രാജ്യസഭയും തെരഞ്ഞെടുപ്പും
text_fieldsരാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ കണ്ടുകാണുമല്ലോ. എന്താണീ ലോക്‌സഭയും രാജ്യസഭയും? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് എല്ലാവർക്കുമറിയാം. ജനാധിപത്യമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം. രാജ്യത്തെ വോട്ടവകാശമുള്ള, അതായത് 18 വയസ്സ് പൂർത്തിയായ, പൗരൻമാർ ചേർന്നാണ് തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് എന്നർഥം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ പ്രധാന ജോലിയാണ് നിയമനിർമാണം. ജനങ്ങളുടെ പ്രതിനിധികൾ തയാറാക്കുന്ന നിയമങ്ങൾ നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും കോടതികളുടെയുമെല്ലാം ജോലി. അപ്പോൾ ജനാധിപത്യത്തിൽ ജനങ്ങളുടെ വില മനസ്സിലായില്ലേ.
കേന്ദ്രത്തിൽ പാർലമെൻറും സംസ്ഥാനങ്ങളിൽ നിയമസഭകളുമാണ് നിയമനിർമാണ സഭകൾ. ഇതിനു താഴെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ ജനപ്രതിനിധികളുടെ സഭകളുണ്ടെങ്കിലും ഇവക്കൊന്നും നിയമം നിർമിക്കാനുള്ള അധികാരമില്ല. പ്രാദേശിക തലത്തിലുള്ള വികസനപ്രവർത്തനങ്ങളും നികുതിപിരിവുമെല്ലാമാണ് ഇവയുടെ പ്രധാന ചുമതലകൾ.
പാർലമെൻറിന് ഭരണഘടന ഭേദഗതി ചെയ്യാനും രാഷ്ട്രപതിയെയും സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെയും പുറത്താക്കാനും വരെ അധികാരമുണ്ട്. രാജ്യഭരണത്തിന് മേൽനോട്ടം വഹിക്കുക, ബജറ്റ് പാസാക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും വികസന പദ്ധതികളും അന്താരാഷ്ട്ര ബന്ധങ്ങളും ദേശീയ നയങ്ങളുമെല്ലാം ചർച്ച ചെയ്യുക തുടങ്ങിയവയും പാർലമെന്റിന്റെ ചുമതലകളാണ്.
ലോക്‌സഭ
ഹിന്ദിയിൽ ലോക് എന്നാൽ ജനം. അപ്പോൾ ലോക്‌സഭ എന്നാൽ ജനസഭ. ഇതിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.
ഭരണഘടന അനുസരിച്ച് ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 552 ആണ്. 530 അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 20 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ജയിച്ചെത്തുന്നു. ആംഗ്ലോ ഇന്ത്യക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാഷ്ട്രപതിക്ക് തോന്നുകയാണെങ്കിൽ രണ്ടു സീറ്റിലേക്ക് അവരുടെ പ്രതിനിധികളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം. പട്ടികജാതി,പട്ടിക വർഗക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനായി ഏതാനും സീറ്റുകൾ അവർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ആകെ സീറ്റിനെ ജനസംഖ്യാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വീതിച്ചിരിക്കുന്നു. 18 വയസ്സ് പൂർത്തിയായവർക്ക് ലോക്‌സഭയിലേക്ക് വോട്ട്‌ചെയ്യാമെങ്കിലും മത്സരിക്കാൻ 25 വയസ്സ് തികയണം. ഇന്ത്യൻ പൗരനുമായിരിക്കണം. മറ്റൊരു യോഗ്യതയും നിർബന്ധമില്ല. രാജ്യത്തെ ഏതു മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും ചെയ്യാം. അഞ്ചു വർഷമാണ് ലോക്‌സഭയുടെ കാലാവധി. എന്നാൽ, അടിയന്തരാവസ്ഥ പ്രാബല്യത്തിലുണ്ടെങ്കിൽ പാർലമെൻറിന് ഇത് ഒരുസമയം ഒരുവർഷം എന്നതോതിൽ നീട്ടിയെടുക്കാം. പ്രധാനമന്ത്രി ശിപാർശ ചെയ്താൽ രാഷ്ട്രപതിക്ക് ലോക്‌സഭ പിരിച്ചുവിടാം. ലോക്‌സഭയുടെ അധ്യക്ഷൻ സ്പീക്കറാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഡപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.
രാജ്യസഭ
രാജ്യസഭ എന്നാൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 238 പേരും രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരുമുണ്ടാകും. ആറുവർഷമാണ് അംഗങ്ങളുടെ കാലാവധി. കല, സാഹിത്യം, ശാസ്ത്രം, സാമൂഹികസേവനം എന്നീ മേഖലകളിൽ നിന്നുള്ള പ്രഗൽഭരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുക.
ലോക്‌സഭയിൽ നിന്ന് വ്യത്യസ്തമായി രാജ്യസഭ സ്ഥിരം സഭയാണ്. ഇത് ഒരിക്കലും പിരിച്ചുവിടുന്നില്ല. പക്ഷേ മൂന്നിലൊന്നു അംഗങ്ങൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും ആറുവർഷ കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്നു. പകരം അത്രയും പേർ പുതുതായി വരും. രണ്ടുവർഷം കഴിയുമ്പോൾ കാലാവധി പൂർത്തിയാക്കിയ അടുത്ത മൂന്നിലൊന്ന് സംഘം പിരിയുന്നു. അതുകൊണ്ട് തന്നെ രാജ്യസഭ എല്ലാകാലത്തും നിലവിലുണ്ടാകും. അംഗങ്ങൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
രാജ്യസഭാ തെരഞ്ഞെടുപ്പ്
ജനങ്ങൾക്ക് നേരിട്ട് ഈ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല. ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്ത് നിന്നുമുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കൂടുതൽ പ്രതിനിധികളുണ്ടാകും. കേരളത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം ഒമ്പതാണ്. ഇവരെ കേരളത്തിലെ എം.എൽ.എമാർ ചേർന്ന് തെരഞ്ഞെടുക്കുന്നു. രാജ്യസഭയിലേക്ക് മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്.
രാജ്യസഭാ അധ്യക്ഷൻ
ലോക്‌സഭാ അധ്യക്ഷനെ സ്പീക്കർ എന്നു വിളിക്കുമ്പോൾ രാജ്യസഭാ അധ്യക്ഷൻ ചെയർമാൻ എന്നാണ് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പിലുമുണ്ട് വ്യത്യാസം. ലോക്‌സഭാ സ്പീക്കറായി തങ്ങളിലൊരാളെ ലോക്‌സഭാ അംഗങ്ങൾ തന്നെ തെരഞ്ഞെടുക്കുമ്പോൾ രാജ്യസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് അതിലെ അംഗങ്ങൾ മാത്രമല്ല. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാൻ. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാർലമെൻറിന്റെ ഇരുസഭകളും ചേർന്നാണെന്ന് അറിയാമല്ലോ. ഇദ്ദേഹത്തിന്റെ അഭാവത്തിൽ സഭ നിയന്ത്രിക്കാനായി ഡപ്യൂട്ടി ചെയർമാനെ രാജ്യസഭയിൽ നിന്ന് തന്നെ തെരഞ്ഞെടുക്കും.
അധികാരം,അവകാശം
രണ്ടു സഭകളിൽ ലോക്‌സഭക്കാണ് പ്രാമുഖ്യം. സാധാരണ നിയമനിർമാണങ്ങളിൽ രാജ്യസഭക്ക് തുല്യഅധികാരമുണ്ടെങ്കിലും ധനകാര്യങ്ങളിൽ ലോക്‌സഭക്കാണ് പരമാധികാരം. മറ്റേത് ബില്ലുകളും ആദ്യമായി രാജ്യസഭയിൽ അവതരിപ്പിക്കാമെങ്കിലും ധനബില്ലുകൾ ലോക്‌സഭയിലേ അവതരിപ്പിക്കാവൂ. ലോക്‌സഭ പാസാക്കിയ ധന ഇതര ബില്ലുകളും മറ്റും നിയമമാകണമെങ്കിൽ രാജ്യസഭയുടെ കൂടി അംഗീകാരം ആവശ്യമാണ്. എന്നാൽ, ധനബില്ലുകൾ ലോക്‌സഭ പാസാക്കിയാൽ രാജ്യസഭക്ക് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. പരമാവധി 14 ദിവസം വെച്ചുതാമസിപ്പിക്കാമെന്നു മാത്രം. ഖജനാവിൽ നിന്ന് പൊതു ആവശ്യത്തിനായി പണമെടുക്കാനാണ് ധനബില്ലുകൾ പാസാക്കുന്നത്.
രാജ്യസഭാ അംഗങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ചേരാമെങ്കിലും മന്ത്രിസഭയെ പുറത്താക്കാനായി അവിശ്വാസപ്രമേയം പാസാക്കാൻ ലോക്‌സഭക്ക് മാത്രമേ അധികാരമുള്ളൂ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും ലോക്‌സഭയോടാണ്. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം കാലമേ സർക്കാറിന് അധികാരത്തിൽ തുടരാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.