകടമുണ്ടായാലും 101ലേക്ക് വിളിക്കൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ. മൊബൈലിൽനിന്നും ലാൻഡ് ഫോണിൽനിന്നും 101 എന്ന നമ്പറിലേക്ക് ഒരു ഫോൺകോൾ മതി അപകടസ്ഥലത്തേക്ക് ഫയർഫോഴ്സ് കുതിച്ചെത്താൻ. അപകടത്തിെൻറ തരവും സ്ഥലവും എത്തിച്ചേരേണ്ട വഴിയും വിളിക്കുന്നയാളുടെ പേരും ബന്ധപ്പെടാനുള്ള നമ്പറും നൽകാൻ മറക്കരുത്. ഇനി കൂട്ടുകാർ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വരുേമ്പാൾ 101ലേക്ക് വിളിച്ച് സഹായമെത്തിക്കാൻ ഓർക്കുമല്ലോ. ഈ സേവനം സൗജന്യമാണ്.
ഉപകരണങ്ങൾ പലവിധം
തീപിടിത്തവും മറ്റ് അപകടങ്ങളും ഉണ്ടായാൽ പാഞ്ഞെത്തുന്ന സേനാംഗങ്ങൾക്ക് സഹായത്തിനായി ആധുനികരീതിയിലുള്ള ഒരുപാട് ഉപകരണങ്ങളുണ്ട്. ഫയർ എൻജിൻ മുതൽ ഉയരത്തിലേക്ക് കയറാനുള്ള ഏണി വരെ പട്ടിക നീളുന്നു. ഫയർ എൻജിനുകളിൽ 1,000 മുതൽ 10,000 ലി. വരെ വെള്ളം കൊള്ളുന്ന ടാങ്കുകൾ ഉണ്ടായിരിക്കും. ഫയർ എൻജിനുകളിൽ ടാങ്കും പമ്പും ഹോസുമുണ്ട്. അഗ്നിബാധയുള്ള സ്ഥലത്ത് എത്തിയാൽ ടാങ്കിൽനിന്നു പമ്പുചെയ്ത് വെള്ളം ചീറ്റും. അപ്പോഴേക്കും അടുത്തുള്ള കുളത്തിലോ പുഴയിലോ ഹോസ് ബന്ധിച്ചിടും. ടാങ്കിലെ വെള്ളം തീരുമ്പോഴേക്കും ജലാശയത്തിൽനിന്നു നേരിട്ട് പമ്പു ചെയ്യുകയാണ് പതിവ്. മരത്തിലോ മറ്റ് ഉയരമുള്ളയിടങ്ങളിലോ കുടുങ്ങിയവരെ രക്ഷിക്കാൻ ഏണികളും കയറും ക്രയിനുമാണ് ഉപയോഗിക്കുന്നത്.
വെള്ളത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടവരെ രക്ഷിക്കാൻ പ്രത്യേകം സംവിധാനങ്ങളും ആംബുലൻസ് സേവനവുമുണ്ട്. കതകുകൾ, പൂട്ടുകൾ, മുതലായവ തുറക്കുന്നതിനും പൊട്ടിക്കുന്നതിനും മറ്റുമുള്ള ആയുധങ്ങളും സേനാംഗങ്ങൾ കരുതും. അഗ്നിശമനപ്രവർത്തകർക്കുള്ള പ്രത്യേക ഉടുപ്പുകളും തൊപ്പികളും മുഖാവരണങ്ങളും ശ്വസനോപകരണങ്ങളും അണിഞ്ഞാണ് അത്യാവശ്യഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം. ട്രക്കുകളിൽ ഉറപ്പിച്ച സ്നോർക്കൽ (Snorkel) എന്ന ഉപകരണം സേനാംഗങ്ങളെ ഉയർത്തിപ്പിടിച്ച് പല ഉയരങ്ങളിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും അഗ്നിശമനപ്രവർത്തനത്തിന് സഹായിക്കും. ഫയർഫോഴ്സിെൻറ പ്രവർത്തനങ്ങളും ഉപകരണങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും മോക്ഡ്രിൽ നടത്താനുമായി സേനാംഗങ്ങൾ സ്കൂളുകളിലുമെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.