യാതനകൾ അനുഭവിക്കുന്ന കുട്ടികളുടെ നന്മക്കായി യുനിസെഫ്
text_fieldsഎത്രയോ കുട്ടികൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ പ്രശ്നങ്ങളാൽ നീറുന്നുണ്ട്. പട്ടിണി, രോഗങ്ങൾ, വിദ്യാഭ്യാസത്തിെൻറ അഭാവം, യുദ്ധം തുടങ്ങിയവ കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതായി കാണാം. ഇതിനൊന്നും അവർ ഉത്തരവാദികളല്ലാതിരുന്നിട്ടും അവയിൽ പലതിനും കുട്ടികൾ ഇരകളായിത്തീരുന്നു. ഇങ്ങനെ യാതനകളനുഭവിക്കുന്ന കുട്ടികളുടെ നന്മക്കായി പ്രവർത്തിക്കുന്ന ഒരു ആഗോള സംഘടനയുണ്ട് അതാണ് യുനിസെഫ്.
യുനിസെഫ് ചരിത്രം
രണ്ടാം ലോകയുദ്ധത്തിൽ തകർന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായങ്ങൾ നൽകുന്നതിനായി 1946 ഡിസംബർ 11ന് യുനിസെഫ് സ്ഥാപിതമായി. ന്യൂയോർക്കാണ് അതിെൻറ ആസ്ഥാനം. 1965ൽ യുനിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ശൈശവകാല രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് പ്രോഗ്രാമുകളെയും എയ്ഡ്സിെൻറ വ്യാപനം തടയുന്നതിനുള്ള പ്രോഗ്രാമുകളെയും യുനിസെഫ് പിന്തുണക്കുന്നുണ്ട്.
യുനിസെഫിെൻറ ഭരണം
പതിനഞ്ചോളം രാജ്യങ്ങളിൽ ഇന്ന് യുനിസെഫിെൻറ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഏഴ് റീജനൽ ഓഫിസുകളുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക, സാമ്പത്തിക സമിതി തിരഞ്ഞെടുക്കുന്ന 36 പ്രതിനിധികളുള്ള എക്സിക്യൂട്ടിവ് ബോർഡാണ് യുനിസെഫിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓരോ മേഖലയിൽനിന്നും നിശ്ചിത അംഗങ്ങൾ എക്സിക്യൂട്ടിവ് ബോർഡിലുണ്ടാകും. ഇവർ യോഗം ചേർന്ന് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറുമാരെയും തിരഞ്ഞെടുക്കുന്നു. മൂന്നു വർഷമാണ് എക്സിക്യൂട്ടിവ് ബോർഡിെൻറ കാലാവധി.
യുനിസെഫിെൻറ താക്കോൽ
ദ ഓഫിസ് ഓഫ് ഇേൻറണൽ ഓഡിറ്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ (ഒ.ഐ.എ.ഐ) എന്ന വിഭാഗമാണ് യുനിസെഫിെൻറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന ഈ വിഭാഗം അതിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ എക്സിക്യൂട്ടിവ് ഡയറക്ടറെ അറിയിക്കും. രാജ്യങ്ങളിലെ ഓഫിസുകൾ, ഹെഡ് ക്വാർട്ടേഴ്സ് വിഭാഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഓഡിറ്റാണ് ഒ.ഐ.എ.ഐ നടത്തുക.
ഡോ. ലുഡ് വിക് റാച്മാൻ
ഡോക്ടറും ബാക്റ്റീരിയോളജിസ്റ്റുമായ ഡോ. ലുഡ് വിക് റാച്മാനാണ് യുനിസെഫിെൻറ സ്ഥാപകൻ. 1946 മുതൽ 1950 വരെ അദ്ദേഹം സംഘടനയുടെ ചെയർമാനായിരുന്നു.
ട്രിക് ഓർ ട്രീറ്റ് ഫോർ യുനിസെഫ്
പാശ്ചാത്യ രാജ്യങ്ങൾ ആഘോഷപൂർവം കൊണ്ടാടുന്ന ഹാലോവീൻ ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ മിഠായി ശേഖരിക്കുന്ന ആഘോഷമാണ് ട്രിക് ഓർ ട്രീറ്റ്. ഇതിൽനിന്ന് ആശയമുൾക്കൊണ്ട് ട്രിക് ഓർ ട്രീറ്റ് ഫോർ യുനിസെഫ് എന്ന പദ്ധതി യുനിസെഫ് ആവിഷ്കരിച്ചു. കുട്ടികൾ യുനിസെഫിനു വേണ്ടി മിഠായികൾക്ക് പകരം നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങി. യുനിസെഫിെൻറ ഫണ്ട് ശേഖരണത്തിനുള്ള പ്രധാന മാർഗമായി വൈകാതെ ഇതു മാറി.
ബോക്സിനുള്ളിലെ സ്കൂളുകൾ
യുദ്ധവും പ്രകൃതിദുരന്തങ്ങളും ബാധിച്ച പ്രദേശത്തെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ഒരു ബോക്സിനുള്ളിൽ ( school-in-a-box) നൽകുന്ന പദ്ധതി യുനിസെഫ് ചെയ്തുവരുന്നുണ്ട്. കുട്ടികൾക്കാവശ്യമായ കളർ പെൻസിലുകളും പുസ്തകങ്ങളും ബാഗുകളും കത്രികയും പെൻസിലുമെല്ലാമടങ്ങുന്ന കിറ്റുകളാണ് യുനിസെഫ് നൽകാറുള്ളത്.
പോഷകാഹാര പദ്ധതി
1950 കാലഘട്ടങ്ങളിൽ ലോകമെങ്ങുമുള്ള 60 ലക്ഷത്തോളം കുട്ടികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി യുനിസെഫ് ആരംഭിച്ചു. വാക്സിൻ വഴി കുട്ടികളെ വിവിധ രോഗങ്ങളിൽനിന്ന് രക്ഷിക്കാമെന്ന് മനസ്സിലായതോടെ വസൂരി, പട്ടിണിമൂലം തൊലിയിലുണ്ടാകുന്ന രോഗങ്ങൾ എന്നിവയെ ചെറുക്കാൻ വാക്സിനേഷൻ നൽകുന്ന പദ്ധതിക്കും യുനിസെഫ് തുടക്കമിട്ടു.
യു-റിപ്പോർട്ട്
തൊഴിൽ, വിഭാഗീയതകൾ, ശൈശവ വിവാഹം തുടങ്ങി യുവതലമുറയെ സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്നുള്ള ചെറുപ്പക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി യുനിസെഫ് തയാറാക്കിയ പദ്ധതിയാണിത്. എസ്.എം.എസ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ഇന്ത്യയും യുനിസെഫും
1949ൽ പെനിസിലിൻ ഉൽപാദിപ്പിക്കുന്ന കമ്പനിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയാണ് യുനിസെഫ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. 1960ൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ശാസ്ത്രപഠനം നടത്തുന്നതിനാവശ്യമായ സഹായങ്ങൾ നൽകാൻ യുനിസെഫ് മുൻകൈയെടുത്തു. 1966ലെ ബിഹാർ ക്ഷാമകാലത്ത് കുടിവെള്ള വിതരണം നടത്തിയത് യുനിസെഫായിരുന്നു. പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക് തുടങ്ങിയവ പരിഹരിക്കുന്നതിനായി ബിഹാറിലെയും ഝാർഖണ്ഡിലെയും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ സർക്കാറുമായി ചേർന്ന് യുനിസെഫ് പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.