ഹെലൻ കെല്ലർ വെല്ലുവിളികളെ അതിജീവിച്ച പ്രതിഭ
text_fieldsഇച്ഛാശക്തിയുണ്ടെങ്കിൽ ഏതു വെല്ലുവിളിയെയും അതിജീവിക്കാൻ കഴിയുമെന്ന് തെളിയിച്ച പെൺകരുത്ത്. ഹെലൻ ആദംസ് കെല്ലർ, പുറം കാഴ്ചകളേക്കാൾ പ്രാധാന്യം നൽകേണ്ടത് ഉൾക്കാഴ്ചക്കാണെന്നും മനുഷ്യന് അപ്രാപ്യമായതൊന്നും ഈ ലോകത്തില്ലെന്നും തെളിയിച്ച പ്രതിഭ. നെപ്പോളിയന് പുറമെ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രതിഭകളായ വ്യക്തികളിലൊരാൾ.
വടക്കൻ അമേരിക്കയിലെ അലബാമയിൽ ആർതർ എച്ച്. കെല്ലറുടെയും കെയ്റ്റ് ആഡംസിന്റെയും മകളായാണ് ജനനം. 1880 ജൂൺ 27ന് ജനിച്ച ഹെലന് 19 മാസം പ്രായമുള്ളപ്പോൾ ബാധിച്ച മസ്തിഷ്കജ്വരം അന്ധതക്കും ബധിരതക്കും കാരണമായി. ചെറുപ്പംമുതൽ തന്നെ അസാധാരണമായ കഴിവും നിശ്ചയദാർഢ്യവുമുള്ള വ്യക്തിയായിരുന്നു ഹെലൻ. അതിനാൽതന്നെ ആറാം വയസ്സിനുള്ളിൽ 60ൽ അധികം വാക്കുകൾ ഹെലൻ പഠിച്ചിരുന്നു. വീട്ടിലെ പാചകക്കാരിയുടെ മകളായ മാർത്ത വാഷിങ്ടണ്ണുമായായിരുന്നു ഹെലന്റെ ആംഗ്യഭാഷയിലുള്ള ആശയവിനിമയം. അതോടൊപ്പം ശരീരചലനങ്ങളിൽനിന്നുണ്ടാകുന്ന കമ്പനങ്ങളിലൂടെ ആളുകളെ തിരിച്ചറിയാനും ഹെലൻ പഠിച്ചു.
ഹെലന് ആറു വയസ്സായപ്പോൾ ബാൾട്ട്മൂറിലെ ഡോ. ഷിസോമിെൻറ നിർദേശപ്രകാരം അവളുടെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബല്ലിനെ കാണാനെത്തി. അദ്ദേഹം അവരെ ബോസ്റ്റണിലെ പാർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടർ മൈക്കൽ അനാഗ്നോസിെൻറ അടുത്തേക്കയച്ചു. അദ്ദേഹമാണ് ഹെലനെ പഠിപ്പിക്കാൻ അധ്യാപികയായി ആനി സള്ളിവനെ നിർദേശിക്കുന്നതും. ഒരു പാവയുമായി ആനി സള്ളിവന് എന്ന അധ്യാപിക വീട്ടിലെത്തിയതോടെ ഹെലെൻറ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാകുകയായിരുന്നു. 'തെൻറ ജീവിതത്തിലേക്ക് വെളിച്ചമെത്തിച്ചയാൾ' എന്നാണ് ഗ്രഹാംബല്ലിനെ ഹെലൻ വിശേഷിപ്പിച്ചത്. അതോടൊപ്പം 1903ൽ 21 വർഷത്തെ തെൻറ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ആത്മകഥ 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' പ്രസിദ്ധീകരിച്ചപ്പോൾ അലക്സാണ്ടർ ഗ്രഹാംബല്ലിനാണ് സമർപ്പിച്ചതും.
ഹെലനൊപ്പം സഹയാത്രികയായി അവളെ ഓരോ പാഠങ്ങളും പഠിപ്പിച്ച് കൂടെയുണ്ടായിരുന്നു ആനി സള്ളിവൻ. ഹെലനേക്കാൾ 14 വയസ്സ് കൂടുതൽ മാത്രമായിരുന്നു ആനിക്കുണ്ടായിരുന്നത്. 49 വർഷം ആ ഗുരുശിഷ്യ ബന്ധം നീണ്ടു. ആനിയുടെ സഹായത്തോടെ ഹെലൻ അവളുടേതായ ഭാഷയിൽ ലോകത്തോട് സംസാരിച്ചു. ഇംഗ്ലീഷ് ഭാഷയിൽ അഗാധ പാണ്ഡിത്യം ഹെലൻ നേടിയെടുത്തിരുന്നു. 14ാം വയസ്സിൽ ഹെലൻ കാംബ്രിജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു. ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും പുസ്തകങ്ങൾ െബ്രയിലി ലിപിയാക്കിയും ചരിത്രം, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, ഇംഗ്ലീഷ്, ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി. 1900ൽ റാഡ്ക്ലിഫ് കോളജിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നതവിയജം നേടി ബിരുദ പഠനം ആരംഭിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന ഹെലന് 24ാം വയസ്സിൽ ബിരുദം ലഭിച്ചു. ലോകത്തിൽതന്നെ ബിരുദം നേടുന്ന ആദ്യത്തെ അന്ധയും ബധിരയുമായി ചരിത്രം കുറിച്ചു ഹെലൻ.
1927ൽ ആത്മീയ ആത്മകഥയായ 'മൈ റിലീജിയൻ' പ്രസിദ്ധീകരിക്കുകയും പിന്നീടത് 1994ൽ 'ലെറ്റ് ഇന് മൈ ഡാർക്നെസ്' എന്ന പേരിൽ പുനരാവിഷ്കരിക്കുകയും ചെയ്തു. 1946-1957 കാലഘട്ടങ്ങളിലായി 35ലധികം രാജ്യങ്ങൾ ഹെലൻ സന്ദർശിക്കുകയും 1955ൽ ഇന്ത്യയിലെത്തുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ സന്ദർശിക്കുകയും ചെയ്തു. ഹെലെൻറ പ്രവർത്തനങ്ങളെ മുൻനിർത്തി അമേരിക്ക 1964ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ബഹുമതി നൽകി ആദരിച്ചു. 1968 ജൂൺ ഒന്നിന് 87ാം വയസ്സിൽ ഹെലൻ ആദംസ് കെല്ലർ ഓർമയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.