ഏകാന്തതയുടെ അവധൂതൻ
text_fieldsരവീന്ദ്രനാഥ ടാഗോര്‍. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ബഹുമുഖ പ്രതിഭ. കവി, തത്ത്വചിന്തകന്, ദൃശ്യ കലാകാരന്, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹിക പരിഷ്കര്‍ത്താവ് തുടങ്ങി, പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വേറിട്ടുനിന്ന ആ അതുല്യ വ്യക്തിത്വം ഓര്‍മയായിട്ട് 79 വര്‍ഷം പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യത്തിെൻറ പൊന്പുലരിയുടെ വാര്‍ഷികദിനം കൂടി കടന്നുവരുമ്പോള്‍ നമ്മുടെ ദേശീയഗാനത്തിെൻറ ശിൽപികൂടിയായ അദ്ദേഹത്തെക്കുറിച്ച്...
കല്‍ക്കത്തയിലെ പ്രഭു കുടുംബത്തിലായിരുന്നു ടാഗോറിെൻറ ജനനം. എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നു വീട്ടില്‍. ഏറ്റവും മുന്തിയ സ്കൂളില്‍ പഠനം. കൂട്ടുകൂടാനും കൂടെ നടക്കാനും ധാരാളം കൂട്ടുകാര്‍. എന്നിട്ടും കൊച്ചു ടാഗോറിന് അതൊന്നും ഇഷ്ടമായില്ല. ഇഷ്ടം പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിലായിരുന്നു. ഈ സമയത്താണ് രവിയുടെ ഉപനയനം നടന്നത്. തലമുണ്ഡനം ചെയ്തതു കാരണം സ്കൂളില്‍ പോകാന്‍ മടിച്ചു. ആ സമയത്താണ് പിതാവ് ഹിമാലയയാത്ര നടത്താന്‍ തീരുമാനിച്ചത്. മകന് ഒരു മാറ്റമാകട്ടെയെന്ന് കരുതി അദ്ദേഹം യാത്രയില്‍ അവനെ കൂടെക്കൂട്ടി.
ഹിമാലയത്തില്‍ പോകുന്ന വഴി, പിൽക്കാലത്ത് ശാന്തിനികേതന്‍ സ്ഥാപിച്ച സ്ഥലത്തും ഏതാനും ദിവസം അവര്‍ താമസിച്ചു. നഗരത്തിെൻറ ബഹളങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള ഈ സ്ഥലം വല്ലപ്പോഴുമൊരു ഏകാന്തവാസത്തിനുവേണ്ടി രവിയുടെ പിതാവ് വാങ്ങിയതായിരുന്നു. ഹിമാലയ കാഴ്ചകളില്‍ സന്തുഷ്ടനായ മകന് യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ മിടുക്കനായി മാറുമെന്ന് കരുതിയ മാതാപിതാക്കള്‍ക്കു തെറ്റി. രവി പഴയതുപോലെതന്നെ. സ്കൂളില്‍ പോകില്ല. പാഠപുസ്തകങ്ങള്‍ വായിക്കില്ല. ആരോടും മിണ്ടില്ല. അവസാനം വീട്ടുകാരും അധ്യാപകരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. രവി ഇനി സ്കൂളില്‍ പോകേണ്ട. വീട്ടിലിരുന്ന് പഠിച്ചാല്‍ മതി. പിന്നെ അധ്യാപകര്‍ വീട്ടിലെത്തി. കൂടുതല്‍ സമയം രവിയെ സ്വതന്ത്രനാക്കി വിട്ടു. ഏകാന്തതയെ പ്രണയിച്ച അവന് പതുക്കെ പഠനം തുടങ്ങി; ഏറെ വായിക്കാനും. അന്ന് അവന് എട്ടു വയസ്സ്.
കവിയുടെ ജനനം
ഒരു ദിവസം സഹോദരെൻറ മകന് ജ്യോതിപ്രകാശ് ഒരു കടലാസു കഷണവുമായി രവിയുടെ അരികിലെത്തി പറഞ്ഞു. ഒരു കവിത എഴുതൂ. ''എനിക്ക് എഴുതാനറിഞ്ഞു കൂടാ'' -രവി പറഞ്ഞു. അവനെക്കാള്‍ നാല് വയസ്സിന് മൂത്തവനാണ് ജ്യോതിപ്രകാശ്. അവനപ്പോള്‍ കവിതയുടെ വൃത്തത്തെക്കുറിച്ചും മറ്റും പറഞ്ഞുകൊടുത്തു. ഇനി എഴുതൂ... രവി ഏറെ നേരം ആലോചിച്ചിരുന്നു. പിന്നെ ഒരു കവിത എഴുതി സഹോദരെൻറ മകന് കാണിച്ചുകൊടുത്തു. ഉഗ്രന്‍. അവന് അത്ഭുതംതോന്നി. അതായിരുന്നു തുടക്കം. പിന്നീട് ഒരു വലിയ നോട്ടു പുസ്തകം നിറയെ കവിതകള്‍ രവി എഴുതി നിറച്ചു. ഒരിക്കല്‍ മറ്റൊരു സുഹൃത്തിനെ വിളിച്ച് അതെല്ലാം വായിച്ചുകേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു. ഞാനിതെല്ലാം ഒരു പഴയ ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ്. അപ്പോള്‍ സുഹൃത്ത് പറഞ്ഞു, ''ഏതായാലും പ്രഗത്ഭനായ ഏതോ ഒരു കവിയുടെ വരികളാവാമിത്. അത്രക്ക് മനോഹരമാണ് അവ.'' ചിരിച്ചുകൊണ്ട് രവി പ്രതികരിച്ചു, ''ഈ വരികള്‍ ഒരു പ്രഗല്ഭേൻറത് ആണെങ്കില്‍ ആ പ്രഗല്ഭന് ഞാൻ തന്നെയാണ്.''
അലസനും മടിയനുമായിരുന്ന ഈ ഏകാന്തതയുടെ കാമുകനാണ് പിൽക്കാലത്ത് ലോകസാഹിത്യത്തിന് അനശ്വരങ്ങളായ കവിതകളും നോവലുകളും അനേകം സാഹിത്യകൃതികളും സംഭാവന ചെയ്ത രവീന്ദ്രനാഥ ടാഗോര്‍ ആയിത്തീര്‍ന്നത്. പതിനാറാമത്തെ വയസ്സില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമം സ്വീകരിച്ചു. ആദ്യ കവിതാസമാഹാരം ആ പേരിലാണ് പുറത്തിറക്കിയത്. 1877 മുതല്‍ അദ്ദേഹം ചെറുകഥകളും നാടകങ്ങളും എഴുതിത്തുടങ്ങി.
സാഹിത്യ സംഭാവനകള്‍
മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിത സമാഹാരങ്ങള്‍ ടാഗോറിേൻറതായി പുറത്തിറങ്ങിയിട്ടുണ്ട്. രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങളുമെഴുതി, അമ്പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍ വേറെ, ലേഖന സമാഹാരങ്ങള്‍ വേറെയുമുണ്ട്. ഇതിനെല്ലാം പുറമേ ഒരു ചിത്രകാരന്, നാടകനടന്‍, ഗായകന് ഇവയൊക്കെയായിരുന്നു അദ്ദേഹം. ചിത്രരചന ആരംഭിച്ചതോ 68ാം വയസ്സില്‍. ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ വരച്ചു. 'ഗീതാഞ്ജലി' എന്ന പദ്യകൃതിയിലൂടെ സാഹിത്യത്തിലെ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 1913ലായിരുന്നു ഇത്. ഈ പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. 1941 ആഗസ്റ്റ് ഏഴിനാണ് ആ വിശ്വപ്രതിഭ അരങ്ങൊഴിഞ്ഞത്.
ദേശീയ ഗാനം
ദേശീയ ഗാനത്തെക്കുറിച്ച് പറയാതെ ടാഗോറിെൻറ സംഭാവനകള്‍ പൂര്‍ണമാകില്ലല്ലോ. അദ്ദേഹത്തിെൻറ 'ജനഗണമന'യാണ് ഇന്ത്യയുടെ ദേശീയഗാനമായി മാറിയത്. 1912 ജനുവരിയില്‍ 'തത്ത്വബോധി' എന്ന പത്രികയിലാണ് 'ഭാരത് വിധാത' എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകരിച്ചത്. ടാഗോര്‍തന്നെയായിരുന്നു ഇതിെൻറ പത്രാധിപര്‍. അഞ്ച് ചരണങ്ങളാണ് ഈ ഗാനത്തിനുള്ളത്. ആദ്യത്തെ ചരണമാണ് ദേശീയഗാനമായത്. 1950 ജനുവരി 24ന് ഇന്ത്യന്‍ പാര്‍ലമെൻറ് 'ജനഗണമന' ദേശീയ ഗാനമായി അംഗീകരിച്ചു. ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഔപചാരികാവസരങ്ങളില്‍ ഈ ഗാനം ആലപിക്കാന്‍ 52 സെക്കന്‍ഡാണ് എടുക്കുന്ന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.