സമൂഹമാധ്യമങ്ങളുടെ കാലം
text_fieldsതാൻസനിയയിൽനിന്നുള്ള സഹോദരങ്ങളായ കിലി പോളും നീന പോളും ഇന്ത്യയിലിപ്പോൾ വൈറൽ താരങ്ങളാണ്. 5500ലേറെ കിലോമീറ്ററുകൾ അകലെയുള്ള ഒരു ആഫ്രിക്കൻ രാജ്യത്തിലെ രണ്ടുപേരെ ഇന്ത്യയിൽ വൈറലാക്കിയത് ടിക്ടോകും ഇൻസ്റ്റഗ്രാമുമായിരുന്നു. കിലിയും നീനയും ബോളിവുഡ്, തമിഴ്, തെലുങ്ക് ഗാനങ്ങൾക്ക് ചുവടുവെച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിർത്തികളാൽ വേർതിരിച്ചിരിക്കുന്ന വിവിധ രാജ്യക്കാരെ ഒരു വലിയ സമൂഹമായും കൂട്ടായ്മയായും മാറ്റുകയാണ് സോഷ്യൽ മീഡിയ. അവിടെ, ആഫ്രിക്കൻ വൻകരയെന്നോ ഏഷ്യൻ വൻകരയെന്നോ വേർതിരിവില്ല. ഒരു ലോകം അവിടെ കുറെ മനുഷ്യൻ.
ആശയവിനിമയത്തിൽ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽപോലും വളരെയധികം സ്വാധീനം ചെലുത്തുന്നു. സെക്കൻഡുകൾക്കുള്ളിൽ ലോകത്തിന്റെ ഏതു കോണിലുള്ള ആളുമായി ബന്ധപ്പെടാൻ സമൂഹമാധ്യമങ്ങൾ നമ്മെ സഹായിക്കുന്നു. ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും ഇന്ന് സോഷ്യൽ മീഡിയ വഴി പരസ്പരം സംസാരിക്കാം. കാണാം. പണമിടപാടുകളും ബിസിനസ് പോലും നടത്താം.
മൺമറഞ്ഞ താരങ്ങൾ
ലോകത്തിലെ ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം 1997ൽ ആൻഡ്രൂ വെയ്ന്റിച് സ്ഥാപിച്ച സിക്സ് ഡിഗ്രീസ് ആണ്. ചിത്രങ്ങൾ അപ് ലോഡ് ചെയ്യാനും ആളുകളുമായി ബന്ധപ്പെടാനും സാധിക്കുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു സിക്സ് ഡിഗ്രീസ്. തുടക്കത്തിൽ ദശലക്ഷക്കണക്കിന് യൂസർമാരെ നേടിയെങ്കിലും നഷ്ടത്തിലായതിനെ തുടർന്ന് 2001ൽ സിക്സ് ഡിഗ്രീസ് അടച്ചുപൂട്ടി.
ലക്ഷണമൊത്തൊരു സോഷ്യൽ മീഡിയ 2002ലായിരുന്നു പുറത്തുവന്നത്. ഫ്രണ്ട്സ്റ്റർ എന്നായിരുന്നു അതിന്റെ പേര്. എന്നാൽ, ഓൺലൈൻ കമ്യൂണിറ്റിയുടെ ഇടപെടലിന്റെ അഭാവവും മറ്റ് വെല്ലുവിളികളും കാരണം 2018 ജൂൺ 30ന് കമ്പനി അടച്ചുപൂട്ടി. യാഹൂ മെസഞ്ചർ, എം.എസ്.എൻ മെസഞ്ചർ, മൈസ്പേസ് തുടങ്ങിയവയാണ് പിൽക്കാലത്ത് നാമാവശേഷമായ മറ്റു സമൂഹമാധ്യമങ്ങൾ.
ഓർകുട്ട് ഒരു ഓർമക്കൂട്ട്
സോഷ്യൽ മീഡിയ എന്നു പറഞ്ഞാൽ, ഒരു കാലത്ത് 'ഓർകുട്ട്' ആയിരുന്നു. 1980-90കളിൽ ജനിച്ച ആദ്യമായി ഇന്റർനെറ്റ് ഉപയോഗിച്ചുതുടങ്ങിയ ജനറേഷന് അതിനെക്കുറിച്ച് പറയാൻ നൂറ് നാവായിരിക്കും. തുർക്കിക്കാരനായ സോഫ്റ്റ് വെയർ എൻജിനീയർ ഓർകുട്ട് ബുയുക്കോക്ടെൻ നിർമിക്കുകയും പിന്നീട് ഗൂഗ്ൾ ഏറ്റെടുക്കുകയും ചെയ്ത 'ഓർകുട്ട്' 2008ൽ ഇന്ത്യയിലും ബ്രസീലിലും ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള സോഷ്യൽ നെറ്റ് വർക്കായിരുന്നു. എന്നാൽ, ഫേസ്ബുക്ക് പോലുള്ള എതിരാളികളുടെ കടന്നുവരവോടെ 2014ൽ ഗൂഗ്ളിന് ഓർകുട്ട് അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് ഗൂഗ്ൾ പ്ലസുമായി വന്നെങ്കിലും അതും പച്ചപിടിച്ചില്ല.
സൂപ്പർതാരങ്ങൾ
മെറ്റയാണ് (META) ലോകത്തിലെ സോഷ്യൽ മീഡിയ രാജാവ്. മാർക് സക്കർബർഗാണ് അതിന്റെ സി.ഇ.ഒ. മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്. ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന മൂന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും മെറ്റയുടേതാണ്. ഉപയോക്താക്കളുടെ എണ്ണം പരിഗണിച്ചാൽ, ആദ്യ നാലു സ്ഥാനങ്ങളിൽ മൂന്നും കൈയടക്കിയിരിക്കുന്നതും മെറ്റയാണ്.
അമേരിക്കൻ ആധിപത്യം
ലോകത്തെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം സമൂഹമാധ്യമങ്ങളും അമേരിക്കയിൽനിന്നുള്ളതാണ്. മറ്റു രാജ്യക്കാർ സൃഷ്ടിച്ച പ്ലാറ്റ്ഫോമുകൾ വരെ പണമെറിഞ്ഞ് സ്വന്തമാക്കി സോഷ്യൽ മീഡിയ കുത്തകയായി മാറിയിരിക്കുകയാണ് അമേരിക്ക. വിവരച്ചോർച്ചയും മറ്റും ആരോപിച്ച് ചൈനയിൽ നിന്നുള്ള ഏക ആപ്പായ ടിക്ടോക്കിനെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു.
ചൈനയിൽ എല്ലാം വീചാറ്റ്
ഇന്ത്യക്കാർ അടക്കം ലോകരാജ്യങ്ങളിലുള്ളവർ ഉപയോഗിക്കുന്ന എല്ലാ സോഷ്യൽ മീഡിയ ആപ്പുകൾക്കും ചൈനയിൽ വിലക്കാണ്. ചൈനയിലെ ഏറ്റവും വലിയ രണ്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വിചാറ്റും വൈബോയുമാണ് (WeChat, Weibo). വീചാറ്റ് ഉപയോഗിക്കാത്ത ചൈനക്കാർ കുറവായിരിക്കും. കാരണം, സന്ദേശമയക്കൽ, കാൾ ചെയ്യൽ, പരിപാടികൾ ആസൂത്രണം ചെയ്യൽ, പേമെന്റുകൾ നടത്തൽ, അക്കൗണ്ടുകൾ കൈകാര്യം ചെയ്യൽ, ഓൺലൈൻ ക്ലാസുകൾ തുടങ്ങി മിക്ക ദൈനംദിന പ്രവർത്തനങ്ങൾക്കും ചൈനയിലെ ആളുകൾ WeChat ഉപയോഗിക്കുന്നു.
ഫേസ്ബുക്ക്
2004ൽ സ്ഥാപിതമായ ഫേസ്ബുക്ക് ലോകമെമ്പാടുമായി 290 കോടി ആളുകളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തിലും വരുമാനം പരിഗണിച്ചാലും ഒന്നാമനാണ് ഫേസ്ബുക്ക്. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ മെൻലോ പാർക്കെന്ന നഗരമാണ് ആസ്ഥാനം.
യൂട്യൂബ്
ഗൂഗ്ളിന്റെ സ്വന്തം യൂട്യൂബാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമൂഹമാധ്യമം. 220 കോടി ആളുകളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. 2005ൽ സ്ഥാപിതമായ യൂട്യൂബിന്റെ ഹെഡ്ക്വാർട്ടേഴ്സ് കാലിഫോർണിയയിലെ സാൻ ബ്രൂണോ ആണ്. ജാവേദ് കരീം, ചാഡ് ഹേർലി, സ്റ്റീവ് ചെൻ എന്നിവർ ചേർന്നാണ് യൂട്യൂബ് ആരംഭിക്കുന്നത്. പിന്നീടത് ഗൂഗ്ൾ ഏറ്റെടുക്കുകയായിരുന്നു.
വാട്സ്ആപ്
200 കോടി യൂസർമാരാണ് ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിനുള്ളത്. 2005ൽ പുറത്തുവന്ന വാട്സ്ആപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സ് മെൻലോ പാർക്കിലാണ്. ജാൻ കം, ബ്രിയാൻ ആക്ടൺ എന്നിവർ ചേർന്ന് നിർമിച്ച വാട്സ്ആപ്പിനെ 2014ൽ കോടികൾ നൽകിയാണ് സക്കർബർഗ് വാങ്ങിയത്.
ഇൻസ്റ്റഗ്രാം
ഉപയോക്താക്കളുടെ എണ്ണത്തിൽ വാട്സ്ആപ്പിനൊപ്പംതന്നെയാണ് ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമും. 200 കോടിയോളം ആളുകൾ ഇൻസ്റ്റയിലുണ്ട്. മെൻലോ പാർക്കാണ് ആസ്ഥാനം. കെവിൻ സിസ്ട്രോം ആയിരുന്നു ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം സൃഷ്ടിച്ചത്. എന്നാൽ, ഫേസ്ബുക്ക് 2012ൽ കോടികൾ നൽകി ആപ് സ്വന്തമാക്കി.
ടിക് ടോക്
ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക് ആണ് ഏറ്റവും പ്രചാരമുള്ള അഞ്ചാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം. 100 കോടി ആളുകളാണ് ടിക്ടോക്കിലുള്ളത്. ഇന്ത്യയിൽ നിരോധിച്ചിരുന്നില്ലെങ്കിൽ അതിലും കൂടിയേനെ. 2016ലാണ് ടിക്ടോക് സ്ഥാപിതമായത്. ചൈനക്കാരനായ ഷാൻ യിമിങ് ആണ് ആപ്പിന് പിന്നിൽ.
സ്നാപ്ചാറ്റ്
54 കോടി ആളുകൾ ഉപയോഗിക്കുന്ന സ്നാപ്ചാറ്റ് 2005ലായിരുന്നു സ്ഥാപിതമായത്. ഇവാൻ സ്പീജൽ, ബോബി മർഫി, റെജ്ജീ ബ്രൗൺ എന്നിവരായിരുന്നു ആപ്പിന് പിന്നിൽ. ഇൻസ്റ്റഗ്രാം പോലെ ഇമേജ്, വിഡിയോ ഷെയറിങ്ങാണ് സ്നാപ്ചാറ്റിന്റെയും പ്രധാന ഉപയോഗം. അമേരിക്കയിലെ ലോസ് ആഞ്ജലസിലാണ് ഹെഡ്ക്വാർട്ടേഴ്സ്.
ട്വിറ്റർ
യൂസർമാരുടെ എണ്ണത്തിൽ പിന്ററസ്റ്റ് (44.4 കോടി), റെഡ്ഡിറ്റ് (43 കോടി), ലിങ്ക്ഡ് ഇൻ (25 കോടി) എന്നിവയേക്കാൾ പിറകിലാണെങ്കിലും (2.29 കോടി), ഇപ്പോൾ ലോകത്ത് ഏറ്റവും ചർച്ചയാകുന്ന സമൂഹ മാധ്യമമാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. 2003ൽ ജാക്ക് ഡോഴ്സിയാണ് നീലക്കിളിയുടെ ചിത്രമുള്ള ട്വിറ്റർ സ്ഥാപിച്ചത്. ഇപ്പോൾ ഇന്ത്യക്കാരനായ പരാഗ് അഗർവാളാണ് ട്വിറ്ററിന്റെ സി.ഇ.ഒ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആണ് ആസ്ഥാനം.
സൊറ പറയാനൊരു പ്ലാറ്റ്ഫോം
കോവിഡ് കാലത്ത് ആളുകൾ വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ചായക്കട ചർച്ചകളും നാട്ടിലെ ക്ലബുകളിൽ കൂട്ടംചേർന്നിരുന്ന് സൊറ പറയുന്നതുമൊക്കെ നിന്നു. ആ സമയത്താണ് ക്ലബ്ഹൗസ് എന്ന പുതിയ താരത്തിന്റെ വരവ്. പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിന് രൂപം നൽകിയത്. ശബ്ദം അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹമാധ്യമം എന്ന് ക്ലബ്ഹൗസിനെ വിളിക്കാം. താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും പാട്ടുകേൾക്കാനും ആശയപ്രകാശനത്തിനും ഈ പ്ലാറ്റ്ഫോം വേദിയൊരുക്കുന്നു. ഇവിടെ തമ്മിലുള്ള കമ്യൂണിക്കേഷൻ സാധ്യമാക്കുന്ന ഏക മാധ്യമം ശബ്ദം മാത്രമാണ്. റൂം രൂപവത്കരിച്ചാൽ മാത്രമേ രണ്ടുപേർ തമ്മിൽ സംസാരിക്കാൽ സാധിക്കൂ.
സോഷ്യൽ മീഡിയ ദിനം
പ്രമുഖ അന്താരാഷ്ട്ര വാർത്താ വെബ്സൈറ്റായ മാഷബിൾ 2010 ജൂൺ 30നാണ് സോഷ്യൽ മീഡിയ ദിനം ആദ്യമായി ആഘോഷിച്ചത്. ആഗോളതലത്തിൽ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യവും അതിന്റെ സ്വാധീനവും ചർച്ചചെയ്യുന്നതിനുവേണ്ടിയായിരുന്നു സോഷ്യൽ മീഡിയ ദിനം ആചരിച്ചത്.
സത്യമറിയാൻ സമൂഹമാധ്യമം
ഇന്ത്യയിൽ 54 ശതമാനം ആളുകൾ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പഠനത്തിൽ പറയുന്നു. സമൂഹമാധ്യമത്തിൽ സന്ദേശമയക്കുന്ന ഇന്ത്യക്കാരിൽ 87 ശതമാനം പേരും തങ്ങൾ അയക്കുന്ന സന്ദേശങ്ങൾ സത്യമാണെന്ന് കരുതുന്നതായും സർവേയിൽ തെളിഞ്ഞത്രേ. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാത്തതിന് ആഗോളതലത്തിൽ പഴികേൾക്കുന്ന സമൂഹമാധ്യമങ്ങളെക്കുറിച്ചാണ് പറയുന്നത് എന്നോർക്കുക.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 'ദ മാറ്റർ ഓഫ് ഫാക്ട്' എന്ന പേരിൽ സത്യങ്ങൾ തിരിച്ചറിയപ്പെടുന്നതിന്റെ അളവും വിവരസ്രോതസ്സുകളുടെ ആധികാരികത പരിശോധിക്കലും സംബന്ധിച്ച് നടത്തിയ ഗവേഷണപഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഠിക്കാനും സോഷ്യൽ മീഡിയ
കോവിഡ് കാലത്ത് കേരളത്തിലെ കുട്ടികളെല്ലാം സോഷ്യൽ മീഡിയയിൽ ആയിരുന്നു. ചുമ്മാ ചാറ്റ് ചെയ്ത് കളിക്കാനായിരുന്നില്ല, മറിച്ച് പഠിക്കാനായിരുന്നു അവരുടെ വരവ്. സ്കൂളുകളിൽ പോയുള്ള പഠനം മുടങ്ങിയതോടെ, എല്ലാം ഓൺലൈനായി മാറി. മറ്റു മാർഗങ്ങളില്ലാതെ, അധ്യാപകർ വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി പഠിപ്പിക്കൽ അതിലാക്കി. ഹാജറെടുക്കുന്നതിന് പകരം വാട്സ്ആപ്പിൽ കൈ ഉയർത്തുന്ന ഇമോജികൾ നിറഞ്ഞു. ടൈംടേബിളും അസൈൻമെന്റ് പ്രഖ്യാപനങ്ങളും ഹോംവർക്കുകളും കുട്ടികളുടെ കുസൃതികളും അധ്യാപകരുടെ ശകാരങ്ങളുമെല്ലാം വാട്സ്ആപ്പിലൂടെയായി. മുമ്പത്തെ ഒരു തലമുറക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു പഠനകാലം. എന്തായാലും കൂട്ടുകാർക്കത് വ്യത്യസ്തമായ അനുഭവമായിക്കാണും അല്ലേ...?
അങ്ങനെ പറ...
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, അന്തരിച്ച ആപ്പിൾ തലവൻ സ്റ്റീവ് ജോബ്സ്, മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ്. ഇവർ മൂന്നുപേരും ടെക്നോളജി രംഗത്തെ അതികായന്മാരാണ്. എന്നാൽ, മൂന്നുപേരും ഒരു കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. അത് സ്വന്തം മക്കളെ 13 വയസ്സുവരെ സമൂഹമാധ്യമങ്ങളിൽനിന്നും സ്മാർട്ട്ഫോണുകളിൽനിന്നും അകറ്റിനിർത്തുന്നതിലായിരുന്നു.
അവർ മാത്രമല്ല, ഫേസ്ബുക്കിലും ആപ്പിളിലും ഗൂഗ്ളിലും ജോലി ചെയ്യുന്ന എൻജിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും അവരുടെ മക്കളെ കൗമാരപ്രായത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. മറ്റുള്ളവരെ അതിൽ മേയാൻ വിട്ട്, സ്വന്തം മക്കളെ പിടിച്ചുനിർത്തുന്ന വൻകിട കോർപറേറ്റുകൾക്ക് അതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നല്ലേ അത് കാണിക്കുന്നത്. കുഞ്ഞുതലച്ചോറിന്റെ ചിന്താശേഷിയെയും കണ്ണുകളുടെ കാഴ്ചശക്തിയെയും ബാധിക്കാതിരിക്കാനാണ് അവർ അത് ചെയ്തത്. കൈതളരുന്നതുവരെ മണിക്കൂറുകളോളം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യം ഓർമിക്കുന്നത് നന്നാകും.
വാട്സ പെറ്റിസ്
അറിയാമോ, വാട്സ്ആപ്പിന്റെ പേരിൽ ഒരു രോഗവുമുണ്ട്. മണിക്കൂറുകളോളം വാടസ്ആപ്പിൽ മുഴുകുന്നവരെ ബാധിക്കുന്ന രോഗമാണ് വാട്സ പെറ്റിസ്. ഇതിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് ബ്രിട്ടീഷ് ജേണലായ ദ ലാൻസെറ്റാണ്. ഗർഭിണിയായ ഒരു യുവതി ക്രിസ്മസ് ദിനത്തിൽ നിർത്താതെ മണിക്കൂറുകളോളം സ്മാർട്ട്ഫോണിലൂടെ സുഹൃത്തുക്കൾക്ക് സന്ദേശങ്ങളയച്ചുകൊണ്ടിരുന്നു. രാത്രി കിടന്നുറങ്ങിയ അവർ പിറ്റേന്ന് കൈക്കുഴയുടെ ഇരു ഭാഗങ്ങളിൽനിന്നും കലശലായ വേദനയോടെയായിരുന്നു എണീറ്റത്. സംഭവത്തിൽ വിദഗ്ധ പഠനം നടത്തിയ ഡോക്ടർമാർ, അത് സ്മാർട്ട്ഫോണിലൂടെ അമിതമായി വിരലുകൾ ഉപയോഗിച്ച് സന്ദേശങ്ങളയക്കുന്നവരെ ബാധിക്കുന്ന രോഗമാണെന്ന് കണ്ടെത്തി. അതിനൊരു പേരുമിട്ടു 'വാട്സ പെറ്റിസ്'.
അമേരിക്കയിലെ കൗമാരക്കാർ ഏറ്റവും കൂടുതലുപയോഗിക്കുന്ന സ്നാപ്ചാറ്റുമായി ബന്ധപ്പെട്ട് Snapchat Dystrophy എന്ന പുതിയ പ്രവണതയെക്കുറിച്ച് മനോരോഗ വിദഗ്ധർ താക്കീത് നൽകിയിരുന്നു. തങ്ങളുടെ സെൽഫികൾ മികച്ചതാക്കുന്നതിന് കൗമാരക്കാർ പ്രത്യേകതരം പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകുന്നുണ്ട് എന്നാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്.
വിഷാദരോഗം
പുതിയ ആളുകളുമായി സംവദിക്കാനും പുതിയ സൗഹൃദങ്ങളിലേക്കും കൂട്ടുകെട്ടുകളിലേക്കും പോകാനുമൊക്കെ സമൂഹമാധ്യമങ്ങൾ സഹായിക്കുന്നുണ്ടെങ്കിലും അതോടൊപ്പംതന്നെ അപകടകരമായ പല അവസ്ഥയിലേക്കും യൂസർമാരെ അത് നയിക്കും. സോഷ്യൽ മീഡിയ ഒരു വ്യക്തിയിൽ ഭയം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന നിരവധി ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. പലരിലും അത് ആത്മഹത്യാ പ്രവണതയും മാനസികാരോഗ്യ തകർച്ചയുമുണ്ടാക്കും. അമിതമായാൽ അമൃതും വിഷം, ഓർക്കുക സ്മാർട്ട്ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗം നമ്മുടെ തലച്ചോറിനെയാണ് ഏറ്റവുമധികം ബാധിക്കുക.
മെറ്റാവേഴ്സ് എന്ന ഭാവി
ഇന്റർനെറ്റ് ലോകത്ത് സമീപകാലത്ത് ഏറ്റവും ചൂടൻ ചർച്ചക്ക് വഴിവെച്ച വാക്കാണ് 'മെറ്റാവേഴ്സ്'. ഇന്റർനെറ്റിന്റെ ത്രിമാന അനുഭവമായ മെറ്റാവേഴ്സിൽ ഡിജിറ്റൽ അവതാറുകളായി ആളുകൾക്ക് പരസ്പരം ഇടപഴകാൻ സാധിക്കും. ത്രീഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുകൊണ്ടുള്ള വെർച്വൽ ലോകമാണിത്.
ഫേസ്ബുക്ക് എന്ന കമ്പനിയുടെ പേര് 'മെറ്റ' എന്നാക്കി മാറ്റിക്കൊണ്ട് സംസാരിക്കവെ കമ്പനി മേധാവി മാർക് സക്കർബർഗ് ഒരു കാര്യം പറഞ്ഞു, 'സോഷ്യൽ മീഡിയയുടെ ഭാവി മെറ്റാവേഴ്സിലാണ്'. അതെ, അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്.
ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിലുള്ള ടെക്സ്റ്റ്, വോയ്സ്, വിഡിയോ ചാറ്റിനുമപ്പുറം മെറ്റാവേഴ്സിൽ ഇഷ്ടപ്പെട്ട ഇടങ്ങളിൽ നമ്മൾ പരസ്പരം കണ്ട്, മുഖാമുഖമാകും സംഭാഷണം. വെർച്വൽ രൂപത്തിൽ ചാറ്റ് റൂമിൽ സന്നിഹിതരായി സംഭാഷണം നടത്തുന്നത് ആലോചിച്ചുനോക്കൂ. ആ മായികലോകം അകലെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.