ഇപ്പോഴും ഞങ്ങളുണ്ട് ചന്ദ്രനിൽ!
text_fieldsചന്ദ്രനിൽ നിരവധി കാര്യങ്ങൾ അവശേഷിപ്പിച്ചാണ് മനുഷ്യൻ മടങ്ങിയത്. അതിന് നിരവധി കാരണങ്ങളുണ്ട്. പലപ്പോഴും അത് ചന്ദ്രനിൽനിന്ന് ഗവേഷണങ്ങൾക്കായി പാറകളും മറ്റും ശേഖരിക്കുമ്പോൾ ഭാരം നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു. മറ്റുചിലപ്പോൾ വിഷയം വൈകാരികവുമായിരുന്നു. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ഭൂമിയിലേക്കുള്ള മടക്കയാത്രക്കുമുമ്പ് ലൂണാർ മൊഡ്യൂളിൽനിന്ന് ചിലതെല്ലാം ചന്ദ്രനിൽ ഉപേക്ഷിച്ചു. ഇതിൽ യു.എസ് പതാകയും ട്യൂബുകളും ഭൂമിയിലേക്ക് ദൃശ്യങ്ങൾ അയക്കാൻ ഉപയോഗിച്ച ടി.വി കാമറയും ചന്ദ്രനിലെ പാറയും പൊടിയും ശേഖരിക്കാൻ അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും എല്ലാം ഉൾപ്പെടും. മൊഡ്യൂളിലെ ഭാരം കുറക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.
ഫാമിലി ഫോട്ടോ
അപ്പോളോ-16ലെ ബഹിരാകാശ യാത്രികനായ ചാൾസ് ഡ്യൂക്ക് ചന്ദ്രന്റെ ഉപരിതലത്തിൽ ഫ്രെയിം ചെയ്ത ഒരു കുടുംബ ഫോട്ടോ ഉപേക്ഷിച്ചിരുന്നു. അതിന്റെ പിറകിൽ ഇങ്ങനെ കുറിച്ചിട്ടുമുണ്ട്: ''ഇത് 1972 ഏപ്രിൽ 20ന് ചന്ദ്രനിൽ ഇറങ്ങിയ ഭൂമിയിൽനിന്നുള്ള ബഹിരാകാശ സഞ്ചാരിയായ ചാർലി ഡ്യൂക്കിന്റെ കുടുംബമാണ്.''
ചാൾസ് ഡ്യൂക്ക് ചന്ദ്രനിൽ കാലുകുത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. സൂര്യനിൽനിന്നുള്ള റേഡിയേഷൻ എക്സ്പോഷർകൊണ്ട് ഈ ഫോട്ടോ ഇപ്പോൾ പൂർണമായും നിറം മങ്ങിപ്പോയിട്ടുണ്ടാവാം.
പതാകകൾ
ഓരോ ചാന്ദ്ര സന്ദർശനത്തിലും ഓരോ പതാകകൾ നാട്ടിയിരുന്നു. ചന്ദ്രനിൽ കാറ്റില്ലാത്തതിനാൽ പതാകകൾ ഒരിക്കലും പറക്കില്ല എന്ന് അറിയാമല്ലോ. ബഹിരാകാശ സഞ്ചാരികൾ നാട്ടിയ ആ പതാകകളെല്ലാം ഇന്നും ചന്ദ്രന്റെ ഉപരിതലത്തിൽ ഉണ്ടാവാം, മങ്ങലേറ്റിട്ടുണ്ടാകുമെങ്കിലും.
മനുഷ്യന്റെ അവശേഷിപ്പ്
ചന്ദ്രനിൽ മനുഷ്യനെ സംസ്കരിച്ചതായി എവിടെയും കേട്ടിട്ടില്ലല്ലോ? അതില്ലെങ്കിലും മനുഷ്യ ശരീരത്തിന്റെ അവശേഷിപ്പുണ്ട് ചന്ദ്രനിൽ! ധൂമകേതുക്കളെയും ഗ്രഹങ്ങളെയും കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തുകയും ശാസ്ത്രലോകത്ത് പല കണ്ടെത്തലുകളും നടത്തി അത്ഭുതപ്പെടുത്തുകയും ചെയ്ത ജീൻ ഷൂമാക്കർ എന്ന യു.എസ് ജിയോളജിസ്റ്റിന്റെ അവശേഷിപ്പുകളുണ്ട് അവിടെ. അദ്ദേഹത്തിന്റെ ചിതാഭസ്മം ലൂണാർ പ്രോസ്പെക്ടർ ബഹിരാകാശ പേടകത്തിൽ ഒരു കാപ്സ്യൂളിൽ ചന്ദ്രനിലേക്ക് കൊണ്ടുപോയി. ചന്ദ്രനിലേക്ക് കൊണ്ടുപോകാൻ പ്രത്യേകം രൂപകൽപന ചെയ്ത ക്യാപ്‌സ്യൂളിൽ 'റോമിയോ ആൻഡ് ജൂലിയറ്റിൽ' നിന്നുള്ള ഒരു ഉദ്ധരണിയും രേഖപ്പെടുത്തിയിരുന്നു, അതിങ്ങനെയാണ്:
''And, when he shall die,
Take him and cut him out in little stars,
And he will make the face of heaven so fine
That all the world will be in love with night,
And pay no worship to the garish sun''
ആർട്ട് ഗാലറി!
'മൂൺ മ്യൂസിയം' എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ സെറാമിക് വേഫർ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടെന്നാണ് കരുതുന്നത്. ഫോറസ്റ്റ് മിയേഴ്‌സിന്റെ സൃഷ്ടിയാണിത്. ക്ലേസ് ഓൾഡൻബർഗ്, ഡേവിഡ് നോവ്‌റോസ്, ആൻഡി വാർഹോൾ എന്നിവരുൾപ്പെടെ ആറ് കലാകാരന്മാരുടെ ചെറിയ കലാസൃഷ്ടികൾ ഈ ചിപ്പിലുണ്ട്. ഇത് ചന്ദ്രനിലേക്ക് കൊണ്ടുപോകാൻ നാസ സമ്മതിച്ചില്ലെങ്കിലും താൻ അത് ഒരു അപ്പോളോ-12 യാത്രികന് കൈമാറിയിരുന്നതായി മിയേഴ്സ് ന്യൂയോർക് ടൈംസിനോട് പറഞ്ഞിരുന്നു. അദ്ദേഹം അത് ചാന്ദ്ര മൊഡ്യൂൾ ലാൻഡറിന്റെ ഒരു കാലിൽ ഘടിപ്പിച്ചിരുന്നുവെന്നാണ് പിന്നീട് കണ്ടെത്തിയത്. ചാന്ദ്ര ദൗത്യത്തിന് ശേഷം ലാൻഡറുകൾ ചന്ദ്രനിൽ അവശേഷിക്കുന്നതിനാൽ ഈ ചെറിയ കലാസൃഷ്ടി ഇപ്പോഴും ചന്ദ്രനിലുണ്ടെന്ന് കരുതപ്പെടുന്നു.
'വീണുപോയ' ബഹിരാകാശ സഞ്ചാരി
അപ്പോളോ-15 ബഹിരാകാശ യാത്രികർ ചന്ദ്രനിൽ ഉപേക്ഷിച്ച, ബെൽജിയൻ കലാകാരനായ പോൾ വാൻ ഹോയ്‌ഡോങ്കിന്റെ ഒരു അലുമിനിയം ശിൽപമാണ് 'ഫാളൻ ആസ്ട്രോനട്ട്'. വീണുപോയ ബഹിരാകാശ യാത്രികരെ പ്രതിനിധാനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ സൃഷ്ടി.
ഒലിവ് ഇലയും പേടകക്കഷണവും
കമാൻഡ് മൊഡ്യൂൾ പരീക്ഷണത്തിനിടെ 1967ൽ മരിച്ച ബഹിരാകാശ യാത്രികരെ അനുസ്മരിക്കാൻ ആംസ്ട്രോങ്ങും ആൽഡ്രിനും അപ്പോളോ-1ന്റെ പേടകക്കഷണം ചന്ദ്രനിൽ ഉപേക്ഷിച്ചിട്ടുണ്ട്. ബഹിരാകാശ സഞ്ചാരിയായ ക്ലിഫ്റ്റൺ സി. വില്യംസിന്റെ സ്മരണക്കായി അപ്പോളോ-12 ബഹിരാകാശ സഞ്ചാരി അലൻ ബീൻ സ്വർണംകൊണ്ടുള്ള ഒരു ഒലിവ് ശാഖയും ചന്ദ്രനിൽ ഉപേക്ഷിച്ചു. അപ്പോളോ-12ലെ ചാന്ദ്ര മൊഡ്യൂൾ പൈലറ്റായിരുന്നു വില്യംസ്.
ഗോൾഫ് പന്തുകൾ
അപ്പോളോ-14ലെ യാത്രികനായ അലൻ ഷെപ്പേർഡിന് ചന്ദ്രന്റെ ഉപരിതലത്തിൽ ഗോൾഫ് കളിക്കാൻ കഴിഞ്ഞു! അപ്പോളോ-14 ദൗത്യത്തിൽ ഒരു ഗോൾഫ് സ്റ്റിക്കും പന്തുകളും കൊണ്ടുപോയിരുന്നു. ഒരു പ്രത്യേക ഉപകരണത്തിൽ ഘടിപ്പിച്ച് ചന്ദ്രോപരിതലത്തിൽവെച്ച് ഷെപ്പേർഡ് രണ്ട് ഗോൾഫ് പന്തുകളും അടിച്ചുനീക്കുകയും ചെയ്തു. ആ ബാളുകളും അവിടെ അവശേഷിക്കുന്നു.
മനുഷ്യമാലിന്യം
ചന്ദ്രനിൽ 96 ബാഗ് മനുഷ്യമാലിന്യമുണ്ട്. പലതവണയായുള്ള ചാന്ദ്ര യാത്രകളിൽ ഉപേക്ഷിച്ചവയാണവ. ഈ ബാഗുകൾക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ അവ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശാസ്ത്രജ്ഞർ നടത്തുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.