ലോഹനാണയം മുതൽ ക്രിപ്റ്റോ കറൻസി വരെ... പണവിശേഷങ്ങൾ
text_fieldsദൈനംദിന ജീവിതത്തിൽ എന്തിനും ഏതിനും ആവശ്യമായ ഒന്നാണ് പണം. മൊബൈൽ ഫോൺ സിം റീചാർജ് ചെയ്യാനും ബില്ലടക്കാനും പുസ്തകം വാങ്ങാനും തുടങ്ങി എന്തിനും പണം വേണം. സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള മാധ്യമമാണിത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപക്ക് ഇതുവരെയില്ലാത്ത തകർച്ച നേരിട്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഡോളറിന് 79 രൂപ എന്ന നിലയിലെത്തി. എണ്ണവില വർധന, ഉയരുന്ന പണപ്പെരുപ്പം, വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, രൂപയല്ലാത്ത മറ്റ് ആസ്തികളുടെ മൂല്യവർധന തുടങ്ങിയവയാണ് രൂപയുടെ ഇടിവിന് കാരണം. പണംപോലെ വിലയേറിയതാണ് പണത്തെക്കുറിച്ചുള്ള വിശേഷങ്ങളും. ഇത്തവണ നമുക്കൊന്നു പണത്തോടൊപ്പം കറങ്ങാം.
പകരത്തിനു പകരം
പണം എന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യാപാരം അനുവദിക്കുന്ന മൂല്യമുള്ള ഒരു വസ്തുവാണെന്നറിയാമല്ലോ. ആവശ്യത്തിനുള്ള സാധനങ്ങൾ ഒരാളിൽനിന്ന് വാങ്ങുന്നതിന് പകരം എന്തു നൽകുമെന്ന ചിന്തയിൽനിന്നായിരിക്കാം പണത്തിെൻറ കണ്ടുപിടിത്തം. ഇന്നുകാണുന്ന തരത്തിലുള്ള കറൻസികളോ നാണയങ്ങളോ ആയിരുന്നില്ല ആദ്യകാലത്തെ പണം. അവ കൗതുകവസ്തുക്കളോ വളർത്തുമൃഗങ്ങളോ ഭക്ഷ്യവസ്തുക്കളോഒക്കെയായിരുന്നു. പണം കണ്ടുപിടിക്കുന്നതിനു മുമ്പ്, ആളുകൾ പലതരം സാധനങ്ങളും സേവനങ്ങളുമാണ് അവർക്ക് ആവശ്യമായ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി കൈമാറ്റം ചെയ്തിരുന്നത്. ഉദാഹരണത്തിന്, പശുവിനെ വാങ്ങുന്നവർ ധാന്യങ്ങൾ പകരം നൽകും. മാങ്ങ കൊടുത്ത് തേങ്ങ വാങ്ങിക്കും. ഈ വ്യവസ്ഥിതിയെ ബാർട്ടർ സമ്പ്രദായം (barter system) എന്നുവിളിക്കാം. നമ്മുടെ കൈയിലില്ലാത്തതും എന്നാൽ, ആവശ്യമുള്ളതുമായ വസ്തുക്കൾ നമ്മുടെ കൈവശമുള്ള വസ്തുക്കൾക്ക് പകരമായി വാങ്ങിക്കുന്ന സമ്പ്രദായമാണിത്. എന്നാൽ, ഈ സമ്പ്രദായത്തിൽ ഒരു സ്ഥിരം മൂല്യം നിലനിന്നിരുന്നില്ല. ഉദാഹരണമായി, പശുവിനെ ആവശ്യമുള്ളവർക്ക് പകരം വിൽക്കാനുണ്ടാവുക ഒരു ആടിനെയാണെന്ന് വിചാരിക്കുക. ആടിനേക്കാൾ മൂല്യം പശുവിനാണല്ലോ. അങ്ങനെയാണ് സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുകയായിരുന്ന പതിവിന് പകരമായി ഒരു മാധ്യമത്തെക്കുറിച്ച് ചിന്തിക്കുന്നത്. പണത്തിെൻറ മൂല്യമെന്നാൽ അതിെൻറ വാങ്ങൽശേഷിയാണ്. അത് വാങ്ങാൻ കഴിയുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും അളവ്. എന്ത് പണത്തിന് വാങ്ങാം എന്നത് വിലയുടെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.
ഷെക്കൽ പണമുത്തശ്ശി
മെസൊപ്പൊട്ടേമിയൻ ജനതയാണ് ആദ്യമായി അറിയപ്പെടുന്ന കറൻസി ഉപയോഗിക്കുന്നത്. ഷെക്കൽ എന്നാണ് പണങ്ങളുടെ മുത്തശ്ശി അറിയപ്പെട്ടിരുന്നത്. സ്വർണത്തിെൻറയും വെള്ളിയുടെയും നാണയങ്ങൾ ബി.സി 650 മുതൽ 600 വരെ പഴക്കമുള്ളതാണ്. ലോഹങ്ങൾപോലെയുള്ള നശിക്കാത്ത വസ്തുക്കൾ മനുഷ്യർ വ്യാപാരത്തിലും വിനിമയത്തിലും ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് ലിഡിയയിലെയും അയോണിയയിലെയും പ്രഭുക്കൾ സൈന്യത്തിന് പണം നൽകാൻ പ്രത്യേക മുദ്ര പതിപ്പിച്ച വെള്ളി, സ്വർണ നാണയങ്ങൾ ഉപയോഗിച്ചതായി പറയുന്നു. ലോഹനാണയങ്ങൾക്ക് ബി.സി 1250 വരെ പഴക്കമുണ്ടെന്ന് തെളിവുണ്ട്.
ഭാരം എന്നർഥമുള്ള ഹീബ്രു പദത്തിൽനിന്നാണ് ഷെക്കൽ രൂപംകൊണ്ടത്. ഭാരത്തിെൻറ യൂനിറ്റായിരുന്ന ഷെക്കലുകൾ പിന്നീട് പണമൂല്യമായി മാറുകയായിരുന്നു. ചില യൂറോപ്യൻ രാജ്യങ്ങൾ ഷെല്ലുകളെ കറൻസിയായി സ്വീകരിച്ചു. ഫിജിക്കാർ ഉപയോഗിച്ചിരുന്നത് തിമിംഗലപ്പല്ലുകളായിരുന്നു. ചുണ്ണാമ്പുകല്ല് കൊത്തിയെടുത്തും വലിയ വിത്തുകളും നാണയമായും പണമായും ഉപയോഗിച്ചിരുന്നു.
ഇന്ത്യൻ റുപ്പി
ലോകത്തിൽതന്നെ ആദ്യമായി നാണയങ്ങൾ ഉപയോഗിച്ച രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. ബി.സി ആറാം നൂറ്റാണ്ടിലെ പുരാതന ഇന്ത്യയിൽ നിന്നാണ് ഇന്ത്യൻ രൂപയുടെ ചരിത്രം തുടങ്ങുന്നത്. മഹാജനപദങ്ങളിൽ ഗാന്ധാരം, കുന്തള, കുരു, പാഞ്ചാല, ശാക്യ, സുരസേന, സൗരാഷ്ട്ര എന്നിവിടങ്ങളിൽ നാണയങ്ങൾ ഉപയോഗിച്ചിരുന്നു.
ഷേർ ഷാ സൂരിയാണ് റുപ്യാ എന്ന പേര് ആദ്യമായി നാണയങ്ങൾക്ക് ഉപയോഗിച്ചത്. സ്വർണത്തിലും വെള്ളിയിലും ഓടിലും തീർത്ത നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു. 'റുപ്പീ' എന്ന വാക്കിന്റെ ഉത്ഭവം ഹിന്ദിയിൽനിന്നാണെന്ന് കരുതുന്നു. 'വെള്ളി' എന്നർഥമുള്ള 'റൂപ്' അഥവാ 'റൂപ' എന്ന വാക്കിൽനിന്നാണ് റുപ്പീ വന്നത്. സംസ്കൃതത്തിൽ 'രൂപ്യകം' എന്നാൽ വെള്ളിനാണയം എന്നാണ് അർഥം. 1950ലാണ് രാജ്യത്ത് ആദ്യത്തെ റിപ്പബ്ലിക് ഇന്ത്യ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്. 2, 5, 10, 100 നോട്ടുകളായിരുന്നു അവ.
രൂപ ചിഹ്നം
2011ൽ ഇന്ത്യൻ രൂപയുടെ അഭിമാനമായി രൂപ ചിഹ്നം അവതരിപ്പിച്ചു. റിസർവ് ബാങ്കും സർക്കാറും ചേർന്ന് 2010ൽ ഇന്ത്യൻ രൂപക്ക് ഒരു അദ്വിതീയ ചിഹ്നം ഔപചാരികമായി നൽകിയിരുന്നു. കറൻസിയുടെ ചിഹ്നമുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. 2011ലാണ് പുതിയ രൂപ ചിഹ്നം നോട്ടുകളിലും നാണയങ്ങളിലും ഉൾപ്പെടുത്തിയത്. 2009ൽ ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചിരുന്നു. ഗുവാഹതി ഐ.ഐ.ടി അസി. പ്രഫസറും തമിഴ്നാട് സ്വദേശിയുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകൽപന ചെയ്തത്. ദേവനാഗിരി അക്ഷരവും ലാറ്റിൻ അക്ഷരവും ചേർന്നതാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ടു സമാന്തര വരകൾ സമ്പത്തിെൻറ സമത്വത്തെയാണ് സൂചിപ്പിക്കുന്നത്.
പതിനായിരത്തിെൻറ നോട്ട്
വർഷങ്ങൾക്കുമുമ്പ് ആയിരത്തിെൻറയും പതിനായിരത്തിെൻറയുമൊക്കെ നോട്ടുകൾ ഇറങ്ങിയിരുന്നു. രാജ്യം സ്വതന്ത്രമാകുന്നതിനു മുമ്പ് 1938ലാണ് പതിനായിരത്തിെൻറ നോട്ടുകൾ റിസർവ് ബാങ്ക് ആദ്യമായി ഇറക്കിയത്. 1946ൽ അസാധുവായെങ്കിലും 1954ൽ 5000 രൂപയുടെ നോട്ടുകൾക്കൊപ്പം തിരിച്ചെത്തി. 1978 വരെ 10,000 രൂപയുടെ നോട്ടുകൾ വിപണിയിലുണ്ടായിരുന്നു. 2016ൽ ആയിരത്തിെൻറയും അഞ്ഞൂറിെൻറയും പഴയ നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ചതുപോലെ 1978ൽ മൊറാർജി ദേശായി സർക്കാർ അയ്യായിരവും പതിനായിരവും പിൻവലിച്ചു.
കള്ളപ്പണം പണ്ടേയുണ്ട്
പണമായി നാണയങ്ങളും വിവിധ വസ്തുക്കളും കണ്ടുപിടിച്ച അന്നുമുതൽ കള്ളപ്പണവുമുണ്ട്. ആദ്യകാലങ്ങളിൽ പണമായി ഉപയോഗിച്ചിരുന്ന ഷെല്ലുകൾക്കും ലോഹങ്ങൾക്കും പകരമായി വ്യാജമായി നിർമിച്ചിരുന്ന നാണയങ്ങൾ ഉണ്ടായിരുന്നു. 14ാം നൂറ്റാണ്ടിൽ ചൈനയിൽ കള്ളപ്പണക്കാർക്ക് വധശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലും ഉയർന്ന ശിക്ഷതന്നെ നൽകി. റിസർവ് ബാങ്ക് അച്ചടിച്ചവയെല്ലാം നല്ല പണമാണ്. നിയമപ്രകാരം നികുതി അടക്കാതെ കൈവശം വെക്കുന്ന വരുമാനമാണ് കള്ളപ്പണം. സ്വന്തമായി അച്ചടിക്കുന്നവയാണ് കള്ളനോട്ട്.
കമ്മട്ടം
കമ്മട്ടം എന്ന വാക്ക് സിനിമകളിൽ കേട്ടിട്ടുണ്ടാകുമല്ലേ. കറൻസിയായി ഉപയോഗിക്കാൻ കഴിയുന്ന നാണയങ്ങൾ വൻതോതിൽ നിർമിക്കുന്നതിനുള്ള സൗകര്യമാണ് കമ്മട്ടം. ആദ്യകാലത്ത് ഇന്നു കാണുന്ന തരത്തിൽ ഒരുപാട് പണമൊന്നും നിർമിച്ചിരുന്നില്ല. പലപ്പോഴും മുട്ടികൊണ്ട് അടിച്ചുപരത്തിയും ചൂടാക്കിയൊഴിച്ചുമൊക്കെയാണ് ലോഹങ്ങൾകൊണ്ട് നാണയങ്ങൾ ഉണ്ടാക്കിയിരുന്നത്. ആവശ്യങ്ങളും ആവശ്യക്കാരും കൂടിയതോടെ നാണയങ്ങളുടെ എണ്ണവും വർധിച്ചു. അങ്ങനെയാണ് കമ്മട്ടങ്ങളുടെ സഹായത്തോടെ കൂട്ടമായി നാണയങ്ങൾ നിർമിച്ചത്.
തുകൽപണം കടലാസുപണം
ബി.സി ആറാം നൂറ്റാണ്ടിൽ തുകൽ, മൃഗത്തോൽ എന്നിവ കറൻസിയായി രൂപപ്പെടുത്താൻ തുടങ്ങി. പുരാതന റോമിൽ ഇത്തരത്തിലുള്ള പണം ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ചൈനീസ് ചക്രവർത്തി വുഡി തൊലികളിൽനിന്ന് കറൻസി സൃഷ്ടിച്ചു. ചൈനയിൽനിന്നാണ് കടലാസ് പണം ഉത്ഭവിച്ചത്. ഷെൻസോങ് ചക്രവർത്തിയുടെ ഭരണകാലത്താണ് ഇത്. മൾബറി മരങ്ങളുടെ പുറംതൊലിയിൽനിന്നാണ് ഇത് നിർമിച്ചതെന്ന് കരുതുന്നു.
ക്രിപ്റ്റൊകറൻസി
ക്രിപ്റ്റൊകറൻസി എന്നത് ഒരു ഡിജിറ്റൽ കറൻസിയാണ്. കാണാനും സ്പർശിക്കാനും കഴിയില്ലെങ്കിലും മൂല്യത്തിന് കുറവൊന്നുമില്ല. എൻക്രിപ്ഷൻ അൽഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച പേമെൻറിെൻറ ഒരു ഇതര രൂപമാണിത്.
ബിറ്റ്കോയിനുകൾ
ഇൻറർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ കറൻസി സംവിധാനമാണ് ബിറ്റ്കോയിൻ (Bitcoin). കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണ്. 2009ലാണ് പിറവി. ബിറ്റ്കോയിനുകളുടെ മൂല്യം നിർണയിക്കുന്നത് സ്റ്റോക്കുകളുടെ മൂല്യനിർണയം പോലെയാണ്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാറുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണിത്.
വലിയ വില
ലോകത്തിലെ ഏറ്റവും ഉയർന്ന കറൻസിയെന്ന നേട്ടം കുറച്ചുകാലമായി കുവൈത്ത് ദീനാറിനാണ്. മിഡിലീസ്റ്റിൽ എണ്ണ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്കായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു കുവൈത്ത് ദീനാർ 255.29 ഇന്ത്യൻ രൂപക്ക് തുല്യമാണ്. ഇറാനിയൻ റിയാലാണ് ലോകത്ത് ഏറ്റവും കുറഞ്ഞ മൂല്യമുള്ള കറൻസി. ഒരു റിയാൽ നമ്മുടെ 0.0019 പൈസക്ക് തുല്യമാണ്. പൗണ്ട് സ്റ്റെർലിങ് ഇപ്പോഴും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പഴയ കറൻസിയാണ്. എലിസബത്ത് രാജ്ഞി രണ്ടാമനാണ് നാണയങ്ങളിലും നോട്ടുകളിലും ഏറ്റവും കൂടുതൽ ഫീച്ചർ ചെയ്യപ്പെട്ട വ്യക്തി.
റിസർവ് ബാങ്ക്
ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ് ബാങ്ക് ഗവർണറുടേതാണ്. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ വ്യവസ്ഥകൾക്കനുസൃതമായി 1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. റിസർവ് ബാങ്കിന്റെ സെൻട്രൽ ഓഫിസ് ആദ്യം കൊൽക്കത്തയിൽ സ്ഥാപിതമായെങ്കിലും 1937ൽ സ്ഥിരമായി മുംബൈയിലേക്കു മാറ്റി. ഗവർണർ ഇരിക്കുന്നതും നയങ്ങൾ രൂപവത്കരിക്കുന്നതും കേന്ദ്ര ഓഫിസാണ്. 1949ലെ ദേശസാത്കരണം മുതൽ റിസർവ് ബാങ്ക് പൂർണമായും ഇന്ത്യൻ സർക്കാറിന്റെ ഉടമസ്ഥതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.