Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wetland
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightതണ്ണീർത്തടങ്ങൾ... ജൈവ...

തണ്ണീർത്തടങ്ങൾ... ജൈവ സമ്പത്തി​െൻറ കലവറ

text_fields
bookmark_border

പ്രകൃത്യാലുള്ളതോ, മനുഷ്യ നിർമിതമോ ആയ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉൾക്കൊള്ളുന്ന ജലനിർഭരമായ ആവാസ വ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ. തടാകങ്ങൾ, നദികൾ, അരുവികൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, ചതുപ്പ്പ്രദേശങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം തണ്ണീർത്തടങ്ങളിൽ ഉൾപ്പെടും. ജൈവ സമ്പത്തിന്റെ കലവറകളായ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നു വിളിക്കുന്നു.

പക്ഷി മത്സ്യ മൃഗാദികളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയാണ് തണ്ണീർത്തടങ്ങൾ. വെള്ളപ്പൊക്ക നിയന്ത്രണം, ഭക്ഷ്യ ഉൽപാദനം, കൊടുങ്കാറ്റിൽ നിന്ന് സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജലശുദ്ധീകരണം തുടങ്ങിയ നിരവധി ധർമങ്ങൾ നിർവഹിക്കുന്ന പ്രകൃതി പാരിസ്ഥിതിക വ്യവസ്ഥയാണ് ഇവ. ജൈവവൈവിധ്യത്തെ നിലനിർത്താനും അതുല്യമായ പ്രകൃതിസമ്പത്ത് പ്രദാനം ചെയ്യാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കും.

റാംസർ കൺവെൻഷൻ

തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യംവെച്ച് 1971 ഫെബ്രുവരി രണ്ടിന് അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയാണ് റാംസർ. ഇറാനിലെ റാംസറിൽ നടന്ന ഉച്ചകോടിയായതിനാൽ ആ നഗരത്തിന്റെ പേരിലാണ് ഉടമ്പടി അറിയപ്പെടുന്നത്. പരിസ്ഥിതിസമ്പത്ത് സംരക്ഷിച്ച് ലോക രാജ്യങ്ങളിൽ സുസ്ഥിര വികസനം കൊണ്ടുവരുന്നതിനും റാംസർ കൺവെൻഷൻ ഊന്നൽ നൽകി. ഈ ഉടമ്പടിയിലൂടെ 4,76,000 ഏക്കറിലധികം തണ്ണീർത്തടങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തെ ​പ്രോത്സാഹിപ്പിക്കുക, അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെ പട്ടികപ്പെടുത്തുക, തണ്ണീർത്തട സംരക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുക തുടങ്ങിയ അടിസ്ഥാന ധർമങ്ങളാണ് റാംസർ കൺവെൻഷനുള്ളത്. റാംസർ കൺവെൻഷന്റെ കീഴിൽ ഇന്ത്യയിൽ 6,77,131 ഹെക്ടർ വിസ്തീർണമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള 47 തണ്ണീർത്തടങ്ങൾ പട്ടികപ്പെടുത്തിയിരുന്നു. കേരളത്തിൽ കായൽപ്രദേശങ്ങളായ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയുൾപ്പെടുന്ന മൂന്ന് റാംസർ സൈറ്റുകളാണുള്ളത്.


പ്രധാന തണ്ണീർത്തടങ്ങൾ

നദിതീര തണ്ണീർത്തടം: നദികൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങൾ

സമുദ്ര തണ്ണീർത്തടങ്ങൾ: സമുദ്രതീരത്ത് കാണപ്പെടുന്ന ഉപ്പുവെള്ളമുള്ള തണ്ണീർത്തടങ്ങളാണിവ. സമുദ്ര ഇടത്തട്ടുകൾ, കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന തീരപ്രദേശ ഉപ്പ് ലഗൂണുകൾ, പവിഴപുറ്റുകൾ

ചതുപ്പ് തണ്ണീർത്തടങ്ങൾ: ഇടതൂർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ ചളിപ്രദേശങ്ങൾ

തടാകതണ്ണീർത്തടങ്ങൾ: ശുദ്ധജല തടാകം, പ്രകൃതിദത്ത തടാകങ്ങളിലൂടെയും രൂപം കൊള്ളുന്നവ

നീരുറവകൾ: ഭൂഗർഭജലത്തിന്റെ ഉപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന തണ്ണീർത്തടങ്ങൾ, ഉപ്പുവെള്ള ചതുപ്പുകൾ, അഴിമുഖങ്ങൾ, കായലുകൾ കണ്ടൽ പ്രദേശങ്ങൾ തുടങ്ങിയവ

കൃതിമമായി നിർമിക്കപ്പെടുന്നവ: ഒരു നിശ്ചിത അളവിൽ ജലം സംഭരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ മനുഷ്യ നിർമിതമായ തണ്ണീർത്തടങ്ങളാണ് ഇത്. ഉദാഹരണം റിസർവോയറുകൾ, ഡാമുകൾ

ക്ഷയിച്ചുക്ഷയിച്ച്

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ തണ്ണീർത്തടങ്ങളുടെ 30 ശതമാനവും നഷ്ടപ്പെട്ടതായാണ് വെറ്റ്‌ലാന്റ്സ് ഇന്റർനാഷനൽ സൗത്ത് ഏഷ്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവത്കരണം, വ്യവസായ ​ൈകയേറ്റങ്ങൾ, വയൽ നികത്തൽ, അശാസ്ത്രീയ മത്സ്യ കൃഷി തുടങ്ങിയവ ഇതിന് കാരണമാകുന്നു. തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നത് കാലാവസ്ഥാ വ്യതിയാനം, ജല-ഭക്ഷ്യ മേഖലകളിൽ പ്രതിസന്ധി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രത്യാഘാതങ്ങളെയും ക്ഷണിച്ചുവരുത്തുന്നു.

ലോക തണ്ണീർത്തട ദിനം

തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി രണ്ടിന് ലോക തണ്ണീർത്തട ദിനം ആചരിക്കുന്നു. 1971ൽ ഇറാനിലെ റാംസറിൽ തണ്ണീർത്തടങ്ങൾ സംബന്ധിച്ച ഉടമ്പടി അംഗീകരിച്ച തീയതിയുടെ സ്മരണാർഥമാണ് ഈ ദിനം ആചരിക്കുന്നത്.

ഏറ്റവും ഭീമൻ പാൻറനാൽ

ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടം. ചതുപ്പുനിലമായ ബ്രസീലിലെ പാന്റനാൽ പ്രദേശത്തുകൂടി ഒട്ടേറെ നദികൾ ഒഴുകുന്നുണ്ട്. ചതുപ്പ് എന്ന അർഥം വരുന്ന പാന്റു, പാന്റനാൽ എന്ന പോർച്ചുഗീസ് വാക്കിൽനിന്നാണ് ഉണ്ടായത്. മഴക്കാലത്ത് 80 ശതമാനത്തോളവും ഇൗ പ്രദേശം മുങ്ങും.

കൃഷിക്കും കാലിവളർത്തലിനും ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഹയസിന്ത് തത്തകളുടെ ജന്മസ്ഥലമാണിവിടം. കൂടാതെ, വിവിധതരം സസ്യങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു. ലക്ഷക്കണക്കിന് ചീങ്കണ്ണികൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കുകൾ.


കേരളത്തിലെ റാംസർ പ്രദേശങ്ങൾ

വേമ്പനാട് കായൽ

തീരദേശ തണ്ണീർത്തടമാണ് വേമ്പനാട്ട് കായൽ. കേരളത്തിലെ ഏറ്റവും വലിയ തീരദേശ നീർത്തടം കൂടിയാണ് ഇവിടം. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്നു. കൊച്ചി തുറമുഖത്തുവെച്ച് വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയവയാണ് വേമ്പനാട്ട് കായലിലെ ദ്വീപുകൾ.

അഷ്ടമുടിക്കായൽ

വലുപ്പത്തിൽ രണ്ടാമതും എന്നാൽ, ആഴത്തിൽ ഒന്നാമനുമാണ് അഷ്ടമുടിക്കായൽ. കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു. തീരദേശ തണ്ണീർത്തടമായ അഷ്ടമുടിക്കായലിലാണ് പ്രസിദ്ധമായ മൺറോ തുരുത്ത്.

ശാസ്താംകോട്ട കായൽ

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണ് ശാസ്താംകോട്ട കായൽ. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്നു. മണൽ ഖനനം, പ്രദേശത്തെ കുന്നിടിക്കൽ തുടങ്ങിയവ വഴി നിരവധി ഭീഷണികൾ നേരിടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WetlandBiodiversityRamsar Convention
News Summary - Wetlands Biodiversity and the Ramsar Convention
Next Story