![Vacation Activities for Overall development of Students Vacation Activities for Overall development of Students](https://www.madhyamam.com/h-upload/2024/04/01/2220276-hobby-142024.webp)
അവധിക്കാലം കളറാക്കാം
text_fieldsരണ്ടുമാസം ഇനി ആഘോഷത്തിന്റെ അവധിക്കാലമാണ്. സ്കൂളും പഠനവുമെല്ലാം മാറ്റിവെച്ച് വീട്ടിൽ ഇരിക്കുന്ന സമയം. ഈ രണ്ടുമാസക്കാലം സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രോണിക് ഗെയിമുകൾക്കും കമ്പ്യൂട്ടറിനുമെല്ലാം അടിമയായി മാത്രം കഴിയാതെ അൽപ്പം കളർഫുള്ളാക്കിയാലോ?. ഒപ്പം കൂട്ടുകാരെയും കൂട്ടാം. അപ്പോൾ തുടങ്ങാം അല്ലേ?
സിംപിളായി ഭാഷ പഠിക്കാം
മനുഷ്യരുടെ പ്രധാന ആശയ വിനിമയ ഉപാധിയാണ് ഭാഷകൾ. ലോകത്ത് 7000ത്തിൽ അധികം ഭാഷകളുണ്ടെന്നാണ് കണക്കുകൾ. ഇത്രയും ഭാഷ പഠിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, നമ്മുടെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകൾ അനായാസം പഠിച്ചെടുക്കാൻ സാധിക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും പിടിച്ചുനിൽക്കാൻ ഈ ഭാഷകൾ ഉപകരിക്കുകയും ചെയ്യും. മാതൃഭാഷക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും തമിഴും അല്ലെങ്കിൽ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകൾ പഠിക്കാം. കൂടാതെ ഫ്രഞ്ച്, ചൈനീസ്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷകളും പഠിക്കാം. ഈ ഭാഷകളൊന്നും പഠിക്കാൻ ഇപ്പോൾ പ്രത്യേകം ക്ലാസുകളിലൊന്നും പോകേണ്ട ആവശ്യമില്ല. യുട്യൂബ് വിഡിയോകളും ഓൺലൈൻ ക്ലാസുകളും കണ്ട് പഠിക്കാം. കൂടാതെ മറ്റ് ഭാഷകൾ സംസാരിക്കുന്ന വീട്ടിലെ മുതിർന്നവരിൽനിന്നോ കൂട്ടുകാരിൽനിന്നോ പഠിക്കാം. കൂടാതെ മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കണം.
സംഗീതത്തെ കൂടെക്കൂട്ടാം
കീബോർഡ്, വയലിൻ, ഗിറ്റാർ, തബല, ഫ്ലൂട്ട് തുടങ്ങി ഒട്ടേറെ സംഗീത ഉപകരണങ്ങളുണ്ടെന്ന് കൂട്ടുകാർക്ക് അറിയാം. എന്നാൽ, ഇവയിൽ ഏതെങ്കിലും പഠിച്ചെടുത്തുകൂടെ. പാട്ട് പാടാൻ എല്ലാവർക്കും കഴിയണമെന്നില്ല, എന്നാൽ സംഗീത ഉപകരണം പഠിക്കാൻ എപ്പോഴും ഏതു പ്രായത്തിലും സാധിക്കും. കൂട്ടുകാരുടെ മുന്നിൽ ഒന്ന് തിളങ്ങാനും ഇതുവഴി സാധിക്കും. സംഗീത ഉപകരണം പഠിക്കുന്നതിലൂടെ മറ്റു പല ഗുണങ്ങളും കിട്ടുകയും ചെയ്യും. ഓർമ്മശക്തി, സർഗാനത്മകത തുടങ്ങിയവ ഇതിലൂടെ വർധിപ്പിക്കാൻ സാധിക്കും. കൂടാതെ പ്രശ്ന പരിഹാരം, ക്രിയാത്മക ചിന്ത, വൈകാരിക പ്രകടനം തുടങ്ങിയവയിൽ പോസിറ്റീവ് മാറ്റം കൊണ്ടുവരാനും ഇതുവഴി സാധിക്കും.
നിർബന്ധമായും നീന്തൽ പഠിക്കണം
ചെറുപ്പത്തിൽ തന്നെ പഠിച്ചിരിക്കേണ്ട ഒന്നാണ് നീന്തൽ. ഇതിനേക്കാൾ നല്ല മറ്റൊരു വ്യായാമമില്ലെന്ന് പറയാം. ശരീരത്തിനും ഹൃദത്തിനും നീന്തൽ നല്ലതാണ്. നീന്തൽ പക്ഷേ ഒരിക്കലും സ്വയം പഠിക്കാൻ ശ്രമിക്കരുത്. മുതിർന്നവരുടെ സഹായത്തോടെ മാത്രമേ നീന്തൽ പഠിക്കാവൂ. സ്വയ രക്ഷക്കും രസത്തിനും നീന്തൽ പഠനം ഉപകരിക്കും.
നല്ല കൈയക്ഷരത്തിന് ഉടമായാകാം
എത്ര കൃത്യമായി ഉത്തരം എഴുതിയാലും ചിലപ്പോൾ മുഴുവൻ മാർക്കും കിട്ടാതെ വന്നിട്ടുണ്ടോ? ഒരുപക്ഷേ അതിനും കാരണം നല്ല കൈയക്ഷരമില്ലാത്തതാകാം. വായിക്കാനും വിലയിരുത്താനും അധ്യാപകർക്ക് കഴിയാത്തതും അതിനാലായിരിക്കും. അതിനാൽ വൃത്തിയിലും ഭംഗിയിലും എഴുതാൻ പഠിക്കാം. അക്ഷരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ പരിശീലനം നൽകുന്ന ക്ലാസുകൾ ഓൺലൈനിൽ ലഭിക്കും. ആറു വയസ്സു മുതൽ എത്ര വയസ്സുവരെയുള്ളവർക്കും ഇതിന് ശ്രമിക്കാം. ഒരു ദിവസം അരമണിക്കൂർ മാത്രം ചിലവഴിച്ചാൽ മതിയാകും.
വായിച്ചുവളരാം
അറിവിന്റെ ഉറവിടമാണ് വായന. വായനാശീലം വളരുന്നതിനൊപ്പം നല്ല ശീലങ്ങളും വളരും. ഭാഷയെ കൂടുതൽ അടുത്തറിയാനും പുതിയ വാക്കുകൾ പഠിക്കാനും വായനയിലൂടെ കഴിയും. ഒപ്പം കൂടുതൽ ചിന്തിക്കാനും ഭാവന വളർത്താനും ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ വർധിപ്പിക്കാനും വായന സഹായിക്കും. ദിവസവും രാവിലെ പത്രത്തിൽ തന്നെ വായന ആരംഭിക്കാം. പിന്നീട് ചെറുകഥകളിലേക്കോ, നോവലുകളിലേക്കോ, ലേഖനങ്ങളിലേക്കോ കടക്കാം.
എഴുതി പഠിക്കാം
വായനയെപ്പോലെ തന്നെയാണ് എഴുത്തും. ഭാവനയും രചനാപാടവവും വളർത്താൻ ഏറെ സഹായിക്കുന്നതാണ് എഴുത്ത്. ഡയറി എഴുതി തുടങ്ങാം. പിന്നീട് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന എന്തും എഴുതി നോക്കാം. എന്തിനെക്കുറിച്ചും ആരെക്കുറിച്ചും സരസവും ലളിതവും ഹൃദ്യവുമായി എഴുതാൻ കഴിയും എങ്കിൽ നിങ്ങൾക്ക് നല്ലൊരു എഴുത്തുകാരനാവാം.
അറിവുനേടാം ഐ.ടിയിൽ
കൂട്ടുകാർ എല്ലാവരും കമ്പ്യൂട്ടർ ഒരു പാഠ്യവിഷയമായി തന്നെ പഠിക്കുന്നുണ്ടാകും. എന്നാൽ അതിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചാലോ? ഫോട്ടോ ഷോപ്പ്, വിഡിയോ എഡിറ്റിങ്, പെയിന്റ്, എക്സൽ തുടങ്ങിയവ പഠിക്കാൻ നോക്കാം. ഭാവിയിൽ ഉപകാരപ്പെടുന്നവരയാണ് ഇതെല്ലാം. കൂടാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങാനും മറ്റും ശ്രമിക്കാം. ഇതിലൂടെ ടെക്നോളജിയോടുള്ള ഇഷ്ടവും വർധിപ്പിക്കാം. എന്നാൽ, ഒരുപാട് സമയം കമ്പ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുമ്പിൽ ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കളികൾ പഠിക്കാം
കളികൾ വെറും മാനസിക ഉല്ലാസത്തിന് വേണ്ടിയുണ്ടതല്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധി- ആരോഗ്യം തുടങ്ങിയവ വളർത്താനും ഈ കളികൾ അനിവാര്യമാണ്. തൊട്ടടുത്ത ഗ്രൗണ്ടിലോ ടർഫിലോ രാവിലെയോ വൈകിട്ടോ സമയം ചെലവിടാം. കൂടാതെ കൂട്ടുകാരുടെ ഒരു സംഘത്തിനൊപ്പം വിവിധ കായിക ഗെയിമുകളിലേർപ്പെടാം. മാത്രമല്ല, ചെസ് പോലുള്ള ഗെയിമുകൾ കുട്ടികളുടെ മാനസിക വളർച്ചയിലും സ്വാധീനം ചെലുത്തും.
പാചകവും ശുചിത്വബോധവും
ഏതൊരാളും പഠിച്ചിരിക്കേണ്ട ഒരു കാര്യമാണ് പാചകം. കൂടാതെ ആ വ്യക്തിയിൽ ശുചിത്വ ബോധവും ഉണ്ടാകണം. പാചകം ആരുടെയും ഉത്തരവാദിത്തമല്ല. സ്വന്തം ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണമുണ്ടാക്കാൻ എല്ലാവരും പഠിക്കണം. ഭാവിയിൽ ഒറ്റക്ക് താമസിച്ച് പഠിക്കുന്ന സാഹചര്യമുണ്ടായാൽ ഈ പാചക അറിവുകൾ ഉപകാരപ്പെടും.
കൂടാതെ സ്വന്തം വീടും പരിസരവും മുറിയും വൃത്തിയാക്കി വെക്കാൻ പഠിക്കണം. ഇനിമുതൽ മുറി സ്വയം വൃത്തിയാക്കാൻ ശ്രമിച്ചുനോക്കൂ. പോരായ്മകൾ മുതിർന്നവരോട് പരിഹരിച്ചു നൽകാനും ആവശ്യപ്പെടാം. ആഴ്ചയിലൊരു ദിവസമെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ച് വീടും പരിസരവും വൃത്തിയാക്കുകയും വേണം.
പൂന്തോട്ടവും പച്ചക്കറിത്തോട്ടവും
ഈ അവധിക്കാലത്ത് സ്വന്തമായി ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയാലോ? ഉപയോഗശൂന്യമായ വലിയ പാത്രങ്ങളിലോ പ്ലാസ്റ്റിക് ബോട്ടിലുകളിലോ കുപ്പികളിലോ കവറുകളിലോ അല്ലെങ്കിൽ നിലത്തോ ചെടികൾ വെച്ചുപിടിപ്പിക്കാം. വിത്തുകളും നടാനുള്ള കമ്പുകളും മുതിർന്നവരിൽനിന്ന് സംഘടിപ്പിക്കാം. ആദ്യഘട്ടത്തിൽ വലിയ കൃഷിയൊന്നും വേണ്ട, ചീരയോ വെണ്ടയോ തക്കാളിയോ നട്ടാൽ മതി. കൃഷി പാഠങ്ങൾ പഠിക്കുകയും ചെയ്യാം. ടെറസ് കൃഷിയും ഗ്രോബാഗ് കൃഷിയും പരീക്ഷിച്ചുനോക്കാവുന്നയാണ്. വിത്ത് നട്ടാൽ മാത്രം പോരാ, അവയുടെ പരിപാലനവും ഏറ്റെടുക്കണം. ദിവസവും വെള്ളമൊഴിക്കുകയും കളകൾ പറിച്ചുനീക്കുകയും വേണം.
ക്യാമ്പുകളിൽ സജീവമാകാം
ക്യാമ്പുകളുടെ കാലംകൂടിയാണ് അവധിക്കാലം. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനും നേതൃപാടവവും പഠന സന്നദ്ധതയുമെല്ലാം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംഘടനകൾ അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. വായനശാലകൾ കേന്ദ്രീകരിച്ച് ഗ്രാമങ്ങൾതോറും ക്യാമ്പുകൾ നടക്കുന്നതും പതിവാണ്. ഒരേസമയം കളിയും പഠനവും മുന്നോട്ടുകൊണ്ടുപോകുന്നവയാണ് ഇത്തരത്തിലുള്ള ക്യാമ്പുകളെല്ലാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.