കാലത്തിന്റെ ൈകയൊപ്പ്; കാമറ കണ്ണുതുറക്കും മുമ്പേ കാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങൾ
text_fieldsഓരോ ചിത്രങ്ങൾക്കും ഓരോ കഥ പറയാനുണ്ടാകും. അവയിൽ ചിലത് ചരിത്രത്തിന്റെ അവശേഷിപ്പുകളാകും. കല്ലിൽ കൊത്തിയെടുത്ത ചിത്രങ്ങൾ മുതൽ കാൻവാസിൽ പകർത്തിയ മനോഹര സൃഷ്ടികൾ വരെ അതിലുണ്ടാകും. കാമറ കണ്ണുതുറക്കും മുമ്പേ ഓരോ കാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങൾ. ലോകപ്രശസ്തമായ 10 ചിത്രങ്ങൾ പരിചയപ്പെടാം.
1. മോണാലിസ
ഡാവിഞ്ചിയുടെ മോണാലിസ ഒരു ഛായാചിത്രമാണ്. എന്നാൽ, വർഷങ്ങൾ പിന്നിട്ടേതാടെ ചിത്രം നവോത്ഥാനത്തിന്റെ പ്രതീകമായി മാറി. 1504ലാണ് ഡാവിഞ്ചി ചിത്രം വരച്ചുതുടങ്ങിയത്. യുവതിയുടെ നിഗൂഢ ഭാവങ്ങൾ ചർച്ചകൾക്ക് കാരണമായി. രണ്ടു വർഷമെടുത്താണ് ഡാവിഞ്ചി ചിത്രം പൂർത്തിയാക്കിയത്.
2. സ്റ്റാറി നൈറ്റ് (നക്ഷത്ര രാവ്)
ഡച്ച് കലാകാരൻ വിൻസെന്റ് വാൻഗോഗിന്റെ പ്രശസ്തമായ ചിത്രമാണ് സ്റ്റാറി നൈറ്റ്. സെന്റ്-റെമിയിലെ അഭയകേന്ദ്രത്തിൽ, തന്റെ മരണത്തിന് 13 മാസം മുമ്പ് 1889ൽ വാൻഗോഗ് സ്റ്റാറി നൈറ്റ് സൃഷ്ടിച്ചു. അഭയകേന്ദ്രത്തിലെ മുറിക്കു പുറത്തുള്ള കാഴ്ചകളാണ് ചിത്രത്തിൽ. ഒറ്റപ്പെടലിൽ അദ്ദേഹം കണ്ട അപൂർവ രാത്രികാല കാഴ്ചകളാണ് സ്റ്റാറി നൈറ്റ്. പ്രഭാതനക്ഷത്രത്തിന്റെ ഗംഭീര കാഴ്ച വിവരിച്ച് സഹോദരൻ തിയോക്ക് ഒരു കത്തെഴുതി. കാരണം മുറിയിൽ പെയിന്റ് ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. പിന്നീട് ആ ചെറിയ ഗ്രാമത്തെ തന്റെ ഓർമയിൽനിന്ന് കാൻവാസിൽ ചിത്രീകരിച്ചു. ഹ്രസ്വമായ കലാജീവതത്തിനൊടുവിൽ സ്റ്റാറി നൈറ്റ് പൂർത്തിയാക്കി അടുത്ത വർഷം അദ്ദേഹം ആത്മഹത്യ ചെയ്തു.
3. ഗ്വെർണിക്ക
1937 ജൂണിലാണ് ചിത്രം വരച്ചത്. നാസി പോർവിമാനങ്ങൾ ഗ്വെർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിലെ പ്രതിഷേധമാണ് ഈ ചിത്രം. ഗ്വെർണിക്കയിലൂടെ യുദ്ധത്തിന്റെ ഭീകരത അദ്ദേഹം വിവരിച്ചു. ചുവർചിത്രത്തിന്റെ വലുപ്പമുള്ള ചിത്രം വരക്കാൻ കറുപ്പ്, ചാരം, വെളുപ്പ് നിറങ്ങളാണ് ഉപയോഗിച്ചത്. സ്പെയിനിലെ ദുരന്ത കഥ പറയുന്ന ഗ്വെർണിക്ക പിന്നീട് ലോകപ്രശസ്ത ചിത്രങ്ങളിൽ ഒന്നായി മാറി.
4. ദ സ്‌ക്രീം (നിലവിളി)
മഞ്ചിന്റെ ഉജ്ജ്വലമായ കലാസൃഷ്ടികളിൽ ഒന്നാണ് ദ സ്‌ക്രീം. സുഹൃത്തുക്കളോടൊപ്പമുള്ള സായാഹ്ന നടത്തത്തിനിടെയായിരുന്നു സ്‌ക്രീം വരക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. സൂര്യൻ അസ്തമിച്ച് ആകാശം രക്തചുവപ്പായി മാറിയപ്പോൾ, നീല, കറുപ്പ് നിറങ്ങൾ കലർന്ന കടലിനും നഗരത്തിനും മുകളിൽ രക്തവും, അഗ്നി നാവും കാണപ്പെട്ടു. ഒരു നിലവിളി പ്രകൃതിയിലൂടെ കടന്നുപോയതായി മഞ്ച് കരുതി. രക്തനിറമുള്ള മേഘങ്ങൾ അലറിവിളിച്ചപ്പോൾ അത് നിലവിളിയായി മാറി. ലോകത്തിൽ ഏറ്റവും വിലകൂടിയ ചിത്രങ്ങളിലൊന്നാണ് സ്ക്രീം.
5. ദ പൊട്ടറ്റോ ഈറ്റേഴ്സ് (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
1885ലാണ് പൊട്ടറ്റോ ഈറ്റേഴ്സ് വരക്കുന്നത്. മാസങ്ങൾ നീണ്ട അധ്വാനത്തിനുശേഷം ഇരുണ്ട നിറമുള്ള, ചലനാത്മകമായ ഛായാചിത്രം അദ്ദേഹം പൂർത്തിയാക്കി. മുഴുനീള ഛായാചിത്രം വരക്കുന്നതിൽ അനുഭവപരിചയം കുറവായിരുന്ന അദ്ദേഹം ഇരിക്കുന്ന മനുഷ്യരൂപങ്ങൾ വരക്കാൻ തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട കർഷകരുടെ വീടുകളിൽ അവരുടെ അത്തായങ്ങളിൽ പങ്കെടുത്ത് പെയിന്റിങ്ങിന് വേണ്ട തയാറെടുപ്പുകൾ നടത്തി. പൊടിപടലമുള്ള, തൊലി കളയാത്ത ഉരുളക്കിഴങ്ങും കർഷകരുടെ കൈകളും കഠിനാധ്വാനത്തിന്റെ അടയാളമായി വാൻഗോഗ് ചിത്രീകരിച്ചു.
6. റാഫ്റ്റ് ഓഫ് ദ മെഡൂസ (മെഡൂസയുടെ ചങ്ങാടം)
ഫ്രഞ്ച് യുദ്ധക്കപ്പൽ മെഡൂസിന്റെ തകർച്ചക്കു ശേഷം നടന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. മെഡൂസ് തകർന്നപ്പോൾ 150ഓളം പുരുഷന്മാർ തിടുക്കത്തിൽ നിർമിച്ച ചങ്ങാടത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ, 13 ദിവസത്തിനുശേഷം 15 പേർ ഒഴികെ എല്ലാവരും മരിച്ചു. മരിക്കുന്നവരുടെയും മരിച്ചവരുടെയും മാംസത്തിന്റെ നിറവും ഘടനയും നേരിൽ കണ്ട് മനസ്സിലാക്കാൻ ആശുപത്രികളും മോർച്ചറികളും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡൂസയുടെ ചങ്ങാടത്തിന്റെ ചിത്രീകരണം.
7. വൻഡറർ എബോവ് ദ സീ ഓഫ് ഫോഗ് (മഞ്ഞുകടലിന് മുകളിൽ നിൽക്കുന്ന സഞ്ചാരി)
റൊമാന്റിസത്തിന്റെ മാസ്റ്റർപീസുകളിൽ പ്രാതിനിധ്യമുള്ള സൃഷ്ടികളിലൊന്നാണ് 'വൻഡറർ എബോവ് ദ സീ ഓഫ് ഫോഗ്.'
8. ദ ഗ്ലീനേഴ്സ്
ജീൻ ഫ്രാങ്കോയിസ് മില്ലറ്റിന്റെ അറിയപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് 1857ൽ വരച്ച 'ദ ഗ്ലീനേഴ്സ്'. ബാർബിസോണിലെ വയലുകളിലൂടെ നടക്കുമ്പോഴാണ് പാവപ്പെട്ട സ്ത്രീകളും കുട്ടികളും വിളവെടുപ്പിനുശേഷം വയലിൽ അവശേഷിച്ച ധാന്യക്കഷണങ്ങൾ നീക്കം ചെയ്യുന്നത് മില്ലറ്റ് ശ്രദ്ധിച്ചത്. ഇതിൽ പ്രചോദിതനായ മില്ലറ്റ് വിളവെടുപ്പിനുശേഷം ഗോതമ്പ് ധാന്യങ്ങൾ പെറുക്കുന്ന മൂന്നു കർഷക സ്ത്രീകളെ ചിത്രീകരിച്ചു.
9. ബാർജ് ഹോളേഴ്സ് ഓൺ ദ വോൾഗ
റഷ്യൻ കലാചരിത്രത്തിലെ വിവാദചിത്രമാണിത്. ബാർജ് ചുമട്ടുതൊഴിലാളികൾ അനുഭവിച്ച കഠിനാധ്വാനം ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 19ാം നൂറ്റാണ്ടിലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് വിമർശിച്ച ചിത്രം അധ്വാനിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ യാഥാർഥ്യബോധത്തോടെ ചിത്രീകരിച്ചതിന് അന്താരാഷ്ട്ര പ്രശംസ നേടി.
10. വാട്സൺ ആൻഡ് ദ ഷാർക്
കോപ്ലിയുടെ സൃഷ്ടികളിൽ ആദ്യത്തെ ചരിത്രചിത്രമായിരുന്നു ഇത്. ഹവാന ഹാർബറിൽ ബ്രൂക്ക് വാട്‌സൺ എന്ന കാബിൻ ബോയ്‌ക്ക് നേരെ നടന്ന സ്രാവിന്റെ ആക്രമണ രംഗങ്ങളാണ് ചിത്രത്തിൽ. സ്രാവിന്റെ ആക്രമണത്തിൽനിന്ന് യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കാൽ മുറിച്ചെടുത്തിരുന്നു. സംഭവം നടന്ന് 30 വർഷങ്ങൾക്കുശേഷമാണ് കോപ്ലി ചരിത്ര പെയിന്റിങ്ങിന് ജന്മം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.