നാളെയുടെ പൂക്കളോട്
text_fieldsകൂട്ടുകാരേ, കുന്നിമണികളേ കാന്താരിക്കുട്ടികളേ... മാമന് നിങ്ങളെ അങ്ങനെ വിളിക്കാനാണിഷ്ടം. എല്ലാവർക്കും നമസ്കാരം. പുതിയ ക്ലാസിലേക്ക് കാലെടുത്തു വെക്കുകയല്ലേ? നല്ലൊരു പഠന വർഷമാകട്ടെ ഇതെന്ന് മാമൻ ആദ്യമേ ആശംസിക്കുന്നു.
ഞാൻ കൊച്ചു കൂട്ടുകാരെ ഓർമിപ്പിക്കാറുള്ള ഒരു കാര്യം പറയട്ടെ. നിങ്ങളുടെ തലയിൽ (എന്റെ തലയിലും) ഒരു സൂപ്പർ കമ്പ്യൂട്ടറുണ്ട്. അതാണ് മസ്തിഷ്കം. കോടിക്കണക്കിന് ന്യൂറോണുകളുള്ള സൂപ്പർ കമ്പ്യൂട്ടർ. ന്യൂറോണുകൾ എന്നാൽ സ്പെഷൽ കോശങ്ങളാണ്. ഓരോ ന്യൂറോണും ഒരു കുഞ്ഞു കമ്പ്യൂട്ടറാണ്. ഇവക്കെല്ലാം അദ്ഭുതകരങ്ങളായ കഴിവുകൾ ഉണ്ട്. ഈ കമ്പ്യൂട്ടറുകളാണ് അതിവേഗം വളരാൻ നിങ്ങളെ സഹായിക്കുന്നത്.
നിങ്ങളിൽ അനേകം കഴിവുകളുണ്ട്. അവ ഉറങ്ങിക്കിടക്കുകയാണ്. വീണ കണ്ടിട്ടില്ലേ?കുഞ്ഞു വീണ. അതാണ് മക്കളേ, നിങ്ങൾ. അനന്തമായ ശേഷികൾ ഉറങ്ങുന്ന വീണ. നിങ്ങളുടെ കഴിവുകളാകുന്ന കമ്പികൾ വേണ്ടപോലെ വേണ്ടത്ര മുറുക്കി, വേണ്ട സമയത്ത്, വേണ്ടിടത്ത് വേണ്ടതുപോലെ സ്‌പർശിച്ചാൽ ആ വീണ സ്വർഗീയസംഗീതം പുറപ്പെടുവിക്കും. വേണ്ടാത്തിടത്ത് തൊട്ടാലോ അപസ്വരം പുറപ്പെടുവിക്കും.
കൂട്ടുകാർക്ക് മനസ്സിലായോ? അനവധി നിരവധി കഴിവുകൾ നമ്മുടെ തലയിലുണ്ട്. തലയിലെ സൂപ്പർ കമ്പ്യൂട്ടറിലുണ്ട്. നിങ്ങളിലുണ്ട്. അത് വേണ്ടതുപോലെ വളർത്തിയാൽ നിങ്ങൾ ജീനിയസാകും. സ്വർഗീയ സംഗീതം ലോകത്തിന് നൽകാനാവും; ലോകത്തിന് ആ സംഗീതം കേൾക്കാനാവും.
മറിച്ചായാലോ?
നിങ്ങളുടെ ജീവിതം ദുരന്തമാകും. ലോകത്തിനു തലവേദനയാകും.
മനസ്സിലായോ?
നന്നായി മനസ്സിലായോ?
വിശ്വാസമായോ?
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. നിനക്കു വിശ്വാസമാകണം; നന്നായി വളർന്നാലേ നല്ലവനാകൂ / നല്ലവളാകൂ എന്ന്.
രസിച്ച് പഠിച്ച്, പഠിച്ച് രസിച്ച്
അതിന് നിങ്ങളെ സഹായിക്കുന്ന ഇടമാണ് നിങ്ങളുടെ സ്കൂൾ. കഴിവുകൾ വളർത്താൻ നിങ്ങളെ സഹായിക്കാൻ അധ്യാപകരുണ്ട്, കൂട്ടുകാരുണ്ട്, രക്ഷിതാക്കളുണ്ട്. വായനശാലകളുണ്ട്, സന്നദ്ധ സംഘടനകളുണ്ട്. ഗവൺമെന്റുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തി നാളെയുടെ നേതാക്കളായി, മിടുമിടുക്കരായി നിങ്ങൾ വളരണം.നമ്മുടെ ആദ്യ പാഠശാല വീട്ടിൽ തന്നെയായിരുന്നു; പ്രധാനാധ്യാപിക അമ്മയും. വീടും ചുറ്റുപാടുമെല്ലാം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ആ പഠനം തുടരുന്നതോടൊപ്പം സ്കൂളിലെ സിലബസ് അനുസരിച്ച് കാലാകാലങ്ങളിൽ പഠിക്കാനുള്ളത് കൃത്യമായി പഠിക്കണം.
പഠിച്ചു രസിച്ചാണ്, രസിച്ചു പഠിച്ചാണ് നമ്മൾ വളരേണ്ടത്. അതാണ് ശരിയായ പഠന രീതി. രസിച്ചു പഠിച്ചാൽ ഏതു കുട്ടിയും മിടുക്കിയാകും; മിടുക്കനാകും. ഏതു കുട്ടിക്കും പഠനം പാൽപ്പായസമാകും. അങ്ങനെ രസകരമായി പഠിക്കാനുളള അന്തരീക്ഷം നമ്മുടെ സ്കൂളുകളിൽ ഇന്നുണ്ട്.
എന്താണ് പഠനം?
കുറെ അറിവുകൾ ശേഖരിച്ചു വെച്ച് ഓർമിച്ചെഴുതലല്ല ഇന്നത്തെ പഠനം. നേടിയ അറിവുപയോഗിച്ച് വളർന്ന് പുതിയ അറിവ് സൃഷ്ടിക്കുന്നയാളായി മാറുകയാണ് ഇന്നത്തെ കുട്ടി. അങ്ങനെ അറിവുകൾ സൃഷ്ടിക്കുമ്പോഴാണ് വിദ്യാഭ്യാസം സഫലമാകുന്നത്.
പരീക്ഷണങ്ങൾ ചെയ്തും നിരീക്ഷണം നടത്തിയും വിവരങ്ങൾ ശേഖരിച്ചുമാണ് ഇന്നത്തെ പഠനം. പ്രകൃതി തന്നെ ഏറ്റവും വലിയ പാഠപുസ്തകമാണ്; വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. വിവിധ സ്രോതസ്സുകളിൽ നിന്നു കിട്ടിയ വിവരങ്ങൾ യുക്തിപൂർവം അപഗ്രഥിച്ച് നിഗമനത്തിലെത്തണം. അതാണ് ശാസ്ത്രീയ രീതി. കാണാപ്പാഠം പഠിച്ചത് മറന്നുപോകും. അറിഞ്ഞു പഠിച്ചത്, ശാസ്ത്രീയമായി പഠിച്ചത് ഒരിക്കലും മറക്കില്ല.
തുറന്നു നോക്കൂ ആ മാന്ത്രികപ്പെട്ടികൾ
ചില രക്ഷിതാക്കൾക്കൊരു വിചാരമുണ്ട്; പാഠപുസ്തകത്തിൽ എല്ലാമുണ്ട് എന്ന്. അത് പഴഞ്ചൻ ധാരണയാണ്. നന്നായി വായിക്കുന്നവരാണ് ഏറ്റവും മിടുക്കരായി മാറുന്നത്. ഓരോ പുസ്തകവും ഒരു മാന്ത്രികപ്പെട്ടിയാണ്- മാജിക് ബോക്സ്. അത് തുറക്കുമ്പോൾ നിങ്ങൾക്ക് അനേകം മാന്ത്രിക അറകൾ കാണാം. ഓരോ അറയിലും, ഓരോ വിടവിലും അനേകം അത്യദ്ഭുതകരങ്ങളായ വിവരങ്ങൾ കാണാം. അത്ഭുതകരവും ആവേശകരവുമായ അറിവുകൾ. ആശയങ്ങൾ, അനുഭവങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ, സാധ്യതകൾ... അതെ; ഓരോ പുസ്തകവും നമുക്കു വേണ്ടി ഒരു വലിയ മാന്ത്രികലോകം ഒരുക്കി, ഒളിപ്പിച്ചുവെച്ച് നമ്മളെ കാത്തിരിക്കുകയാണ്. മാന്ത്രിക അറ തുറക്കുന്നയാളിനേ ഈ അറിവുകൾ ലഭിക്കൂ. ഈ ആശയങ്ങളും സ്വപ്നങ്ങളും ലഭിക്കൂ.
നിങ്ങളുടെ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നാട്ടിലെ വായനശാലയും നന്നായി പ്രയോജനപ്പെടുത്തുക. അവിടെയുള്ള മാജിക് ബോക്സുകൾ തുറന്ന് അവയിലെ വിസ്മയങ്ങളെ വാരിപ്പുണരുക. അറിവിൻ മുത്തുകൾ വാരിക്കളിക്കുക.
വേണ്ട പരീക്ഷപ്പേടി
ഉമ്മാക്കി വരുന്നു എന്നു പറഞ്ഞ് പണ്ടത്തെ അമ്മൂമ്മമാർ കുട്ടികളെ പേടിപ്പിച്ചിരുന്നു. ഉമ്മാക്കി എന്നൊരു ജീവിയില്ലെന്ന് ഇന്നത്തെ കുട്ടികൾക്കറിയാം. അതിനാൽ അവർക്ക് പേടിയില്ല. അവരുടെ ഭയം ഭയന്നോടിപ്പോയി. അന്നവർ പേടിച്ചത് അജ്ഞത കൊണ്ട്, അതായത് അറിവില്ലായ്മ കൊണ്ടാണ്. പരീക്ഷ വരുന്നു... പരീക്ഷ വരുന്നു എന്ന ഉമ്മാക്കി കാണിച്ച് നിങ്ങളെ പേടിപ്പിക്കാൻ പലരും ശ്രമിക്കും. സ്കൂൾ തുറക്കുമ്പോൾ മുതൽ ചിട്ടയായി പഠിക്കുന്നവർക്ക് പരീക്ഷ ഒരു ഭൂതമല്ല; ചങ്ങാതിയാണ്. നമ്മൾ എത്ര പഠിച്ചു, എന്തൊക്കെ പഠിച്ചു എന്നു ചോദിച്ചറിയുന്ന നല്ല ചങ്ങാതി. അതുകൊണ്ട് ആ ചങ്ങാതിയെ നമ്മൾ വെറുക്കേണ്ട കാര്യമില്ല.
ഓരോ പരീക്ഷയും ഓരോ പരീക്ഷണമാണ്. ഓരോ അവസരമാണ്. ഓരോ പരീക്ഷ കഴിയുമ്പോഴും അതിനെ നേരിടാനും കീഴ ടക്കാനും വിജയിക്കാനുമുള്ള കഴിവു നമ്മൾ നേടുകയാണ്. അതിലും വലിയ പരീക്ഷയെ നേരിടാനുള്ള കരുത്തു നേടുകയാണ്. അപ്പോൾ പരീക്ഷ വളരാനും വിജയിക്കാനുമുള്ള വഴിയൊരുക്കി തരികയാണ്, അല്ലേ കൂട്ടുകാരേ? അപ്പോൾ നമ്മൾ എന്തു ചെയ്യണം? പരീക്ഷ നമ്മുടെ സഹായിയാണെന്നറിയണം. പരീക്ഷയെ സ്നേഹിക്കണം.
പഠനം പണം വാരാനുള്ള കുറുക്കുവഴിയോ?
പലരുടെയും ധാരണ പഠനം ജീവിതവുമായി ബന്ധമില്ലാത്ത എന്തോ ഇടപാടാണെന്നാണ്. നല്ല മാർക്കു വാങ്ങി ജോലി നേടി കാശു വാരണം എന്നത് മാത്രമാണ് ചിലരുടെ ചിന്ത.
എന്നാൽ പഠനം നിങ്ങളുടെ നാനാതരം കഴിവുകൾ വളർത്താനുള്ളതാണ്. സമഗ്രമായ വികാസത്തിനാണ്. നിങ്ങളുടെ ശാസ്ത്രാഭിരുചി മാത്രം വളർന്നാൽ പോരാ. സാമൂഹ്യബോധം വളരണം. ഭാഷാശേഷി വളരണം. കമ്യൂണിക്കേഷൻ വൈദഗ്ധ്യം വളരണം. ഭാവന വളരണം. മൗലികത വളരണം. സംഘബോധം വളരണം. ഇങ്ങനെ ബുദ്ധിയുടെ എല്ലാതലങ്ങളും വളരണം. ബഹുതലബുദ്ധി വളർത്താനാണ് പഠനം. നിങ്ങൾ അങ്ങനെ നന്നായി വളരണം. നിങ്ങളാണ് ഭാവിലോകത്തിൻ്റെ സ്വപ്നം. നാടിൻ്റെ, നാളെയുടെ വാഗ്ദാനം.
രക്ഷിതാക്കളോട് പറയാനുള്ളത്
കണ്ണും കാതും തുറന്നു വച്ച ഒരു കുട്ടി നിങ്ങളുടെ വീട്ടിലുണ്ട് എന്നു മറക്കാതിരിക്കുക. എപ്പോഴുമുണ്ട് എന്ന് ഓർക്കുക. അവന് ചെറുപ്പം മുതൽ മൂല്യ ബോധം പകർന്നു കൊടുക്കുക. അതിന് സ്വയം മൂല്യബോധം ഉള്ളവരായിരിക്കുക. സ്നേഹം കൊടുക്കുക. സ്നേഹിക്കാൻ പഠിപ്പിക്കുക.
മറ്റുള്ളവർ സഹോദരീ സഹോദരന്മാരാണ് എന്നു തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളേയും പഠിപ്പിക്കുക. മൂല്യബോധമുള്ള ഒരു കുഞ്ഞായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. അതു തന്നെയായിരിക്കും നമുക്ക് സമൂഹത്തിന് നൽകാനുള്ള വലിയ സമ്പത്തും. ആ പാഠം പ്രിയ രക്ഷിതാവേ, മറക്കാതിരിയ്ക്കുക.
തയാറാക്കിയത്: വി.എം. രാജമോഹൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.