ആൽഫ്രഡ് നൊബേലുമായി ബന്ധമില്ലാത്ത നൊബേൽ സമ്മാനമേത്?
text_fields1901 മുതലാണ് നൊബേൽ പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. രസതന്ത്രജ്ഞനും എൻജിനീയറുമായിരുന്ന ആൽഫ്രഡ് നൊബേലിന്റെ പേരിലാണ് പുരസ്കാരങ്ങൾ. സാഹിത്യം, സമാധാനം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ ആറു രംഗങ്ങളിലായാണ് പുരസ്കാര വിതരണം. 1969 മുതലാണ് സാമ്പത്തിക നൊബേൽ നൽകിത്തുടങ്ങിയത്. സ്വീഡനിലെ റിക്സ് ബാങ്കിന്റെ 300ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ പുരസ്കാര വിതരണം. അതിനാൽ ഈ പുരസ്കാരം ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നും അറിയപ്പെടുന്നുണ്ട്. ആൽഫ്രഡ് നൊബേലുമായി ബന്ധമില്ലാത്ത, നൊബേലിൽ ഉൾപ്പെടുന്ന ഏക പുരസ്കാരവും ഇതുതന്നെയാണ്. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ വെച്ചാണ് സമാധാനം ഒഴികെയുള്ള ജേതാക്കൾക്ക് പുരസ്കാരം നൽകാറ്. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10നാണ് ചടങ്ങ് നടക്കുക. സമാധാന പുരസ്കാരവും അന്നേദിവസം വിതരണം ചെയ്യും, നോർവേ തലസ്ഥാനമായ ഓസ്ലോയിൽവെച്ച്.
17ാം വയസ്സിൽ 2014ലെ സമാധാന നൊബേൽ നേടിയ മലാല യൂസുഫ് സായിയാണ് ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ ജേതാവ്. കൈലാഷ് സത്യാർഥിക്കൊപ്പമായിരുന്നു മലാല ഈ നേട്ടം പങ്കിട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷനൽ ലോ ആണ് സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന. 1904ൽ ആയിരുന്നു ഇത്. ഏറ്റവും കൂടുതൽ തവണ നൊബേലിന് അർഹരായ സംഘടന റെഡ്ക്രോസ് ആണ്. 1917, 1944, 1963 വർഷങ്ങളിൽ റെഡ്ക്രോസ് പുരസ്കാരം കരസ്ഥമാക്കി.
- ആദ്യമായി നൊബേൽ ലഭിച്ച ഇന്ത്യക്കാരൻ -രവീന്ദ്രനാഥ ടാഗോർ. 1913ൽ സാഹിത്യത്തിന്
- നൊബേൽ നേടിയ ആദ്യ വനിത - മാഡം ക്യൂറി -1903
- ആദ്യമായി നൊബേൽ പങ്കിട്ട ദമ്പതികൾ-പിയറി ക്യൂറിയും മാഡം ക്യൂറിയും -1903
- ആദ്യമായി നൊബേൽ സ്വന്തമാക്കിയ അച്ഛനും മകനും -വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ് -1915
- ആദ്യമായി നൊബേൽ പുരസ്കാരം നേടിയ അച്ഛനും മകളും -പിയറി ക്യൂറി, ഐറീൻ ജാലിയട്ട് ക്യൂറി-1935
- ആദ്യമായി നൊബേൽ നേടിയ അമ്മയും മകളും -മേരി ക്യൂറി (1903, 1911), ഐറീൻ ജാലിയട്ട് ക്യൂറി -1935
വൈദ്യശാസ്ത്ര നൊബേൽ
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിർണായക ഗവേഷണത്തിനാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ. സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോ ആണ് പുരസ്കാരത്തിന് അർഹനായത്. ആധുനിക മനുഷ്യന്റെയും ആദിമ മനുഷ്യന്റെയും ജനിതകഘടന സംബന്ധിച്ച കണ്ടെത്തലുകളാണ് പേബോയെ പുരസ്കാരത്തിന് അർഹനാക്കിയത്.
1982ൽ സ്വാന്റെ പേബോയുടെ പിതാവ് സ്യൂൻ കെ ബെർഗ്സ്ട്രോമും വൈദ്യശാസ്ത്ര നൊബേൽ നേടിയിരുന്നു. പരിണാമവാദ പ്രകാരം, ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യന്റെ പൂർവികരായി കണക്കാക്കപ്പെടുന്നത് നിയാണ്ടർത്താൽ മനുഷ്യരെയാണ്. നിയാണ്ടർത്താൽ മനുഷ്യരുടെ ജനിതക ശ്രേണീകരണം നടത്തി അതുവഴി പരിണാമദശയിലെ പൂർവികരുമായി ഹോമോസാപിയൻസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തലാണ് സ്വാന്റെയുടെയും ഗവേഷണ വിഷയം.
ഭൗതികശാസ്ത്ര നൊബേൽ
ക്വാണ്ടം മെക്കാനിക്സിൽ നിർണായക സംഭാവനകൾ നൽകിയ അലെയ്ൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്ലിംഗർ എന്നിവരാണ് 2022ലെ ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. ക്വാണ്ടം സാങ്കേതികവിദ്യയുടെ പുതുയുഗത്തിന് അടിത്തറപാകിയ പരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഇവർക്ക് സാധിച്ചു. ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം നെറ്റ്വർക്, ക്വാണ്ടം എൻക്രിപ്റ്റഡായ ആശയവിനിമയങ്ങൾ എന്നിവയിൽ ഇവരുടെ കണ്ടുപിടിത്തം മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് നിരീക്ഷണം. അലെയ്ൻ ആസ്പെക്ട് പാരിസിൽ സർവകലാശാല പ്രഫസർ ആണ്. ജോൺ എഫ്. ക്ലോസർ അമേരിക്കയിലെ ജെ.എഫ് ക്ലോസർ ആൻഡ് അസോസിയേറ്റ്സിൽ ഗവേഷകനാണ്. ആന്റൺ സെയ്ലിംഗർ ഓസ്ട്രിയയിലെ വിയന സർവകലാശാലയിൽ പ്രഫസറാണ്.
രസതന്ത്ര നൊബേൽ
മരുന്നു നിർമാണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന 'തന്മാത്രകളുടെ സംയുക്ത വിഘടനം' വികസിപ്പിച്ചതിനാണ് ഇത്തവണത്തെ രസതന്ത്ര നൊബേൽ. കരോലിൻ ആർ. ബെർടോസി, മൊർടെൻ മെൽഡൽ, കെ. ബാരി ഷാർപ് ലെസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 'ക്ലിക് രസതന്ത്രം', 'ബയോ ഓർതോഗണൽ റിയാക്ഷൻസ്' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവരുടെ ഗവേഷണം അർബുദ മരുന്നു നിർമാണത്തിനും ഡി.എൻ.എ വിശകലനം ചെയ്ത് പ്രത്യേക കാര്യങ്ങൾക്കായുള്ള വസ്തുക്കൾ നിർമിക്കാനും ഉപയോഗപ്പെടുന്നതാണെന്നാണ് നിരീക്ഷണം. കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാല കേന്ദ്രീകരിച്ചാണ് ബെർടോസി പ്രവർത്തിക്കുന്നത്. മെൽഡൽ ഡെന്മാർക്കിലെ കോപൻഹേഗൻ സർവകലാശാലയിലാണ്. കാലിഫോർണിയയിലെതന്നെ സ്ക്രിപ്സ് റിസർച്ചിലാണ് ഷാർപ് ലെസ്. ഷാർപ് ലെസിന് 2001ലും നൊബേൽ ലഭിച്ചിട്ടുണ്ട്.
സാഹിത്യ നൊബേൽ
ഫ്രഞ്ച് എഴുത്തുകാരി ആനി എർനോക്ക് ആണ് സാഹിത്യ നൊബേലിന് അർഹയായത്. എൺപത്തിരണ്ടുകാരിയായ ആനി എർനോ ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ മിക്കതും ജീവിതത്തിലെ സംഭവങ്ങളെ കാലാനുസൃതമായി വിവരിക്കുന്നവയാണ്. എഴുത്തുവഴിയിൽ അതിശയകരമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭയാണ് ആനി എർനോയെന്ന് സാഹിത്യ നൊബേൽ സമിതി അഭിപ്രായപ്പെട്ടു. പിതാവുമായുള്ള ബന്ധം പറയുന്ന 'എ മാൻസ് പ്ലേസ്', രണ്ടാംലോകയുദ്ധം മുതലിങ്ങോട്ടുള്ള ഫ്രഞ്ച് സമൂഹത്തെയും തന്നെത്തന്നെയും വിവരിക്കുന്ന 'ഇയേഴ്സ്' തുടങ്ങിയവ പ്രശസ്ത കൃതികൾ.
സമാധാന നൊബേൽ
ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊണ്ട ബെലറൂസ് ആക്ടിവിസ്റ്റ് എലിസ് ബ്യാൽയാട്സ്കിക്കും റഷ്യൻ ഗ്രൂപ്പായ 'മെമ്മോറിയൽ', യുക്രെയ്ൻ സംഘടന 'സെന്റർ ഫോർ സിവിൽ ലിബർട്ടീസ്' എന്നിവക്കുമാണ് ഇത്തവണത്തെ സമാധാന നൊബേൽ. 1980കൾ മുതൽ ബെലറൂസിലെ ജനാധിപത്യ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളാണ് ബ്യാൽയാട്സ്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റിലായതിനുപിന്നാലെ ഇപ്പോഴും തടവിൽ കഴിയുകയാണ് അദ്ദേഹം. 'കമ്യൂണിസ്റ്റ് ഏകാധിപത്യ'ത്തിന്റെ കാലത്ത് വേട്ടയാടപ്പെട്ടവർ സ്മരിക്കപ്പെടണമെന്ന ആവശ്യമുയർത്തി 1987ൽ സോവിയറ്റ് യൂനിയനിൽ സ്ഥാപിതമായ സംഘടനയാണ് 'മെമ്മോറിയൽ'. സോവിയറ്റ് യൂനിയനുശേഷം റഷ്യയിലും നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങൾ ഇവർ രേഖപ്പെടുത്തി. 'ദ സെന്റർ ഫോർ സിവിൽ ലിബർട്ടീസ്' 2007ലാണ് സ്ഥാപിതമായത്. യുക്രെയ്നിൽ ജനാധിപത്യവും മനുഷ്യാവകാശവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്.
സാമ്പത്തിക നൊബേൽ
മൂന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരാണ് ഇത്തവണ സാമ്പത്തിക നൊബേലിന് അർഹരായത്. സമ്പദ്ഘടനയിൽ ബാങ്ക് തകർച്ച ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തിയ ഗവേഷണങ്ങൾക്കാണ് പുരസ്കാരം. വാഷിങ്ടണിലെ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന 68 കാരനായ ബെർണാൻകെ, ആഗോളമാന്ദ്യത്തെ കുറിച്ച് പഠനം നടത്തിയാണ് ബാങ്കിങ് മേഖലയിലെ വൻ അപകടത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. നിക്ഷേപങ്ങൾക്കുമേലുള്ള സർക്കാർ ഗാരന്റി എങ്ങനെയാണ് സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷിക്കുകയെന്നായിരുന്നു ഡയമണ്ടിന്റെയും ഡിബ് വിഗിന്റെയും ഗവേഷണം. ഡയമണ്ട് ഷികാഗോ സർവകലാശാലയിലും ഡിബ് വിഗ് വാഷിങ്ടൺ സർവകലാശാലയിലും പ്രവർത്തിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.