‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’
text_fieldsഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിെൻറ വഴികാട്ടി, അഹിംസ എന്ന ആയുധത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200 ആണ്ട് നീണ്ട അടിമത്തത്തിന് വിരാമമിട്ട് സ്വാതന്ത്ര്യത്തിെൻറ പാതയിലേക്ക് നയിച്ച പൊന്‍താരകം. സത്യത്തെ ജീവശ്വാസമാക്കി ധർമത്തിെൻറ പ്രതിരൂപമായി മാറിയ ഇദ്ദേഹത്തെ ആല്‍ബര്‍ട്ട് ഐൻസ്ൈറ്റന് വിശേഷിപ്പിച്ചത് ‘‘ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല’’ എന്നാണ്. മരണം അദ്ദേഹത്തെ പുണർന്നിട്ട് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു നമ്മുടെ രാഷ്ട്രപിതാവായി മഹാത്മാ ഗാന്ധി.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്ലീബായിയുടെയും നാലു മക്കളില്‍ ഇളയവൻ. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന് മുഴുവൻ പേര്.
സത്യസന്ധത
പഠനത്തില്‍ സമർഥനല്ലായിരുന്നു ഗാന്ധിജി, എങ്കിലും സത്യത്തിലുള്ള വിശ്വാസം ജന്മസിദ്ധമായിരുന്നു. അദ്ദേഹത്തിലെ ഈ ജന്മവാസനയെ ഉണര്‍ത്താനിടയാക്കിയത് ബാല്യത്തില്‍ ഗാന്ധിജി കണ്ട ഹരിശ്ചന്ദ്ര നാടകങ്ങളായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിദ്യാർഥിയായിരിക്കെ പരിശോധനക്കു വന്ന വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ കേട്ടെഴുത്തിട്ടപ്പോള്‍ ‘കെറ്റില്‍’ എന്ന വാക്ക് ഗാന്ധിജിയുടെ തെറ്റി, അപ്പോള്‍ അടുത്തിരിക്കുന്ന കുട്ടിയില്‍നിന്ന് നോക്കിയെഴുതാന്‍ ക്ലാസ് ടീച്ചര്‍ ആംഗ്യം കാണിച്ചെങ്കിലും അദ്ദേഹം അതനുസരിച്ചില്ല.
വിവാഹം
ബാലവിവാഹം നിലനിന്നിരുന്ന കാലഘട്ടമായിരുന്നതിനാല്‍ തെൻറ പതിമൂന്നാമത്തെ വയസ്സില്‍ പോര്‍ബന്തറിലെ വ്യാപാരിയായ ഗോകുല്‍ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു. പിന്നീട് നിരക്ഷരയായ കസ്തൂര്‍ബയെ മോഹന്‍ദാസ് പഠിപ്പിച്ചു.
ഇംഗ്ലണ്ടില്‍
1885ല്‍ അദ്ദേഹത്തിെൻറ അച്ഛന്‍ മരിച്ചശേഷം 1887ല്‍ കഷ്ടപ്പെട്ടാണ് മോഹന്‍ദാസ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ജ്യേഷ്ഠെൻറ നിര്‍ബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു കപ്പല്‍ കയറി. ലണ്ടനിലെ ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റിയിലാണ് നിയമം പഠിച്ചത്. ലണ്ടന്‍ െമട്രിക്കുലേഷന്‍ പരീക്ഷയില്‍ ആദ്യം പരാജയപ്പെട്ടെങ്കിലും അടുത്ത ഉദ്യമത്തില്‍ വിജയം കൈവരിച്ചു. ശേഷം 1891ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി.
ദക്ഷിണാഫ്രിക്കയില്‍
മുംബൈ കോടതിയില്‍ തെൻറ അഭിഭാഷക പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആദ്യ കേസ് വാദിക്കെ പതറിപ്പോവുകയും ജോലി അവസാനിപ്പിച്ച് ആവശ്യക്കാര്‍ക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി സ്വീകരിക്കുകയും ചെയ്തു. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ച ജ്യേഷ്ഠെൻറ നിര്‍ബന്ധത്തിനു വഴങ്ങി ദാദാ അബ്ദുല്ല ആൻഡ് കോയുടെ അഭിഭാഷകനായി 1893ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. ദക്ഷിണാഫ്രിക്കയില്‍ വർണവിവേചനം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഒരിക്കല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്ക് വെള്ളക്കാര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ട്രെയിന്‍ ടി.ടി.ആർ അദ്ദേഹത്തെ മർദിക്കുകയും പീറ്റര്‍മാരീറ്റ്‌സ്ബര്‍ഗ് എന്നിടത്ത് ഇറക്കിവിടുകയും ചെയ്തു. അന്നുമുതല്‍ ഗാന്ധിജി വർണവിവേചനത്തിനെതിെരയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കായും സമരങ്ങള്‍ നടത്താന്‍ തുടങ്ങി. ഇത് സമരമുഖത്തേക്കുള്ള ഗാന്ധിജിയുടെ പ്രഥമ ചുവടുവെപ്പായിരുന്നു.
മോഹന്‍ദാസ് ഗാന്ധിയാകുന്നു
ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്‌വാള്‍ സുപ്രീംകോടതിയില്‍ വക്കീല്‍പണി ആരംഭിച്ച അദ്ദേഹം ഇന്ത്യക്കാര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവിടെ കൂടിയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിയെ ദക്ഷിണാഫ്രിക്കയില്‍ മോഹന്‍ദാസ് ‘ഗാന്ധിജി’ എന്ന് അറിയപ്പെട്ടുതുടങ്ങി. ദക്ഷിണാഫ്രിക്കയിലെ തെൻറ പ്രവര്‍ത്തനഫലമായി സത്യഗ്രഹം എന്ന ആശയത്തിന് രൂപം നല്‍കി. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല’ എന്ന് വിശേഷിപ്പിക്കുന്നത്. 1903 ജൂണ്‍ നാലിന് ഗാന്ധി ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന പത്രം ആരംഭിച്ചു. തുടര്‍ന്ന് ഡര്‍ബനില്‍നിന്ന് 14 മൈല്‍ അകലെ ഫീനിക്‌സ് എന്ന ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇക്കാലത്ത് അദ്ദേഹം നിരവധി തവണ ജയില്‍വാസമനുഭവിച്ചു.
ഇന്ത്യയില്‍
1915 ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്കു മടങ്ങി, ഇതിെൻറ ഓർമക്കായി 2003 മുതല്‍ ഈ ദിവസം ഭാരത സര്‍ക്കാര്‍ പ്രവാസിദിനമായി ആചരിക്കാന്‍ തുടങ്ങി. ശേഷം ഗോപാലകൃഷ്ണ ഗോഖെലയുടെ ഉപദേശപ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു. അപ്പോഴാണ് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേക്ക് ഗാന്ധിജിയെ ക്ഷണിക്കുന്നത്, മരിക്കുവോളം നീണ്ട സൗഹൃദത്തിെൻറ തുടക്കമായിരുന്നു അത്്. ഗാന്ധിജിക്കു ‘മഹാത്മാ’ എന്ന വിശേഷണം നല്‍കിയതും ടാഗോറാണ്.
സത്യഗ്രഹം തുടങ്ങുന്നു
1915 മേയ് 25ന് സത്യഗ്രഹികള്‍ക്കായി അഹ്മദാബാദില്‍ സത്യഗ്രഹാശ്രമം സ്ഥാപിക്കുകയും പിന്നീട് സബര്‍മതി തീരത്തേക്ക് ആശ്രമം മാറ്റിയതോടെ സബര്‍മതി ആശ്രമം എന്നായി മാറുകയും ചെയ്തു. 1917ല്‍ ബിഹാറിലെ ചമ്പാരനിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി നടത്തിയ സത്യഗ്രഹമായിരുന്നു ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യഗ്രഹ സമരം.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം
1919 ഏപ്രില്‍ ആറിന് റൗലത്ത് നിയമത്തിനെതിരെ ഹര്‍ത്താല്‍ സംഘടിപ്പിക്കുകയും, ഏപ്രില്‍ 13നു നടന്ന ജാലിയന്‍ വാലാബാഗ് വെടിവെപ്പിനെതിരെ നിലകൊള്ളുകയും സ്വദേശിപ്രസ്ഥാനത്തിന് ആരംഭംകുറിക്കുകയും ചെയ്തതോടെ അക്കാലത്തെ പ്രമുഖ നേതാക്കളായ മോത്തിലാല്‍ നെഹ്റു, സി.ആര്‍. ദാസ്, പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ എന്നിവർ ഗാന്ധിജിക്ക് പിന്തുണ നല്‍കി. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതൃത്വം ഗാന്ധിജിയിലേക്ക് എത്തിച്ചേർന്നു. അഹ്മദാബാദില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘നവജീവന്‍’, ‘യങ് ഇന്ത്യ’ എന്നിവയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. 1920 കൽക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘സ്വരാജ്’ പ്രമേയം അവതരിപ്പിക്കുകയും 1921ല്‍ സ്വദേശി പ്രസ്ഥാനത്തിെൻറ തുടര്‍ച്ചയായി വിദേശിവസ്ത്ര ബഹിഷ്കരണം നടത്തുകയും ചെയ്തു.
ആത്മകഥ
1922ല്‍ ഗാന്ധിജിയെ ആറു വര്‍ഷത്തെ തടവിനു വിധിച്ചു. ഈ ജയില്‍വാസക്കാലത്താണ് അദ്ദേഹം തെൻറ ജീവിതം പ്രതിപാദിക്കുന്ന ആത്മകഥ ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എഴുതുകയും പിന്നീട് നവജീവന്‍, യങ് ഇന്ത്യ എന്നിവയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത്. 1927ലാണ് ആദ്യമായി ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.
കേരളത്തില്‍
1920 ആഗസ്റ്റ് 18ന് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദര്‍ശിച്ചു. 1924 മാര്‍ച്ചില്‍ വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു അടുത്ത സന്ദര്‍ശനം. 1927 ഒക്ടോബറില്‍ ഗാന്ധിജി കേരളത്തിലെത്തി. 1934ല്‍ ഹരിജന്‍ ഫണ്ട് ശേഖരണാർഥം വീണ്ടും കേരളത്തിൽ. ക്ഷേത്രപ്രവേശന വിളംബരത്തിെൻറ പശ്ചാത്തലത്തില്‍ 1937 ജനുവരിയില്‍ വീണ്ടും. ഇങ്ങനെ അഞ്ചുതവണ ഗാന്ധിജി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്്.
ദണ്ഡിയാത്ര
ഇന്ത്യയില്‍ ഉപ്പ് നിർമാണത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്രമരഹിത സത്യഗ്രഹമായിരുന്നു ഉപ്പു സത്യഗ്രഹം. 1930 മാര്‍ച്ച്് 12ന് ഉപ്പുനിയമത്തിനെതിരെ സബര്‍മതി ആശ്രമത്തില്‍നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാല്‍നടയാത്രയോടെയാണ് ഇതാരംഭിച്ചത്. ഗാന്ധിയുടെ ആത്മശക്തിയും ജനസ്വാധീനവും വിളംബരംചെയ്ത സമരമായിരുന്നു ഇത്.
ക്വിറ്റ് ഇന്ത്യ
രണ്ടാം ലോകയുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗമാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കള്‍ നീരസം പ്രകടിപ്പിക്കുകയും പിന്നീട് യുദ്ധത്തില്‍ ബ്രിട്ടനോടൊപ്പം പങ്കുചേരാന്‍ കോണ്‍ഗ്രസ് സമ്മതിക്കുകയും പകരം ഇന്ത്യക്ക് സ്വാതന്ത്ര്യം എന്ന നിബന്ധന മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രസ്താവന നിരസിച്ച ബ്രിട്ടീഷുകാര്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ക്രിപ്‌സ് കമീഷനെ ഇന്ത്യയിലേക്കയച്ചു. പേക്ഷ, ക്രിപ്‌സ് കമീഷെൻറ പ്രയത്‌നം പരാജയപ്പെട്ടു. തുടര്‍ന്ന് ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. 1942 ആഗസ്റ്റ് എട്ടിന് ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് അദ്ദേഹം നടത്തിയ ‘ഡൂ ഓര്‍ ഡൈ’ എന്ന ആഹ്വാനത്തില്‍ ചെറുത്തുനിൽപിനുള്ള ഗാന്ധിയുടെ ഉറച്ചതും അക്രമരഹിതവുമായ നിശ്ചയദാര്‍ഢ്യം പ്രതിഫലിച്ചു.
കൈപിടിച്ച് സ്വാതന്ത്ര്യത്തിലേക്ക്
സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് രാജ്യം വിഭജിക്കുമെന്നായപ്പോള്‍ എങ്ങും കലാപം തുടങ്ങി. ഒടുവില്‍ രാജ്യം വിഭജിക്കപ്പെട്ടു. 1947ന് അര്‍ധരാത്രി 12 മണിക്ക് ഇന്ത്യ സ്വതന്ത്രയായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോൾ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുകയും വ്രണപ്പെട്ടവരെ ശുശ്രൂഷിക്കുകയുമായിരുന്നു.
പ്രകാശം അണഞ്ഞുപോയിരിക്കുന്നു
1948 ജനുവരി 30ന് വൈകീട്ട് 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ ചേതനയറ്റ് അദ്ദേഹം വീണു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്ട്ര ത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്. ജനുവരി 31ന് അദ്ദേഹത്തിെൻറ ഭൗതികശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചു. 1949 നവംബര്‍ 15ന് നാഥുറാം ഗോദ്സെയെയും കുറ്റവാളികളെയും തൂക്കിലേറ്റി. ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു. ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസദിനമായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.