തെംസ് ടണൽ; പുഴയിലെ തുരങ്കം
text_fieldsപ്രകൃതിയുടെ വെല്ലുവിളികളെ ധൈര്യപൂർവം നേരിട്ട് മനുഷ്യൻ നിർമിച്ചതാണ് തുരങ്കങ്ങൾ. ഗതാഗതം എളുപ്പമാക്കാനും യാത്രാസമയം ലാഭിക്കാനുമായി മലകൾ തുരന്നും ജലത്തിനടിയിലൂടെയും മനുഷ്യൻ തുരങ്കങ്ങളുണ്ടാക്കി. ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും നമ്മുടെ ഇന്ത്യയിലും പുരാതനമായ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരെയും വഹിച്ച് തുരങ്കങ്ങളിലൂടെ തീവണ്ടികൾ കൂകിപ്പാഞ്ഞു, വൈദ്യുതിയും വെള്ളവും ഗ്യാസും സുരക്ഷിതമായി കൊണ്ടുപോകാനും തുരങ്കങ്ങൾ ഉപയോഗിച്ചു.
തുരങ്കങ്ങൾ നിർമിക്കുന്നതിൽ ഇംഗ്ലണ്ടിലെ ലണ്ടൻ നഗരം ഏറെ പ്രസിദ്ധി നേടിയതാണ്. തുരങ്കങ്ങളുടെ എണ്ണം കാരണം തുരങ്കനഗരമെന്ന പേരിൽ ലണ്ടൻ അറിയപ്പെടുക പോലും ചെയ്തു. ലോകത്തുള്ള തുരങ്കങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇംഗ്ലണ്ടിലെ തെംസ് തുരങ്കം. പുഴയുടെ അടിയിലൂടെ നിർമിച്ച ആദ്യ തുരങ്കം. നിർമാണ സമയത്തുതന്നെ അത് കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നു. 1825ൽ ആരംഭിച്ച തുരങ്ക നിർമാണം 1843ലാണ് അവസാനിച്ചത്. മാർക് ഇസാംബാർഡ് ബ്രൂണൽ ആയിരുന്നു നിർമാണത്തിെൻറ തലവൻ. തെംസ് നദിയുടെ തെക്ക്-വടക്ക് കരകളെ ബന്ധിപ്പിക്കുക എന്നത് 19ാം നൂറ്റാണ്ടിലെ പ്രധാന ആവശ്യമായിരുന്നു. അങ്ങനെയാണ് തുരങ്കമെന്ന ആശയം ഉയർന്നുവന്നത്. ആദ്യ കാലത്ത് ഒരു സംഘം ഖനന വിദഗ്ധർ തുരങ്ക നിർമാണത്തിന് ശ്രമിച്ചെങ്കിലും അത് പരാജയമായി മാറി. കളിമണ്ണും മണലും നിറഞ്ഞ തെംസ് നദിക്കടിയിൽ തുരങ്കം നിർമിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. അവർ തുടക്കം കുറിച്ച തുരങ്കം വെള്ളപ്പൊക്കത്തിൽ നശിക്കുകയും ചെയ്തു. ആ സമയത്താണ് ആംഗ്ലോ ഫ്രഞ്ച് എൻജിനീയറായിരുന്ന ബ്രൂണൽ തുരങ്ക നിർമാണ രംഗത്തേക്ക് കടന്നുവരുന്നത്.
തെംസ് തുരങ്ക നിർമാണത്തിൽ അദ്ദേഹത്തെ സഹായിക്കാനായി പുത്രനായ ഇസാംബാർഡ് ബ്രൂണലുമുണ്ടായിരുന്നു. നിർമാണം വളരെ വേഗത്തിൽ മുന്നോട്ടുപോയി. എന്നാൽ, അഞ്ഞൂറടി ചെന്നപ്പോൾ തുരങ്കത്തിനിടയിൽ രൂപപ്പെട്ട ദ്വാരത്തിലൂടെ വെള്ളം ഇരച്ചുകയറി. കളിമണ്ണ് നിറച്ച ചാക്കുകളിട്ടായിരുന്നു ബ്രൂണൽ വെള്ളത്തെ തടഞ്ഞത്. തുടർന്നുള്ള വർഷവും വെള്ളപ്പൊക്കം നിർമാണത്തെ തടസ്സപ്പെടുത്തിയെങ്കിലും ധീരമായ തെൻറ പ്രവർത്തനത്തിലൂടെ 1841 നവംബറിൽ തുരങ്ക നിർമാണം പൂർത്തിയാക്കി. നിർമാണം പൂർത്തിയായപ്പോൾ വിക്ടോറിയ രാജ്ഞി ബ്രൂണലിെൻറ എൻജിനീയറിങ് വിദ്യ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് സർ പദവി നൽകി. 1843 മാർച്ച് 25ന് തെംസ് തുരങ്കം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.