ചാച്ചാ -നവംബർ 14 ശിശുദിനം
text_fieldsതൊപ്പിയും നീളൻകുപ്പായവും കോട്ടിലൊരു റോസാപ്പൂവുമായി മന്ദസ്മിതം പൊഴിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചാച്ചാജിയുടെ ചിത്രം കണ്ടിട്ടില്ലേ. കുട്ടികളുടെ സ്വന്തം പ്രധാനമന്ത്രിയായിരുന്നു ചാച്ചാജിയെന്ന ജവഹർലാൽ നെഹ്റു. കുഞ്ഞുങ്ങളെ ഇത്രമേൽ സ്നേഹിച്ച മറ്റൊരു ഭരണാധികാരി ഇല്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ആണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്.
1889 നവംബർ 14നാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടികളാണ് രാജ്യത്തിന്റെ കരുത്തെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
അതുകൊണ്ടുതന്നെ, കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമാണ് ശിശുദിനം. ശിശുദിനം കുട്ടികളുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. തലമുറകൾ പിന്നിടുമ്പോഴും പ്രിയപ്പെട്ട ചാച്ചാജിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനായി കുട്ടികൾ നെഹ്റുവിന്റെ വസ്ത്രമണിഞ്ഞും ചിത്രംവരച്ചും ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നു.
ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. ഇതിനായി ഇന്ത്യൻ പാർലമെന്റിൽ പ്രമേയം പാസാക്കിയിരുന്നു.
ആഗോള ശിശുദിനം നവംബർ 20
നവംബർ 20നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകശിശുദിനം ആചരിക്കുന്നത്. ആദ്യമായി 1954 മുതലാണിത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്താനും വിദ്യാഭ്യാസവും ഭക്ഷണവും അടക്കമുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കാനും ഈ ദിനം ജനതയെ ഓർമപ്പെടുത്തുന്നു.
1959ൽ യു.എൻ പൊതുസഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം അംഗീകരിച്ചതും 1989 ൽ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ചതും നവംബർ 20നായിരുന്നു. ഇവയുടെ വാർഷികം കൂടിയാണ് ലോക ശിശുദിനം.
1857 ജൂൺ രണ്ടാം ഞായറാഴ്ച മസാചൂസറ്റ്സിലെ ചെൽസിയിലെ യൂനിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് റിഡീമറിന്റെ പാസ്റ്റർ ഡോ. ചാൾസ് ലിയോനാർഡ് ശിശുദിനം ആരംഭിച്ചതായും ചരിത്രമുണ്ട്. ഈ ദിവസം റോസ് ഡേ എന്നാണ് അറിയപ്പെട്ടത്.
മറ്റ് രാജ്യങ്ങളിലെ ശിശുദിനം
ചൈന- ജൂൺ 1
പാകിസ്താൻ- നവംബർ 20
ശ്രീലങ്ക ഒക്ടോബർ-1
ബ്രിട്ടൻ- ആഗസ്റ്റ് 30
ജർമനി- ജൂൺ 1
സിംഗപ്പൂർ- ഒക്ടോബർ 1
ജപ്പാൻ- മേയ് 5
യു.എസ്- ജൂണിലെ രണ്ടാം ഞായറാഴ്ച
ആസ്ട്രേലിയ- ജൂലൈയിലെ ആദ്യ ഞായറാഴ്ച
മെക്സികോ- ഏപ്രിൽ 30
ബ്രസീൽ- ഒക്ടോബർ 12
നൈജീരിയ-മേയ് 27
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.